സഫലമാവുന്ന സ്വപ്‌നങ്ങള്‍

അര്‍ജുന്‍ മാധവ്

‘ലിറ്റില്‍ കൈറ്റ്സില്‍ വന്ന ശേഷം ഞങ്ങളുടെ കഴിവുകള്‍ മനസ്സിലാക്കാനും ഒത്തിരി സ്വപ്‌നങ്ങൾ സഫലമാക്കാനും സാധിക്കുന്നുണ്ട്. എനിക്ക് മാത്രമല്ല, കൂട്ടുകാർക്കും’- തിരുവനന്തപുരം കോട്ടൺഹിൽ ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥി തങ്കലക്ഷ്‌മി എസ്.ആറിന്റെ വാക്കുകളാണ്. പഠിക്കാന്‍ ആഗ്രഹിച്ച റോബോട്ടിക്‌സ്, AI എന്നീ വളർന്നു വരുന്ന സാങ്കേതിക വിദ്യകള്‍ പഠിക്കാനും അത് സഹപാഠികളിലേക്ക് പകരാനും ലിറ്റില്‍ കൈറ്റ്സ് സഹായിച്ചതായും തങ്കലക്ഷ്‌മി പറയുന്നു.

‘ലിറ്റില്‍ കൈറ്റ്സ് ‘ പ്രവര്‍ത്തനത്തിനു സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടിയ കോട്ടൺഹിൽ സ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്സ് നടപ്പിലാക്കിയ വ്യത്യസ്‌തമായ പഠന സൗകര്യങ്ങള്‍, വിദ്യാര്‍ഥികളുടെ നൂതന സാങ്കേതിക വിദ്യകളിലെ കഴിവുകളുടെയും വളര്‍ച്ചയ്ക്ക് സഹായകരമായി മാറിയെന്ന് കുട്ടികളും അധ്യാപകരും ഒരുപോലെ സാക്ഷ്യപ്പെടുത്തും. ലിറ്റില്‍ കൈറ്റ്സിലൂടെ സ്‌മാർട്ട് ബ്ലൈൻഡ് സ്റ്റിക് മുതല്‍ ഓൺലൈൻ ഗെയിമിംഗ് ഡിസൈന്‍ വരെ നീണ്ടു നിൽക്കുന്ന സ്‌കൂളിലെ കുട്ടികളുടെ മികവ്. റോബോട്ടിക് മേഖലയിൽ ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയാനുള്ള റോബോട്ടിക് ആംസ്, സ്‌മാർട്ട് ബ്ലൈൻഡ് സ്റ്റിക്ക് എന്നിവ ഏറെ കൗതുകം സൃഷ്‌ടിച്ചിരുന്നു. തിങ്കിങ്ങ് സെന്‍സര്‍, നാവിഗേഷണല്‍ സെന്‍സര്‍, ക്യാമറ എന്നീ സാങ്കേതിക വിദ്യകള്‍ റോബോട്ടിലുണ്ട്. കാഴ്‌ചയില്ലാത്ത ആളുകള്‍ക്ക് സൗകര്യ പ്രദമായ പിന്തുണ നൽകുന്ന സ്‌മാർട്ട് ബ്ലൈൻഡ് സ്റ്റിക്ക് ‘അള്‍ട്രാ സോണിക് സെന്‍സര്‍’കൊണ്ട് പ്രവർത്തിക്കുന്നു. ചുറ്റുപാട് ഉള്ള തടസ്സങ്ങള്‍, കുഴികള്‍ തുടങ്ങിയവയെപ്പറ്റി സജീവ ശബ്‌ദങ്ങളുടെ അടിസ്ഥാനത്തില്‍ ഉപയോക്താവിനെ മുന്നറിയിപ്പ് നൽകുന്നു. വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച റെയില്‍വേ ക്രാക്ക് ഡിറ്റക്‌ടർ റോബോട്ട് താപ സെന്‍സറുകള്‍, പീക്ക്-ടു-വാലി സെന്‍സറുകള്‍ എന്നിവ ഉപയോഗിച്ച് റെയില്‍വേ പാതകളിലെ പൊട്ടലുകൾ കണ്ടെത്തി സുരക്ഷിതത്വം വര്‍ധിപ്പിക്കാന്‍ ഉതകുന്നവയാണ്. കോട്ടൺ ഹിൽ ഡിലൈറ്റ്സ് എന്ന യൂട്യൂബ് ചാനലും, ‘സ്‌കൂള്‍ ആപ്പ് ‘, ‘സ്‌കൂള്‍ വിക്കി’, എന്നീ പരിപാടികളും ഏറെ ആകര്‍ഷകമാണ്. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ലിറ്റില്‍ കൈറ്റ്സിലൂടെ ലഭിച്ച അറിവ് അയൽക്കൂട്ടങ്ങളിലൂടെയും മറ്റുമായി നാട്ടിൽ മറ്റു കുട്ടികൾക്ക് പകർന്നു കൊടുക്കുന്ന പരിപാടിയും സ്‌കൂള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

അമിന, റോഷിനി ഇ, രേഖ ബി എന്നീ അധ്യാപകരുടെ നേതൃത്വത്തിലുള്ള കൈറ്റ്സ് ടീം വിദ്യാര്‍ഥികളുടെ കഴിവുകള്‍ തെളിയിക്കാനും പ്രവര്‍ത്തനങ്ങള്‍ രസകരമായി കൊണ്ടു പോകാനും ഒപ്പമുണ്ട്. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തിലും കുട്ടികളെ പങ്കാളികളാക്കിയാണ് പവര്‍ത്തനങ്ങള്‍. സ്‌കൂളിൽ നിന്നു പഠിക്കുന്നതിനപ്പുറം ജീവിതത്തില്‍ ആവശ്യമായ പല പ്രായോഗിക അറിവുകളും കൈറ്റ്സിലൂടെ നേടാനാവുമെന്നാണ് ഉമ എസ് എന്ന വിദ്യാര്‍ഥിനിയുടെ അഭിപ്രായം.

‘ലിറ്റില്‍ കൈറ്റ്‌സിന്റെ ടെക്ക് ഫെസ്റ്റ്, ഇന്റര്‍ സ്‌കൂള്‍, ഇന്റര്‍ കൊളീജിയറ്റ് പരിപാടികളില്‍ സ്‌കൂള്‍ മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. പുരസ്‌കാരങ്ങളും നേടി. മത്സരങ്ങളില്‍ എഞ്ചിനീയറിങ്ങ് കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്താന്‍ സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്സ് ടീമിന് കഴിഞ്ഞതിലുള്ള അഭിമാനമാണ് പ്രിന്‍സിപ്പല്‍ ഹെഡ്‌മിസ്‌ട്രസ്സ് ഗീത ജി യ്ക്കുള്ളത്.

നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഉത്സാഹ ഭരിതരായ ഈ ‘ലിറ്റില്‍ കൈറ്റ്സ് കുട്ടികൾ നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റ പ്രതീക്ഷയുണർത്തുന്ന ഭാവിയിലേക്ക് വിരൽ ചൂണ്ടുന്നു.