2024 കരുത്തുറ്റ തുടര്‍ച്ചകള്‍, പുതിയ തുടക്കങ്ങള്‍
കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്റര്‍
സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ 90 കോടി രൂപ ചെലവില്‍ കാക്കനാട് നിര്‍മിച്ച ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. 55,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പ്രദര്‍ശന ഹാള്‍, 4500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആറ് മോഡ്യൂളുകള്‍ ആയി നിര്‍മ്മിച്ചിട്ടുള്ള എക്സിബിഷന്‍ സെന്റര്‍, ആധുനിക സെക്യൂരിറ്റി സംവിധാനങ്ങള്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഉണ്ട്.
കൊച്ചി വാട്ടര്‍ മെട്രോ
കൊച്ചി വാട്ടര്‍ മെട്രോ നാല് ടെര്‍മിനലുകള്‍ കൂടി ഉദ്ഘാടനം ചെയ്തതോടെ കൂടുതല്‍ മേഖലകളിലേക്ക് സര്‍വീസ് ആരംഭിച്ചു. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ ടെര്‍മിനലുകളാണ് പുതുതായി ആരംഭിച്ചത്. ഇതോടെ ഒമ്പത് ടെര്‍മിനലുകളിലായി അഞ്ച് റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ വളര്‍ന്നു. കൊച്ചിയിലെ പ്രധാന ഭൂപ്രദേശവും ദ്വീപുകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സംയോജിത ജലഗതാഗത സംരംഭമാണ് കൊച്ചി വാട്ടര്‍ മെട്രോ. 10 ദ്വീപുകളിലായി 38 ടെര്‍മിനലുകളെ പദ്ധതി ബന്ധിപ്പിക്കും. കാര്യക്ഷമവും സുസ്ഥിരവുമായ ഗതാഗതത്തിനായി 78 ഇലക്ട്രിക് ബോട്ടുകളാണ് വിന്യസിക്കുന്നത്.
ആഗോള പ്രവാസികളുടെ ഉത്സവസംഗമം
ആഗോള പ്രവാസികളുടെ ഉത്സവ സംഗമം എന്നറിയപ്പെടുന്ന ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ജൂണ്‍ 13 മുതല്‍ 15 വരെ തലസ്ഥാനം വേദിയായി പ്രവാസി ക്ഷേമത്തിലൂന്നി നടത്തുന്ന ലോക കേരളസഭയുടെ കഴിഞ്ഞ മൂന്ന് സമ്മേളനങ്ങളും മേഖല സമ്മേളനങ്ങളും വഴി പ്രവാസികള്‍ക്ക് ലഭ്യമായ ഉന്നമനവും ക്ഷേമ പ്രവര്‍ത്തനങ്ങളും നിരവധിയാണ്. പ്രവാസികള്‍ക്ക് പ്രോത്സാഹനവും ആദരവും നല്‍കി കേരളത്തില്‍ അവരുടെ നിക്ഷേപസംരംഭങ്ങള്‍ ശക്തിപ്പെടുത്തുകയും അതുവഴി കേരളത്തെ കൂടുതല്‍ വികസനപാതയിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലേക്കുള്ള വഴിയാണ് ലോക കേരളസഭകള്‍.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റിന് ഭരണാനുമതി
558.68 കോടി രൂപയുടെ പദ്ധതി കിഫ്ബി ഫണ്ട് വിനിയോഗിച്ച് കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് സ്ഥാപിക്കാന്‍ ഭരണാനുമതിയായി. അവയവമാറ്റ ശസ്ത്രക്രിയ കാത്തുകഴിയുന്ന നിരവധി പേര്‍ക്ക് ഇത് വലിയ ആശ്വാസമാകും.
സപ്ലൈകോ @ 50
സപ്ലൈകോ അതിന്റെ രൂപീകരണത്തിന്റെ അമ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തീകരിു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു ജനകീയ വിപണന ശൃംഖല നിലവിലില്ല. 1974 മുതല്‍ അഞ്ചു പതിറ്റാണ്ടുകളായി രാജ്യത്തിനു തന്നെ മാതൃകയായ ഒരു വിപണി ഇടപെടല്‍ സംവിധാനമാണ് സപ്ലൈകോ. വിലക്കയറ്റമുള്‍പ്പെടെയുള്ള വിപണി ചൂഷണങ്ങളില്‍ നിന്നും പൊതുജനത്തെ സംരക്ഷിക്കുന്നതിനായുള്ള ബദല്‍ സംവിധാനമായി ആരംഭിച്ച മാവേലി സ്റ്റോറുകളാണ് സപ്ലൈകോയുടെ ശാക്തീകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തിയത്. നഗരങ്ങള്‍ മുതല്‍ ഗ്രാമഗ്രാമാന്തരങ്ങള്‍ വരെ നീളുന്ന വിപണനശൃംഖലയാണ് സപ്ലൈകോക്ക് ഇന്നുളളത്. മാവേലിസ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, എല്‍.പി.ജി ഔട്ട് ലെറ്റുകള്‍, പെട്രോള്‍ ബങ്കുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എല്ലാം അടക്കം 1630 ഔട്ട്ലെറ്റുകളും 65 ലക്ഷത്തിലധികം ഉപഭോക്താക്കളുമാണ് സ്ഥാപനത്തിനുള്ളത്.
കതിര്‍ ആപ്പ്
കര്‍ഷകര്‍ക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍
സാങ്കേതിക വിദ്യയേയും ആശയ വിനിമയ സംവിധാനങ്ങളെയും സംയോജിപ്പിച്ച് കാര്‍ഷികമേഖലയുടെ വിവിധ തലങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ക്ക് 2024ല്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് തുടക്കമിട്ടു. കര്‍ഷകര്‍ക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംയോജിത പോര്‍ട്ടലാണ് കതിര്‍.
കാര്‍ഷിക മേഖലയുടെ സമുന്നതമായ പുരോഗതിക്ക് വിവര സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തികൊണ്ടു കൃഷി വകുപ്പ് തയ്യാറാക്കുന്ന പ്ലാറ്റ്‌ഫോമാണ് കതിര്‍ (കേരള അഗ്രികള്‍ച്ചര്‍ ടെക്‌നോളജി ഹബ്ബ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റെപ്പോസിറ്ററി) ആപ്പ് . കര്‍ഷകര്‍ക്ക് ലഭ്യമാക്കേണ്ട വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ വിവര സങ്കേതമാണിത്.
പിണറായി എജ്യുക്കേഷന്‍ ഹബ് നിര്‍മ്മാണോദ്ഘാനം
പിണറായി എജ്യുക്കേഷന്‍ ഹബ്ബിന് ശിലയിട്ടു. 285 കോടിയില്‍ ഐ.ടി.ഐ, പോളിടെക്‌നിക്, ഐ എച്ച് ആര്‍ ഡി കോളേജ്, സിവില്‍ സര്‍വീസ് അക്കാദമി, ഹോട്ടല്‍ മാനേജ്മന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവ ഉണ്ടാകും.
ഇന്ത്യയിലെ ആദ്യ സൂപ്പര്‍കപ്പാസിറ്റര്‍ ഉല്‍പാദന കേന്ദ്രം
ഇന്ത്യയിലെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പാദന കേന്ദ്രം കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെല്‍ട്രോണ്‍ കോംപണന്റ് കോംക്സില്‍ ആരംഭിച്ച പുതിയ പ്ലാന്റില്‍ നിന്ന് ലോകനിലവാരത്തിലുള്ള സൂപ്പര്‍ കപ്പാസിറ്ററുകള്‍ തദ്ദേശീയമായി നിര്‍മിച്ച് ഇന്ത്യന്‍ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും ബഹിരാകാശ ദൗത്യങ്ങള്‍ക്കുമുള്‍പ്പെടെ വിതരണം ചെയ്യും.
കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എ.സി ബസ്
കെ എസ് ആര്‍ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസ് സര്‍വീസ് ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 10 ബസുകളാണ് സര്‍വീസ് നടത്തുക. വൈഫൈ കണക്ഷന്‍, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് തുടങ്ങി നിരവധി സൗകര്യങ്ങളുണ്ട്.
സീ പ്ലെയിന്‍
ആദ്യ സീ പ്ലെയിന്‍ സര്‍വീസിന് നവംബര്‍ 12ന് കൊച്ചിക്കായലില്‍ തുടക്കമിട്ടു. ബോള്‍ഗാട്ടി പാലസ് വാട്ടര്‍ഡ്രോമില്‍നിന്ന് മാട്ടുപ്പെട്ടിയിലേക്കായിരുന്നു ആദ്യ സര്‍വീസ്. 17 സീറ്റുള്ള വിമാനമാണ് സര്‍വീസ് നടത്തിയത്. പരീക്ഷണപ്പറക്കലാണ് നടത്തിയത്. കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം പദ്ധതിയില്‍ അന്തിമതീരുമാനമെടുക്കും.
ആദ്യത്തെ ഭാഷ-സാഹിത്യ സാംസ്‌കാരിക മ്യൂസിയം കോട്ടയത്ത്
അക്ഷരങ്ങള്‍ക്കും ഭാഷയ്ക്കും സംസ്‌കാരത്തിനും ഊന്നല്‍ നല്‍കി ഇന്ത്യയിലെ തന്നെ ആദ്യത്തെ ഭാഷ-സാഹിത്യ-സാംസ്‌കാരിക അക്ഷരം മ്യൂസിയം കേരളത്തിന്റെ അക്ഷരനഗരമായ കോട്ടയത്തെ നാട്ടകത്ത്. അന്തര്‍ദേശീയ നിലവാരത്തില്‍ ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് 15,000 ചതുരശ്രയടിയില്‍ 15 കോടി ചെലവിലാണ് നാട്ടകത്തെ മറിയപ്പള്ളിയില്‍ മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നടപ്പിലാക്കുന്ന ബൃഹദ് പദ്ധതിയാണ് ‘അക്ഷരം മ്യൂസിയം’. നാലു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ ആദ്യഘട്ടത്തില്‍ ഭാഷയുടെ ഉല്‍പത്തി മുതല്‍ മലയാളഭാഷയുടെ സമകാലികമുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗ്യാലറികളാണ്.
ലോകത്തിലെ ആദ്യ ലിംഗസമത്വ- ഉത്തരവാദിത്വ ടൂറിസം സമ്മേളനം
കേരളത്തെ ലോകത്തിലെ ഏറ്റവും സുരക്ഷിതവും മികച്ചതുമായ വനിതാ സൗഹൃദ ടൂറിസം ഡെസ്റ്റിനേഷനാക്കുക എന്ന ലക്ഷ്യത്തോടെ ത്രിദിന ആഗോള ലിംഗസമത്വ ഉത്തരവാദിത്വ ടൂറിസം വനിതാ സമ്മേളനം ഇടുക്കി ജില്ലയിലെ മൂന്നാറില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ സംഘടിപ്പിച്ചു. സംസ്ഥാന ടൂറിസം വകുപ്പ്, ഉത്തരവാദിത്വ ടൂറിസം മിഷന്‍ സൊസൈറ്റി, യു.എന്‍. വിമെന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ആഗോള സമ്മേളനം നടന്നത് . ലിംഗഭേദവും സ്ത്രീ സൗഹൃദവും കേന്ദ്രീകരിച്ചുള്ള ലോകത്തിലെ ആദ്യത്തെ ഉത്തരവാദിത്ത ടൂറിസം സമ്മേളനമാണ് ഇത്.
ശ്രുതിക്ക് ജോലി
വയനാട് ദുരന്തത്തിന്റെ ഇരയാവുകയും പിന്നീട് തുടര്‍ച്ചയായി പ്രതിസന്ധികള്‍ നേരിടേണ്ടി വരികയും ചെയ്ത ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കി. ഡിസംബര്‍ 9ന് വയനാട് റവന്യു വകുപ്പില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു.
കൊച്ചി മാര്‍ക്കറ്റ് സമുച്ചയം
കൊച്ചി സ്മാര്‍ട്ട് മിഷന്റെയും കൊച്ചി കോര്‍പ്പറേഷന്റെയും മുന്‍കൈയില്‍ നിര്‍മ്മിച്ച പുതിയ മാര്‍ക്കറ്റ് സമുച്ചയം തുറന്നു. കൊച്ചി മുന്‍സിപ്പല്‍ കോര്‍പറേഷന് വേണ്ടി കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് (സിഎസ്എംഎല്‍) ആണ് 1.63 ഏക്കര്‍ സ്ഥലത്ത് 72 കോടി ചെലവില്‍ 19,990 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ മാര്‍ക്കറ്റ് സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. സ്ഥലമില്ലായ്മയും മാലിന്യപ്രശ്നങ്ങളും കൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന എറണാകുളം മാര്‍ക്കറ്റിന് ശാശ്വതപരിഹാരമാണ് സാധ്യമായത്.
പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി
മില്‍മ മലബാര്‍ യൂണിയന്‍ മലപ്പുറത്ത് മങ്കട മൂര്‍ക്കനാട് പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി ആരംഭിച്ചു. 12.4 ഏക്കറില്‍ ഡയറി പ്ലാന്റിനോടു ചേര്‍ന്നാണ് 131.3 കോടി രൂപ ചെലവില്‍ മലപ്പുറം ഡെയറിയും പാല്‍പ്പൊടി ഫാക്ടറിയും നിര്‍മിച്ചത്. കേരളത്തിലെ ഏറ്റവും വലുതും അത്യാധുനിക സാങ്കേതികവിദ്യയോടുകൂടി പ്രവര്‍ത്തിക്കുന്നതുമാണ് മില്‍മ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി. 10 ടണ്ണാണ് ഉത്പാദനക്ഷമത. ദിവസം ഒരുലക്ഷം പാല്‍ പൊടിയാക്കി മാറ്റം.
സിയാല്‍ താജ് ഹോട്ടല്‍
അത്യാഡംബര സൗകര്യങ്ങളാടെ താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. വിനോദ സഞ്ചാരികളെയും അന്താരാഷ്ട്ര യാത്രക്കാരെയും ലക്ഷ്യമിട്ടാണ് കൊച്ചി എയര്‍ പോര്‍ട്ടിന് സമീപം പഞ്ചനക്ഷത്ര ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. സിയാല്‍ മാസ്റ്റര്‍ പ്ലാനില്‍ പണികഴിപ്പിച്ച പഞ്ചനക്ഷത്ര ഹോട്ടല്‍, നടത്തിപ്പിനായി ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ്-താജ് ഗ്രൂപ്പിനെ ആഗോള ടെന്‍ഡറിലൂടെ കണ്ടെത്തി കൈമാറുകയായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെയുള്ള താജ് ഹോട്ടലിലേക്ക് ലാന്‍ഡിങ് കഴിഞ്ഞ് 15 മിനിട്ടിനുള്ളില്‍ എത്താന്‍ കഴിയും.
തൊട്ടിയാര്‍ജലവൈദ്യുത പദ്ധതി
ഇടുക്കിയില്‍ 40 മെഗാവാട്ട് (മെഗാവാട്ട്) തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി ആരംഭിച്ചു. വൈദ്യുതി ഉല്‍പാദനത്തിന് ആവശ്യമായ വെള്ളം കുറവായതാണ് തൊട്ടിയാര്‍ പദ്ധതിയുടെ പ്രത്യേകത. 99 ദശലക്ഷം യൂണിറ്റാണ് പ്രതിവര്‍ഷം പ്രതീക്ഷിക്കുന്ന വൈദ്യുതി ഉത്പാദനം.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ‘0484 എയ്‌റോ ലോഞ്ചി’ന്റെ ഉദ്ഘാടനം
സിയാലിന്റെ എയ്റോ ലോഞ്ച് 0484 ഉദ്ഘാടനം ചെയ്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന മെഗാപദ്ധതികളില്‍ നാലാമത്തെ പദ്ധതിയാണ് 0484 എയ്റോ ലോഞ്ച്. മിതമായ മണിക്കൂര്‍ നിരക്കുകളില്‍ പ്രീമിയം എയര്‍പോര്‍ട്ട് ലോഞ്ച് അനുഭവമാണ് 0484 എയ്റോ ലോഞ്ചിലൂടെ യാത്രക്കാര്‍ക്ക് ലഭിക്കുക. സെക്യൂരിറ്റി ഹോള്‍ഡ് മേഖലയ്ക്ക് പുറത്തായതിനാല്‍ സന്ദര്‍ശകര്‍ക്കും ലോഞ്ച് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും ആഭ്യന്തര-അന്താരാഷ്ട്ര ടെര്‍മിനലുകള്‍ക്ക് സമീപത്തായാണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്.
പെരുവണ്ണാമുഴി ചെറുകിടജലവൈദ്യുത പദ്ധതി
ആറ് മെഗാവാട്ട്‌ശേഷിയുള്ള പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിയില്‍നിന്ന് വൈദ്യുതി ഉല്‍പാദനം ആരംഭിച്ചു. ഒമ്പത് വര്‍ഷത്തിനകം മുതല്‍മുടക്ക് തിരിച്ചുകിട്ടുംവിധം ലാഭകരമായ പദ്ധതിയാണിത്. കാലവര്‍ഷത്തിലെ നീരൊഴുക്കിനെ ആശ്രയിക്കാത്തതിനാല്‍ വര്‍ഷം മുഴുവന്‍ ഉല്‍പാദനം സാധ്യമാവും.