ചലച്ചിത്രങ്ങളിലെ പ്രവാസ ജീവിതം
പി. എസ്. രാധാകൃഷ്‌ണൻ,
പ്രൊഫസര്‍, സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ്
പൊന്നു വിളയുന്ന നാടിനെപ്പറ്റിയുള്ള കഥകള്‍ മലയാളിയെ എക്കാലവും ആകര്‍ഷിച്ചിരുന്നു. ഒരിക്കല്‍ അത് സിലോണായിരുന്നു. പിന്നെയത് മലയായും ബിലാത്തിയുമായി. ഒടുക്കമെത്തിയത് സ്വപ്‌നങ്ങൾ കായ്ക്കുമെന്ന് വിശ്വസിച്ച ഗള്‍ഫില്‍. കിടപ്പാടം വിറ്റോ പണയപ്പെടുത്തിയോ പര ദേശങ്ങള്‍ തേടിയുള്ള പ്രയാണത്തില്‍ വാഴുന്നവരും വീഴുന്നവരുമേറെ. സമ്പന്നരായി തിരികെ വരാനുള്ള ആവേശവുമായി അവര്‍ മറു നാടുകളിലേക്ക് കടന്നു. മാധ്യമങ്ങള്‍ ‘മറുനാടന്‍ മലയാളി ‘ എന്ന് ഇവര്‍ക്ക് വിളിപ്പേരിട്ടു. എന്തു ജോലിയും ചെയ്യാന്‍ തയ്യാറായിപ്പോയവരാണിവര്‍. ഇവരുടെ ‘കുടിയേറ്റങ്ങള്‍’ മറ്റു പ്രവാസ സംസ്‌കാരത്തിൽ നിന്നും അളവിലും തോതിലും പാടെ വ്യത്യസ്‌തമാണ്.
ഒരു കാലത്ത് നാടുവിട്ട് അന്യ ദേശത്തേക്ക് നീങ്ങുന്നത് സ്വാഭാവികമായി സംഭവിക്കുന്നത് കാണാം. വിദ്യാഭ്യാസം നേടിയ യുവാക്കളുടെ പട തന്നെ തുടര്‍ച്ചയായി മുംബൈയിലേക്ക് സ്ഥലം മാറുകയായിരുന്നു. ഐക്യ കേരളം യാഥാര്‍ഥ്യമായെങ്കിലും അതി ജീവനത്തിനായുള്ള യുവത്വത്തിന്‍റെ പരക്കംപാച്ചില്‍ 1960-കളില്‍ നിന്ന് 70കളിലേക്കും 80കളിലേക്കും വ്യാപിക്കുകയായിരുന്നു. പൊന്നു പൂക്കുന്ന സ്വപ്‌ന ഭൂമിയിലേക്കുള്ള പലായനങ്ങളുടെ തുടര്‍ച്ചയിവിടെ കാണാനാവും. താറുമാറായ സാമ്പത്തിക ബന്ധങ്ങളെ പ്രതിരോധിച്ചത് ജന്മനാടുപേക്ഷിച്ച് പര ദേശങ്ങളില്‍ അതി ജീവിതം ഉണര്‍ത്തിയെടുത്ത സമൂഹത്തിലെ ന്യൂനപക്ഷങ്ങളായിരുന്നു. രാപകലില്ലാത്ത അധ്വാനത്തിന്‍റെ യാതനകളിലൂടെയാണവര്‍ ജീവിതം വീണ്ടെടുത്തത്. അവരുടെ നിക്ഷേപങ്ങള്‍ കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയെ സ്ഥിരപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വൈയക്തികമായും ഉപഭോഗപരമായും മാത്രമല്ല വ്യവസായ രംഗത്തും ഇവരുടെ നിക്ഷേപങ്ങളുണ്ടായി. ഇവരിലൂടെ ധനാത്മകമായി മാറിയ സാമ്പത്തിക മൂലധനം സിനിമയുള്‍പ്പെടെയുള്ള മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. പ്രവാസ ജീവിതത്തെ ചലച്ചിത്ര വ്യവഹാരങ്ങള്‍ വ്യാഖ്യാനിക്കുകയും നിര്‍വഹിക്കുകയും ചെയ്‌ത രീതികള്‍ സമാന സ്വഭാവമുള്ളതായിരുന്നില്ല.
പ്രവാസ ജീവിതം പലപ്പോഴായി സിനിമ വിഷയമാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ സിലോണ്‍, ബോംബെ (മുംബൈ), ചെന്നൈ തുടങ്ങിയ സ്ഥലങ്ങളായിരുന്നു. മലയാളത്തിലെ ആദ്യ ശബ്‌ദ-നിശബ്‌ദ സിനിമകളിലാണ് പ്രവാസത്തിന്‍റെ ആദിമ സൂചനകള്‍. ചന്ദ്രകുമാര്‍ (വിഗത കുമാരന്‍, 1928), ബാലന്‍ (ബാലന്‍, 1938) തുടങ്ങി യുദ്ധ കാലം വിഷയമാക്കുന്ന സിനിമകളിലും ഇതിന്‍റെ പകര്‍ച്ചകളുണ്ട്. നാടിനെക്കുറിച്ചുള്ള മധുര സ്വപ്‌നങ്ങൾ പാട്ടുകളിലൂടെയായിരുന്നു സംവദിച്ചിരുന്നത്. ഇത് പിന്നീട് പ്രവാസ ചിത്രങ്ങളില്‍ ക്ളീഷേയായി മാറുന്നു. 80-കളുടെ അവസാനത്തെത്തുടര്‍ന്ന് സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും ചില യൂറോപ്യന്‍ നാടുകളും സിനിമയുടെ ഭാഗമായിട്ടുണ്ട്. അമേരിക്കന്‍ ഐക്യ നാടുകളെ അത്ഭുതത്തോടെയാണ് സിനിമ കണ്ടിരുന്നത്. ഹിന്ദി ചിത്രങ്ങളിലായിരുന്നു ഇതിന്‍റെ വിജയകരമായ തുടക്കം. തെക്കേ ഇന്ത്യയില്‍ തമിഴകത്തും ഇതിന്‍റെ അലയൊലികളുണ്ടായി. താരതമ്യേന ഒട്ടു വൈകിയാണ് മലയാള സിനിമ മറുനാടുകളിലേക്ക് കടക്കുന്നത്. അമേരിക്കയെന്ന അത്ഭുതത്തെ മലയാളികള്‍ക്ക് കാഴ്‌ചപ്പെടുത്തിയ ആദ്യ ചിത്രമാണ് ‘ഏഴാം കടലിനക്കരെ’ (1979).’ അമേരിക്ക അമേരിക്ക’, ‘ഉദയം പടിഞ്ഞാറ് ‘ (1986), ‘മെയിഡ് ഇന്‍ യു എസ് (2004)’, ‘അക്കരെയക്കരെ’ എന്നീ ചിത്രങ്ങളും ഈ നിരയില്‍ വരും. ഗള്‍ഫിലെ മലയാളി ജീവിതം ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളെക്കാള്‍ ഗള്‍ഫിലെ മലയാളി ജീവിതമാണ് ഏറെ വെള്ളിത്തിരയിലെത്തിയത്. സിനിമ ഇതിനെ ആഖ്യാനം ചെയ്‌ത രീതി പലപ്പോഴും പരസ്‌പരബന്ധമില്ലാത്തതാണ്. പലപ്പോഴും ഇവ കാൽപനികതയിൽ പൂണ്ടു പോവുന്നതായി കാണാം. അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തുന്നതിനേക്കാള്‍ പ്രവാസ ജീവിതത്തെ ഭ്രമാത്മകമായാണ് സിനിമ നേരിട്ടത്. പിന്നീടത് തമാശകളിലേക്കും വീരാരാധനയിലേക്കും വിസ്‌മയത്തിലേക്കും വഴിമാറി.
മലയാളികളുടെ മാനവ വിഭവ ശേഷി അറബ് ഐക്യ നാടുകളുടെ പുരോഗതിക്ക് നല്‍കിയ സംഭാവനകളെന്തെന്ന് സിനിമകള്‍ അന്വേഷിക്കാറില്ല. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കു വരുന്നവരെ അന്യവല്‍കരിക്കരിക്കാനാണ് സിനിമയുടെ നിയോഗം. കൈയില്‍ ടേപ്പ് റിക്കാര്‍ഡറും, മല്‍ബോറാ സിഗരറ്റും, തിളങ്ങുന്ന മിഠായികളുമായി നാട്ടിലേക്ക് വരുന്ന ‘പുതുപ്പണ’ക്കാരെയാണ് സിനിമ അവതരിപ്പിക്കുന്നത്’. ‘ഓടരുതമ്മാവാ ആളറിയാം ‘(1984), ‘അക്കരെ നിന്നൊരു മാരന്‍'(1985), ‘അറബിയും ഒട്ടകവും പി. മാധവന്‍ നായരും ‘(2011),’ വെനീസിലെ വ്യാപാരി'(2011), ‘ആനക്കള്ളന്‍'(2018) തുടങ്ങിയ ചിത്രങ്ങള്‍ ഈ ജനുസ്സിലുള്ളവയാണ്. അന്യ നാടുകളില്‍ ജോലി ചെയ്യുന്നവരുടെ അധ്വാന ശേഷി ഇവരുടെ പരിഗണനയിലില്ല. പലപ്പോഴും ആള്‍മാറാട്ടക്കാരുടെ കൂട്ടായ്‌മയിലൂടെയാണ് ആഖ്യാനം നീങ്ങുന്നത്. അല്ലെങ്കില്‍ മുറപ്പെണ്ണിനെയോ കാമുകിയെയോ സ്വന്തമാക്കാനുള്ള തരികിടകളാവും. രണ്ടിലെയും കേന്ദ്ര ബിന്ദുവായി ഒരു അറബിയുണ്ടാവും. (പലപ്പോഴും അറബി വേഷം കെട്ടുക മലയാളികളാവും). കുടിയേറ്റ ജീവിതത്തിന്‍ ആവിഷ്‌കാരം ഇതിന് വിപരീതമായി ഗള്‍ഫ് ജീവിതത്തിന്‍റെ സൂക്ഷ്‌മ യാഥാർഥ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ചിത്രങ്ങളുമേറെ. ‘വില്‍ക്കാനുണ്ട് സ്വപ്‌നങ്ങൾ’, ‘വിസ’ ‘ഗര്‍ഷോം ‘, ‘അറബിക്കഥ’, ‘ഗദ്ദാമ’, ‘പത്തേമാരി’ തുടങ്ങിയവ കുടിയേറ്റ ജീവിതത്തിന്‍റെ അന്യതയും കഷ്‌ടപ്പാടുകളും നഷ്‌ട സ്വപ്‌നങ്ങളും ആവിഷ്‌കരിച്ചവയാണ്. ഗള്‍ഫ് നാടുകളിലേക്കുള്ള പലായനത്തെയും കേരളത്തിലെ സാമ്പത്തിക തകര്‍ച്ചകളെയും അതി ജീവനത്തിനായുള്ള നീക്കങ്ങളെയും തിരിച്ചറിയുന്ന ചിത്രമെന്ന നിലയ്ക്കാണ് ‘വില്‍ക്കാനുണ്ട് സ്വപ്‌നങ്ങൾ’ പ്രസക്തമാകുന്നത്. യുവത്വത്തിന്‍റെ വിഷാദങ്ങളും തൊഴില്‍ നിഷേധവും യുവാക്കളില്‍ ചെലുത്തിയ സംഘര്‍ഷങ്ങളും അസ്വാസ്ഥ്യവും ഇവിടെ പ്രകടമാണ്. മാടമ്പിത്തത്തിന് തിരിയാത്ത മാറുന്ന സമ്പദ് വ്യവസ്ഥയുടെ പുതുമാനങ്ങളെയാണ് ചിത്രത്തിലെ രാജന്‍ (സുകുമാരന്‍) പ്രതിനിധീകരിക്കുന്നത്. മുകളിലൊരു സ്ഥലം, വെട്ടിപ്പിടിക്കാനുള്ള വെമ്പല്‍, പണവും പത്രാസുമായി നാട്ടിലേക്കുള്ള മടക്കം തുടങ്ങിയ സ്വപ്‌നങ്ങളെല്ലാം വ്യാമോഹങ്ങളായി തീര്‍ന്നു. പത്തേമാരിയില്‍ നിന്നും കടലിടുക്കിലേക്കും തുടര്‍ന്ന് മനുഷ്യവാസമില്ലാത്ത മരുഭൂമിയിലേക്കുമാണ് രാജന്‍ സഞ്ചരിച്ചത്.
സ്വപ്‌ന ഭൂമിയിലേക്കുള്ള പ്രയാണം കടുത്തതും ഇരുണ്ടതുമാണ്. ഗള്‍ഫില്‍ പോയി മടങ്ങുന്നവരുടെ വാഴ്ത്തലുകളും വീഴ്ത്തലുകളും തിരിച്ചറിയുന്ന ചിത്രങ്ങളാണ് ‘വില്‍ക്കാനുണ്ട് സ്വപ്‌നങ്ങൾ’, ‘വിസ’, ‘ഗര്‍ഷോം’ തുടങ്ങിയവ. ഗള്‍ഫിലേക്കുള്ള യാത്രയില്‍ വീണവരും വീണ്ടെടുത്തവരുമുണ്ട്. വിസാ തട്ടിപ്പുകള്‍ വഴി അങ്ങോട്ടേക്കുള്ള വഴി നഷ്‌ടപ്പെട്ടവരുമുണ്ട്. ‘വിസ’ (1983), ‘അടിയൊഴുക്കുകള്‍'(1984) തുടങ്ങിയ ചിത്രങ്ങളില്‍ യുവത്വത്തിന്‍റെ നിസ്സഹായത പ്രകടമാണ്.
ഗര്‍ഷോമും പത്തേമാരിയും ഗള്‍ഫില്‍ നിന്നും പന്ത്രണ്ട് വര്‍ഷത്തിനു ശേഷം നാട്ടില്‍ വന്ന് പുതിയൊരു സംരംഭം തുടങ്ങി പരാജയപ്പെട്ടവരുമുണ്ട്. പി. ടി. കുഞ്ഞിമുഹമ്മദിന്‍റെ ‘ഗര്‍ഷോം’ (1999) വേറിട്ടു നില്‍ക്കുന്നത് അതിലെ സ്വാഭാവിക പരിചരണത്താലാണ്.
ഗള്‍ഫില്‍ നിന്നും മടങ്ങുന്നവരെ എങ്ങനെയാണ് സമൂഹം കാണുന്നത്? എങ്ങനെയാണ് ഇടപെടുന്നത്? എന്നത് പ്രശ്‌നമാണ്. നാട്ടില്‍ വന്ന് ബിസിനസ് നടത്തുന്ന നാസര്‍ നേരിടുന്ന മാനസിക സംഘര്‍ഷം വലുതാണ്. അമ്മയും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തോട് താന്‍ അനീതി ചെയ്യുന്നു എന്ന ആകുലത അയാളെ തുടരെ വേട്ടയാടുന്നുണ്ട്. ഒരു ഘട്ടത്തില്‍ ബാങ്ക് വായ്പ്പയുടെ മുറ തെറ്റിയതിന് നാസര്‍ കസ്റ്റഡിയില്‍ പോവുന്നുണ്ട്. നാട് വിട്ട് ഗള്‍ഫിലേക്ക് വീണ്ടും മടങ്ങാനാണ് നാസറിന്‍റെ വിധി. നാടിനും വീടിനുമായി ചോര നീരാക്കിയ ഗള്‍ഫ് മലയാളികളെ വസ്‌തുവൽക്കരിക്കാനാണ് മലയാളികള്‍ ആഗ്രഹിക്കുന്നത്. നാട്ടില്‍ അതിഥിയായി ജീവിക്കേണ്ടി വരുന്നവര്‍ നാസറിനെപ്പോലെ എത്രയോ പേരുണ്ടാവും? പത്തേമാരി'(2015)യിലെ നാരായണനും (മമ്മൂട്ടി) മൊയ്‌തീനുമൊക്കെ (ശ്രീനിവാസന്‍) ഇതിന്‍റെ മാതൃകകളാണ്. മറു നാട്ടില്‍ പണം കിളിര്‍പ്പിക്കുന്ന മരങ്ങളായാണ് ഇവരെ നാട്ടുകാരും വീട്ടുകാരും കാണുന്നത്. വീട്ടില്‍ വന്നു മടങ്ങുമ്പോഴുള്ള പരിഗണനയല്ല നാട്ടില്‍ സ്ഥിര താമസത്തിന് വരുമ്പോഴുള്ളത്.
ഗള്‍ഫുകാരുടെ കുടുംബമെന്ന ഐഡന്‍റിറ്റിക്ക് തനതായ വ്യാപക ശേഷിയുണ്ട്. കുടുംബം നന്നാവുമ്പോഴും അതിന് കാരണ ഭൂതരായ വ്യക്തികള്‍ക്കെന്ത് സംഭവിച്ചുവെന്ന ചോദ്യം ഉത്തരമില്ലാതെ നില്‍ക്കുന്നു. മറ്റൊരു തലത്തില്‍ മലയാളി ജീവിതത്തെ സമ്പന്നമാക്കുന്നതില്‍ സാംസ്‌കാരികവും സാമൂഹികവുമായി വലിയ പങ്കാണ് ഗള്‍ഫു നാടുകള്‍ വഹിച്ചിട്ടുള്ളത്. മലയാളിയും ഗൾഫ് നാടുമായുള്ള പാരസ്‌പര്യം ചരിത്രത്തില്‍ മാഞ്ഞ് പോവാത്ത സവിശേഷമായ അധ്യായമാണ്.