ശബ്‌ദങ്ങളുടെ നക്ഷത്ര പൂങ്കാവനം

-പ്രൊഫസര്‍കെ. ശശികുമാര്‍

ഒരിടത്ത് ഒരിക്കലൊരു സാഹിത്യ പരിഷത്ത് സമ്മേളനം നടന്നു. മലയാള ഭാഷയ്‌ക്ക് ഒരു നിഘണ്ടുവില്ലാത്തത് പ്രമുഖ പ്രഭാഷകരോക്കെയും സൂചിപ്പിച്ചു. പണ്ഡിതരായ എഴുത്തുകാര്‍ ഒന്നു ചേര്‍ന്ന് നിഘണ്ടു നിര്‍മ്മാണ ചുമതല ഏറ്റെടുക്കണമെന്ന് സമ്മേളനം നിര്‍ദ്ദേശിച്ചു. പദ്ധതി പ്രയോഗത്തില്‍ വന്നില്ല. ഒരു ചെറുപ്പക്കാരന്‍ പൂര്‍വ നിര്‍ബന്ധം കൂടാതെ ഈ കൃത്യം സ്വയം ഏറ്റെടുത്തു. യുവാവിന്റെ പേര് ശ്രീകണ്‌ഠേശ്വരം ശ്രീ പദ്‌മനാഭ പിള്ള. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്ത് കളവറ വിളാകത്ത് വീട്ടിൽ 1040 വൃശ്ചികം 12-ന് ജനിച്ച പദ്‌മനാഭ പിള്ള ആദ്യത്തെ മലയാള ഭാഷാ ചരിത്ര കര്‍ത്താവായ സര്‍വാധി കാര്യക്കാരായ പി ഗോവിന്ദപ്പിള്ളയുടെ മരുമകന്‍ ആണെന്നും അറിയുക.

നിഘണ്ടു നിര്‍മ്മാണം 32-ാം വയസ്സില്‍ പദ്‌മനാഭപിള്ള തുടങ്ങി. 58-ാം വയസ്സില്‍ പൂര്‍ത്തിയായി. കാല്‍ നൂറ്റാണ്ട് കാലത്തെ കഠിന പരിശ്രമം. അതും ഒറ്റയ്‌ക്ക്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ അജ്ഞാതവും അവികസിതവുമായ കാല സന്ധിയില്‍. നിഘണ്ടു നിര്‍മ്മാണത്തിനായി ഉണ്ടായിരുന്ന വക്കീല്‍ പണി പോലും ഈ മഹാന്‍ ഉപേക്ഷിച്ചു. എന്തെന്തു ക്ലേശങ്ങള്‍, ത്യാഗങ്ങള്‍. ഈ അമ്മാവനുംമരുമകനുംകൈരളിയുടെ കഥയിലെ രണ്ട് അനശ്വര കഥാപാത്രങ്ങള്‍.

ശ്രീകണ്‌ഠേശ്വരത്തിന്റെ ഈ ഡയറിക്കുറിപ്പ് വായിക്കുക. ‘ഞാന്‍ 1072-ല്‍ ആരംഭിച്ച ശബ്‌ദതാരാവലി എന്ന മലയാള നിഘണ്ടു 1092 ആയ ഈ ആണ്ടവസാനത്തില്‍ മുഴുവനും എഴുതി തീര്‍ത്തു. പൂര്‍ണ്ണവും സ്വതന്ത്രവുമാണ് ശബ്‌ദതാരാവലി. 1931-ല്‍ രണ്ടാം പതിപ്പ്. 1939-ല്‍ മൂന്ന്. 1952- നാലാം പതിപ്പ്. ശബ്‌ദതാരാവലി കർത്താവിന്റെ  ജന്മ ശത വാര്‍ഷിക ദിനത്തില്‍ അഞ്ചാം പതിപ്പ്. ശ്രീകണ്‌ഠേശ്വരത്തിന്റെ മകനായ പി ദാമോദരന്‍ നായര്‍ ആണ് ശബ്‌ദതാരാവലി കാലാകാലം പരിഷ്‌കരിച്ച് വിപുലപ്പെടുത്തി പ്രസിദ്ധീകരിച്ചത്. മഹാനുഭാവനായ അച്ഛന്റെ മഹാനായ മകനെക്കുറിച്ച് മഹാകവി വള്ളത്തോള്‍ പറഞ്ഞതിങ്ങനെ.

‘പരലോകമടഞ്ഞ അച്ഛനെ മകന്റെ ഈ അതി ദുഷ്‌കരമായ ശ്രാദ്ധാനുഷ്‌ഠാനം ശബ്‌ദതാരാവലി സംസ്‌കരണം എത്ര മേല്‍ സന്തുഷ്‌ടനാക്കുകയില്ല അച്ചന്റെ രചനകൾ ആക്രിക്കാരന് വലിച്ചെറിഞ്ഞു കൊടുക്കുന്ന മക്കള്‍ ഇവരെ പ്രണമിക്കുക.’

ശബ്‌ദങ്ങളുടെ ഈ നക്ഷത്ര പൂങ്കാവനം ഇതുപോലെ നാളിതുവരെ മറ്റാരാലും ഒരുക്കിയിട്ടുമില്ല. ഭാഷയിലെ പദങ്ങള്‍ ഒരു നിശ്ചിത സംവിധാനത്തില്‍ അടുക്കി ചേർത്ത് വച്ചിരിക്കുന്ന ശബ്‌ദകോശം ആണ് നിഘണ്ടുവെന്നത് പരിനിഷ്‌ഠിതമായ അര്‍ഥത്തില്‍ ശരിയാണ്.

ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്‌ദതാരാവലി അങ്ങനെയാണു താനും. നൂറു വര്‍ഷത്തിനപ്പുറം സങ്കേത സൂചിയുമൊക്കെ തയ്യാറാക്കി ശാസ്ത്രീയമായി തന്നെയാണ് ഈ പ്രതിഭാധനന്‍ വാക്കുകൾക്ക് കൂടൊരുക്കിയിട്ടുള്ളത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശബ്‌ദതാരാവലി പോലൊരു നിഘണ്ടുവിന്റെ നിര്‍മ്മാണം ചിന്തയ്‌ക്ക് അപ്പുറമാണ്. പ്രധാന കാരണം ലക്ഷണമൊത്ത പൂര്‍വ നിര്‍മ്മിതികള്‍ അന്നത്തെ മലയാള ഭാഷയില്‍ ഉണ്ടായിരുന്നില്ല എന്നത്തന്നെ. വിദേശ പണ്ഡിതരുടെ ശ്രമങ്ങള്‍ നിഘണ്ടു നിര്‍മ്മാണ മേഖലയില്‍ ഉണ്ടായി എന്നത് സാഭിമാനം ഓര്‍മ്മിക്കാമെങ്കിലും. (മലയാള വാക്കുകൾക്ക് മലയാള ഭാഷയിൽത്തന്നെ അര്‍ഥം നല്‍കി രചിച്ച ആദ്യത്തെ നിഘണ്ടു റിച്ചാര്‍ഡ് കോളിന്‍സിന്റെ മലയാളം നിഘണ്ടുവാണ്. ഈ ശബ്‌ദകോശം 1865-ല്‍ പ്രസിദ്ധീകൃതമായി. ബഹുഭാഷാ പണ്ഡിതനായ ഡോക്‌ടർ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു ഒരു മഹാ സംരംഭം തന്നെ. മലയാള പദങ്ങൾക്ക് ഇംഗ്ലീഷിൽ അര്‍ഥം വിശദമായി ഈ നിഘണ്ടു നല്‍കുന്നു.)

ഭാഷ വളരുകയാണ്. കൃത്തും തദ്ധിതവുമായി പുതിയ പദങ്ങള്‍ ധാരാളം. പരകീയ പദങ്ങളെ സ്വകീയ ശേഖരത്തിലുള്‍ച്ചേര്‍ത്തു വ്യവഹരിക്കുന്ന പ്രവണതയുമേറെ. ഭാഷാ ശാസ്ത്രജ്ഞനു പോലും പിടി കൊടുക്കാത്ത പ്രയോഗ വഴികള്‍ അസംഖ്യം.

ശ്രീകണ്‌ഠേശ്വരം കാണാതെ പോയ പദങ്ങള്‍ ഉള്‍പ്പെടെ അസംഖ്യം ശബ്‌ദങ്ങൾ ഇന്ന് ഭാഷയിലുണ്ട്. ഇവയൊക്കെയും ഔപചാരികമായും ഔദ്യോഗികമായും ശബ്‌ദതാരാവലിയിൽ ഉൾപ്പെടുത്തി വിപുലീകരണവും സംസ്‌കരണവും നടത്തേണ്ടതുണ്ട്.

ശ്രീകണ്‌ഠേശ്വരം കേവലം നിഘണ്ടു നിര്‍മ്മാതാവ് മാത്രമല്ല. ധർമ്മ ഗുപ്‌തവിജയം, സുന്ദോപ സുന്ദ യുദ്ധം എന്നീ ആട്ടക്കഥകളും കനകലതാ സ്വയംവരം, പാണ്ഡവ വിജയം, മദന കാമ ചരിതംഎന്നീ നാടകങ്ങളും രണ്ടു മൂന്നു തുള്ളല്‍ കൃതികളും കൈരളിക്ക് സമ്മാനിച്ചിട്ടുണ്ട്. അനവധി ഊഞ്ഞാല്‍ പാട്ടുകളും തിരുവാതിരപ്പാട്ടുകളും ശ്രീകണ്‌ഠേശ്വരം വകയായി ഉണ്ട്. പദ സ്വീകരണത്തിന്റെ ഗണ്യതയും അര്‍ഥ വിവരണത്തിന്റെ വൈശദ്യവും പണ്ടേ നിരീക്ഷണ വിധേയമാക്കിയ ശ്രീകണ്‌ഠേശ്വരം പദ്‌മനാഭപിള്ളയ്‌ക്കുള്ള നിത്യ സ്‌മാരകമാണ് ശബ്‌ദതാരാവലി. മലയാള ഭാഷയുടെ നിലാപ്പെരുമയില്‍ അണയാത്ത വഴി വിളക്ക് തന്നെയാണ് ഈ നിഘണ്ടു.