കോവിഡ് കാലത്തും സാന്ത്വന സ്‌പർശമായി മലയാളി നഴ്‌സുമാർ

ജോബി ബേബി
നഴ്‌സ്, കുവൈത്ത്

പ്രവാസ ലോകത്ത് കോവിഡ് കാലം മലയാളി നഴ്‌സുമാരുടെ പ്രധാന്യത്തിന്‍റെയും പ്രസക്തിയുടെയും തിരിച്ചറിവായിരുന്നുവെന്ന് ഏവര്‍ക്കുമറിയാം. ലോകം കോവിഡ് ഭീതിയില്‍ വിറച്ചു നില്‍ക്കുമ്പോഴും കേരളത്തില്‍ നിന്നുള്ള നഴ്‌സുമാർ രോഗീ പരിചരണത്തില്‍ മുന്നില്‍ തന്നെയാണ് ഉണ്ടായിരുന്നത്. അതിനുദാഹരണമാണ് ലോകത്തിന്‍റ വിവിധ ഭാഗങ്ങളില്‍ മലയാളി നഴ്‌സുമാരുടെ സേവനം.

ആതുര ശുശ്രൂഷയില്‍ മലയാളി നഴ്‌സുമാരുടെ അര്‍പ്പണ ബോധമാണ് അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‌തമാക്കുന്നത്. മലയാളി നഴ്‌സുമാർ സ്നേഹം കൊണ്ട് പരിചരിക്കുന്നവരാണെന്നു നിസംശയം പറയാം. പുതുതായി വരുന്ന സഹ പ്രവര്‍ത്തകരെ എങ്ങനെ സ്വീകരിക്കണമെന്നും പുതിയ സാഹചര്യത്തില്‍ തൊഴിലെടുക്കാന്‍ എങ്ങനെ പ്രാപ്‌തരക്കണമെന്നും അവര്‍ക്കറിയാം. ഗള്‍ഫ് രാജ്യങ്ങളില്‍ പുതുതായി വരുന്ന മലയാളി നഴ്‌സുമാർ പൊതുവെ ഭാഷയുടെ കാര്യത്തില്‍ പലപ്പോഴും പിറകിലായിരിക്കും. അറബിയും, ഉര്‍ദുവും, ഹിന്ദിയും അപൂര്‍വം പേര്‍ക്കേ അറിയൂ. എന്നാല്‍ കുറഞ്ഞ കാലം മതി, അവര്‍ എല്ലാ ഭാഷയിലും പ്രാവീണ്യമുള്ളവരായി മാറും. ഏത് ദേശക്കാരായ രോഗിക്കും മലയാളി നഴ്‌സിനുമിടയിൽ പരസ്‌പരം മനസ്സിലാകുന്ന ഒരു അദൃശ്യ ഭാഷ ഉണ്ടെന്ന് അവരോട് സംസാരിക്കുമ്പോള്‍ തോന്നാറുണ്ട്. ഗള്‍ഫ് നാടുകളില്‍ പുതുതായി വരുന്ന മലയാളി നഴ്‌സുമാർ പോലും അവര്‍ക്കറിയാത്ത ഭാഷക്കാരായ രോഗികളോട് ആശയ വിനിമയം സാധ്യമാക്കുന്നത് കണ്ട് പലപ്പോഴും അത്ഭുതമാണ്. പ്രത്യേക തരം സ്നേഹത്തിന്‍റേയും കരുതലിന്‍റേയും ഭാഷയാണത്.

കോവിഡ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സമയത്ത് മലയാളി നഴ്‌സുമാരിൽ പലരും പൊടുന്നനെ ജീവകാരുണ്യ പ്രവര്‍ത്തകരായി മാറിയതാണ് ഗള്‍ഫ് നാടുകളില്‍ കണ്ട മറ്റൊരു ഹൃദ്യമായ അനുഭവം. മുന്‍ പരിചയമുള്ള രോഗികള്‍ കോവിഡ് ബാധയേറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ട സമയത്ത് സഹായം അഭ്യര്‍ഥിച്ചു വിളിക്കുമ്പോഴും അവര്‍ക്ക് മറ്റ് ആശുപത്രിയില്‍ ചികിത്സ തരപ്പെടുത്തുന്നതിനും ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നതിനുമെല്ലാം നിരന്തരമായി ഇടപെട്ടിരുന്നത് മലയാളി നഴ്‌സുമാരാണ്. രാജ്യത്തെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ വാട്‌സ് ആപ് ഗ്രൂപ്പുണ്ടാക്കിയും അവരുമായി നിരന്തരം ബന്ധപ്പെട്ടും തങ്ങളെ സമീപിച്ചവരുടെ ജീവന്‍ സംരക്ഷിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി നഴ്‌സുമാർ നഴ്‌സിംഗ് ലോകത്തെ വലിയ മാതൃകയാണ്.

കേരള സര്‍ക്കാരിന്‍റെ ചരിത്ര നേട്ടം
സംസ്ഥാന സര്‍ക്കാരിന്‍റെ ഉദ്യമത്തിലൂടെ നിരവധി നഴ്സുമാര്‍ക്കാണ് വിദേശ രാജ്യത്തെ ജോലി എന്നത് യാഥാര്‍ഥ്യമാക്കുന്നത്. നഴ്സിംഗ് മേഖലയിലെ തട്ടിപ്പുകള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഒഡെപെക് ഈ ദൗത്യം ഏറ്റെടുക്കുന്നത്. അതിന്‍റെ ആദ്യപടിയാണ് ഒഡെപെക് മുഖേന ബെല്‍ജിയത്തിലേക്കുള്ള ആദ്യ സംഘം നഴ്സുമാര്‍ യാത്രയ്ക്ക് സജ്ജമായി എന്നുള്ളത്. ഇന്ത്യയില്‍ നിന്നും ബെല്‍ജിയത്തിലേക്ക് പോകുന്ന ആദ്യ സംഘം കൂടിയാണ് 22 പേര്‍. തൊഴില്‍ സുരക്ഷ ഉറപ്പാക്കി റിക്രൂട്ട് ചെയ്യുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒഡെപെക്കിന്‍റെ ഓറോറാ എന്ന പദ്ധതി പ്രകാരമാണ് ഈ റിക്രൂട്ട്മെന്‍റ് നടത്തിയത്. ബെല്‍ജിയത്തിലേക്ക് പോകുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം കൂടിയാണ് എന്ന പ്രത്യേകതയും ഉണ്ടവര്‍ക്ക്. ബെല്‍ജിയത്തിലേക്കുള്ള ജോലിക്കായി 22 പേര്‍ ഒഡെപെക് നടത്തിയ പരീക്ഷ എഴുതി. മുഴുവന്‍ പേരും യോഗ്യത നേടി. തുടര്‍ന്ന് കൊച്ചിയില്‍ ആറ് മാസത്തെ ഭാഷാ പ്രാവിണ്യം അടക്കമുള്ള പരിശീലനം. ഈ രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍
ബെല്‍ജിയത്തിലെക്കുള്ള ആദ്യ സംഘത്തെ സജ്ജമാക്കിയത്. ലക്ഷങ്ങള്‍ ചിലവാക്കി സ്വകാര്യ ഏജന്‍സികള്‍ മുഖേന വിദേശത്ത് ജോലിക്കായി പോയി ദുരിതത്തിലാകുന്ന സാഹചര്യത്തില്‍
ഒഡെപെക് മുഖേനയുള്ള റിക്രൂട്ട്മെന്‍റ് വലിയ ആശ്വാസമാണെന്ന് നഴ്സുമാരും പറയുന്നു.