മലയാളിയുടെ കൊല്‍ക്കത്ത
സുസ്മേഷ് ചന്ത്രോത്ത്
കഥാകൃത്ത്, നോവലിസ്റ്റ്
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു എത്രയോ മുമ്പേ തന്നെ മലയാളികള്‍ ബംഗാളിലേക്ക് കുടിയേറിത്തുടങ്ങിയിരുന്നു. മുഗള്‍ തലസ്ഥാനമായിരുന്ന മൂര്‍ഷിദാബാദില്‍ നിന്നും ആദ്യത്തെ ഗവര്‍ണര്‍ ജനറലായ വാറന്‍ ഹേസ്റ്റിംഗ്‌സ് 1772-ല്‍ കൊല്‍ക്കത്തയിലേക്ക് സുപ്രധാന ഓഫീസുകള്‍ മാറ്റിയതോടെ ബ്രിട്ടീഷ് ഇന്ത്യയുടെ സിരാ കേന്ദ്രവും തലസ്ഥാനവും കൊല്‍ക്കത്തയായി മാറി. 1911-വരെ തല്‍സ്ഥിതി തുടര്‍ന്നു. അങ്ങനെയുണ്ടായ തൊഴിലവസരങ്ങളാണ് ദക്ഷിണേന്ത്യക്കാരെ കൊല്‍ക്കത്ത എന്ന സന്തോഷത്തിന്‍റെ നാട്ടിലെത്തിച്ചത്. ആദ്യ കാലത്ത് കേരളത്തില്‍ നിന്നും അന്നത്തെ മദിരാശിയിലെത്തി പകല്‍ മുഴുവന്‍ കാത്തു കിടന്ന് വണ്ടി മാറിക്കയറിയാണ് പലരും കൊല്‍ക്കത്ത പിടിച്ചത്. ഹൗറ സ്റ്റേഷനില്‍ കരി വണ്ടിയുടെ പുകയേറ്റ് കറുത്ത ദേഹവുമായി വന്നിറങ്ങിയ മലയാളികളില്‍ പലരും അവിടെ പിടിച്ചു നിന്നു. ചിലര്‍ ജോലിയും ആഹാരവും ശരിയാകാതെ മടങ്ങി. പിടിച്ചു നിന്നവരുടെ പിന്‍മുറക്കാരോ ബന്ധുക്കളോ പിന്നാലെയെത്തി. ‘മദ്രാസി’ എന്ന പേരില്‍ അങ്ങനെയെല്ലാം പടര്‍ന്നു കയറിയ മലയാളി സമൂഹമാണ് പിന്നീട് കൊല്‍ക്കത്തയില്‍ വേരുകളുണ്ടാക്കിയത്. കഴിഞ്ഞ കാലം മാത്രമുള്ള നാടാണ് കൊല്‍ക്കത്ത എന്നു പറഞ്ഞാല്‍ അത് തദ്ദേശീയര്‍ക്കു മാത്രമല്ല പ്രവാസികള്‍ക്കും ബാധകമാകുമെന്നു തോന്നുന്നു. 2014-ല്‍ ഞാനവിടെ ചെല്ലുമ്പോഴേക്കും മലയാളികളും ബംഗാളികളും ഒന്നൊന്നായി ബംഗാള്‍ വിട്ട് മറ്റ് പ്രദേശങ്ങളിലേക്ക് മാറിത്തുടങ്ങിയിരുന്നു. ഒരു കാലത്ത് അങ്ങോട്ടൊഴുകിയ മലയാളികള്‍ കേരളത്തിലേക്ക് അക്കാലത്ത് മടങ്ങി വന്നില്ല. പക്ഷേ ഇരുപത്തിയഞ്ച് ലക്ഷത്തോളം ബംഗാളികള്‍ പലപ്പോഴായി തൊഴില്‍ തേടി കേരളത്തിലെത്തി. അതേ സമയം കൊല്‍ക്കത്തയിലെ പ്രവാസി മലയാളികളുടെ മക്കള്‍ പഠനത്തിനായും തൊഴിലിനായും കൊല്‍ക്കത്ത ഉപേക്ഷിച്ചു വിദേശങ്ങളിലേക്കും പോയി. പിന്നീട് കോവിഡ് വ്യാപിച്ചതോടെ അവശേഷിച്ച മലയാളികളില്‍ പലരും നാടുപറ്റി. ഈ സംഖ്യകളെല്ലാം ഇനിയും ഉയരും. ലേക്ക് മാര്‍ക്കറ്റിലെ മലയാളിക്കടകള്‍ സൗത്ത് കൊല്‍ക്കത്തയിലെ ലേക്ക് മാര്‍ക്കറ്റും പരിസരവുമായിരുന്നു ആദ്യ കാലം മുതല്‍ കൊല്‍ക്കത്താ നഗരത്തിലെത്തുന്ന മലയാളികളുടെ താവളം. ലേക്ക് മാര്‍ക്കറ്റില്‍ കേരളത്തിലെ പലചരക്കു സാധനങ്ങളും മലയാളം മാസികകളും കിട്ടുന്ന കടകളുണ്ടായി. അവ ‘മലയാളിക്കട’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടു. ബരാഖ്‌പൂരിലും ഖരക്‌പൂരിലും ഒരു കാലത്ത് നിറയെ മലയാളി സാന്നിധ്യമുണ്ടായിരുന്നെങ്കില്‍ ഇന്നതല്ല അവസ്ഥ. ഏതാനും വിദ്യാര്‍ഥികളിലേക്ക് മാത്രമായി അവിടത്തെ മലയാളി ബന്ധം ഒതുങ്ങി.
വ്യവസായങ്ങള്‍ നിലച്ചു പോയതും ആരോഗ്യ-വിദ്യാഭ്യാസ മേഖല തകര്‍ന്നതും ഐ. ടി മേഖല വളരാത്തതും കുടിയേറ്റത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സഹസ്രാബ്‌ദം പിറന്നതിനു ശേഷം വാര്‍ത്താ വിനിമയ മാര്‍ഗ്ഗങ്ങളില്‍ വന്ന മാറ്റങ്ങളും സ്വകാര്യ ടെലിവിഷന്‍ ചാനലുകളുടെ കടന്നു വരവും കൊല്‍ക്കത്തയിലെ പ്രവാസികളെ നാടുമായി ചേര്‍ത്തു വയ്ക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. അതിനു മുമ്പുള്ള കൊല്‍ക്കത്ത എന്നത് ഇന്ത്യയിലെ ഇതര നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യാത്രാ സൗകര്യം കുറവുള്ള ഒരിടമായിരുന്നു. ബ്രിട്ടീഷുകാര്‍ രാജ്യ തലസ്ഥാനം ഡല്‍ഹിക്കു മാറ്റിയതോടെയും ബ്രിട്ടീഷ് കമ്പനികളും മറ്റ് വിദേശ കമ്പനികളും സ്വാതന്ത്ര ലബ്‌ധിക്കു ശേഷം ഒന്നൊന്നായി കൊല്‍ക്കത്ത വിട്ടു പോയതോടെയും പിന്നീട് ഗൃഹാതുര സ്‌മൃതികൾ മാത്രം അവശേഷിക്കുന്ന ഒരിടമായി കൊല്‍ക്കത്ത മാറുകയാണുണ്ടായത്. അവിടത്തെ മലയാളികള്‍ തികച്ചും ഒറ്റപ്പെട്ടു. ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് നേരിട്ട് തീവണ്ടികളും വിമാനങ്ങളും പണ്ടു തൊട്ടേയുണ്ടായിരുന്നപ്പോള്‍ സമീപകാലം വരെ കൊല്‍ക്കത്തയില്‍ നിന്നും നേരിട്ട് വാഹനങ്ങളുണ്ടായിരുന്നില്ല. ആഴ്‌ചയിൽ രണ്ടോ മൂന്നോ സര്‍വ്വീസ് നടത്തുന്ന തീവണ്ടികളെ ആശ്രയിച്ചാണ് പതിറ്റാണ്ടുകളോളം മലയാളി കൊല്‍ക്കത്തയില്‍ ജീവിച്ചത്. അത്തരം ഒറ്റപ്പെടലിനെയും അരക്ഷിതാവസ്ഥയെയും അതിജീവിച്ചവരാണ് കൊല്‍ക്കത്തയിലെ മലയാളികള്‍ എന്നത് എടുത്തു പറയേണ്ടതാണ്. ഇല്ല ഒരു കേരള സ്‌കൂൾ എവിടെച്ചെന്നാലും അവിടെ താവളം പണിയുന്നതില്‍ കേമത്തമുള്ള മലയാളികൾക്ക് കൊൽക്കത്തയിൽ പലയിടത്തും പിഴച്ചു പോയിട്ടുണ്ട്. മുപ്പതോളം സജീവ സംഘടനകള്‍ ഒരു കാലത്തുണ്ടായിരുന്ന കൊല്‍ക്കത്തയില്‍ ഒരു കേരള സ്‌കൂൾ സ്ഥാപിക്കാന്‍ മലയാളിക്കായില്ല. ഒരു കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിഷ്പ്രയാസം അതു സാധിക്കുമായിരുന്നെങ്കിലും ആരുമതിന് മുതിര്‍ന്നില്ല. ആന്ധ്രാ അസോസിയേഷന്‍ പണിത സ്‌കൂൾ ഇന്നും കൊല്‍ക്കത്തയിലെ തിരക്കു പിടിച്ച വിദ്യാലയങ്ങളിലൊന്നായി നിലകൊള്ളുന്നു. ഇന്ന് മലയാളികള്‍ക്കൊപ്പം തമിഴ്, ആന്ധ്ര സമൂഹങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. കര്‍ണാടകക്കാര്‍ നാമ മാത്രമായി ഒതുങ്ങി.
പ്രശസ്‌ത മലയാളം – ബംഗാളി വിവര്‍ത്തകന്‍ സുനില്‍ ഞാളിയത്തിന്‍റെ പിതാവ് അന്തരിച്ച ടി. പി ഞാളിയത്ത് 1968 മുതല്‍ 1986 വരെ പതിനെട്ട് വര്‍ഷം മലയാളം – ഇംഗ്ലീഷ് പ്രിന്‍റിംഗ് പ്രസ് നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന മാസികയായിരുന്നു ‘കേരള രശ്‌മി’. റാഞ്ചിയും റൂര്‍ക്കലയും ഭിലായും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വ്യവസായ നഗരങ്ങളിലെ മലയാളികളിലേക്ക് എത്തിച്ചേര്‍ന്നിരുന്ന പ്രസിദ്ധീകരണമായിരുന്നു അക്കാലത്ത് കേരള രശ്‌മി. എ കെ ജി യുടെ മലയാളി കൂട്ടായ്‌മ കൊല്‍ക്കത്തയില്‍ എ. കെ. ജി രൂപീകരിച്ച മലയാളി കൂട്ടായ്‌മയിൽ നിന്നാണ് 1951-ല്‍ കല്‍ക്കട്ട മലയാളി സമാജം പിറന്നത്. 2022 മാര്‍ച്ച് 20 ന് 68-ാം പിറന്നാള്‍ ആഘോഷിച്ച കല്‍ക്കട്ട മലയാളി സമാജത്തിനു മുന്നേ അവിടെ പിറന്ന സംഘടനയാണ് കേരളീയ മഹിളാ സമാജ്. നൂറാം പിറന്നാള്‍ കൊണ്ടാടിയ കേരളീയ മഹിളാ സമാജ് 1941-ലാണ് രൂപീകരിക്കുന്നത്. 1978-ല്‍ രൂപീകരിച്ച കല്‍ക്കട്ട മലയാളി അസോസിയേഷനും സെന്‍ട്രല്‍ കൊല്‍ക്കത്തയിലുണ്ടായിരുന്ന മുസ്ലീം അസോസിയേഷനും കേരള കള്‍ച്ചറല്‍ ഫോറവും ക്രിസ്ത്യന്‍ സംഘടനകളും ഒക്കെ ഒരു കാലത്ത് കൊല്‍ക്കത്തയില്‍ എത്രത്തോളം മലയാളികളുണ്ടായിരുന്നു എന്നതിന്‍റെ ദൃഷ്‌ടാന്തമാണ്. ലേക്ക് മാര്‍ക്കറ്റും ലേക്ക് ഗാര്‍ഡന്‍സും പിന്നിട്ട് ബെഹാലയിലേക്കും എസ്. എം നഗറിലേക്കും ബ്രഹ്മപൂരിലേക്കും മലയാളികള്‍ കൂട്ടമായി ചേക്കേറി. സാമ്പാ-മിര്‍സാ നഗറില്‍ (എസ്. എം നഗര്‍) വെസ്റ്റ് ബംഗാള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ ഗവ. ഹൗസിംഗ് എസ്റ്റേറ്റിലേക്ക് അക്കാലത്ത് ഒരുപാട് മലയാളികള്‍ കൂടുമാറി.
വംഗ നാട്ടില്‍ തിളങ്ങിയ മലയാളികള്‍ കലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് വളക്കൂറുള്ള വംഗ നാട്ടില്‍ ചെന്നു പറ്റിയ മലയാളികളും ഒരുകാലത്തും വെറുതെയിരുന്നിട്ടില്ല. നാടക-നൃത്ത-സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ മലയാളികളും തിളങ്ങി. മഹാകവി വള്ളത്തോള്‍ ജീവിച്ചിരുന്ന കാലത്ത് കേരള കലാമണ്ഡലത്തിലേക്ക് വിദ്യാര്‍ഥികളെ നേരിട്ടാണ് തിരഞ്ഞെടുത്തിരുന്നത്. അങ്ങനെ നേരിട്ട് വിദ്യാര്‍ഥിയായ മലപ്പുറം ജില്ലക്കാരന്‍ കലാമണ്ഡലം ശങ്കര നാരായണനും അദ്ദേഹത്തിന്‍റെ സഹോദരി കലാമണ്ഡലം തങ്കമണിക്കുട്ടിയും ഭര്‍ത്താവ് ഗുരു ഗോവിന്ദന്‍ കുട്ടിയുമെല്ലാം ബംഗാളിന്‍റെ കലാഭൂമിയെ സമ്പുഷ്‌ടമാക്കി. മലയാളികള്‍ മാത്രമല്ല ബംഗാളികളും ഒഡിഷക്കാരും കിഴക്കേയിന്ത്യാക്കാരും ദക്ഷിണേന്ത്യന്‍ നൃത്ത രൂപങ്ങളുടെ പഠിതാക്കളായി. കഥകളി അധ്യാപകനായി ശങ്കര നാരായണന്‍ മാഷ് ശാന്തിനികേതനെ പൂര്‍ണമായും വരിച്ചപ്പോള്‍ ഗുരു തങ്കമണിക്കുട്ടി ടീച്ചറും ഗുരു ഗോവിന്ദന്‍ കുട്ടിയും കൊല്‍ക്കത്തയില്‍ ഉറച്ചു നിന്ന് തലമുറകളെ വാര്‍ത്തെടുത്തു. 1968-ല്‍ ഇരുവരും ചേര്‍ന്ന് കലാമണ്ഡലം കല്‍ക്കട്ട സ്ഥാപിച്ചു. പിന്നീട് കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ‘ഗുരു ഗോവിന്ദന്‍ കുട്ടി ഉദ്യാന്‍’ എന്ന പേരില്‍ കളി സ്ഥലം സ്ഥാപിച്ചത് മറു നാട്ടില്‍ മലയാളിക്ക് കിട്ടിയ അംഗീകാരത്തിന് മികച്ച ഉദാഹരണമാണ്. കൊല്‍ക്കത്തയിലെ സജീവ കലാ, സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ചൂടറിയാന്‍ ഒരുദാഹരണം എഴുതാം. 80-കളുടെ മധ്യം തൊട്ട് തൊണ്ണൂറുകളുടെ പാതി വരെ ബെഹാലയിലുള്ള സി. പി. ഐ. എം പാര്‍ട്ടി ഓഫീസ് അന്നത്തെ സജീവ സാംസ്‌കാരിക കൂട്ടായ്‌മകളുടെ കേന്ദ്രം കൂടിയായിരുന്നു.
മലയാളി സമാജം ലൈബ്രറിയില്‍ നിന്നും നൂറോളം പുസ്‌തകങ്ങൾ എടുത്ത് ബാലിഗഞ്ചില്‍ നിന്നും ട്രാം കയറി അന്നത്തെ മലയാളി സമാജം പ്രവര്‍ത്തകര്‍ ബെഹാലയിലെ പാര്‍ട്ടി ഓഫീസിലെത്തും. ശനിയും ഞായറും ഈ വിധം പകല്‍ മുഴുവന്‍ പാര്‍ട്ടി ഓഫീസിലിരുന്ന് ആവശ്യക്കാര്‍ക്ക് പുസ്‌തകം വിതരണം ചെയ്യും. അതിനൊരു രജിസ്റ്ററുമുണ്ടാകും. വായന കഴിഞ്ഞ പുസ്‌തകങ്ങൾ ശേഖരിക്കുകയും പുതിയ പുസ്‌തകങ്ങൾ വായനയ്ക്ക് നല്‍കുകയും ചെയ്‌തു മടങ്ങിപ്പോകും. ഇത് ഇന്നത്തെ കൊല്‍ക്കത്തയിലെ പ്രമുഖ വിദ്യാലയമായ ഗാര്‍ഡന്‍ ഹൈസ്‌കൂളിന്റെ നടത്തിപ്പുകാരനും കൊല്‍ക്കത്ത കൈരളി സമാജത്തിന്‍റെ സ്ഥാപകനും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നാല് പതിറ്റാണ്ടോളമായി ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന ടി. കെ ഗോപാലന്‍റെ ഓര്‍മ്മയാണ്. അതു മാത്രമല്ല 80-കളുടെ മധ്യത്തില്‍ ‘ഉഷസ്സ്’ എന്ന പേരില്‍ മലയാളി സമാജം കൈയെഴുത്തു മാസിക നടത്തിയിരുന്നതും പിന്നീട് അച്ചടി രൂപത്തിലേക്ക് അത് വളര്‍ന്നതും അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്. നാടക പ്രവര്‍ത്തകന്‍ ഏവൂര്‍ കൃഷ്‌ണൻ നായർ, രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന കെ. കേശവന്‍, പ്രഫ. എന്‍. എം ജോണ്‍, കൊല്‍ക്കത്ത നാഷണല്‍ ലൈബ്രറിയുടെ അമരത്തിരിക്കുന്ന കെ. കെ കൊച്ചുകോശി, ചിത്രകലയിലെ നാരായണന്‍ നമ്പൂതിരി, ചരിത്രകാരന്‍ പി. തങ്കപ്പന്‍ നായര്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്‍. ഗോപി, ഫിലിംസ് ഡിവിഷന്‍റെ തലപ്പത്തിരുന്ന ജോഷി ജോസഫ്, ആനന്ദ ബസാര്‍ പത്രികയില്‍ പ്രവര്‍ത്തിച്ചിരുന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ജി. വിക്രമന്‍ നായര്‍, ദി ടെലഗ്രാഫിന്‍റെ ഇപ്പോഴത്തെ പത്രാധിപര്‍ ആര്‍. രാജഗോപാല്‍, ഐ. പി. എസ് ഉദ്യോഗസ്ഥരായിരുന്ന വി. വി തമ്പി, ഹരിസേന വര്‍മ്മ, ഐ. എ. എസ് ഓഫീസര്‍മാരായ ആര്‍. പ്രസന്നന്‍, പി. ബി സലീം, ബിജിന്‍ കൃഷ്‌ണ.. എന്നിങ്ങനെ പെട്ടെന്നോര്‍മ്മയില്‍ വരുന്ന പ്രമുഖ മലയാളി സാന്നിധ്യങ്ങള്‍ വംഗ നാട്ടില്‍ പ്രവാസിയുടെ കാല്‍പ്പാടുകള്‍ക്ക് ഉറപ്പു പകര്‍ന്നിട്ടുള്ളവരാണ്. കൊഴിഞ്ഞു പോകുന്നവര്‍ മടങ്ങിയെത്താത്തവര്‍ 90-കള്‍ വരെ ലക്ഷത്തിനടുത്ത് മലയാളികളുണ്ടായിരുന്ന ഈ വന്‍ നഗരം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് കൊഴിഞ്ഞു പോക്കിനാണ്. ഇന്ന് നഗരത്തിലെ ആകെയുള്ള ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ കണക്കെടുത്താലും ഒരു ലക്ഷം തികയില്ലെന്ന് പറയപ്പെടുന്നു. കോവിഡ് മഹാമാരി സൃഷ്‌ടിച്ചതാണ് ഇപ്പോഴത്തെ മടങ്ങിപ്പോക്ക്. ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിച്ചു കൊണ്ടിരുന്നവരും ശിഷ്‌ട കാലം കൊല്‍ക്കത്തയില്‍ത്തന്നെ മതി എന്ന് കരുതിയവരും കോവിഡിന്‍റെ ദുരിതത്തില്‍ കേരളത്തിലേക്ക് മടങ്ങി. അവരില്‍പ്പലരും ഇനി തിരികെ വരികയില്ല.
പഴയ ഗരിമകളും ഓര്‍മ്മകളും പ്രൗഢിയും പേറി നില്‍ക്കുന്ന ഈ പ്രേതനഗരത്തില്‍ അവശേഷിക്കുന്ന പ്രവാസികളിലേക്ക് പുതുതായി എത്തുന്നവര്‍ ഐ. ടി മേഖലയിലോ ആതുരസേവന രംഗത്തോ ബാങ്കിങ് മേഖലയിലോ പണിയെടുക്കാന്‍ വരുന്നവരാണ്. പണ്ടു കുടിയേറി വന്നവരുടെ ഒറ്റപ്പെടലോ സാമ്പത്തിക-മാനസിക ക്ലേശങ്ങളോ ഇവര്‍ക്കില്ലാത്തതിനാല്‍ ഇവരാരും പൊതു കൂട്ടായ്‌മകളിലേക്ക് വരുന്നുമില്ല. തന്നെയുമല്ല അവരുടെ അഭിരുചികളും പഴയ തലമുറയുടെ അഭിരുചികളും തമ്മില്‍ ചേരുകയുമില്ല. ചുരുക്കത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അങ്ങനെ വരുന്ന തൊഴിലാളികള്‍ വരുന്നതും പോകുന്നതും ആരും അറിയുന്നതു പോലുമില്ല. മുകുന്ദപൂരാണ് ഇത്തരത്തില്‍ ശ്രദ്ധ നേടുന്ന ഒരിടം. 2005 വരെ മുപ്പതോളം മലയാളി നഴ്‌സുമാരുണ്ടായിരുന്ന സ്വകാര്യ ആരോഗ്യ മേഖലയിലേക്ക് 2012 ആകുന്നതോടെ മൂവായിരത്തോളം നഴ്‌സുമാരെത്തി എന്നാണ് പത്ര വാര്‍ത്തകള്‍ പറയുന്നത്. ‘മിനി കേരള’ എന്ന പേരിലേക്ക് മുകുന്ദപൂരിനെ എത്തിച്ചതും ആണ്‍- പെണ്‍ മലയാളി നഴ്‌സുമാരുടെ കടന്നു വരവാണ്. ഇന്ന് മുകുന്ദപൂരില്‍ ചില കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നതു പോലും മലയാളികളാണ്. മുകുന്ദപൂര്‍ കൂടാതെ സിലിഗുരി, അസനോള്‍, ദുര്‍ഗാപൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലായി പതിനയ്യായിരത്തോളം മലയാളി നഴ്‌സുമാരുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇതില്‍ പാതിയിലേറെയും പുരുഷ നഴ്‌സുമാരാണെന്നതും ശ്രദ്ധേയം. പക്ഷേ മുഖ്യധാരാ മലയാളി സമൂഹത്തിലേക്ക് ഇവര്‍ക്ക് കടന്നെത്താനാവുന്നില്ല. അടുക്കാനും അടുപ്പിക്കാനും ലേശം വൈമനസ്യം കാണിക്കുന്ന ബംഗാളി അടുത്തു കഴിഞ്ഞാല്‍ അകന്നു പോകില്ലാത്തവരാണ്. കൊല്‍ക്കത്തയില്‍ മലയാളി കെട്ടിപ്പൊക്കിയ ഏതൊരു സ്ഥാപനത്തിനോടും കൂട്ടായ്‌മയോടും പ്രവര്‍ത്തനങ്ങളോടും കടപ്പെട്ടിരിക്കേണ്ടതും ബംഗാളികളോടാണ്. ചുരുങ്ങിച്ചുരുങ്ങി പതിനായിരത്തില്‍ താഴെ മാത്രം അംഗബലമുള്ള കൊല്‍ക്കത്തയിലെ മലയാളി പ്രവാസികളിലേക്ക് ഇനിയാരും കടന്നു ചെല്ലുകയില്ല. മുംബൈയിലേക്കും പൂനെയിലേക്കും ഹൈദരാബാദിലേക്കും ദില്ലിയിലേക്കും ചെന്നൈയിലേക്കും എല്ലാം ഇനിയും ഒഴുക്ക് തുടരും. പക്ഷേ കൊല്‍ക്കത്തയിലേക്ക് സ്ഥിരവാസത്തിനോ സ്ഥിര ജോലിക്കോ ഇനിയാരും ചെല്ലുകയില്ല എന്ന ദുഃഖ സത്യത്തില്‍ വരാനിരിക്കുന്ന വലിയൊരു ശൂന്യത നാം കാണുന്നുണ്ട്. അതിന്‍റെ നഷ്‌ടം ബംഗാളിനും ബംഗാളിക്കുമായിരിക്കുകയും ചെയ്യും.