മലയാളത്തിന്റെ സര്‍വകലാശാല
മലയാളത്തിന്റെ സര്‍വകലാശാല
ടി.കെ ജാസിം അഹമ്മദ്
അസി. പ്രൊഫസര്‍, പി.എം.എസ്.ടി കോളേജ്, കുണ്ടൂര്‍, മലപ്പുറം
ശ്രേഷ്‌ഠം മലയാളം എന്നതാണ് തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ ആപ്‌ത വാക്യം. ഏത് അറിവും മാതൃ ഭാഷയില്‍ നേടാം എന്ന സന്ദേശവുമായാണ് തുഞ്ചന്റെ നാട്ടിൽ ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിക്കുന്നത്. സാഹിത്യവും ശാസ്ത്രവും മാനവിക വിഷയങ്ങളും സാമൂഹ്യ ശാസ്ത്രവും സാങ്കേതിക വിദ്യയുമെല്ലാം മലയാള മാധ്യമത്തിലൂടെ പഠിപ്പിക്കാനവസരമൊരുക്കുന്ന സര്‍വകലാശാല ആത്യന്തികമായി മാതൃഭാഷാഭിമാനം വളര്‍ത്താന്‍ ലക്ഷ്യമിടുന്നു. അറിവിന് ഭാഷ തടസ്സമല്ലെന്നും ഏത് ഉന്നതതലം വരെയും മലയാളത്തിൽ തന്നെ പഠിക്കാനാവുമെന്നും തെളിയിച്ച് ഈ സര്‍വകലാശാല ഒരു ദശാബ്‌ദത്തിലേറെയായി കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തില്‍ തലയുയര്‍ത്തി നിൽക്കുന്നു.
കേരള സര്‍ക്കാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2012 നവംബര്‍ ഒന്നിനാണ് മലയാള സര്‍വകലാശാല മലപ്പുറം ജില്ലയിലെ തിരൂരില്‍ പിറവിയെടുക്കുന്നത്. മലയാള ഭാഷ, താരതമ്യ സാഹിത്യം, മലയാള വിമര്‍ശനം, സംസ്‌കാര-പൈതൃകം, ദക്ഷിണേന്ത്യന്‍ ഭാഷകളുടെ ലിപി പരിണാമം, ഗോത്ര ഭാഷകള്‍, പ്രാദേശിക ഭാഷകള്‍, മലയാള കവിത, ചെറു കഥ, നോവല്‍, കേരളീയ നവോത്ഥാനം, ചരിത്രം, കേരളത്തിന്റെ വൈജ്ഞാനിക പാരമ്പര്യം, പുരാതത്വ വിജ്ഞാനം, മ്യൂസിയ പഠനം, പരിഭാഷ എന്നിവയെ മുന്‍ നിര്‍ത്തി സവിശേഷ പഠനങ്ങള്‍ നിര്‍വഹിക്കാന്‍ ഉദ്ദേശിച്ചാണ് സര്‍വകലാശാല സ്ഥാപിച്ചിട്ടുള്ളത്. സമകാലിക ജീവിതത്തിനാവശ്യമായ തരത്തില്‍ ഈ മേഖലകളില്‍ പുതിയ കാഴ്‌ചപ്പാടുകളും അറിവും സങ്കല്‍പ്പനങ്ങളും വികസിപ്പിക്കുകയാണ് സര്‍വകലാശാല ചെയ്യുന്നത്.
കേവലം മലയാള ഭാഷാ, സാഹിത്യ പഠനം മാത്രമല്ല ഇവിടെ നടക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടാന്‍ വൈദേശിക ഭാഷകള്‍ തന്നെ വേണമെന്ന ശാഠ്യവും ഇവിടെയില്ല. വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഇഷ്‌ട വിഷയത്തിൽ മലയാളത്തില്‍ തന്നെ ബിരുദ-ബിരുദാനന്തര ബിരുദങ്ങളും ഡോക്‌ടറേറ്റും വരെ നേടാനുള്ള അവസരമൊരുക്കുന്നുണ്ട്. എട്ട് ഫാക്കല്‍റ്റികളിലായി 11 ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഗവേഷണ സൗകര്യവും അനുബന്ധ കോഴ്‌സുകളും ഇവിടെയുണ്ട്.