വിശിഷ്ട പദവിയോടെ ദേശീയാംഗീകാരം

 

കേരളത്തില്‍ നിന്നൊരു മെഡിക്കല്‍ കോളേജ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി തെരഞ്ഞെടുക്കപ്പെടുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. അത്യാഹിതവിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ് – ഐ.സി.എം.ആര്‍ െതരഞ്ഞെടുത്ത രാജ്യത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജും ഉള്‍പ്പെട്ടത്. ഓരോ വര്‍ഷവും രണ്ടു കോടി രൂപ ഇതുവഴി മെഡിക്കല്‍ കോളേജിന് ലഭിക്കും.
അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സ് ആയി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയതോടെ മെഡിക്കല്‍ കോളേജും എസ്.എ.ടി ആശുപത്രിയും സെന്റര്‍ ഓഫ് എക്സലന്‍സായി മാറുകയാണ്. ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളിലായി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്.
ആശുപത്രിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രികള്‍ സന്ദര്‍ശിച്ച് ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി വികസനപദ്ധതികള്‍ നടപ്പിലാക്കുകയും നിര്‍മ്മാണത്തിലിരുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും ചെയ്തു.

എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം

സ്ഥലപരിമിതിയോടെ, അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിച്ചിരുന്ന പഴയ അത്യാഹിത വിഭാഗം, നൂതന എമര്‍ജന്‍സി മെഡിസിന്‍ സംവിധാനങ്ങളൊരുക്കി പുതിയ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചു. ഒരു പ്രൊഫസറുടെയും 10 അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെയും തസ്തിക സൃഷ്ടിച്ചു. രോഗത്തിന്റെ തീവ്രതയനുസരിച്ച് ഗ്രീന്‍ സോണ്‍, യെല്ലോ സോണ്‍, റെഡ് സോണ്‍, ബ്ലാക്ക് സോണ്‍ എന്നിങ്ങനെ ചികിത്സാസംവിധാനം ഒരുക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫീസ്, റിസപ്ഷന്‍, കാഷ്വാലിറ്റി സോഷ്യല്‍ വര്‍ക്കറുടെ സേവനം, ട്രയേജ്, എക്‌സറേ, ഇ സി ജി, ലാബ്, അള്‍ട്രാസൗണ്ട് സ്‌കാന്‍, സി റ്റി സ്‌കാന്‍ എന്നിവ സജ്ജീകരിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അഞ്ച് ടേബിള്‍ ഉള്ള ഓപ്പറേഷന്‍ തീയറ്റര്‍, ഏഴ് ബെഡ്ഡുള്ള ഇ.എം.ഐ.സി.യു, മെഡിസിന്‍ സര്‍ജറി, ഓര്‍ത്തോ, ഇ.എന്‍.ടി, ഒ.എം.എഫ്, പ്രിവന്റീവ് മെഡിസിന്‍ വിഭാഗങ്ങളും എമര്‍ജന്‍സി വിഭാഗത്തോട് അനുബന്ധിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചെസ്റ്റ് പെയിന്‍ ക്ലിനിക്, സ്‌ട്രോക്ക് ഹോട്ട് ലൈന്‍ സംവിധാനവും നിലവില്‍ പ്രവര്‍ത്തിക്കുന്നു. ശരാശരി ഒരു ദിവസം 800 മുതല്‍ 1000 രോഗികള്‍ വരെ എമര്‍ജന്‍സി വിഭാഗത്തില്‍ മാത്രം ചികിത്സാസേവനം ഉപയോഗിക്കുന്നുണ്ട്. ജനറല്‍ സര്‍ജറി, ഓര്‍ത്തോ സര്‍ജറി, ന്യൂറോ സര്‍ജറി വിഭാഗത്തിലായി ശരാശരി ഒരു ദിവസം 18- 22 സര്‍ജറികള്‍ വരെ എമര്‍ജന്‍സി ഒ.ടി.യില്‍ ചെയ്തുവരുന്നു.

നൂതന ബേണ്‍സ് ഐ.സി.യു

പൊള്ളലേറ്റവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തി നൂതനസംവിധാനങ്ങളോടുകൂടിയ ബേണ്‍സ് ഐ.സി.യു പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. എട്ട് ഐ.സി.യു കിടക്കകള്‍, വെന്റിലേറ്ററുകള്‍, മള്‍ട്ടി പാരാ മോണിറ്റര്‍, അണുബാധ കുറയ്ക്കുന്നതിനുള്ള ഹെപാ ഫില്‍റ്റര്‍ തുടങ്ങിയ സംവിധാനങ്ങളോടെയാണ് ബേണ്‍സ് ഐ.സി.യു. 15 ശതമാനം മുതല്‍ പൊള്ളലേറ്റ രോഗികള്‍ക്കുള്ള വിദഗ്ധചികിത്സയാണ് ഈ ഐ.സി.യു വിലൂടെ നല്‍കുന്നത്.
3.46 കോടി രൂപ ചെലവഴിച്ച് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നൂതന സംവിധാനങ്ങളോടെയുള്ള താണ് ബേണ്‍സ് ഐ.സി.യു.
മരണപ്പെട്ട ആളില്‍ നിന്ന് ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് ആവശ്യമുള്ള രോഗികള്‍ക്ക് നൂതന സാങ്കേതികവിദ്യയോടെ വച്ചുപിടിപ്പിക്കുന്ന കേരളത്തിലെ ആദ്യ സ്‌കിന്‍ ബാങ്കും ഇവിടെ സജ്ജം.

 

പുതിയ വകുപ്പുകള്‍

കോംപ്രിഹെന്‍സീവ് സ്‌ട്രോക്ക് സെന്ററും സ്‌ട്രോക്ക് കാത്ത് ലാബും സ്‌ട്രോക്ക് ഐ.സി.യു, സി.ടി യൂണിറ്റ് എന്നിവയുടെ പ്രവര്‍ത്തനം ആരംഭിച്ചതോടൊപ്പം റുമറ്റോളജി വിഭാഗത്തിലേക്കും മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തിലേക്കും ജീറിയാട്രിക് വിഭാഗത്തിലേക്കും ആവശ്യമായ തസ്തികകള്‍ അനുവദിച്ചു.

മുഖം മിനുക്കി വാര്‍ഡുകള്‍

വേള്‍ഡ് ബാങ്ക് സഹായത്തോടുകൂടി കെ.എസ്.ടി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാര്‍ഡ് 7, വാര്‍ഡ് 8 എന്നിവ ശീതികരിക്കുകയും ആധുനിക ഉപകരണങ്ങളോടു കൂടി നവീകരിക്കുകയും വാര്‍ഡ് 7-ല്‍ 50 ബെഡും വാര്‍ഡ് 8 -ല്‍ 65 ബെഡും സജ്ജീകരിച്ചു.
ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തില്‍ പ്രത്യേക സൗകര്യങ്ങളോടെയുള്ള ടോയിലറ്റുകളും ഭിന്നശേഷി സൗഹാര്‍ദ ടോയിലറ്റുകളും നിര്‍മ്മിച്ചു. ഗവ. പേ വാര്‍ഡുകളും വി.ഐ.പി മുറികളും നവീകരിച്ചു. പുതിയ ലേഡീസ് ഹോസ്റ്റല്‍ തുറന്നു. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ഹോസ്റ്റലുകളും നവീകരിച്ചു.

ഓണ്‍ലൈന്‍ പെയ്‌മെന്റ് സൗകര്യം

കൂടുതല്‍ രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ക്യാഷ് കൗണ്ടറുകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കുകയും ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കി.

റീനല്‍ ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ്

ചെലവുകുറഞ്ഞ രീതിയില്‍ റീനല്‍ ആന്‍ഡ് ലിവര്‍ ട്രാന്‍സ്ാന്റ് നടത്തുന്നു. നെഫ്‌റോ, യൂറോളജി യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ റീനല്‍ ട്രാന്‍സ്ാന്റും മെഡിക്കല്‍ ഗ്യാസ്‌ട്രോ, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ലിവര്‍ ട്രാന്‍സ്ാന്റ് സര്‍ജറിയുമാണ് നടത്തുന്നത്.

ആധുനിക ചികിത്സാ ഉപകരണങ്ങള്‍

ബൈപാസ് സര്‍ജറി, ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ തുടങ്ങി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ക്കെല്ലാം ആവശ്യമായ പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ 90 ലക്ഷം രൂപ വിനിയോഗിച്ച് സ്ഥാപിച്ചു. ന്യൂനത കാന്‍സര്‍ ചികിത്സയ്ക്ക് 18.5 കോടിയുടെ ലീനിയര്‍ ആക്‌സിലറേറ്റര്‍ മെഷീന്‍ പ്രവര്‍ത്തനസജ്ജമായി. ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ മെഷീനാണ് സജ്ജമാക്കിയത്. 3 ഡി കം ഫോര്‍മല്‍ റേഡിയോ തെറാപ്പി, ഇന്റന്‍സിറ്റി മോഡ്യുലേറ്റഡ് റേഡിയോ തെറാപ്പി, ഇമേജ് ഗൈഡഡ് റേഡിയോ തെറാപ്പി, വോളിയോ മെട്രിക് ആര്‍ക്ക് തെറാപ്പി എന്നീ ചികിത്സകളും ഇതിലൂടെ സാധ്യമാണ്. അതീവ സൂക്ഷ്മമായി കാന്‍സര്‍ കോശങ്ങളില്‍ മാത്രം റേഡിയേഷന്‍ നടത്താന്‍ ഈ മെഷീനിലൂടെ സാധിക്കും.

കാന്‍സര്‍ ചികിത്സയ്ക്ക് 3.8 കോടി രൂപയുടെ ടെലി കോബാള്‍ട്ട് മെഷീനും പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. 4.4 കോടി രൂപയുടെ സി.ടി സിമുലേറ്റര്‍ പ്രവര്‍ത്തനവും ആരംഭിച്ചു.ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ സ്‌പെക്റ്റ് സി ടി സ്‌കാനര്‍ പ്രവര്‍ത്തനസജ്ജമായി. കാന്‍സര്‍ രോഗനിര്‍ണ്ണയവും ചികിത്സയും, തൈറോയിഡ്, ഹൃദയം, തലച്ചോര്‍, കരള്‍, വൃക്കകള്‍, ശ്വാസകോശം തുടങ്ങിയ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുതിനും രോഗനിര്‍ണ്ണയത്തിനും ചികിത്സാനിരീക്ഷണത്തിനും സാധിക്കും.

റേഡിയോ ഡയഗ്നോസ്റ്റിക്‌സ് വിഭാഗത്തില്‍ അനസ്‌തേഷ്യാ വര്‍ക്ക് സ്റ്റേഷന്‍, പോര്‍ട്ടബിള്‍ എക്‌സറേ മേഷീന്‍, ഡിജിറ്റല്‍ ഫ്‌ളൂറോ സ്‌കോപ്പി മെഷീന്‍ തുടങ്ങിയ നൂതന ഉപകരണങ്ങളും പുതുതായി സ്ഥാപിച്ചു.
ന്യൂറോസര്‍ജറി വിഭാഗത്തിന് കരുത്തേകാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് മൂന്ന് പുത്തന്‍ ചികിത്സാ ഉപകരണങ്ങളാണ്. ഒരു വര്‍ഷം 1250 ന്യൂറോ സര്‍ജറികള്‍ നടക്കുന്ന ഇവിടെ ഡിബ്രൈഡര്‍, ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, ഇലക്ട്രോ സര്‍ജിക്കല്‍ യൂണിറ്റ് എന്നീ ഉപകരണങ്ങളാണ് വാങ്ങിയത്.

ക്യാമ്പസ് റോഡ് നവീകരണം

മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ റോഡുകള്‍ തകര്‍ന്ന അവസ്ഥയിലായിരുന്നു. 3.7 കോടി രൂപ ചെലവിട്ട് പൊതുമരാമത്ത് വകുപ്പ് ക്യാമ്പസ് റോഡ് നവീകരണം പൂര്‍ത്തിയാക്കിയതോടെ യാത്രാക്ലേശം പരിഹരിക്കപ്പെട്ടു. ഇതോടൊപ്പം കൃത്യമായ പാര്‍ക്കിങ്ങ് സംവിധാനവും അനധികൃത പാര്‍ക്കിങ്ങ് നിയന്ത്രിക്കാന്‍ വേണ്ട നടപടികളും സ്വീകരിച്ചു.

മെഡിക്കല്‍ കോളേജ്  ഫ്‌ളൈ ഓവര്‍

മെഡിക്കല്‍ കോളേജില്‍ എത്തുന്ന ജനങ്ങളുടേയും ജീവനക്കാരുടേയും ദീര്‍ഘകാല ആവശ്യമായിരുന്നു ഇത്. മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിക്കാന്‍ ഒരൊറ്റ വഴി മാത്രമുണ്ടായിരുന്ന സ്ഥിതി മാറി. മെഡിക്കല്‍ കോളേജ് കുമാരപുരം റോഡില്‍ മെന്‍സ് ഹോസ്റ്റലിനു സമീപത്ത് നിന്നും എസ്.എ.ടി ആശുപത്രിയുടെ സമീപത്ത് എത്തിച്ചേരുന്നതാണ് മേല്‍പ്പാലം. കുമാരപുരം ഭാഗത്തേക്ക് ക്യാമ്പസില്‍ നിന്നും പുതിയൊരു പാത തുറക്കപ്പെട്ടു. ക്യാമ്പസില്‍ നിന്ന് വാഹനങ്ങള്‍ക്ക് തിരക്കേറിയ അത്യാഹിത വിഭാഗം പാത ഒഴിവാക്കി സുഗമമായ ഗതാഗതത്തിന് വഴിയൊരുക്കും. ക്യാമ്പസിന് പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന മൂന്ന് പാതകള്‍ തുറക്കപ്പെടുകയാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇന്‍കെല്‍ മുഖാന്തരമാണ് പദ്ധതി സാക്ഷാത്കരിച്ചത്. എസ്.എ.ടി ആശുപത്രി, ശ്രീ ചിത്ര, ആര്‍.സി.സി മെഡിക്കല്‍ കോളേജ് ബ്ലോക്ക്, പ്രിന്‍സിപ്പല്‍ ഓഫീസ്, സി.ഡി.സി, പി.ഐ.പി.എം.എസ്, ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ തിരക്കില്‍പ്പെടാതെ എത്താനാകും.

മാറ്റങ്ങളുടെ കാലം

ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും മിക്കവയും സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ചെയ്ത മെഡിക്കല്‍ കോളേജിനെ തേടി അംഗീകാരങ്ങളെത്തുന്നത് സന്തോഷകരമാണ്. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ നല്‍കാനും മെഡിക്കല്‍ രംഗത്ത് മാതൃകാപരമായ പഠനം സാധ്യമാക്കാനും ഇതുവഴി കഴിയുന്നുണ്ട്.