അഴകോടെ ആലപ്പുഴ
ശുചിത്വവും സൗന്ദര്യവല്‍ക്കരണവും തമ്മിലിണക്കി പുതിയൊരു കാഴ്ചപ്പാടിന് തുടക്കമാകുകയാണ് ആലപ്പുഴയിൽ. നഗര സൗന്ദര്യവല്‍ക്കരണത്തിലൂടെ വേറിട്ട പരീക്ഷണം നടത്തി സമ്പൂര്‍ണ്ണ ശുചിത്വ നഗരമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് നഗരസഭ. ഭംഗിയായും വൃത്തിയായും സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്ക് മാലിന്യം വലിച്ചെറിയാന്‍ മനസ്സു വരില്ല എന്ന ചിന്തയില്‍ നിന്നാണ് ഈ ആശയം മുളച്ചത്. ആദ്യഘട്ടമായി കനാലുകളും പാലങ്ങളും മനോഹരമാക്കി. പൊതുജന പങ്കാളിത്തത്തോടെയാണ് മോടി പിടിപ്പിക്കല്‍.
നഗരത്തിലെ കനാലുകളും അവയ്‌ക്ക് കുറുകെയുള്ള പാലങ്ങളും യൂറോപ്യന്‍ രാജ്യങ്ങളെ ഓര്‍മ്മിപ്പിക്കും വിധമാണ് മോടിപിടിക്കുന്നത്. നടപ്പാലങ്ങള്‍ പെയിൻ്റ് ചെയ്‌ത് ചുവരുകൾ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചാണ് ഭംഗിയാക്കുന്നത്. ആദ്യഘട്ടത്തില്‍ മോടിപിടിപ്പിച്ച മുല്ലക്കലെ കൈരളി തീയറ്ററിന് സമീപമുള്ള നടപ്പാലം വിനോദ സഞ്ചാരികളുടെയും യുവതയുടെയും ഇഷ്ടകേന്ദ്രമായി മാറിയിട്ടുണ്ട്. സെല്‍ഫിയെടുക്കാനും സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനും നടപ്പാലം നല്ലൊരു സ്‌പോട്ടാണെന്നാണ് അവർ പറയുന്നത്. ഇതിനൊപ്പം നഗരത്തിലെ പ്രധാന ചുവരുകളും മറ്റിടങ്ങളും മോടി പിടിപ്പിച്ചു വരികയാണ്.
‘ഇടത്തോടുകള്‍ അടക്കം 104 തോടുകളുണ്ട് നഗരത്തില്‍. മനോഹരമായ ഭൂപ്രദേശമാണ് ആലപ്പുഴയുടേത്. ഏറ്റവും ഭംഗിയുള്ള ഒരിടം. അതിൻ്റെ ആദ്യ ഘട്ടമായാണ് കനാലുകളും പാലങ്ങളും മനോഹരമാക്കിയത്. ആദ്യപടിയായാണ് പാലങ്ങള്‍ക്ക് നിറം നല്‍കിയതും. ഇത്തരത്തില്‍ ഓരോ പാലവും അനുയോജ്യമായ രീതിയില്‍ മോടി പിടിപ്പിക്കും’. നഗര സഭാധ്യക്ഷ സൗമ്യ രാജ് പറയുന്നു. വൃത്തിയുടെ വഴി വൃത്തിയായി വെട്ടിത്തെളിച്ച് ആലപ്പുഴ ഇന്ന് സംസ്ഥാനത്തിനു തന്നെ മാതൃകയാണ്. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ജൂൺ 14 -ന് ആലപ്പുഴയെ സമ്പൂര്‍ണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചിരുന്നു.
നഗര ശുചിത്വം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച പശ്ചാത്തലത്തിലാണ് മോടിപിടിപ്പിക്കല്‍ തുടര്‍ പ്രക്രിയയായി നടത്തുന്നത്. 84 ശതമാനം വീടുകളിലും ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. ഹരിതകര്‍മ്മസേന ചരിത്ര വരുമാനം നേടിയ വീടുകളുടെ എണ്ണത്തിലും ആലപ്പുഴ നഗരസഭയാണ് സംസ്ഥാനത്ത് ഒന്നാമത്.
-തര്യന്‍ ജെ.പുളിക്കല്‍
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റൻ്റ്, ആലപ്പുഴ