ശ്രദ്ധ വേണം ചികിത്സയും
ശ്രദ്ധ വേണം ചികിത്സയും
ഡോ. അരുൺ ബി നായര്‍
പ്രൊഫസര്‍, സൈക്യാട്രി, ഗവ.മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
മനുഷ്യനെയും മൃഗങ്ങളെയും തമ്മില്‍ വ്യത്യസ്തരാക്കുന്നത് നമ്മുടെ തലച്ചോറിന്റെ മുന്‍ ഭാഗത്ത് നിലനിൽക്കുന്ന പ്രീ ഫ്രോണ്ടല്‍ കോർടെക്സ് എന്ന ഭാഗമാണ്. മനുഷ്യന്റെ ആത്മ നിയന്ത്രണത്തിന്റെയും ആസൂത്രണ ശേഷിയുടെയും ശ്രദ്ധയുടെയും ഒക്കെ കേന്ദ്രമാണ് ഈ ഭാഗം. ഈ ഭാഗത്ത് നിലനിൽക്കുന്ന ഡോപ്പമൈന് എന്ന രാസ വസ്തുവാണ് നമുക്ക് ആനന്ദം ലഭിക്കുന്നതിന് അടിസ്ഥാനമാകുന്നത്. വ്യായാമം ചെയ്യുമ്പോഴും സംഗീതം കേള്‍ക്കുമ്പോഴും സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടുമ്പോഴും ഒക്കെ തലച്ചോറിലെ ഡോപ്പമിന്റെ അളവ് ക്രമമായി ഉയർന്ന് ഉച്ചസ്ഥായിയിലെത്തി കുറേനേരം അങ്ങനെ നിന്ന ശേഷം പതിയെ കുറയും.
എന്നാൽ ഓൺലൈൻ ഗെയിം കളിക്കുമ്പോഴും ലഹരി വസ്തുക്കൾ ഉപയോഗിക്കുമ്പോഴും തലച്ചോറിലെ ഡോപ്പമിന്റെ അളവ് പൊടുന്നനെ വർധിക്കുന്നു. അമിതമായ അളവിലേക്ക് ഇത് കൂടുമ്പോള്‍ പെട്ടെന്ന് ചില പെരുമാറ്റ പ്രശ്നങ്ങൾ പ്രകടമാകുന്നു. ആത്മ നിയന്ത്രണം നഷ്ടപ്പെടുന്നതോടെ നാം അക്രമാസക്തരാകുന്നു. മനസ്സില്‍ തോന്നുന്ന എന്ത് മൃഗീയ വികാരവും ഉടനടി പ്രകടിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. ഡോപ്പമിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചാല്‍ ചെവിയില്‍ അശരീരി ശബ്ദങ്ങൾ മുഴങ്ങുന്നത് പോലെയുള്ള മിഥ്യാനുഭവങ്ങളും ആരൊക്കെയോ തന്നെ കൊല്ലാന്‍ വരുന്നു എന്ന മട്ടിലുള്ള മിഥ്യാ വിശ്വാസങ്ങളും പ്രകടമാകുന്നു. അങ്ങനെ ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ തകര്‍ത്ത് ചിത്ത ഭ്രമത്തിലേക്ക് നയിക്കുന്നു.
ലഹരി അടിമത്തത്തിന്റെ ലക്ഷണങ്ങള്‍
താഴെപ്പറയുന്ന ലക്ഷണങ്ങളില്‍ മൂന്നെണ്ണമെങ്കിലും ഒരു മാസക്കാലമെങ്കിലും തുടര്‍ച്ചയായി പ്രകടിപ്പിച്ചാല്‍ അയാള്‍ ലഹരി വസ്തുവിന് അടിമപ്പെട്ടു എന്ന് സംശയിക്കണം. മദ്യവും പുകയില ഉൽപ്പന്നങ്ങളും കഞ്ചാവും രാസ ലഹരികളും അടക്കമുള്ള എല്ലാ ലഹരി വസ്തുക്കൾക്കും ഈ മാനദണ്ഡം ബാധകമാണ്.
- ലഹരി വസ്തു ഉപയോഗിക്കാനുള്ള അദമ്യവും തീവ്രവുമായ ആസക്തി.
- ലഹരി വസ്തുവിന്റെ അളവും അത് ഉപയോഗിക്കുന്ന സമയവും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ
- ആനന്ദാനുഭൂതി ലഭിക്കാന്‍ ഉപയോഗിക്കുന്ന ലഹരി വസ്തുവിന്റെ അളവ് കൂട്ടിക്കൂട്ടി കൊണ്ടു വരേണ്ട സ്ഥിതി.
- സ്ഥിരമായി ഉപയോഗിക്കുന്ന ലഹരി വസ്തു പൊടുന്നനെ കിട്ടാതെ വരുമ്പോള്‍ പെട്ടെന്ന് പ്രകടമാകുന്ന പിന് വാങ്ങല്‍ ലക്ഷണങ്ങള്‍. ഉറക്കക്കുറവും അമിത ഉത്കണ്ഠയും അമിത ദേഷ്യവും തൊട്ട് അങ്ങേയറ്റം ഭീകരമായ അക്രമ സ്വഭാവവും അപസ്മാരവും സ്ഥലകാല ബോധമില്ലായ്മയും ഒക്കെ പിന്‍വാങ്ങല്‍ ലക്ഷണങ്ങളാകാം
- ലഹരി വസ്തുവിന്റെ ഉപയോഗം അല്ലാതെ മറ്റൊന്നും ഈ വ്യക്തിക്ക് ആഹ്ളാദം പകരുന്നില്ല.
- ലഹരി വസ്തുക്കളുടെ ഉപയോഗം തന്റെ ആരോഗ്യത്തിനും സാമ്പത്തിക സ്ഥിതിക്കും തകരാര്‍ ഉണ്ടാക്കുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും അത് ഉപേക്ഷിക്കാന്‍ കഴിയാത്ത അവസ്ഥ.
കഴിഞ്ഞ തലമുറയിൽപ്പെട്ട ചെറുപ്പക്കാര്‍ മദ്യമോ സിഗരറ്റോ വ്യാപകമായി ഉപയോഗിച്ചിരുന്നപ്പോൾ ആ വസ്തുക്കളുടെ ഗന്ധം മൂലവും അത് ഉപയോഗിക്കുമ്പോള്‍ ശരീര ചലനങ്ങളില്‍ ഉണ്ടാകുന്ന സവിശേഷമായ മാറ്റങ്ങള്‍ മൂലവും ലഹരി ഉപയോഗിച്ചിരുന്നവരെ തിരിച്ചറിയാന്‍ മുതിർന്നവർക്ക് കഴിഞ്ഞിരുന്നു. എന്നാൽ രാസ ലഹരികള്‍ ഉപയോഗിച്ചവരെ പ്രത്യേക ഗന്ധം കൊണ്ടോ മറ്റ് ശാരീരിക ലക്ഷണങ്ങള്‍ കൊണ്ടോ തിരിച്ചറിയാന്‍ സാധ്യമല്ല. പലപ്പോഴും ലഹരി ഉപയോഗത്തെ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് തള്ളി വിടുന്നത് ഈ പ്രശ്നമാണ്. എങ്കിലും നിങ്ങളുടെ വീട്ടിലുള്ള ഒരു കൗമാര പ്രായക്കാരന് ലഹരി ഉപയോഗിക്കുന്നു എങ്കില്‍ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. അടിസ്ഥാന സ്വഭാവത്തില്‍ പൊടുന്നനെ ഒരു മാറ്റം വരുകയാണെങ്കില്‍ തീര്‍ച്ചയായും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരം വല്ലാതെ മെലിഞ്ഞു വരിക, വിശപ്പില്ലായ്മയും ഉറക്കക്കുറവും അനുഭവപ്പെടുക, ശബ്ദങ്ങളോട് അസഹിഷ്ണുത തോന്നുക, പെട്ടെന്ന് പൊട്ടിത്തെറിക്കുക, മുതിർന്നവർക്ക് മുഖം തരാതെ ഇരിക്കുക, പകല്‍ സമയത്ത് കിടന്നുറങ്ങുക, കണ്ണുകള്‍ ചുമന്നിരിക്കുക, ശരീരത്തില്‍ പലയിടത്തായി മുറിപ്പാടുകള്‍ പ്രത്യക്ഷപ്പെടുക എന്നിവയൊക്കെ ലഹരി ഉപയോഗത്തിന്റെ സൂചനകളാകാം. പഴയ കൂട്ടുകാർ അപ്രത്യക്ഷമാവുകയും പുതിയ ചില കൂട്ടുകാർ പ്രത്യക്ഷപ്പെടുകയും ചെയ്യാം. പലപ്പോഴും പ്രായത്തില്‍ വളരെ മുതിർന്ന ഈ കൂട്ടുകാരെക്കുറിച്ച് വീട്ടുകാരോട് തുറന്നു പറയാൻ കുട്ടികൾ മടിക്കും. പുതിയ കൂട്ടുകാരോടൊപ്പമ എങ്ങോട്ടു പോകുന്നു തുടങ്ങിയ കാര്യങ്ങളും ഗോപ്യമായി വെക്കും. വീട്ടിൽ നിന്ന് കൊടുക്കാതെ തന്നെ കുട്ടികളുടെ കയ്യില്‍ പണം കാണപ്പെടുന്നുവെങ്കിൽ അതും സംശയം വര്‍ധിപ്പിക്കേണ്ട സൂചനയാണ്.
എന്താണ് പരിഹാരം?
യുവതലമുറ ലഹരിയിലേക്ക് അടുക്കുന്നതിന് ഒട്ടേറെ സാമൂഹിക കാരണങ്ങളുണ്ട്. അമിതമായി ഡിജിറ്റല്‍ ഉപയോഗം മൂലം സംഭവിച്ച സാമൂഹിക വിച്ഛേദനം, ഡിജിറ്റല്‍ ഉപകരണങ്ങള്‍ വഴി ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ക്ഷണ നേരം സാധിക്കുന്നതിനാൽ മനസ്സിൽ തോന്നുന്ന ആഗ്രഹങ്ങള്‍ സാധിക്കാതെ വരാം എന്ന സാധ്യതയുമായി തലച്ചോറിന് പൊരുത്തപ്പെടാന്‍ സമയം കിട്ടാതെ വരുന്നതു മൂലം സ്വഭാവത്തില്‍ പൊതുവേ വര്‍ധിച്ചു വരുന്ന അക്ഷമയും എടുത്തു ചാട്ടവും, കൗമാര പ്രായക്കാരോട് സംസാരിക്കാന്‍ മാതാപിതാക്കള്‍ക്ക് സമയമില്ലാത്തതു മൂലം ഉണ്ടാകുന്ന വൈകാരിക നിരാസം എന്നിവയൊക്കെ കുട്ടികളെ ലഹരിയിലേക്ക് അടുപ്പിക്കാന്‍ സാധ്യതയുള്ള സാമൂഹിക ഘടകങ്ങളാണ്. സിനിമകളിലും സീരീസുകളിലും സാമൂഹിക മാധ്യമങ്ങളിലും ഒക്കെ ലഹരി ഉപയോഗത്തെയും അക്രമത്തെയും ആഘോഷിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നതും കുട്ടികളുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിക്കും. മാധ്യമങ്ങളില്‍ കാണുന്ന ഇത്തരം രംഗങ്ങള്‍ എന്തു കൊണ്ട് അനാരോഗ്യകരമാണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി കൊടുക്കാന്‍ മുതിർന്നവർക്ക് കഴിയാതെ വരുന്നതോടെ ദുരന്തം പൂർണ്ണമാകുന്നു.
പലപ്പോഴും നാല് കാരണങ്ങള്‍ കൊണ്ടാണ് കൗമാര പ്രായക്കാര്‍ ലഹരി ഉപയോഗം ആരംഭിക്കുന്നത്. എന്താണ് എന്നറിയാനുള്ള കൗതുകമാണ് അതില്‍ ആദ്യത്തേത്. സാമൂഹിക മാധ്യമങ്ങളില്‍ അടക്കം സെലിബ്രിറ്റികള്‍ ലഹരി വസ്തുക്കളെ അനുകൂലിക്കുമ്പോള്‍ അതും ഇളം മനസ്സുകളെ സ്വാധീനിക്കുന്നു. സമപ്രായക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് മറ്റു ചില ആളുകള്‍ ലഹരി ഉപയോഗം തുടങ്ങുന്നത്. സ്കൂളിലും കോളേജുകളിലും സുഹൃത്തുക്കളുടെ ഒരു ഗ്യാങ്ങിന്റെ ഭാഗമായി നില്‍ക്കാനുള്ള സമ്മര്‍ദം പലരെയും ലഹരി ഉപയോഗത്തിലേക്ക് തള്ളി വിടുന്നു. ലഹരി ഉപയോഗിക്കുന്ന മുതിർന്ന വ്യക്തികളെ അനുകരിച്ചു ലഹരിയുടെ പാതയിലേക്ക് വീഴുന്ന കുട്ടികളും വിരളമല്ല. വീട്ടിലോ അയല്‍ വീടുകളിലോ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന മുതിർന്ന വ്യക്തികള്‍ ഉണ്ടെങ്കില്‍ കുട്ടികൾ ആ വഴിക്ക് പോകാനുള്ള സാധ്യത കൂടുതലാണ്. മാനസിക സമ്മര്‍ദം കുറയ്ക്കാനുള്ള ഔഷധം എന്നുള്ള നിലയില്‍ ലഹരിയെ കാണുന്ന കുട്ടികളുമുണ്ട്. പലപ്പോഴും പെരുമാറ്റ പ്രശ്നങ്ങളോ പഠന പ്രശ്നങ്ങളോ ഉള്ള കുട്ടികൾ ലഹരി ഉപയോഗത്തിന്റെ വഴിയിലേക്ക് വളരെ നേരത്തെ നീങ്ങാന്‍ സാധ്യത കൂടുതലാണ്. കുട്ടികളിൽ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന പെരുമാറ്റ വ്യത്യാസമായ അമിത വികൃതിയും ശ്രദ്ധക്കുറവും എടുത്തു ചാട്ടവും പ്രധാന ലക്ഷണങ്ങളായുള്ള എഡിഎച്ച്ഡി, പഠന വൈകല്യം, അമിത ഉത്കണ്ഠ, വൈകാരിക അസ്ഥിരത തുടങ്ങിയ മാനസിക പ്രശ്നങ്ങളുള്ള കുട്ടികൾ ലഹരി അടിമത്തത്തിലേക്ക് പോകാന്‍ സാധ്യത കൂടുതലാണ്. ഇതു കൊണ്ടു തന്നെ മേല്‍ സൂചിപ്പിച്ച മാനസിക പ്രശ്നങ്ങൾ കാണിക്കുന്ന കുട്ടികളെ തുടക്കത്തില്‍ തന്നെ ഒരു മാനസികാരോഗ്യ വിദഗ്ധനെ കണ്ട് കൃത്യമായ ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണ്.
കുട്ടികൾക്കൊപ്പം ചെലവിടാം
വീടുകളില്‍ കുട്ടികളോടൊപ്പം ഒരു മണിക്കൂര്‍ നേരമെങ്കിലും ചെലവിടാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തുക എന്നതാണ് ആദ്യ പരിഹാര മാര്‍ഗം. ഈ സമയം കുട്ടികളെ ശാസിക്കാനോ ശിക്ഷിക്കാനോ ഉള്ളതല്ല, മറിച്ച് ക്ഷമാപൂര്‍വ്വം അവരെ കേള്‍ക്കാനാണ് മാതാപിതാക്കള്‍ വിനിയോഗിക്കേണ്ടത്. ഇതിലൂടെ കുട്ടികളുടെ ആശയ വിനിമയ ശേഷി മെച്ചപ്പെടുന്നതിനോടൊപ്പം അവരുടെ ജീവിതത്തില്‍ എന്തെങ്കിലും അനാരോഗ്യകരമായ സ്വാധീനം ഉണ്ടായാല്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ഇടപെടാന്‍ അവസരം ഒരുങ്ങുന്നു. സമപ്രായക്കാരായ കുട്ടികളോടൊപ്പം കളിക്കാന്‍ പരമാവധി മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. എന്നാൽ കുട്ടിയുടെ കൂട്ടുകാർ ആരൊക്കെയാണ് എന്ന് മാതാപിതാക്കള്‍ക്ക് വ്യക്തമായ ബോധ്യം വേണം. ആ കൂട്ടുകാരുടെ മാതാപിതാക്കളുമായി ഒരു പരിചയം നിലനിര്‍ത്താനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ഇതുവഴി ആ സുഹൃത് സംഘത്തില്‍ ഏതെങ്കിലും ഒരു വ്യക്തി പ്രശ്നത്തിൽ ചെന്ന് ചാടിയാല്‍ അത് എല്ലാ രക്ഷിതാക്കള്‍ക്കും അറിയാനും അവരവരുടെ കുട്ടികൾക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കാനും സാധിക്കും. കുട്ടികളെ പരിപൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഏകാധിപത്യ രക്ഷാകര്‍തൃ മാതൃകയ്ക്ക് പകരം സ്വാതന്ത്ര്യവും ഉത്തരവാദിത്വ ബോധവും ഒരുപോലെ സമ്മേളിക്കുന്ന ആധികാരിക രക്ഷാകര്‍തൃ രീതി വീടുകളില്‍ പ്രാവര്‍ത്തികമാക്കണം. സ്നേഹവും അച്ചടക്കവും ഒരുപോലെ പ്രകടമാകുന്ന ഈ മാതൃക കുട്ടികളുടെ മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ ഏറെ സഹായകമാകുന്നു.
ചെറുപ്രായത്തില്‍ തന്നെ വീട്ടിലെ ചെറിയ ഉത്തരവാദിത്വങ്ങള്‍ കുട്ടികളെ ഏല്‍പ്പിക്കുകയും അവര്‍ അത് ഭംഗിയായി ചെയ്യുമ്പോള്‍ അഭിനന്ദിക്കുകയും ചെയ്യാം. വീടിന്റെ പറമ്പില്‍ ചെടികള്‍ നട്ടു വളർത്താനും വളര്‍ത്തു മൃഗങ്ങളെ വളര്‍ത്താനും ഒക്കെ കുട്ടികൾക്ക് പരിശീലനം നല്‍കാം. മാസത്തില്‍ ഒരു ദിവസമെങ്കിലും അനാഥ മന്ദിരങ്ങള്‍, വൃദ്ധ സദനങ്ങള്‍, പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങള്‍, മറവി രോഗം വന്ന വ്യക്തികള്‍ കഴിയുന്ന കേന്ദ്രങ്ങള്‍ തുടങ്ങിയവയൊക്കെ സന്ദര്‍ശിക്കാം. ഇതിലൂടെ തങ്ങളുടെ ജീവിതത്തില്‍ തങ്ങള്‍ എത്രത്തോളം അനുഗൃഹീതരാണ് എന്ന് തിരിച്ചറിയാനുള്ള അവസരം കുട്ടികൾക്ക് ലഭിക്കുന്നു. ലഭിക്കാതെ പോയ കാര്യങ്ങളെക്കുറിച്ച് പരാതിപ്പെടാനും ആവശ്യമില്ലാത്ത സുഖഭോഗ വസ്തുക്കൾ ആവശ്യപ്പെടാനും ഉള്ള പ്രവണത കുറയ്ക്കാന്‍ ഇത് സഹായകമാണ്. കൗമാരത്തിലേക്ക് കാലൂന്നതിനു മുമ്പു തന്നെ അച്ചടക്കത്തിന്റെ പ്രസക്തിയെക്കുറിച്ച് കുട്ടികളോട് സംസാരിക്കാം. അച്ചടക്കം സ്വാതന്ത്ര്യം നഷ്ടപ്പെടുത്താനുള്ള വാളല്ല മറിച്ച് സുരക്ഷിതത്വം ഉറപ്പു വരുത്താനുള്ള മാര്‍ഗമാണ് എന്ന മട്ടിൽ കുട്ടികളെ ഈ ആശയം പരിചയപ്പെടുത്തണം. കുട്ടികളുടെ പരിമിതികള്‍ ചൂണ്ടിക്കാണിച്ച് അവരെ അവഹേളിക്കുന്നതിന് പകരം അവരുടെ അഭിരുചിയും കഴിവും തിരിച്ചറിഞ്ഞ് അത് ഉപയോഗപ്പെടുത്താന്‍ പറ്റുന്ന തൊഴില്‍ മേഖലകളിലേക്കും ഉപരി പഠന മേഖലകളിലേക്കും അവരെ വഴി തിരിച്ചു വിടാം. അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഏത് പ്രതിസന്ധിയും ധൈര്യമായി സംസാരിക്കാന്‍ പറ്റുന്ന ഒരു സ്ഥലമാണ് വീട് എന്ന ആത്മ വിശ്വാസം അവരുടെ മനസ്സില്‍ വളര്‍ത്തിയെടുക്കാം.
വിദ്യാലയങ്ങളിലും തീവ്രമായ മത്സര ബുദ്ധിയില്‍ അധിഷ്ഠിതമായ താരതമ്യ സ്വഭാവമുള്ള വിദ്യാഭ്യാസ സമ്പ്രദായം മാറേണ്ടതുണ്ട്. മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കിട്ടുന്നവരെ മാത്രം അംഗീകരിക്കുന്ന വ്യവസ്ഥയ്ക്കു പകരം മനുഷ്യത്വ പൂര്‍ണ്ണമായ, നന്മ നിറഞ്ഞ, മറ്റുള്ളവര്‍ക്ക് സഹായകമായ പ്രവൃത്തികള്‍ ചെയ്യുന്ന കുട്ടികളെക്കൂടി അംഗീകരിക്കുന്ന സമ്പ്രദായം വരണം. ഇത്തരം പ്രവൃത്തികള്‍ക്കു കൂടി സാമൂഹിക അംഗീകാരം കിട്ടുമെന്ന ഒരു ധാരണ കുട്ടികളുടെ മനസ്സില്‍ ചെറുപ്പത്തില്‍ വന്നെ വരുന്നത് അവരെ കൂടുതല്‍ അനുതാപം ഉള്ളവരാക്കി മാറ്റും. ജീവിതത്തിലെ പുതുമയുള്ള സാഹചര്യങ്ങളും പ്രയാസമുള്ള ഘട്ടങ്ങളും തരണം ചെയ്യാന്‍ കുട്ടികളെ സഹായിക്കുന്ന ജീവിത നിപുണത വിദ്യാഭ്യാസം, പാഠ്യ പദ്ധതിയുടെ ഭാഗമായി തന്നെ എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധമായും നടപ്പിലാക്കണം. പങ്കാളിത്ത സ്വഭാവമുള്ള, പ്രക്രിയാധിഷ്ഠിതമായ, അനുഭവവാത്മകമായ ഇത്തരം പരിശീലനങ്ങള്‍ കുട്ടികളുടെ സ്വഭാവ രൂപവല്‍ക്കരണം ഉറപ്പു വരുത്താന്‍ സാധിക്കും.
കുട്ടികളുടെ മാനസികവും പഠന സംബന്ധവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാന്‍ രക്ഷിതാക്കളെയും പ്രാപ്തരാക്കേണ്ടതുണ്ട്. കുട്ടികളെ കുറ്റപ്പെടുത്തുന്നതിന് പകരം അവരുടെ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് താങ്ങും തണലുമായി നില്‍ക്കാനുള്ള വ്യക്തമായ ബോധവല്‍ക്കരണം രക്ഷിതാക്കള്‍ക്ക് ലഭിക്കണം. കുട്ടികളിലെ പെരുമാറ്റ പ്രശ്നങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ തേടാനുള്ള ബോധവല്‍ക്കരണവും മുതിർന്നവർക്ക് ആവശ്യമാണ്. മാനസികാരോഗ്യ പ്രശ്നങ്ങളിൽ 50 ശതമാനവും 14 വയസ്സിനു മുന്‍പും 75% 24 വയസ്സിനു മുന്‍പും ആരംഭിക്കുന്നതായി ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മാനസികാരോഗ്യ പ്രശ്നങ്ങൾ തലച്ചോറിന്റെ പ്രവര്‍ത്തന വൈകല്യങ്ങള്‍ ആണെന്നതും മറ്റേത് രോഗത്തെയും പോലെ അവയെയും ചികിത്സിക്കാന്‍ സാധിക്കുമെന്നതും പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. തുടക്കത്തില്‍ തന്നെ ഇത്തരം പെരുമാറ്റ സംബന്ധമായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണെങ്കില്‍ അവ സങ്കീര്‍ണതകളിലേക്ക് പോകുന്നതും അക്രമ സ്വഭാവത്തിലേക്കും ലഹരി അടിമത്തത്തിലേക്കും വഴുതി വീഴുന്നതും ഫലപ്രദമായി തടയാന്‍ സാധിക്കും.
ലഹരി ഉപയോഗിക്കുന്ന കുട്ടികളെ ഒറ്റപ്പെടുത്തുന്നതിനു പകരം അവര്‍ ഏത് സാഹചര്യത്തിലാണ് ലഹരി ഉപയോഗത്തിലേക്ക് പോയത് എന്ന് സ്നേഹപൂര്‍വം അന്വേഷിക്കാനാണ് മാതാപിതാക്കള്‍ ആദ്യം ശ്രമിക്കേണ്ടത്. അവരുടെ പ്രയാസങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ട് അവയ്ക്കുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ ശ്രമിക്കാം. തീവ്രമായ ലഹരി അടിമത്ത്വത്തിലേക്ക് പോയ കുട്ടികൾക്ക് വൈദ്യ ശാസ്ത്ര ചികിത്സ തന്നെ വേണ്ടി വരും. സൈക്യാട്രിസ്റ്റിന്റെ നേതൃത്വത്തില്‍ മരുന്നുകളും മനശാസ്ത്ര ചികിത്സകളും രക്ഷിതാക്കള്‍ക്കുള്ള പരിശീലനവും സംയോജിപ്പിച്ചു കൊണ്ടുള്ള സമഗ്ര ചികിത്സയാണ് വേണ്ടത്. ഏത് ലഹരി വസ്തുവാണ് ഉപയോഗിക്കുന്നത് എന്നതിനനുസരിച്ച് ചികിത്സയുടെ രീതിയും ദൈര്‍ഘ്യവും വ്യത്യാസപ്പെടും. കൃത്യ സമയത്ത് വേണ്ട തരത്തിലുള്ള ചികിത്സ നല്‍കുക വഴി ഒട്ടേറെ കൗമാര പ്രായക്കാരെയും യുവാക്കളെയും ലഹരി അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ അടിമത്തവും ശ്രദ്ധിക്കാം
സ്വതന്ത്ര ഇന്ത്യയുടെ 77 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ബജറ്റിനോടൊപ്പം പാര്‍ലമെന്റില്‍ അവതരിക്കപ്പെടുന്ന എക്കണോമിക് സര്‍വേയില്‍ മാനസികാരോഗ്യത്തിന്റെ പ്രസക്തി ഇത്തവണ ഊന്നിപ്പറഞ്ഞിരിക്കുന്നു. തിരിച്ചറിയപ്പെടാതെയും ചികിത്സിക്കപ്പെടാതെയും പോകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ വ്യക്തിയുടെ കാര്യക്ഷമത കുറയ്ക്കാനും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉല്പാദന ക്ഷമത കുറയാനും അതുവഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥിതി തകരാനും കാരണമാകുന്നു എന്ന നിരീക്ഷണമാണ് സര്‍വെയില്‍ സ്ഥാനം പിടിച്ചത്. ഇന്ത്യയുടെ ജന സംഖ്യയില്‍ 10.69% പേര് ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണ് എന്ന നിരീക്ഷണവും ഉണ്ട്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതോപയോഗം കുട്ടികളുടെയും കൗമാര പ്രായക്കാരുടെയും സ്വഭാവത്തെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്ന വിശദമായ വിവരണവും സര്‍വെയില്‍ പരാമർശ വിഷയമായിട്ടുണ്ട്. മൊബൈലിന്റെയും മറ്റ് ദൃശ്യ ഡിജിറ്റല്‍ മാധ്യമങ്ങളുടെയും അമിതോപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവ്, അമിത വികൃതി, എടുത്തു ചാട്ട സ്വഭാവം, അക്രമവാസന എന്നിവ വർദ്ധിപ്പിക്കുന്നു എന്ന് റിപ്പോർട്ടിൽ പരാമര്‍ശം ഉണ്ട്.
ലഹരി അടിമത്തം പോലെ തന്നെ യുവ തലമുറയെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു അടിമത്തമാണ് ‘സ്വഭാവ സംബന്ധമായ അടിമത്തം (behavioural addiction). ഒരു പ്രവൃത്തി ചെയ്യുന്നു. അതിൽ നിന്ന് ലഭിക്കുന്ന ആനന്ദം അതേ അളവില്‍ ലഭിക്കാനായി അത് ആവര്‍ത്തിച്ച് ചെയ്യുന്നു. ക്രമേണ ദിവസത്തിന്റെ കൂടുതല്‍ നേരം ഈ പ്രവൃത്തി അപഹരിക്കുകയും ഇത് ചെയ്യാതെ ഇരുന്നാൽ തീരെ സന്തോഷം കിട്ടാത്ത അവസ്ഥ സംജാതമാവുകയും ചെയ്യുന്ന സ്ഥിതി വിശേഷത്തെയാണ് സ്വഭാവ സംബന്ധമായ അടിമത്തം എന്ന് വിശേഷിപ്പിക്കുന്നത്. മൊബൈല്‍ ഫോൺ ഉപയോഗിച്ച് തന്നെ കാർട്ടൂൺ, ഓൺലൈൻ ഗെയിമുകള്‍, ഡേറ്റിങ് ആപ്പുകള്‍, സാമൂഹിക മാധ്യമങ്ങള്‍, അശ്ലീല സൈറ്റുകള്‍ എന്നിവ കാണുകയും അത് ഒരു അടിമത്തമായി മാറുകയും ചെയ്യുന്ന സ്ഥിതി വിശേഷം സമൂഹത്തില്‍ വ്യാപകമാണ്. ഇവയുടെ ഉപയോഗത്തിന്റെ സമയം നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോള്‍ അടിമത്തമായി മാറുകയും നിത്യ ജീവിതത്തില്‍ പഠനത്തെയും പെരുമാറ്റത്തെയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം സംജാതമാകും. പിന്നീട് ഇവ കാണാനുള്ള അവസരം നിഷേധിക്കപ്പെടുമ്പോള്‍ എടുത്തു ചാടിയുള്ള പ്രതികരണങ്ങളും അക്രമ വാസനയും പ്രകടമാകാനുള്ള സാധ്യതയും ഏറെയാണ്. മൊബൈല്‍ കാണാന്‍ അവസരം നിഷേധിച്ചത് മൂലം ആത്മഹത്യ ചെയ്ത കൗമാരപ്രായക്കാരനും ഓൺലൈൻ ഗെയിം കാണാന്‍ തടസ്സം സൃഷ്ടിച്ച മാതാവിനെ തലയ്ക്കടിച്ചു കൊന്ന യുവാവുമൊക്കെ ആധുനിക കേരള സമൂഹത്തിന്റെ നേർക്കാഴ്ചകളാണ്. ലഹരി ഉപയോഗിക്കുന്ന വ്യക്തികളില്‍ ഉണ്ടാകുന്നതിന് സമാനമായ മസ്തിഷ്ക വ്യതിയാനങ്ങളാണ് സ്വഭാവ സംബന്ധമായ അടിമത്തം ഉള്ളവരിലും കണ്ടു വരുന്നത്.