മധുരിക്കാത്ത കാട്ടു ഞാവല്‍പ്പഴങ്ങള്‍
അഞ്ചു തലമുറകളുടെ കഥയാണ് ഇംഗ്മർ ബർഗ്മാൻ്റെ കാട്ടുഞാവല്‍പ്പഴങ്ങള്‍ (wild strawberries). ഇത്രയും തലമുറകളുടെ കഥ രണ്ടു രാത്രികളുടെ ഇടവേളയിലാണ് സംഭവിക്കുന്നത്. മെയ്31. ഒരു മണിമുഴക്കത്തോടെയാണ് ചിത്രം തുടങ്ങുന്നത്. തൻ്റെ പഠന മുറിയില്‍ മറുപടി പ്രസംഗം തയ്യാറാക്കുകയാണ് എഴുപത്തിയെട്ടുകാരനായ പ്രൊഫസർ ഇസാക്ക് ബോര്‍ഗ്. ആതുര സേവന മേഖലയില്‍ 50 വര്‍ഷം പിന്നിടുന്നതിൻ്റെ ആദരം സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പ്. തൊട്ടടുത്ത ദിവസമാണ് ചടങ്ങ്.
വൈദ്യശാസ്ത്ര അധ്യാപകനാണെങ്കിലും ജീവിത സായന്തനത്തിലെ ഒറ്റപ്പെടലുകളില്‍ നിന്നും മരണ ഭീതിയില്‍ നിന്നും മുക്തനാകാന്‍ ശ്രമിക്കുന്ന, ഭൗതിക ജീവിതത്തിലെ നേട്ടങ്ങള്‍ സ്വന്തമാകുമ്പോഴും സ്വകാര്യ ജീവിതത്തിലെ തിരിച്ചടികളും അസഹനീയമായ ഒറ്റപ്പെടലുകളും പിന്തുടരുന്ന ജീവിതമാണ് അയാളുടേത്. വിമാന യാത്രയ്ക്കു പകരം തൻ്റെ പഴഞ്ചന്‍ കാറിലാണ് ആദരം സ്വീകരിക്കാനുള്ള യാത്ര, ഭൂതകാലത്തിലേക്കുള്ള യാത്ര കൂടിയാണത്. അകലെയുള്ള ലുണ്ട് കത്തീഡ്രലിലാണ് ചടങ്ങ്. ആദരം ഏറ്റു വാങ്ങുന്ന ഇസാക്ക് ബോര്‍ഗ്ഗ്മകൻ്റെ വീട്ടില്‍ അന്തിയുറങ്ങുന്നു. പിറ്റേന്നുള്ള മടക്കയാത്രയ്ക്കായി അയാള്‍ മയങ്ങുന്നിടത്ത് ചിത്രം പൂര്‍ത്തിയാകുന്നു. കാട്ടു ഞാവല്‍പ്പഴങ്ങളിലെ സ്വപ്‌ന ദൃശ്യങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കാലാതിവര്‍ത്തിയായി തുടരുകയാണ്. ചിത്രത്തിൻ്റെ തുടക്കത്തിലുള്ള സ്വപ്നരംഗം ആസ്വാദക മനസ്സുകളില്‍ ഇന്നും തങ്ങി നില്‍ക്കുന്നു- പ്രഫസര്‍ ബോര്‍ഗ് പ്രഭാത സവാരിക്ക് ഇറങ്ങുന്നു. വിജനമായ തെരുവിലെ ഘടികാരത്തില്‍ സൂചികള്‍ കാണാനാകുന്നില്ല. തൻ്റെ പോക്കറ്റ് വാച്ചിലും സൂചികള്‍ ശൂന്യം. പരിഭ്രാന്തനായ അയാള്‍ വിജനമായ തെരുവില്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന ഒരാളെ കാണുന്നു. അജ്ഞാതന്‍ മുഖം തിരിക്കുന്നു. അയാളുടെ മുഖത്ത് കണ്ണുകളില്ല. കുഴഞ്ഞു വീണു മരിക്കുന്ന അജ്ഞാതൻ്റെ ശരീരത്തിൽ നിന്ന് ചോരയൊലിക്കുന്നു.
ശവപേടകവുമായി വരുന്ന കുതിരവണ്ടി വിളക്കു കാലിലിടിച്ച് ഒരു ചക്രം ഇളകിപ്പോകുന്നു. മുന്നോട്ട് പോകുമ്പോള്‍ ശവപേടകം പുറത്തു വീഴുന്നു. ഒറ്റപ്പെട്ടു പോയ ശവമഞ്ചത്തില്‍ നിന്ന് ഒരു കൈ പുറത്തു വരുന്നു. പ്രഫസര്‍ ബോര്‍ഗ്ശവ പേടകം തുറക്കുന്നു. തൻ്റെ അതേ ഛായയുള്ള ഒരാള്‍ ശവപേടകത്തിലേക്ക് പിടിച്ചു വലിക്കുന്നു. ഈ സ്വപ്നം പൂര്‍ത്തിയാക്കാനാകാതെ പ്രഫസര്‍ ബോർഗ് ഉറക്കമുണരുന്നു.
ബർഗ്മാൻ്റെ ആത്മാംശം
ആസന്നമായ മരണമാണ് എഴുപത്തിയെട്ടുകാരനായ ഈ വൈദ്യശാസ്ത്ര അധ്യാപകനെ വേട്ടയാടുന്നത്. അയാളുടെ നാല്‍പ്പത്തിയെട്ടാമത്തെ വയസ്സിലാണ് ഭാര്യ കാരിന്‍ മരിക്കുന്നത്. തന്നേക്കാള്‍ നാലു വയസ്സു മാത്രം ഇളപ്പമുള്ള പരിചാരക അഗ്‌ഡയെ മാറ്റി നിറുത്തിയാല്‍ അയാളുടെ പിന്നീടുള്ള മുപ്പതു വര്‍ഷങ്ങള്‍ ഏകാന്തമാണ്. ഏകമകനായ ഇവാള്‍ഡ് രാജ്യത്തിൻ്റെ മറ്റൊരു കോണിലും.
ഇംഗ്മര്‍ ബര്‍ഗ്മാൻ്റെ ഏറെ ആത്മാംശമുള്ള കഥാപാത്രമായാണ് ആസ്വാദക ലോകം ഇസാക്ക്‌ബോര്‍ഗിനെ കാണുന്നത്. ഇസാക്ക്‌ബോര്‍ഗില്‍ ചലച്ചിത്രകാരൻ്റെ പിതാവിൻ്റെ ഛായയും പതിഞ്ഞു കിടപ്പുണ്ട്. ചിത്രത്തില്‍ വളരെക്കുറച്ചു രംഗങ്ങളില്‍ മാത്രം വരുന്ന മകന്‍ ഇവാള്‍ഡിലും ബര്‍ഗ്മാൻ്റെ ആത്മാംശം കണ്ടെത്താനാകും. ബര്‍ഗ്മാനെപ്പോലെ തൻ്റെ മാതാപിതാക്കളെ വെറുക്കുന്നയിടത്തു കാണാം സാമ്യം. മാതാപിതാക്കളുടെ ദാമ്പത്യ ജീവിതത്തില്‍ ഉടനീളം നിറഞ്ഞു നിന്ന കലഹങ്ങളും സ്‌നേഹരാഹിത്യവും വെറുപ്പിന് വിത്തുപാകിയിരുന്നു. താരതമ്യേന ദീര്‍ഘമായ ദാമ്പത്യത്തിനിടയില്‍ ജന്മമെടുക്കുന്ന കുഞ്ഞിനെ ഇല്ലാതാക്കുവാന്‍ അയാള്‍ ഭാര്യയോട് ആവശ്യപ്പെടുന്നത് തൻ്റെ അവസ്ഥ കുഞ്ഞിന് ഉണ്ടാകാതിരിക്കട്ടെ എന്ന ചിന്തയിലാണ്. സമാനതകളുടെ ലോകമാണ് കാട്ടു ഞാവൽപ്പഴങ്ങൾ കാഴ്‌ചക്കാരന് നൽകുന്നത്. തലമുറകളായി തുടരുന്ന ഏകാന്തതയും ഒറ്റപ്പെടലും ആരോഗ്യ പ്രശ്‌നങ്ങളും മരണ ഭയവുമാണ് അതിലൊന്ന്.
ഇസാക്കും അമ്മയും സ്വയം സൃഷ്ടിച്ച ഏകാന്തതയുടെ തുരുത്തുകളില്‍ കഴിയുന്നതും യാദൃശ്ചികമല്ല. ചിത്രത്തിലെ രണ്ടു ത്രികോണ പ്രണയങ്ങളിലും സമാനതകളുണ്ട്. ഏറ്റവുമധികം രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ ബര്‍ഗ്മാന്‍ ചിത്രങ്ങളിലൊന്നാണ് കാട്ടുഞാവൽപ്പഴങ്ങൾ. ഓരോ കാഴ്ചയിലും പുതിയ അര്‍ത്ഥതലങ്ങള്‍ സമ്മാനിക്കുന്ന ചലച്ചിത്രം.
55 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇരുപതുകാരിയായി തൻ്റെ മനസ്സില്‍ തുടരുന്ന സാറ എഴുപത്തിയെട്ടുകാരനായ ഇസാക്കിനോട് പറയുന്നു, ”പ്രഫസര്‍ എമിറിറ്റസ്, നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ അറിയാം. അതിനാല്‍ ഒന്നും അറിയില്ല”. കാട്ടുഞാവല്‍പ്പഴങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന ബഹുമുഖമായ അര്‍ഥതലങ്ങള്‍ക്കും ഇത്തരം മാനങ്ങള്‍ തന്നെയാണ് ഉള്ളത്. ബര്‍ഗ്മാൻ്റെ ചലച്ചിത്ര യാത്രയിലെ തിളക്കമാര്‍ന്ന അധ്യായമാണ് കാട്ടു ഞാവല്‍പ്പഴങ്ങള്‍.