പുനരധിവാസത്തിന് പുതുമാതൃക

കെ രാജന്‍
റവന്യു മന്ത്രി

വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമറ്റം എന്നിവിടങ്ങളിൽ കഴിഞ്ഞ മാസമുണ്ടായ ഭീകരമായ ഉരുള്‍ പൊട്ടലിൽ സര്‍വതും നഷ്‌ടപ്പെട്ട ദുരന്ത ബാധിതരുടെ പുനരധിവാസം കേരളത്തിന്റെ അടിയന്തര കര്‍ത്തവ്യമാണ്. കാലാവസ്ഥ വ്യതിയാനം മൂലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളം അഭിമുഖീകരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ വ്യാപ്‌തി ജന ജീവിതത്തിലും സാമൂഹിക, സാമ്പത്തിക മേഖലകളിലും ദൂര വ്യാപക പ്രത്യാഘാതങ്ങളാണ് ഉളവാക്കുന്നത്. നിരവധിയാളുകളുടെ വാസസ്ഥലവും പാര്‍പ്പിടവും കൃഷിയും മറ്റു ജീവനോപാധികള്‍ക്കും ഉണ്ടായ നാശനഷ്‌ടങ്ങൾ വിവരണാതീതമാണ്.

താല്‍ക്കാലിക പുനരധിവാസം

ദുരന്തമുഖങ്ങളില്‍ ദുരന്ത ബാധിതരെ ചേര്‍ത്തു നിര്‍ത്തി പ്രയാസങ്ങളെ അകറ്റാനും അവരുടെ സ്വപ്‌നങ്ങൾക്ക് പുതുജീവന്‍ നല്‍കാനും സര്‍ക്കാരിനു ഫലപ്രദമായി ഇടപെടാനായി. അതില്‍ ജനങ്ങളുടെയാകെ അകമഴിഞ്ഞ പിന്തുണയുണ്ടെന്നതും ഏറെ പ്രതീക്ഷ നൽകുന്നു.

വയനാട് ദുരന്തത്തെ തുടർന്ന് 17 ക്യാമ്പുകളിലായി 983 പേരാണ് എത്തിച്ചേർന്നത്. അതില്‍ 794 പേര്‍ പൂർണമായും ദുരന്ത മേഖലകളില്‍ നിന്നുള്ളവരായിരുന്നു.

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാന ദൗത്യം ആദ്യഘട്ടം എന്ന നിലയില്‍ ക്യാമ്പുകളില്‍ താമസിക്കുന്നവർക്ക് താല്‍ക്കാലിക പുനരധിവാസം ഏറ്റവും വേഗത്തില്‍ ഒരുക്കുക എന്നതായിരുന്നു. ആഗസ്റ്റ് 30 നകം ഈ ദൗത്യം പൂർത്തിയാക്കുവാനായിരുന്നു സർക്കാർ ആഗ്രഹിച്ചിരുന്നത്.

രക്ഷാദൗത്യവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുമ്പോള്‍ തന്നെ ഏറ്റവും വേഗം താല്‍ക്കാലിക ക്യാമ്പുകളില്‍ നിന്നും ദുരന്ത ബാധിതരെ ആദ്യ ഘട്ടത്തിൽ വാടക വീടുകളിലേക്കും മാറ്റുക എന്ന പ്രവര്‍ത്തനവും മന്ത്രിസഭാ ഉപ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ലഭ്യമായ സര്‍ക്കാര്‍ ക്വാർട്ടേഴ്‌സുകളും മേപ്പാടിക്ക് ചുറ്റുവട്ടത്തുള്ള വാടക വീടുകളുമാണ് താല്‍ക്കാലിക പുനരധിവാസത്തിനു വേണ്ടി ആദ്യം ഒരുക്കിയത്.

മേപ്പാടിക്ക് ചുറ്റുമുള്ള പഞ്ചായത്തുകളില്‍ കൂടി താമസിപ്പിക്കാന്‍ കരുതിയിരുന്നെങ്കിലും പല വിധത്തിലുള്ള കാരണങ്ങളാല്‍ തൊട്ടടുത്ത പഞ്ചായത്തുകളിലേക്ക് പോലും മാറാനുള്ള പ്രയാസങ്ങള്‍ ദുരിത ബാധിതര്‍ അറിയിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം, ജോലി സാഹചര്യങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരില്‍ നിന്നും വേറിട്ടു താമസിക്കുന്നതും പ്രയാസകരമായിരുന്നു. അതു കൊണ്ടു തന്നെ അവര്‍ നേരത്തെ താമസിച്ചിരുന്നതിന്റെ ഏറ്റവും അടുത്തുള്ള സ്ഥലങ്ങളില്‍ തന്നെ താല്‍ക്കാലിക പുനരധിവാസത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

പുനരധിവാസത്തിനുള്ള താല്‍ക്കാലിക വീടുകള്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്ന വാടക ആദ്യഘട്ടത്തിൽ തന്നെ 6000 രൂപ എന്ന നിലയില്‍ നിശ്ചയിച്ചു. ബന്ധു വീടുകളിലേക്ക് മാറി താമസിക്കുന്നവർക്കും ഈ തുക നല്‍കാനും തീരുമാനിച്ചു. വാടകത്തുക എത്ര കാലത്തേക്ക് ലഭിക്കും എന്ന സംശയം ആളുകള്‍ ഉയര്‍ത്തിയെങ്കിലും സ്ഥിരമായ പുനരധിവാസം പൂർത്തിയാകുന്നതുവരെ എന്ന തീരുമാനം അവര്‍ക്ക് ആശ്വാസം നല്‍കി. ആഗസ്റ്റ് 30 ന് പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ച താല്‍ക്കാലിക പുനരധിവാസം ഓഗസ്റ്റ് 24 ഓടെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു.

സമഗ്രമായ പുനരധിവാസം

ഇത്ര വലുതല്ലാത്ത ദുരന്തം ഉണ്ടായിട്ടും വര്‍ഷങ്ങളോളം ക്യാമ്പുകള്‍ നടന്ന ചരിത്രം കേരളത്തിനകത്തും പുറത്തും ഉണ്ടെന്നിരിക്കെ 800-ഓളം ദുരിതബാധിതരെ ഒരു മാസം തികയുന്നതിനു മുമ്പ് ക്യാമ്പുകളില്‍ നിന്നും മാറ്റാന്‍ കഴിഞ്ഞു എന്നത്  വലിയ നേട്ടമാണ്. പതിനേഴു ക്യാമ്പുകള്‍ ആരംഭിക്കുമ്പോള്‍, ഇവയുടെ മേൽനോട്ടത്തിനായി പ്രത്യേക ചുമതലക്കാരും ക്യാമ്പുകളുടെ ആകെയുള്ള നടത്തിപ്പിന് ഒരു ഡെപ്യൂട്ടി കളക്‌ടറെയും ചുമതലപ്പെടുത്തി. അസിസ്റ്റന്റ് കളക്‌ടർ ഗൗതം രാജിന് താല്‍ക്കാലിക വാസത്തിന് വിധേയരാവുന്നവരുടെ വിഷയങ്ങള്‍ പ്രത്യേകം പരിശോധിക്കാനുള്ള ചുമതലയും നല്‍കി. അവരെ പ്രത്യേകമായി ഫോണില്‍ വിളിച്ച്, അവര്‍ക്ക് ലഭ്യമാക്കേണ്ട സഹായങ്ങള്‍ എല്ലാം ലഭ്യമായോ എന്നു ഉറപ്പാക്കാന്‍ എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ചുമതല നല്‍കി.

ക്യാമ്പുകളില്‍ നിന്നും ബന്ധു വീടുകളിലേക്കോ വാടക വീടുകളിലേക്കോ മാറിപ്പോകുന്ന എല്ലാവര്‍ക്കും ബാക്ക് ടു ഹോം കിറ്റ്, ആവശ്യമായ ഫര്‍ണിച്ചര്‍, ഗൃഹോപകരണങ്ങള്‍, ക്ലീനിങ് മെറ്റീരിയല്‍ ഫുഡ് കിറ്റുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ലഭ്യമാക്കി. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവർ തിരിച്ചു പോകുമ്പോള്‍ താമസിക്കാനുള്ള സൗകര്യങ്ങളും കൂടി മുന്‍കൂറായി ഒരുക്കി.

അടിയന്തര ധനസഹായം

ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ ഉള്‍പ്പെടെ ദുരന്തബാധിതരായ മുഴുവന്‍ പേര്‍ക്കും ഒരു കുടുംബത്തിന് 10,000 രൂപ വീതം അടിയന്തര സഹായം നല്‍കി കഴിഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് എസ് ഡി ആര്‍ എഫ്, സി എം ഡി ആര്‍ എഫ്, പി എം എന്‍ ആര്‍ എഫ് എന്നിവിടങ്ങളിൽ നിന്നും ലഭ്യമാക്കേണ്ട ധന സഹായം ലഭ്യമാക്കി വരികയാണ്.

ക്യാമ്പുകളില്‍ നിന്നും മാറ്റപ്പെട്ടവർക്ക് നിന്നും മാറ്റപ്പെട്ടവർക്ക് സമാശ്വാസ തൊഴില്‍ സഹായമെന്ന നിലയില്‍ ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്കു പ്രതിദിനം 300 രൂപ വീതം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയമ പ്രകാരം ഒരു മാസത്തേക്ക് ഇത്തരത്തില്‍ സഹായം നല്‍കാന്‍ കഴിയൂവെങ്കിലും. അത് മൂന്നു മാസത്തേക്ക് കൊടുക്കാനുള്ള അനുമതി നൽകണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിേയാടും കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാര്‍ ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു.

എല്ലാം നഷ്‌ടപ്പെട്ട മനുഷ്യരുടെ പ്രധാനപ്പെട്ട പ്രശ്‌നമായിരുന്നു കടബാധ്യതകള്‍. ദുരിത ബാധിതരുടെ കടബാധ്യതകള്‍ കേരള ബാങ്ക് മുഴുവനായി എഴുതിത്തള്ളി. മുഖ്യമന്ത്രി പങ്കെടുത്ത പ്രത്യേക സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം ദുരിത ബാധിതരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യവും സര്‍ക്കാര്‍ ബാങ്കുകളോട് ഉന്നയിച്ചിട്ടുണ്ട്.

അവശ്യ രേഖകള്‍ ലഭ്യമാക്കി

ഔദ്യോഗിക രേഖകള്‍ നഷ്‌ടപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും ആവശ്യമായ രേഖകള്‍ ലഭ്യമാക്കുന്നതിന് പ്രത്യേകമായ ക്യാമ്പുകള്‍ സജ്ജീകരിച്ചു ബന്ധപ്പെട്ട രേഖകള്‍ വിതരണം ചെയ്‌തു.

വെള്ളാര്‍ മലയിലെ സ്‌കൂളിലെ കുട്ടികൾക്ക് ജിഎച്ച്എസ്എസ് മേപ്പാടിയിലും മുണ്ടക്കൈ എല്‍ പി സ്‌കൂളിലെ പഠിക്കുന്ന കുട്ടികൾക്ക് എല്‍പിഎസ് മേപ്പാടിയിലും ക്ലാസുകള്‍ ഒരുങ്ങി. എത്തിച്ചേർന്ന മുഴുവൻ കുട്ടികൾക്കുമായി സെപ്റ്റംബര്‍ രണ്ടിന് പ്രവേശനോത്സവം നടത്തി.

ഭൗമശാസ്ത്ര പഠനം

ഗ്രാമത്തില്‍ ഇനി താമസിക്കുവാന്‍ കഴിയുമോ എന്നതടക്കമുള്ള സാധ്യത കൂടി പഠിക്കാന്‍ ഡോ. ജോ മത്തായിയുടെ നേതൃത്വത്തില്‍ നടത്തിയ ഭൗമ ശാസ്ത്ര കമ്മിറ്റി അവിടം സന്ദർശിച്ചിരുന്നു. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്‌ട് സെക്ഷന്‍ 17 പ്രകാരം രൂപീകരിക്കപ്പെട്ട ലാൻഡ്‌സ്ലൈഡ് ഡൈ്വസറി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പഠന റിപ്പോർട്ട് സര്‍ക്കാരിന് ലഭ്യമാകുമ്പോള്‍ മാത്രമെ ദുരന്ത മേഖലയില്‍ വീട് നഷ്‌ടമാകാത്തവർക്ക് അവിടെ താമസിക്കാന്‍ കഴിയുമോ എന്നത് വ്യക്തമാകുകയുള്ളു. സ്ഥായിയായ പുനരധിവാസ പദ്ധതിയില്‍ അവരെ കൂടി ഉള്‍പ്പെടുത്തും.

ടൗൺഷിപ്പ്; സുസ്ഥിര പുനരധിവാസം

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുന്നോട്ടു വച്ചിട്ടുള്ള ടൗൺഷിപ്പ് എന്ന ആശയം വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള സ്ഥലങ്ങള്‍ റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയിരിക്കുകയാണ്.

ദുരന്തബാധിതര്‍ക്ക് 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒറ്റനില വീടുകള്‍ നിര്‍മ്മിച്ചു നൽകുന്നതിനാണ് ഇപ്പോള്‍ പ്രാമുഖ്യം നൽകുന്നത്. ഭാവിയില്‍ ഒരു നില കൂടി പണിയുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളോടെയാണ് നിര്‍മ്മാണം നടത്തുക. വീട് നഷ്‌ടമായവർക്കാണ് ആദ്യം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക.

പ്രദേശത്തു നിന്നു മാറിത്താമസിക്കുന്നവർക്ക് അടുത്ത ഘട്ടത്തിൽ വീടുകള്‍ നല്‍കാനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. പുനരധിവാസത്തോടൊപ്പം ജീവനോപാധികള്‍ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കും.

വനിതകള്‍ക്ക് അവര്‍ക്ക് ഇഷ്‌ടപ്പെട്ട മേഖലയില്‍ തൊഴില്‍ സംരംഭം തുടങ്ങാന്‍ കഴിയും വിധം പരിശീലനം നല്‍കും.

പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകാനുള്ള സന്നദ്ധത ഇതിനോടകം എല്ലാ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും അറിയിച്ചിട്ടുണ്ട്. ദുരന്തബാധിതർക്ക് കേവലം വീടും സ്ഥലവും നല്‍കുക മാത്രമല്ല, ദുരന്ത ബാധിതരെ മുഴുവന്‍ ചേര്‍ത്തു നിര്‍ത്തി അവരുടെ ജീവിതങ്ങളെ തിരിച്ചു പിടിക്കുന്ന, പുനരധിവാസത്തിന്റെ സമഗ്രമായ ഒരു ലോക മാതൃകയായിരിക്കും കേരളം സൃഷ്‌ടിക്കാൻ പോകുന്നത്.