അതിജീവനത്തിന്റെ പാതയില്‍

രമേഷ്‌കുമാര്‍ വെള്ളമുണ്ട

മരണം പെയ്‌തിറങ്ങിയ മല നിരകള്‍ക്ക് താഴെ ചുവന്ന മൺകൂനകളും പാറക്കെട്ടുകളും മാത്രം. ആഴ്‌ന്നിറങ്ങിയ ദുരന്തം ഒരു രാത്രി കൊണ്ട് ഒലിപ്പിച്ചു കൊണ്ടുപോയത് ആയിരക്കണക്കിനാളുകളുടെ സ്വപ്‌നം കൂടിയാണ്. 500ന് താഴെയാളുകളുടെ മരണം സ്ഥിരീകരിച്ച ദുരന്തത്തില്‍ വിറങ്ങലിച്ചു പോയതാണ് ഈ നാടെല്ലാം. ഉരുൾപൊട്ടലിന്റെ ഉറവിടത്തിന് തൊട്ടു താഴെയുള്ള ഒട്ടനവധി വീടുകൾ ഇപ്പോള്‍ ഇവിടെയില്ല. റോഡുകളും പാലങ്ങളും വിദ്യാലയങ്ങളും സ്ഥാപനങ്ങളും അങ്ങാടിയുമില്ല. നിരവധി വീടുകള്‍ ശക്തമായ മലവെള്ളപാച്ചിലില്‍ ചിതറി തെറിച്ചു. അടിത്തറകള്‍ പോലും ഇളക്കി ആഞ്ഞടിച്ച ദുരന്തം മിനുറ്റുകള്‍ക്കുള്ളിലാണ് എല്ലാം നശിപ്പിച്ചത്. ആകെയുള്ളത് എല്ലാം പോയി.

കനത്ത മഴ മാറി വെയില്‍ വന്നു. സംഭവത്തിന് ശേഷം സ്വന്തം വീടിന്റെയും നാടിന്റെയും അവസ്ഥ കാണാനായിരുന്നു അനീഷ് എത്തിയത്. പുഞ്ചിരിമട്ടത്തുള്ള വീട് പോലും കാണാന്‍ കഴിയാതെ അനീഷ് ദുരന്ത ഭൂമിയില്‍ ഉറ്റവരെ തിരയുകയാണ്. കൈ അകലത്തില്‍ നിന്നും മൂന്നു മക്കളെയും ദുരന്തം കൊണ്ടുപോയി. ആകെയുള്ള ജീപ്പും വീടുമെല്ലാം നഷ്‌ടപ്പെട്ടു. താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ സര്‍ക്കാരിന്റെ പരിരക്ഷയില്‍ കഴിയുകയാണ് ഇന്ന് അനിഷും ഭാര്യയും മാത്രമടങ്ങുന്ന കുടുബം. പിതാവിനെയും മാതാവിനെയും സഹോദരിയെയും നഷ്‌ടപ്പെട്ട ആറുവയസ്സുകാരി ഇന്നും ഒന്നുമറിഞ്ഞിട്ടില്ല. അന്ന് രാത്രി വൈകി ഉമ്മയോടും ആറാം തരത്തില്‍ പഠിക്കുന്ന മൂത്ത സഹോദരിക്കൊപ്പവും കിടന്ന ഈ മകള്‍ മാത്രം ദുരന്തത്തില്‍ ബാക്കിയായി. എല്ലാവരും എവിടെപ്പോയി എന്ന ചോദ്യം പോലും ചോദിക്കാനറിയാതെ ഈ മകള്‍ ഒരു നാടിന്റെ നൊമ്പരമായി അകലെയായുള്ള ബന്ധു വീടിന്റെ തണലിലാണ്. 52 കുടുംബങ്ങളിലെ എല്ലാവരും ദുരന്തത്തിന്റെ ഇരകളായി. 17 കുടുംബങ്ങളില്‍ നിന്നു മാത്രം 62 പേര്‍ മരിച്ചു. മുണ്ടക്കൈയിലെ അങ്ങാടി ഇന്നില്ല. നിശ്ശേഷം ഈ ഓര്‍മ്മകളെയും ഉരുളെടുത്തു കൊണ്ടുപോയി.

555 വീടുകളും 2300 ലധികം ആളുകളും നേരിട്ട് ദുരന്തത്തിന്റെ ഇരകളാണ്. കുടുംബനാഥന്‍ നഷ്‌ടപ്പെട്ടവരും ജീവനോപാധികള്‍ നഷ്‌ടപ്പെട്ടവരും ഒരു ജീവിതം തിരികെ പിടിക്കാന്‍ കാത്തിരിക്കുകയാണ്. ദുരന്തം വയനാടിന്റെ ടൂറിസത്തെയും ആകെ തകര്‍ത്തു. നിരവധി സംരംഭകര്‍ക്കും കനത്ത നഷ്‌ടമുണ്ടാക്കി. ഇതില്‍ നിന്നെല്ലാമുള്ള അതി ജീവനമാണ് വയനാടും ലക്ഷ്യമിടുന്നത്.

പുതിയ യാത്ര പുതിയ പ്രതീക്ഷകള്‍

ഉരുൾ പൊട്ടൽ  ദുരന്തത്തിന്റെ ഇന്നലെകളിൽ നിന്നും അതി ജീവനത്തിന്റെ പുതിയ പാഠങ്ങളും മുന്നേറ്റങ്ങളുമായി വീണ്ടും അവര്‍ ഒത്തു ചേർന്നു. ആര്‍ത്തലച്ചു പോയ നാടിന്റെ കുരുന്നുകളെ ചേര്‍ത്തു പിടിച്ച് മേപ്പാടിയില്‍ നടന്ന പുന പ്രവേശനോത്സവം കരുതലിന്റെയും പ്രതീക്ഷകളുടെയും പുതിയ സന്ദേശമായി. മുണ്ടക്കൈ, ചൂരല്‍മല ദുരന്ത മേഖലകളില്‍ നിന്നുമുള്ള 607 കുട്ടികൾക്കാണ് മേപ്പാടിയില്‍ അതിവേഗം ക്ലാസ്സ് മുറികള്‍ ഒരുങ്ങിയത്. മുണ്ടക്കൈ ജി.എല്‍.പി സ്‌കൂളിലെ 61 കുട്ടികളും വെളളാര്‍മല ജി.വി.എച്ച്.എസ്.എസ്സിലെ 546  കുട്ടികളുമാണ് മേപ്പാടിയിലെ പുതിയ ക്ലാസ്സ് മുറികളില്‍ പഠനം തുടരുക. കളിപ്പാട്ടങ്ങളും സൈക്കിളുകളും എല്ലാമായി മുണ്ടക്കൈയിലെ പഴയ വിദ്യാലയം തന്നെയാണ് ഇവിടെ പുനഃക്രമീകരിച്ചത്.

ഒരു നാടിന്റെ നൊമ്പരങ്ങളെല്ലാംമറന്ന് പുതിയ പുലരികളിലേക്കുള്ള അവരുടെ യാത്രയും വേറിട്ടതായി. ചൂരല്‍ മലയില്‍ നിന്നും മൂന്ന് കെ.എസ്.ആര്‍.ടി.സി ബസ്സുകളിലായിരുന്നു കുട്ടികളുടെയെല്ലാം മേപ്പാടിയിലെ പുതിയ വിദ്യാലയത്തിലേക്കുള്ള യാത്ര. തേയിലത്തോട്ടങ്ങളെ പിന്നിട്ട് ബസ്സുകള്‍ മേപ്പാടിയിലെത്തുമ്പോള്‍ ഇവരെയെല്ലാം മധുരം നല്‍കി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും മന്ത്രിമാരായ എ.കെ.ശശീന്ദ്രനും, ഒ.ആര്‍ കേളുവും ജന പ്രതിനിധികളും നാടും ഒന്നാകെ അവിടെയുണ്ടായിരുന്നു.

അതിവേഗം ഒരുങ്ങി ബദല്‍ വിദ്യാലയം

ദുരന്ത മേഖലയിലുള്ളവരുടെ താല്‍ക്കാലിക പുനരധിവാസം ഉള്‍പ്പെടെ നാലാഴ്‌ചകൾക്കുള്ളിൽ സാധ്യമാക്കിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ബദല്‍ വിദ്യാലയവും കരുത്തായി മാറി. മികച്ച സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ച മുണ്ടക്കെയിലെയും വെള്ളാര്‍മലയിലെയും രണ്ട് മാതൃക പൊതു വിദ്യാലയങ്ങളാണ് ഉരുൾപൊട്ടൽ ദുരന്തത്തില്‍ മാഞ്ഞു പോയത്. ദുരന്തത്തില്‍ മരിച്ച കുട്ടികളും ഈ വിദ്യാലയങ്ങളുടെ തീരാ വേദനയായി മാറി. 36 കുട്ടികൾ മരിക്കുകയും 17 കുട്ടികളെ കാണതാവുകയും ചെയ്‌തിരുന്നു. 316 കുട്ടികൾ ദുരിതാശ്വാസ ക്യാമ്പുകളിലുമായിരുന്നു. ഒട്ടുമിക്ക കുട്ടികളുടെ കുടുംബത്തെയും ദുരന്തം സാരമായി ബാധിച്ചിരുന്നു. ഉറ്റവരെയും വീടിനെയും വിദ്യാലയത്തിനെയും നഷ്‌ടപ്പെട്ട കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുകയെന്നതും താല്‍ക്കാലിക പുനരധിവാസം പോലെ പ്രധാനപ്പെട്ടതായിരുന്നു. ഇതിനായുള്ള അതിവേഗ തയ്യാറെടുപ്പുകളാണ് താമസിയാതെയുള്ള പുനഃപ്രവേശനോത്സവത്തിന് കളമൊരുക്കിയത്.

ജി.വി.എച്ച്.എസ്.എസ് വെള്ളാര്‍മലയിലെ വിദ്യാര്‍ഥികള്‍ക്കായി മേപ്പാടി ജി.എച്ച്.എസ്.എസ്സില്‍ 12 ക്ളാസ്സ് മുറികള്‍, രണ്ട് ഐ.ടി.ലാബുകള്‍, ഓഫീസ്, സ്റ്റാഫ് റൂം എന്നിവയും മുണ്ടക്കെ ജി.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി മേപ്പാടി എ.പി.ജെ ഹാളില്‍ അഞ്ച് ക്ലാസ്സ് മുറികളുമാണ് ഒരുങ്ങിയത്. കുട്ടികൾക്ക് ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കളകളും സജ്ജമായി. ദുരന്തത്തില്‍ പുസ്‌തകങ്ങൾ നഷ്‌ടപ്പെട്ട 296 കുട്ടികൾക്കാണ് പൊതു വിദ്യാഭ്യാസ വകുപ്പ് വഴി പാഠ പുസ്‌തകങ്ങൾ ലഭ്യമാക്കിയത്. മുണ്ടക്കൈയിലെയും വെളളാര്‍ മലയിലെയും 282 കുട്ടികൾക്കുള്ള യൂണിഫോമും നല്‍കി. ദുരന്ത മേഖലയില്‍ നിന്നുള്ള കുട്ടികൾക്കായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്‌ടറേറ്റിൽ 668 കിറ്റുകളും കൂടുതല്‍ ആവശ്യമായുള്ളവ ജില്ലാ ഭരണകൂടവും കണ്ടെത്തി.

വിദ്യാലയത്തില്‍ നിലവിലുള്ള ശുചി മുറികള്‍ക്ക് പുറമെ 20 ബയോ ടോയ്‌ലെറ്റുകളും ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഇവിടെ സജ്ജീകരിക്കും. ജില്ലാ പഞ്ചായത്ത് വഴി 8 യുറിനല്‍ യൂണിറ്റുകളും 2 ശുചിമുറികളും ഇവിടെ ഒരുങ്ങും. മേപ്പാടി ജി.എച്ച്.എസ്.എസ്സിലെ ഡൈനിങ്ങ് ഹാള്‍ കെട്ടിടത്തിന്റെ മുകളില്‍ രണ്ടു നിലകളിലായി എട്ട് ക്ലാസ്സ് മുറികളും അനുബന്ധ ശുചിമുറികളും നിര്‍മ്മിക്കാന്‍ ബില്‍ഡിങ്ങ് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷനുമായി ഇതിനകം ധാരണയായിട്ടുണ്ട്. മേപ്പാടിയിലെ ബദല്‍ വിദ്യാലയത്തിലെത്താന്‍ കുട്ടികൾക്കുള്ള യാത്രാ സൗകര്യം ഉറപ്പു വരുത്തിയിട്ടുണ്ട്.

മന്ത്രിതല ഉപസമിതി തീരുമാന പ്രകാരം കുട്ടികളെ വിദ്യാലയത്തിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വ്വീസുകള്‍ നടത്തും. യാത്ര സൗകര്യം ആവശ്യമുള്ള 428 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും 72 വി.എച്ച്.എസ്.സി വിദ്യാര്‍ഥികള്‍ക്കും കെ.എസ്.ആര്‍.ടി.സി, ജീപ്പ്, ഓട്ടോറിക്ഷ സൗകര്യങ്ങള്‍ ഒരുക്കി. സ്വകാര്യ ബസ്സുകളില്‍ സൗജന്യ യാത്രാ പാസ്സും അനുവദിച്ചു. കുട്ടികൾ, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവർക്കായുള്ള മാനസിക പിന്തുണ പ്രവര്‍ത്തനങ്ങളും മുന്നേറുകയാണ്. ഇതിനായി സര്‍വശിക്ഷാ കേരളം എസ്.സി.ഇ.ആര്‍.ടി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക മൊഡ്യൂളുകളും തയ്യാറാക്കിയിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് നഷ്‌ടപ്പെട്ട അധ്യയന ദിനങ്ങള്‍ അവധി ക്രമീകരണത്തിലൂടെ വീണ്ടെടുക്കാനുള്ള പദ്ധതിയും തയ്യാറായി വരികയാണ്. അതിവേഗമാണ് ഈ ആസൂത്രണങ്ങളെല്ലാം മുന്നേറിയത്.