ഭരണ ഭാഷ മാതൃ ഭാഷ

ഭരണ ഭാഷ മാതൃ ഭാഷ
കൃഷ്‌ണ കുമാർ. വി.ആര്‍.
ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര(ഔദ്യോഗിക ഭാഷ) വകുപ്പ്

ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുമായുള്ള ആശയ വിനിമയം മാതൃ ഭാഷയിലായിരിക്കണം. അതു കൊണ്ടു തന്നെ കേരളത്തിലെ ഭരണ നടപടികള്‍ മലയാളത്തിലായിരിക്കണമെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഭരണ രംഗത്ത് മലയാളത്തിന്റെ പദവിയും പ്രാധാന്യവും ഉറപ്പു വരുത്താന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. സംസ്ഥാനത്തെ ഭരണ ഭാഷ മലയാളമാക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും നടപ്പിലാക്കുന്നതും ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പാണ്. ഉപദേശ-നിര്‍ദേശങ്ങളും പരിശീലന പരിപാടികളും പ്രോത്സാഹന പദ്ധതികളുമൊക്കെ അടങ്ങുന്ന പ്രവര്‍ത്തന ശൈലിയാണ് ഔദ്യോഗിക ഭാഷാ വകുപ്പിനുള്ളത്.

ഭരണ ഭാഷാ പരിശീലനം

മലയാളത്തോടുള്ള വിമുഖത മാറ്റിയെടുക്കുന്നതിനായി കേരള നിയമ സഭയുടെ 1983-ലെ എസ്റ്റിമേറ്റ് കമ്മിറ്റിയാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി ആരംഭിക്കണമെന്ന് ശിപാര്‍ശ ചെയ്‌തത്. ലളിതമായ ഭാഷയിലെഴുതാന്‍ പ്രാപ്‌തരാക്കുന്നതിനായി വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. മലയാളം കമ്പ്യൂട്ടിങ്ങ്, മലയാളം ചുരുക്കെഴുത്ത് എന്നിവയിലും ആവശ്യക്കാര്‍ക്ക് പരിശീലനം നൽകുന്നു.

പ്രധാനപ്പെട്ട ഉത്തരവുകള്‍

ഭരണ രംഗത്ത് മലയാളത്തിന്റെ ഉപയോഗം സാർവത്രികമാക്കുന്നതിന് സര്‍ക്കാര്‍ വിവിധ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ വകുപ്പിലെ ചട്ടങ്ങൾ, കോഡുകള്‍, മാന്വലുകള്‍, ഫാറങ്ങള്‍ തുടങ്ങിയവ ബന്ധപ്പെട്ട വകുപ്പുകൾ തന്നെ പരിഭാഷപ്പെടുത്തി ഔദ്യോഗിക ഭാഷാ വകുപ്പിന്റെ പരിശോധനയ്ക്ക് നല്‍കണം. ഭാഷാമാറ്റ പുരോഗതി വിലയിരുത്തുന്നതിനായി വിവിധ തലങ്ങളില്‍ ഔദ്യോഗിക ഭാഷാ സമിതികള്‍ രൂപവല്‍ക്കരിക്കണം, മന്ത്രിസഭാ യോഗത്തിലേക്കുള്ള കുറിപ്പുകളും മന്ത്രിസഭാ തീരുമാനങ്ങളും മലയാളത്തിലായിരിക്കണം, സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗിക്കുന്ന ഫാറങ്ങള്‍ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശം നില നിര്‍ത്തി ദ്വിഭാഷയില്‍ അച്ചടിക്കണം തുടങ്ങി നിര്‍ദേശങ്ങള്‍ നിരവധിയുണ്ട്. മലയാള ദിനപ്പത്രങ്ങള്‍ക്ക് നൽകുന്ന പരസ്യങ്ങള്‍, ദര്‍ഘാസുകള്‍ എന്നിവ മലയാളത്തിലായിരിക്കണം, എല്ലാ ഓഫീസുകളിലും ‘മലയാളം നമ്മുടെ ഭരണ ഭാഷ, ഹര്‍ജികളും നിര്‍ദേശങ്ങളും ദയവായി മലയാളത്തില്‍ നല്‍കുക’ എന്ന ബോര്‍ഡ് സ്ഥാപിക്കണം, ഭരണ റിപ്പോർട്ടുകൾ മലയാളത്തിലും പ്രസിദ്ധീകരിക്കണം, സര്‍ക്കാര്‍ വാഹനങ്ങളില്‍ വകുപ്പിന്റെ പേര് മുന്‍വശത്ത് മലയാളത്തിലും പിന്‍വശത്ത് ഇംഗ്ലീഷിലും എഴുതി പ്രദര്‍ശിപ്പിക്കണം, ഓഫീസിന്റെ പേര് മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിരിക്കണം, ഓഫീസിന്റെയും ഓഫീസര്‍മാരുടെയും പേരും ഉദ്യോഗപ്പേരുമടങ്ങുന്ന മുദ്രകള്‍ മലയാളത്തില്‍ക്കൂടി നിര്‍മ്മിക്കണം, ശിലാ ഫലകങ്ങളിലെ ലിഖിതങ്ങളും സര്‍ക്കാര്‍ ചടങ്ങുകളുടെ ക്ഷണക്കത്തുകളും മലയാളത്തില്‍ തയ്യാറാക്കണം, കിലോമീറ്റര്‍ കുറ്റികള്‍, ദിക്‌സൂചക ഫലകങ്ങള്‍, സ്ഥല നാമ ഫലകങ്ങള്‍ തുടങ്ങിയവയിലെ എഴുത്തുകള്‍ മലയാളത്തിലാക്കണം, ഭാവിയില്‍ പുറപ്പെടുവിക്കുന്ന ചട്ടങ്ങളും, മൂല ചട്ടങ്ങളുടെ ഭേദ ഗതിയും മലയാളത്തില്‍ പ്രസിദ്ധീകരിക്കണം – എന്നിങ്ങനെ നിരവധി ഉത്തരവുകളുണ്ട്.

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന എല്ലാ എഴുത്തു പരീക്ഷകളിലും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് നിലവിലെ അവകാശം നിലനിറുത്തി ഒരു പേപ്പര്‍ മലയാളത്തിൽ തന്നെ ആയിരിക്കേണ്ടതാണ്. സാങ്കേതിക യോഗ്യത ആവശ്യമില്ലാത്ത ബിരുദതലം വരെയുള്ള എല്ലാ പരീക്ഷകളും മലയാള മാധ്യമത്തില്‍ നടത്തുന്നതിനും എഴുത്തു പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് മലയാള മാധ്യമത്തില്‍ക്കൂടി പരീക്ഷ എഴുതാന്‍ അനുവാദം നൽകുന്നതിനും പി.എസ്.സി തീരുമാനിച്ചത് ഔദ്യോഗിക ഭാഷാ വകുപ്പിന്റെ നിതാന്ത പരിശ്രമത്തിനൊടുവിലാണ്. പത്താം ക്ലാസ്സിലോ +2, ഡിഗ്രി തലത്തിലോ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവർ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചാല്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുതിനു മുമ്പ് പി.എസ്.സി നടത്തുന്ന മലയാള പരീക്ഷ 40% ല്‍ കുറയാത്ത മാര്‍ക്കോടെ വിജയിക്കണം. സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും വെബ്സൈറ്റുകളിലെ വിവരങ്ങള്‍ മലയാളത്തില്‍ക്കൂടി ലഭ്യമാക്കേണ്ടതാണ്. വകുപ്പുകളിലെ ആഭ്യന്തര പരിശോധനാ സംവിധാനത്തില്‍ ഭാഷാമാറ്റ പുരോഗതി എന്നയിനം കൂടി ഉള്‍പ്പെടുത്തി പരിശോധിക്കേണ്ടതാണ്. ഔദ്യോഗിക ഭാഷ സംബന്ധിച്ച ഉത്തരവുകള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പരിഭാഷാ സെല്‍

സി.ഡിറ്റ്, മലയാള സര്‍വകലാശാല എന്നിവയുടെ സഹകരണത്തോടെ ശബ്‌ദതാരാവലി ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള ഏകോപന ചുമതല കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് നല്‍കി. നിലവിലുള്ള കോഡുകള്‍, മാന്വലുകള്‍, ചട്ടങ്ങൾ, ഫാറങ്ങള്‍ തുടങ്ങിയവ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഓരോ വകുപ്പിലും ഒരു പരിഭാഷാ സെല്‍ രൂപവല്‍ക്കരിക്കാനും അതിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ഒരു നോഡല്‍ ഓഫീസറെ നിയമിക്കാനും ധാരണയായിട്ടുണ്ട്.

നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷ ഭാഷകളും ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലൊഴികെയുള്ള എല്ലാ ആവശ്യങ്ങള്‍ക്കും ഭരണ രംഗത്ത് മലയാളമാണ് ഉപയോഗിക്കേണ്ടത്. ഇത് കേരള ജനതയുടെ അവകാശമാണ്. ഈ വ്യവസ്ഥ ലംഘിച്ചു കൊണ്ട് മലയാള ഭാഷയിലല്ലാത്ത കത്തുകളോ ഉത്തരവുകളോ പുറപ്പെടുവിച്ചതായി പൊതു ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതി സമയ ബന്ധിതമായി തീർപ്പാക്കുന്നതിന് ഔദ്യോഗിക ഭാഷാ വകുപ്പിലെ സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് നിയുക്ത ഉദ്യോഗസ്ഥരുടെ ചുമതല നല്‍കി 2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റ് പ്രകാരം കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

കോടതി ഭാഷ

ഹൈക്കോടതി ഉള്‍പ്പെടെയുള്ള എല്ലാ കോടതികളിലെയും വ്യവഹാര ഭാഷയും ഭരണ ഭാഷയും മലയാളമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ജസ്റ്റിസ് കെ.കെ.നരേന്ദ്രന്‍ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചത് 1987-ലാണ്. കോടതി ഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുവാനായി മുഖ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല സമിതി രൂപവൽക്കരിച്ചിട്ടുണ്ട്. മുന്‍സിഫ്-മജിസ്ട്രേറ്റ് കോടതികളിലെ നടപടികളും ജില്ലാക്കോടതികളിലേക്ക് അപ്പീല്‍/റിവിഷന്‍ അധികാരം ഉള്ളതുമായ കേസുകളിലെ വിധി ന്യായങ്ങള്‍ മലയാളത്തില്‍ക്കൂടി ലഭ്യമാക്കുക, ജഡ്‌ജിമാർക്ക് വിധി ന്യായങ്ങള്‍ മലയാളത്തില്‍ എഴുതിന്നതിനുള്ള പരിശീലനം നല്‍കുക, കോടതികളില്‍ ആവശ്യമായ പരിഭാഷകരുടെ തസ്‌തിക സൃഷ്‌ടിക്കുക തുടങ്ങിയ പരിപാടികള്‍ നടപ്പിലാക്കി ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കോടതി വിധികള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യാന്‍ ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയർ/ട്യൂളുകള്‍ സംബന്ധിച്ച പരിശോധന നടന്നു വരികയാണ്.

ഏകീകൃത എഴുത്തു രീതി

മലയാള ഭാഷയുടെ സർവതോന്മുഖമായ പുരോഗതിക്ക് നമ്മുടെ സമൂഹത്തില്‍ ഭരണം, വിദ്യഭ്യാസം, അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും ഒരേ വിധത്തിലുള്ള എഴുത്തു രീതിയും അച്ചടി രീതിയും പിന്തുടരേണ്ടത് അനിവാര്യമാണ്. മലയാള ഭാഷയില്‍ ഏകീകൃത ഭാഷാ രചനാ സമ്പ്രദായം രൂപപ്പെടുത്തുന്നതിനും 1971 ലിപി പരിഷ്‌കരണ ഉത്തരവ് പുനഃ പരിശോധിക്കുന്നതിനും മലയാള ഭാഷയില്‍ പുതിയ വാക്കുകള്‍ കണ്ടെത്തി അംഗീകരിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഭാഷാ മാര്‍ഗ നിര്‍ദേശക വിദഗ്‌ധ സമിതി 2021-ല്‍ രൂപവല്‍ക്കരിച്ചു. സമിതി സമര്‍പ്പിച്ച ലിപി പരിഷ്‌കരണ നിര്‍ദേശങ്ങളും ഭാഷാ പ്രയോഗ രീതിയും ‘മലയാളത്തിന്റെ എഴുത്തു രീതി’ എന്ന പേരില്‍ കൈപ്പുസ്‌തകമായി പ്രസിദ്ധീകരിച്ചിട് കൈപ്പുസ്തകമായി പ്രസിദ്ധീകരിച്ചി’ുണ്ട്.