10 സുവര്‍ണ്ണ നേട്ടങ്ങള്‍

1. കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഉജ്ജ്വല അധ്യായം തുന്നിച്ചേര്‍ക്കുകയാണ് വിഴിഞ്ഞം തുറമുഖം. 2023 ഒക്ടോബറില്‍ ചൈനയില്‍ നിന്നുള്ള ക്രെയിനുകളുമായി ഷെന്‍ ഹുവ 15 എന്ന ചരക്കു കപ്പല്‍ തീരത്ത് നങ്കൂരമിട്ടതോടെ വിഴിഞ്ഞം തുറമുഖപദ്ധതി യാഥാര്‍ഥ്യമാവുന്നതിന് തുടക്കമായി. ജൂലൈ ഒന്നിന് ട്രയല്‍ റണ്‍ ആരംഭിച്ച വിഴിഞ്ഞത്ത് ക്രിസ്തുമസ് ദിനം വരെ 102 ചരക്കുകപ്പലുകള്‍ നങ്കൂരമിട്ടു കഴിഞ്ഞു. ഇതിനകം രണ്ടു ലക്ഷത്തിലധികം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്ത തുറമുഖം ഡിസംബര്‍ മൂന്ന് മുതലാണ് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. IN TRV 01 എന്നാണ് തുറമുഖത്തിന്റെ രാജ്യാന്തര ലൊക്കേഷന്‍ കോഡ്.
ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടെ 2025 തുടക്കത്തില്‍ തന്നെ തുറമുഖം കമീഷനിങ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . തുറമുഖത്തിന്റെ രണ്ടുമുതല്‍ നാലുവരെയുള്ള ഘട്ടങ്ങള്‍ 2028ല്‍ പൂര്‍ത്തിയാക്കുന്നതോടെ വിഴിഞ്ഞത്ത് സമ്പൂര്‍ണ തുറമുഖം യാഥാര്‍ഥ്യമാകും. 8,867 കോടിരൂപയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിനുള്ള ആകെ മുതല്‍മുടക്ക്. ഇതില്‍ 5,595 കോടിരൂപ സംസ്ഥാന സര്‍ക്കാരും 818 കോടി രൂപ കേന്ദ്ര സര്‍ക്കാരും നല്‍കുമെന്നായിരുന്നു വ്യവസ്ഥ. കേരളം വിഴിഞ്ഞത്തിനായി 2159 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതേവരെ തുറമുഖത്തിന്റെ നിര്‍മ്മാണത്തിനായി തുകയൊന്നും അനുവദിച്ചിട്ടില്ല. അനേകം പ്രദേശവാസികള്‍ക്ക് ഇതിനകം തൊഴിലവസരങ്ങള്‍ ഉറപ്പാക്കിയും പ്രതിസന്ധികളെ അതിജീവിച്ചും നമ്മുടെ സര്‍ക്കാര്‍ ഈ പുതു വര്‍ഷത്തില്‍ വിഴിഞ്ഞത്തെ ചരിത്രത്തിലേക്ക് നങ്കൂരമിടീക്കുകയാണ്.

2. സുസ്ഥിര സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്തുന്നതും എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കുന്ന, സംരംഭകത്വ സമൂഹമായി സംസ്ഥാനത്തെ മാറ്റുമെന്നായിരുന്നു ഏഴരവര്‍ഷം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വ്യവസായ മേഖലയ്ക്ക് നല്‍കിയിരുന്ന വാഗ്ദാനം . മുമ്പില്ലാത്ത വിധം ഈ രംഗത്ത് ആത്മവിശ്വാസം സൃഷ്ടിച്ചും പിന്തുണ നല്‍കിയും നഷ്ടത്തിലായതും കേന്ദ്രം കൈയ്യൊഴിയാന്‍ തീരുമാനിച്ചതുമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുത്തും ഈ മേഖലയില്‍ കേരളം പുതുചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു .
രാജ്യത്തെ എറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെ വ്യവസായനയം തന്നെ പുതുക്കിയ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ 2023ല്‍ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങില്‍ 28ല്‍ നിന്ന് 15 ആം സ്ഥാനത്തേക്ക് വ്യവസായ കേരളത്തെ നയിച്ചു . ഒരു വര്‍ഷത്തിനിപ്പുറം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് സൂചികയില്‍ കേരളം ഒന്നാമതാണ്. കേവലം 3 വര്‍ഷം കൊണ്ടാണ് 28ല്‍ നിന്ന് ഒന്നാം സ്ഥാനത്തേക്കുള്ള കേരളത്തിന്റെ മുന്നേറ്റം. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും പരിഷ്‌കാരങ്ങളും തന്നെയാണ് കേരളത്തെ രാജ്യത്തിനാകെ മാതൃകയാകുന്ന നേട്ടത്തിലേക്ക് നയിച്ചത്.

 

3. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ 2024 ജനുവരി ഒന്നുമുതല്‍ ഇ – ഗവേണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ പദ്ധതിയാണ് കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജി് അഡ്മിനിസ്ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍ അഥവാ കെ സ്മാര്‍ട്ട്. ആരംഭം കുറിച്ച നാള്‍ മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമായ പദ്ധതിയിലൂടെ നടപടിക്രമങ്ങളുടെ നൂലാമാലകള്‍ ഒഴിവാക്കി തദ്ദേശഭരണ സ്ഥാപനങ്ങളിലെ സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും സര്‍ക്കാര്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കി. അതുകൊണ്ടുതന്നെ പൊതുജനം ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഈ പദ്ധതിയിലൂടെ ഇതിനകം തീര്‍പ്പാക്കിയത് 20.37 ലക്ഷം ഫയലുകളാണ്.
27.31 ലക്ഷം ഫയലുകളാണ് കെ സ്മാര്‍ട്ടിലൂടെ ഇതിനകം തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സ്വീകരിച്ചത്. ഇതില്‍ 74.6 ശതമാനവും തീര്‍പ്പാക്കിക്കഴിഞ്ഞു . ഓരോ ഓഫീസിലെയും ജില്ലയിലെയും ഫയലുകള്‍ പരിഹരിച്ചതിന്റെ സ്ഥിതി വിവര കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഈ പദ്ധതിയിലൂടെ സേവനങ്ങള്‍ക്കായുള്ള അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി അറിയാനും സാധിക്കും . ജനന, മരണ, വിവാഹ രജിസ്ട്രേഷനുകള്‍, ബില്‍ഡിങ് പെര്‍മിറ്റ്, സര്‍ട്ടിഫിക്കറ്റുകള്‍, സാക്ഷ്യപത്രങ്ങള്‍, ഭൂമിവിവരങ്ങള്‍ എന്നിവയെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ ഓണ്‍ലൈനായി അപേക്ഷകന് നല്‍കുന്ന കെ സ്മാര്‍ട്ട് സംവിധാനം പുതു വര്‍ഷത്തില്‍ നമ്മുടെ സര്‍ക്കാര്‍ പഞ്ചായത്തുകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ കെ സ്മാര്‍ട്ടിന്റെ പൈലറ്റ് റണ്‍ ആരംഭിച്ചു കഴിഞ്ഞു. അങ്ങനെ കെ ഫോണിനും കെ ഫൈ പദ്ധതിക്കും പിന്നാലെ കെ സ്മാര്‍ട്ട് കൂടി നിലവില്‍ വന്നതോടെ കേരളം ഈ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.

4. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന സംവിധാനങ്ങളുള്ള നാടാണ് കേരളം .എല്ലാവര്‍ക്കും മികച്ച ചികിത്സയും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുന്ന നാട്. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള വിപുലമായ ആരോഗ്യ പരിപാലന ശൃംഖലകളിലൂടെ മുന്നേറുന്ന കേരളം ആരോഗ്യരംഗത്തെ ഏത് വെല്ലുവിളിയും നേരിടാന്‍ ശക്തിപ്രാപിച്ചു കഴിഞ്ഞു. ചിക്കന്‍ഗുനിയ മുതല്‍ എച്ച് വണ്‍ എന്‍ വണ്‍ വരെയുള്ള വിവിധതരം പനികള്‍, നിപ്പ, കോവിഡ് തുടങ്ങിയവയ്ക്ക് ശക്തമായ പ്രതിരോധം തീര്‍ത്ത സംസ്ഥാനം ആരോഗ്യമേഖലയില്‍ സമഗ്രവികസനം സാധ്യമാക്കുക യാണ്. അതിനുള്ള അംഗീകാരമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്കൃഷ്ഠാ പുരസ്‌കാരം, തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ അത്യാഹിത വിഭാഗത്തിന് മികവിന്റെ കേന്ദ്രം അംഗീകാരം എന്നിവ ഉള്‍പ്പടെ 20 ലധികം അവാര്‍ഡുകളാണ് ഒരു വര്‍ഷത്തിനുള്ളില്‍ ആരോഗ്യകേരളം സ്വന്തമാക്കിയത്. ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ പദ്ധതികള്‍ നടപ്പിലാക്കിയും ജില്ലാ ആശുപത്രികളില്‍ വരെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ നടത്താന്‍ സൗകര്യം ഏര്‍പ്പെടുത്തിയും ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് കാര്‍സ്‌നെറ്റ് എ.എം.ആര്‍ ശൃംഖല രുപീകരിച്ചുമെല്ലാം സുരക്ഷ ഒരുക്കുന്ന കേരളം ആരോഗ്യ രംഗത്ത് ഇപ്പോള്‍ രാജ്യത്തിനാകെ മാതൃകയാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഒരുങ്ങുന്ന സംസ്ഥാനത്ത് എല്ലാവര്‍ക്കും പ്രാപ്യവും സമഗ്രവും ഗുണനിലവാരമുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുകയാണ് നമ്മുടെ സര്‍ക്കാര്‍. അത് തന്നെയാണ് ആരോഗ്യരംഗത്തെ കേരളത്തിന്റെ ശക്തിയും മുന്നേറ്റത്തിനുള്ള ഊര്‍ജവും.

5. സുസ്ഥിരവികസന ലക്ഷ്യങ്ങളിലേക്ക് രാജ്യം മുന്നേറുമ്പോള്‍, ആ യാത്രയെ നയിക്കുകയാണ് കേരളം. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ദിശാബോധവും ആസൂത്രണവും സമയ ബന്ധിത നിര്‍വഹണവും ഉറപ്പാക്കിയാണ് നമ്മുടെ സംസ്ഥാനത്തിന്റെ മുന്നേറ്റം. അതിനു തെളിവാകുകയാണ് നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിലെ കേരളത്തിന്റെ ഒന്നാം സ്ഥാനം. 2018 ല്‍ സുസ്ഥിരവികസന സൂചികയ്ക്ക് ആരംഭം കുറിച്ചത് മുതല്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. 2024 ലും അചഞ്ചലമായി തുടരുന്ന മുന്നേറ്റം. അതാണ് സുസ്ഥിരവികസന സൂചികയിലെ കേരളം. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നീതി ആയോഗ് പ്രസിദ്ധീകരിക്കുന്ന സുസ്ഥിരവികസന സൂചികയില്‍ കഴിഞ്ഞ 4 തവണയും ഒന്നാമതെത്തിയത് കേരളമാണ്. 2020-21 നേക്കാള്‍ നാലു പോയിന്റ് ഉയര്‍ത്തിയാണ് ഒടുവില്‍ കേരളം നേട്ടം ആവര്‍ത്തിച്ചത്. പ്രതിസന്ധികള്‍ പലതുണ്ടെങ്കിലും വികസനവഴിയില്‍ കേരളത്തിന്റെ ദിശാബോധവും, അത് ആര്‍ജിക്കുന്നതിലെ മികവുമാണ് ഈ വിലയിരുത്തലിലൂടെ അംഗീകരിക്കപ്പെടുന്നത്. നോട്ടു നിരോധനം, നൂറ്റാണ്ടിലെ മഹാപ്രളയം, മഴക്കെടുതികള്‍, ഓഖി, നിപ്പ, കോവിഡ് മഹാമാരി, കേന്ദ്രസര്‍ക്കാരിന്റെ ആവര്‍ത്തിക്കുന്ന സാമ്പത്തിക അവഗണന തുടങ്ങിയ പ്രതികൂല സാഹചങ്ങളെയെല്ലാം അതിജീവിച്ചാണ് നമ്മള്‍ ഒറ്റക്കെട്ടായി മുന്നേറുന്നത്. അത് കൊണ്ടാണ് നമ്മുടെ കേരളം ഈ നേട്ടത്തില്‍ അഭിമാനിക്കുന്നത്.

6. അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികള്‍ വിജയകരമായി നടപ്പിലാക്കിവരുന്ന നാടാണ് കേരളം. ആശ്രയ, അഗതി രഹിത കേരളം, വിശപ്പ് രഹിത കേരളം തുടങ്ങി അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ നമ്മുടെ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് അവസാനഘട്ടത്തിലേക്ക് കടക്കുന്ന അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന യജഞം. അതിന്റെ കൂടി പിന്‍ബലത്തിലാണ് പോയവര്‍ഷവും കേരളത്തെ നീതി ആയോഗിന്റെ മള്‍ട്ടി ഡയമെന്‍ഷണല്‍ ദാരിദ്ര്യ സൂചിക പ്രകാരം രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി കേന്ദ്ര സര്‍ക്കാര്‍ തെരെഞ്ഞെടുത്തത്. വ്യക്തിപരമായ ദാരിദ്ര്യവും സംസ്ഥാനത്തെ പൊതു സ്ഥിതിയുമടക്കം വിലയിരുത്തി തയ്യാറാക്കുന്ന സൂചികയില്‍ 0.55% പേര്‍ മാത്രമാണ് കേരളത്തില്‍ ദാരിദ്ര്യമനുഭവിക്കുന്നത്. 2022 ല്‍ 0.71% മായിരുന്നു കേരളത്തിന്റെ ദാരിദ്ര്യ സൂചിക. എറണാകുളം ജില്ലയാണ് രാജ്യത്തെ തന്നെ ദാരിദ്ര്യമില്ലാത്ത ഏക ജില്ല. ആരോഗ്യത്തിനൊപ്പം വിദ്യാഭ്യാസവും ജീവിത നിലവാരവും കണക്കാക്കി തയ്യാറാക്കുന്ന ദാരിദ്ര്യ സൂചികയ്ക്കൊപ്പം പാര്‍പ്പിടം, പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങള്‍, വൈദ്യുതിലഭ്യത എന്നിവയിലെല്ലാം കേരളം മുന്‍ പന്തിയിലാണ്. ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നതിനും അവരുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനും ഒരു സര്‍ക്കാരിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമെന്ന അംഗീകാരം.

7. ഭക്ഷ്യസുരക്ഷയില്‍ ചരിത്രനേട്ടത്തിന്റെ നെറുകയിലാണ് കേരളം. രാജ്യത്തെ ഭക്ഷ്യ സുരക്ഷാസൂചികയില്‍ 2024 ല്‍ രണ്ടാം തവണയും ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ആധാരമാക്കിയ മാനദണ്ഡങ്ങളിലെല്ലാം ഏറ്റവും മുന്‍പില്‍. ഇപ്പോഴിതാ മികച്ച ഭക്ഷണം ലഭിക്കാന്‍ ഭൗതികവും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യം സൃഷ്ടിക്കുന്നതിലും നമ്മള്‍ ഒന്നാമതാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കുകയാണ്.
വിവിധ ബോധവത്ക്കരണ പരിപാടികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാരംഗത്ത് ഓരോ വര്‍ഷവും നടപ്പിലാക്കുന്ന പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ ഭക്ഷ്യ സുരക്ഷ സൂചിക തയ്യാറാക്കുന്നത്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകള്‍, സാമ്പിള്‍ ശേഖരണം, സാമ്പിള്‍ പരിശോധന, ചഅആഘ അംഗീകാരമുളള ലാബുകളുടെ എണ്ണം, പരിശോധന മികവ്, ഈറ്റ് റൈറ്റ് ഇനിഷ്യേറ്റീവുകള്‍, വിവിധ ബോധവത്ക്കരണ പരിപാടികള്‍ തുടങ്ങി 40ഓളം പ്രവര്‍ത്തന മേഖലകള്‍ വിലയിരുത്തിയതില്‍ മിക്കതിലും കേരളം ഇത്തവണയും ഒന്നാമതെത്തി. 140 പഞ്ചായത്തുകളില്‍ ഭക്ഷ്യ സുരക്ഷ ഗ്രാമ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയും 500 ഓളം സ്‌കൂളുകളില്‍ സേഫ് ആന്‍ഡ് ന്യൂട്രിഷ്യസ് ഫുഡ് അറ്റ് സ്‌കൂള്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയും 3000 ത്തോളം ഭക്ഷ്യ സുരക്ഷ ബോധവത്കരണ ക്ലാസുകള്‍ നടപ്പാക്കിയുമാണ് ദേശീയതലത്തില്‍ പോയവര്‍ഷം കേരളം നേട്ടത്തിന് അര്‍ഹമാക്കിയത്.

8. ഇ – സാക്ഷരത നേടിയവര്‍ക്ക് നേരിട്ടും അല്ലാത്തവര്‍ക്ക് അക്ഷയ സെന്ററുകള്‍ ഉപയോഗപ്പെടുത്തിയും നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്ന സാഹചര്യം ഉറപ്പായതോടെ ഭരണനിര്‍വഹണത്തിലും കേരളം രാജ്യത്തിന് മാതൃക സൃഷ്ടിക്കുകയാണ്. ആധുനിക സാങ്കേതികവിദ്യയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും പ്രയോജനപ്പെടുത്തി 1666 വില്ലേജുകള്‍ക്ക് പ്രത്യേകം ഔദ്യോഗിക വെബ് സൈറ്റുകളും 900 ലധികം സേവനങ്ങള്‍ ഒരൊറ്റ ക്ലിക്കില്‍ ലഭ്യമാക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ പൊതുസേവനങ്ങള്‍ സുതാര്യതയോടെയും വേഗത്തിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുന്നു. അതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ പോയവര്‍ഷം 12 സേവനങ്ങള്‍ കൂടി റവന്യൂ വകുപ്പ് സ്മാര്‍ട്ട് സേവന പരിധിയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. പ്രവാസികള്‍ക്ക് ഭൂസംബന്ധമായ സേവനങ്ങള്‍, ഏത് ഭൂമിയും തിരയാനുള്ള സൗകര്യം ലഭ്യമാക്കുന്ന www.revenue.kerala.gov.in, കെബിടി അപ്പീല്‍ -ഓണ്‍ലൈന്‍ സംവിധാനം, റവന്യു റിക്കവറി ഡിജിറ്റല്‍ പെയ്‌മെന്റ്, ബിസിനസ് യൂസര്‍ -പാന്‍ ഉപയോഗിച്ചുള്ള ലോഗിന്‍ സൗകര്യം, തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ്, പ്രീമ്യൂട്ടേഷന്‍ സ്‌കെച്ച്, പോക്കുവരവ്, ഭൂപരിപാലനം, ഭൂനികുതി അടയ്ക്കല്‍, ലൊക്കേഷന്‍ സ്‌കെച്ച്, മുന്‍ സര്‍വെ റെക്കോഡുകള്‍, ഡിജിറ്റല്‍ സര്‍വെ മാപ്പ്, ലാന്‍ഡ് ഐഡന്റിഫിക്കേഷന്‍ എന്നീ സേവനങ്ങള്‍ ഈ പോര്‍ട്ടല്‍ വഴി ലഭിക്കും. ഭൂമികൈമാറ്റം, ഭൂമി രജിസ്ട്രേഷന്‍ ചെയ്യാനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷന്‍, ഓട്ടോ മ്യൂട്ടേഷന്‍, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ഭൂ നികുതി അടവ്, ഭൂമി തരംമാറ്റം, ഭൂമിയുടെ ന്യായവില നിര്‍ണയം തുടങ്ങിയ സേവനങ്ങളെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാകുന്ന നാടായി നമ്മുടെ സംസ്ഥാനം മാറിക്കഴിഞ്ഞു. അതിലൂടെ സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്.

9. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം വളരുകയാണ്. രാജ്യത്ത് ഉന്നതവിദ്യാഭ്യാസം നേടുന്നവരുടെ എണ്ണത്തിലും നിലവാരത്തിലും ഒന്നാം സ്ഥാനത്തെത്തിയ കേരളത്തില്‍ നാക് പരിശോധനയില്‍ കേരള, എംജി, കാലിക്കറ്റ്, സംസ്‌കൃത, കൊച്ചി സര്‍വകലാശാലകള്‍ക്ക് രാജ്യത്തെ ഉയര്‍ന്ന ഗ്രേഡ് ലഭിച്ചു കഴിഞ്ഞു. 269 കോളേജുകള്‍ നാക് അക്രെഡിറ്റെഷന്‍ നേടിയപ്പോള്‍ രാജ്യത്ത് ഉന്നതവിദ്യാഭ്യാസം നേടുന്നവരുടെ എണ്ണത്തിലും കേരളം മുന്നിലെത്തിക്കഴിഞ്ഞു. ധനവകുപ്പിന് കീഴിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് സ്ത്രീകള്‍, എസ് സി, എസ് ടി തുടങ്ങിയ വിഭാഗങ്ങള്‍ ആര്‍ജിച്ച വിദ്യാഭ്യാസ നേട്ടങ്ങളിലും കേരളം ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിലാണ്.
സ്ത്രീകളുടെയും എസ് സി, എസ് ടി വിഭാഗങ്ങളുടെയും വിദ്യാഭ്യാസത്തില്‍ ഒന്‍പതു വര്‍ഷത്തിനിടെ കേരളത്തില്‍ 18.9 ശതമാനം വര്‍ധനണ്ടായപ്പോള്‍ ദേശീയതലത്തില്‍ വളര്‍ച്ച ഏഴു ശതമാനം മാത്രമാണ്. ഉന്നതവിദ്യാഭ്യാസം നേടുന്ന ആണ്‍കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് 15.6 ശതമാനം വര്‍ധിച്ചു കഴിഞ്ഞു. നാലു വര്‍ഷ ഡിഗ്രി കോഴ്സില്‍ ചേരുന്നവര്‍ക്ക് മൂന്നാം വര്‍ഷ പരീക്ഷ എഴുതി ബിരുദം നേടി പുറത്തു പോകാനും നാലാം വര്‍ഷ പരീക്ഷ പാസാകുന്നവര്‍ക്ക് ഓണേഴ്സ് ബിരുദം ലഭിക്കാനുമുള്ള അവസരമൊരുക്കുന്ന നാല് വര്‍ഷ ബിരുദപഠനത്തിനു വിവിധ സര്‍വകലാശാലകളില്‍ തുടക്കം കുറിച്ചു കഴിഞ്ഞു. ഇങ്ങനെ സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന സര്‍ക്കാര്‍ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തി ഒരു വിജ്ഞാന സമ്പദ് വസ്ഥയിലേക്ക് കുതിക്കുകയാണ്. സമഗ്രമായ പരിഷ്‌കാരങ്ങളിലൂടെയും ചിട്ടയായ ആസൂത്രണത്തോടെയും വിവിധ പദ്ധതികളും നയങ്ങളും ആവിഷ്‌കരിച്ച് ഈ രംഗത്തും കേരളം മികവുറ്റ മോഡല്‍ സൃഷ്ടിക്കുകയാണ്.

10. സമ്പൂര്‍ണ്ണ ശുചിത്വ കേരളത്തിനായി ജനകീയ ക്യാമ്പെയിന്‍ ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ രണ്ടാം ഘട്ടത്തിന് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം. 2025 മാര്‍ച്ച് 30 അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനത്തില്‍ സമ്പൂര്‍ണ്ണ ശുചിത്വ കേരള പ്രഖ്യാപനം എന്ന ലക്ഷ്യത്തിലേക്കുള്ള വഴിയാണ് ക്യാമ്പയിന്‍. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ വിവിധ ഘടകങ്ങള്‍ ഏകോപിപ്പിച്ച് സംസ്ഥാനതലം മുതല്‍ ജില്ലാ-തദ്ദേശ സ്വയംഭരണ സ്ഥാപന-വാര്‍ഡ് തലം വരെയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.