അതിരുകള്‍ മായുന്ന ഡേര്‍ട്ടി ബിസിനസ്സ്

അതിരുകള്‍ മായുന്ന ഡേര്‍ട്ടി ബിസിനസ്സ്
വിജേഷ് ചൂടല്‍
മാധ്യമപ്രവര്‍ത്തകന്‍

നാർക്കോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന നായകന്റെ ഡയലോഗ് ഇരുപതാം നൂറ്റാണ്ടില്‍ കേരളം കൈയടിച്ച് സ്വീകരിച്ചതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അതേ വാചകം അതേ നായകനിലൂടെ സൂപ്പർ ഹിറ്റാകുന്നതും സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നതും നാം കണ്ടു. മയക്കു മരുന്നിനും അതിന്റെ വ്യാപാരത്തിനുമെതിരായ നായികാ നായക സങ്കൽപങ്ങൾ എക്കാലവും തിളങ്ങി നില്‍ക്കുമ്പോഴും, മുമ്പെങ്ങുമില്ലാത്ത വിധം സിനിമയുടെ ലോകവും ലഹരി ബാധതമാണെന്ന് തുടരെ വെളിപ്പെടുത്തുന്നതാണ് വര്‍ത്തമാന യാഥാര്‍ഥ്യം. സമൂഹത്തിന് ലഹരിയാകേണ്ട സിനിമ ഉള്‍പ്പെടെയുള്ള കലാ രൂപങ്ങള്‍ മറ്റൊരു ലഹരിയെ ആയുധമാക്കുന്നതിന്റെ ദുരന്തം സമൂഹം ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.

തൊണ്ണൂറുകളില്‍ തുടക്കമിട്ട കലയുടെയും സാഹിത്യത്തിന്റെയും ആഗോളീകരണത്തിനൊപ്പം മനുഷ്യന്‍ അവനവനിലേക്ക് ചുരുങ്ങുകയാണുണ്ടായത്. നിസ്സംഗതയിലേക്ക് വീണു പോയ നമുക്ക് മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ നമ്മുടേതല്ലാതായി മാറിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നല്ലോ. സ്വയം ഉള്ളിലൊതുങ്ങിയ മനുഷ്യന്റെ ആത്മ സംഘര്‍ഷങ്ങള്‍ക്ക് മരുന്നില്ലാതായി.

അവിടെ ലഹരിയുടെ പുതിയ മാനങ്ങള്‍ അതിവേഗം ആഗോളീകരിക്കപ്പെട്ടു. രാജ്യാതിര്‍ത്തികള്‍ മാഞ്ഞ് ലഹരി പതഞ്ഞൊഴുകി. ലഹരി മാഫിയയുടെ കൂത്തരങ്ങായ അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ മുതല്‍ യൂറോപ്പിലും ഏഷ്യയിലും ഉള്‍പ്പെടെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടില്‍ മയക്കു മരുന്നിന്റെ വ്യാപനത്തിന് വഴിയൊരുങ്ങി. ചായക്കുടിക്കുന്നതു പോലെ സ്വാഭാവികമാണ് ലഹരി ഉപയോഗവുമെന്ന സാമാന്യ ബോധത്തിലേക്ക് പുതിയ തലമുറയെ എത്തിക്കുന്നതിൽ സിനിമ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നത് നിഷേധിക്കാനാകാത്ത യാഥാര്‍ഥ്യമാണ്.

ദാരിദ്യം ചൂഷണം ചെയ്യുന്ന  മാഫിയ

ഓരോ നാട്ടിലും ലഹരി മാഫിയ വളരുന്നത് ആ നാടിന്റെ ദുരിതങ്ങളെ ചൂഷണം ചെയ്‌താണ്. അഭയാര്‍ഥി പ്രശ്‌നവും ദരിദ്ര രാജ്യങ്ങളിലെ ജനങ്ങളുടെ പട്ടിണിയും തൊഴിലില്ലാത്ത യുവതയുടെ നൈരാശ്യവുമെല്ലാം ചൂഷണം ചെയ്‌താണ് ലഹരി മാഫിയ അതിന്റെ ശൃംഖലയ്ക്ക് അടിത്തറയൊരുക്കിയത്. ജന്മ നാട്ടി നിന്ന് പലായനം ചെയ്‌ത ദരിദ്രരായ കുടിയേറ്റ സമൂഹങ്ങളാണ് ആഗോള ലഹരി മാഫിയയുടെ പുതിയ ‘തൊഴിലാളികള്‍’. പ്രലോഭനത്തിനും ഭീഷണിക്കും വഴങ്ങി കറുപ്പ് കൃഷിയില്‍ ഏര്‍പ്പെടാന്‍ വിധിക്കപ്പെട്ട ഇവര്‍ മയക്കു മരുന്നിന് അടിമകളായി മാറുന്നു. കാലക്രമത്തില്‍ കടക്കെണിയിലകപ്പെട്ട് കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നു.

അഭയാര്‍ഥി പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്തു തന്നെയാണ് മയക്കു മരുന്നു വ്യാപാരം പുതിയ റെക്കോഡുകള്‍ സ്ഥാപിക്കുന്നത്. 2022-ല്‍ കൊക്കെയ്ന്‍ ഉല്‍പാദനം റെക്കോര്‍ഡിലെത്തി- 2,757 ടൺ. 2021-നെ അപേക്ഷിച്ച് 20 ശതമാനം വര്‍ധന. ഇത് യുഎന്‍ ഓഫീസ് ഓൺ ഡ്രഗ്‌സ് ആന്‍ഡ് ക്രൈമിന്റെ (UNDOC)  കണക്കാണ്. ഈ ലഹരിയുടെ വിതരണ ശൃംഖലയിലുള്ള രാജ്യങ്ങളിലാകെ (പ്രത്യേകിച്ച് ഇക്വഡോറിലും കരീബിയന്‍ രാജ്യങ്ങളിലും) ഇതിനൊപ്പം അക്രമവും കുറ്റകൃത്യങ്ങളും വര്‍ധിച്ചു. പടിഞ്ഞാറന്‍, മധ്യ യൂറോപ്പിലെ ടൂറിസം ലക്ഷ്യ സ്ഥാനങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങളിൽ അസാധാരണമായ വര്‍ധനയും റിപ്പോർട്ട് ചെയ്‌തു. ദക്ഷിണേഷ്യയില്‍ കുത്തി വയ്‌പിലൂടെയുള്ള മയക്കു മരുന്ന് ഉപയോഗം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിൽ ഇത് ഗണ്യമായി ഉയർന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന ലഹരി വിപണി രാജ്യങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തെ ദുര്‍ബലപ്പെടുത്തുകയും കുറ്റകൃത്യങ്ങളും അസ്ഥിരതയും അരക്ഷിതാവസ്ഥയും വളര്‍ത്തുകയും ചെയ്യുന്നു.

മയക്കു മരുന്ന് ലോകമെമ്പാടുമുള്ള ദശ ലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന സങ്കീര്‍ണ്ണമായ വെല്ലുവിളിയാണ്. വേള്‍ഡ് ഡ്രഗ് റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമായി ഏകദേശം 30 കോടി പേര്‍ മയക്കു മരുന്നിന് അടിമകളാണ്. ഇതില്‍ 23 കോടി പേരും കഞ്ചാവാണ് ഉപയോഗിക്കുന്നത്. മൂന്നു കോടി പേര്‍ ആംഫെറ്റാമൈന്‍സും, 2.5 കോടി ആളുകള്‍ കൊക്കെയ്‌നും രണ്ടു കോടി പേര്‍ മറ്റ് രാസ ലഹരികള്‍ക്കും അടിമകളാണ്. കൂടുതല്‍ അപകടകരമായ സിന്തറ്റിക് ഓപിയോയിഡുകളുടെ കൂട്ടമായ നൈറ്റാസീനുകളുടെ വരവിനെ തുടർന്ന് സമ്പന്ന രാജ്യങ്ങളിൽ അമിത അളവില്‍ ലഹരി മരുന്ന് ഉപയോഗിച്ചുള്ള മരണങ്ങള്‍ വര്‍ധിച്ചയായും കണ്ടെത്തിയിട്ടുണ്ട്. ആഗോള തലത്തില്‍ ലഹരി മരുന്നുകളുടെ കടത്ത് വർധിക്കുന്നുണ്ടെന്നും ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ ടാക്കിളിങ് ക്രൈം ആന്‍ഡ് ഡ്രഗ് അബ്യൂസ് 2024ലെ വാര്‍ഷിക റിപ്പോർട്ടിൽ പറയുന്നു.

മയക്കു മരുന്ന് ദുരുപയോഗത്തിനും നിയമ വിരുദ്ധ കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം ജൂൺ 26ന് ആചരിക്കുന്നതിന് മുന്നോടിയായി എല്ലാ വര്‍ഷവും പുറത്തിറക്കുന്ന റിപ്പോർട്ടാണിത്.

മയക്കു മരുന്ന് ഒരു പാശ്ചാത്യ പ്രശ്‌നമാണ് നാം വീക്ഷിച്ചിരുന്നത്. 1971 ജൂണില്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സൺ നടത്തിയ ‘മയക്കു മരുന്നിനെതിരായ യുദ്ധ’ പ്രഖ്യാപനമാണ് ഈ ധാരണയെ അരക്കിട്ടുറപ്പിച്ചത് എന്നു പറയാം. കറുത്ത വംശജരെയും പുരോമന വാദികളെയുമൊക്കെ ലക്ഷ്യമിട്ട നീക്കങ്ങളുടെ ഗൂഢ ലക്ഷ്യങ്ങള്‍ പലതും ഇതിനു പിന്നിലുണ്ടായിരുന്നു. ഈ പാശ്ചാത്യ കേന്ദ്രീകൃത ചിന്തയ്ക്ക് ലോകം വലിയ വില നല്‍കേണ്ടി വന്നുവെന്നതാണ് ചരിത്രം. പരമ്പരാഗത അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് മയക്കു മരുന്നുകളും ലഹരി മാഫിയയും എത്രത്തോളം എത്തിയിരിക്കുന്നുവെന്ന് തിരിച്ചറിയുമ്പോഴും ആഫ്രിക്ക ഉള്‍പ്പെടെ പല ഭൂഖണ്ഡങ്ങളിലെയും മയക്കു മരുന്ന് ഉപയോഗത്തെയും അതു സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളെയും കുറിച്ചുള്ള വിവര ശേഖരണം പോലും പരിമിതമാണ്.

ഭൂഖണ്ഡങ്ങള്‍ കടക്കുന്ന ആഗോള ശൃഖല

നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന ആഗോള മയക്കു മരുന്ന് വിപണിയുടെ ബിസിനസ് മൂല്യം കണക്കാക്കുക അസാധ്യമാണ്. പല കാലങ്ങളില്‍ പല ഏജന്‍സികള്‍ നടത്തിയ ഗൗരവതരമായ പരിശ്രമങ്ങള്‍ പുറത്തു കൊണ്ടു വന്ന കണക്കുകളില്‍ തന്നെ വലിയ വ്യത്യാസങ്ങള്‍ കാണാം. 1998ല്‍ ഐക്യരാഷ്ട്ര സംഘടന പ്രസിദ്ധീകരിച്ച ‘മയക്കു മരുന്ന് ദുരുപയോഗത്തിന്റെയും നിയമ വിരുദ്ധ കടത്തിന്റെയും സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍’ എന്ന റിപ്പോർട്ട് പ്രകാരം മൊത്തം നിയമ വിരുദ്ധ മയക്കു മരുന്നു വ്യവസായത്തിന്റെ ആഗോള മൂല്യം ഏകദേശം 36,000 കോടി ഡോളറാണ്! അതായത് ഏറെക്കുറെ 30 ലക്ഷം കോടി രൂപ! ലോകമെമ്പാടുമുള്ള ക്രിമിനലുകള്‍ക്ക് ഏറ്റവും ലാഭകരമായ ബിസിനസ് രൂപമായി മാറിക്കഴിഞ്ഞതിനാല്‍ മയക്കു മരുന്നിന്റെ പ്രവാഹത്തിന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള വഴികളുണ്ട്. കഞ്ചാവിന്റെയും കൊക്കെയ്‌നിന്റെയും മറ്റും കൃഷി, മയക്കു മരുന്നു നിര്‍മ്മാണം, വിതരണം, വില്‍പന എന്നിവ ഉൾപ്പെടുന്ന അന്താരാഷ്ട്ര മാഫിയ സംഘടിത കുറ്റകൃത്യങ്ങളിലൂടെ വിപുലമായ ശൃംഖലയാണിന്ന്.

ലോകത്ത് കൊക്കെയ്ന്‍ ഉല്‍പാദനം റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. തെക്കേ അമേരിക്കയില്‍ ഉല്‍പാദനം കുതിച്ചുയരുമ്പോള്‍ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ ഉപയോഗത്തിനൊപ്പം വിപണികളും വികസിക്കുന്നു.

തെക്കു-പടിഞ്ഞാറന്‍ ഏഷ്യ, തെക്കു കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിൽ മെത്താഫെറ്റാമൈന്‍ കടത്ത് വര്‍ധിച്ചു. വടക്കേ അമേരിക്കയില്‍ സിന്തറ്റിക് ലഹരി സമൂഹത്തിലാകെ വിപല്‍ക്കരമായ വെല്ലുവിളിയാണ്.

അഫ്‌ഗാനിസ്ഥാനും ആഫ്രിക്കന്‍-അമേരിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടെ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന മിക്ക രാജ്യങ്ങളും ലഹരി മാഫിയയുടെ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് നടന്ന ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ശക്തി പ്രാപിച്ച ലഹരി മാഫിയയുടെ വിളയാട്ടമായിരുന്നു പ്രധാന രാഷ്ട്രീയ വിഷയം. എന്നാൽ, നിലവിലെ പ്രസിഡന്റ് ഡാനിയേല്‍ നൊബോവ തന്നെ വിജയിച്ചു വന്നു എന്നതാണ് വിരോധാഭാസം. ലഹരി സംഘങ്ങളെ നേരിടാന്‍ അമേരിക്കന്‍ സൈന്യത്തിന് സ്വന്തം രാജ്യത്ത് താവളമൊരുക്കുമെന്നായിരുന്നു നൊബോവയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനം എതും ശ്രദ്ധേയമാണ്. ഇത്തരത്തില്‍ ലോക രാഷ്ട്രീയത്തിലും ഒളിവിലും തെളിവിലും ജന വിധികളെ സ്വാധീനിക്കുന്ന വിഷയമായി മയക്കു മരുന്ന് മാറിക്കഴിഞ്ഞു.

മയക്കു മരുന്നുകളുടെ ഉല്‍പാദനം, കടത്ത്, ഉപഭോഗം എന്നിവയുടെ കണ്ണി പൊട്ടിച്ച് അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ആത്മഹത്യാപരമായ വിനാശത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പാണ്. മറ്റൊരു ബ്രേക്ക് ദി ചെയിന്‍ പോരാട്ടത്തിന് നാം ഇന്നേ പടച്ചട്ടയണിയണം.

ക്രൂരതയെ ആഘോഷിക്കുന്ന സീരീസുകള്‍

കോവിഡ് കാലം തുറന്നു തന്ന ഒടിടി സാധ്യതകള്‍ ലോക സിനിമാസ്വാദകര്‍ക്ക് പുതു ലോകം സമ്മാനിച്ചു. പ്രായഭേദമെന്യേ ലോക സിനിമയ്ക്കും സീരീസുകള്‍ക്കും നാം അടിപ്പെട്ടു. അമേരിക്കന്‍/കൊറിയന്‍ സീരീസുകളും മറ്റും ലഹരിക്കച്ചവടത്തിന്റെ, ക്രൂരതയുടെ ഇതുവരെ കാണാത്ത കാഴ്‌ചകൾ മലയാളിക്ക് സുപരിചിതമാക്കി. കുഞ്ഞുങ്ങള്‍ പോലും ഇവയുടെ ആരാധകരായി. ‘കള്‍ച്ചറല്‍ ഷോക്ക്’ എന്നത് മാഞ്ഞു പോയി. കൊക്കെയ്ന്‍ മാഫിയാ തലവന്‍ പാബ്ലോ എസ്‌കോബാറിന്റെ ജീവിതം ആഘോഷിച്ച അമേരിക്കന്‍ സീരീസ് നാര്‍ക്കോസും മെക്‌സിക്കൻ മയക്കു മരുന്ന് കാർട്ടലിന്റെ  കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതി വിശദമാക്കുന്ന സീരീസ് ഒസാര്‍ക്കും ഷോ വിന്‍സ് ഗില്ലിഗന്റെ സീരീസ് ബ്രേക്കിങ് ബാഡും പോലെ അനേകം ചിത്രങ്ങള്‍ നമ്മുടെ സ്വീകരണ മുറികളിലേക്കും കൈയിലെ കൊച്ചു മൊബൈല്‍ വെട്ടത്തിലേക്കും പാറി വന്നു. ഇന്ത്യയിലും 2025ല്‍ പുറത്തിറങ്ങിയ ഹിന്ദി സീരീസ് ഡബ്ബാ കാർട്ടൽ ഇതേ വിഷയം കൈകാര്യം ചെയ്‌ത് വലിയ സ്വീകാര്യത നേടി. പ്രായത്തിന്റെ, സാംസ്‌കാരികതയുടെ, ധാര്‍മ്മികതയുടെ അതിര്‍ വരമ്പുകള്‍ ഇല്ലാതായി.

Spread the love