പ്രത്യാശയോടെ പുനര്‍നിര്‍മ്മാണത്തിലേക്ക്
പിണറായി വിജയന്‍
മുഖ്യമന്ത്രി
കേരളം കണ്ടതില്‍ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് വയനാടും സംസ്ഥാനവും ഇനിയും പൂര്‍ണ്ണമായും മുക്തരായിട്ടില്ല. ഉരുൾപൊട്ടലിൽ മറഞ്ഞു പോയ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളും ജനതയില്‍ എന്നും അവശേഷിക്കും. എങ്കിലും സമാനതകളില്ലാത്ത ദുരന്തം പാടേ തകർത്ത വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളെ പുതിയ ജീവിതത്തിലേക്കും പ്രത്യാശയിലേക്കും വീണ്ടെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം ദുരന്തമുഖത്ത് രക്ഷാ പ്രവര്‍ത്തനത്തിനും അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനൊപ്പം വിവിധ സുരക്ഷാ സേനകളും കേരളത്തിലെ മുഴുവന്‍ ജനതയും ഒന്നായി നിന്നു. മാനവികതയുടെയും സാഹോദര്യത്തിന്റെയും കരങ്ങളാണ് വയനാടിനായി ഈ ദിനങ്ങളില്‍ നീണ്ടത്. ദുരിത ബാധിതരെ പുതിയ ജീവിതത്തിലേക്കു വീണ്ടെടുക്കുകയും തകർന്നവയെ കെട്ടിപ്പടുക്കുകയുമാണ് ഇനി നമ്മുടെ മുന്നിലുള്ള സുപ്രധാനമായ കര്‍ത്തവ്യം.
മുണ്ടക്കൈ, ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ താല്‍ക്കാലിക പുനരധിവാസം റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നമുക്കായി. ദുരന്തം നടന്ന് ഏതാനും ആഴ്‌ചകൾക്കുള്ളിൽ 795 കുടുംബങ്ങളിലെ (2,569 പേരെ) താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളില്‍ പുനരധിവസിപ്പിച്ചു. ഇവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഉറപ്പാക്കാന്‍ വൈത്തിരി താലൂക്കില്‍ വാടക വീടുകളും സര്‍ക്കാര്‍ സൗകര്യങ്ങളും ലഭ്യമാക്കി. ദുരന്തത്തിനിരയായ 821 കുടുംബങ്ങള്‍ക്ക് അടിയന്തര ധന സഹായമായ പതിനായിരം രൂപ ആദ്യഘട്ടത്തിൽ തന്നെ കൈമാറി. സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ നിന്നും 2 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2 ലക്ഷം രൂപയും പി.എം.എന്‍.ആര്‍.എഫില്‍ നിന്നുള്ള 2 ലക്ഷം രൂപയുമടക്കം 8 ലക്ഷം രൂപ വീതം 93 കുടുംബങ്ങള്‍ക്ക് ഇതിനകം വിതരണം ചെയ്‌തു. 173 കുടുബങ്ങള്‍ക്ക് മൃതദേഹങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി 10000 രൂപ അനുവദിച്ചു. ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായമായി ഒരു മാസത്തേക്ക് പ്രതിദിനം 300 രൂപ വീതം 1259 കുടുംബങ്ങള്‍ക്ക് നല്‍കി. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് 300 രൂപ പ്രകാരം 752 കുടുംബങ്ങള്‍ക്കും ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്ക് 300 രൂപ വീതം 507 കുടുംബങ്ങള്‍ക്കുമാണ് ധന സഹായം നല്‍കിയത്.
ബന്ധുവീടുകളിലേക്ക് മടങ്ങിയവര്‍ക്കും തുല്യ പരിഗണനയിലുള്ള ധന സഹായമാണ് ലഭ്യമാക്കുന്നത്. 543 കുടുംബങ്ങള്‍ക്കാണ് ഈ ഗണത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ സഹായം നല്‍കുക. എല്ലാ മാസവും അഞ്ചിന് മുമ്പായി താല്‍ക്കാലിക പുനരധിവാസത്തിനായുള്ള വാടക 6000 രൂപ അക്കൗണ്ട് വഴി വിതരണം ചെയ്യുന്ന സംവിധാനമാണ് ആസൂത്രണം ചെയ്‌തിട്ടുള്ളത്. 583 കുടുംബങ്ങള്‍ക്ക് ഫര്‍ണ്ണീച്ചര്‍, കിടക്ക, പാത്രങ്ങള്‍ എന്നിവയടങ്ങിയ ബാക്ക് ടു ഹോം കിറ്റുകളും വിതരണം ചെയ്‌തു. എല്ലാം താമസ സ്ഥലത്ത് എത്തിച്ച് നല്‍കാന്‍ ജീവനക്കാരെയും ജില്ലാ ഭരണകൂടം വിന്യസിച്ചിരുന്നു.
താല്‍ക്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കിൽ അടിയന്തരമായി പരിഹരിക്കും.
കാണാതായവരെ കണ്ടെത്താനുളള പരിശ്രമത്തിന്റെ ഭാഗമായി മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങളുടെയും ഡി.എന്‍.എ പരിശോധനയും നടന്നു. ഡി.എന്‍.എ പരിശോധനയുടെ ഭാഗമായി മൃതദേഹങ്ങളുടെയും കണ്ടെത്തിയ ശരീര ഭാഗങ്ങളുടെയും 427 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 21 മൃതദേഹങ്ങളുടെയും 59 ശരീരഭാഗങ്ങളുടെയും ഡി.എന്‍.എ 42 പേരുടെതായി ചേരുന്നതായി കണ്ടെത്തി. കാണാതായവരെ തേടിയുള്ള കരട് ലിസ്റ്റില്‍ 119 പേരാണുണ്ടായിരുന്നത്. ഇതില്‍ നിന്നും തിരിച്ചറിഞ്ഞവരെ ഒഴിവാക്കിയതിനെ തുടർന്ന് കാണാതായവരുടെ ലിസ്റ്റില്‍ ഇപ്പോള്‍ 78 പേരാണുള്ളത്. ജില്ലാ പോലീസ് മേധാവിയുടെയുടെ വിശദമായ അന്വേഷണത്തിന് ശേഷമാണ് ഈ കണക്കുകള്‍ ക്രോഡീകരിച്ച് നടപടികള്‍ സ്വീകരിക്കുക. കാണാതായവരെ കണ്ടെത്താന്‍ ആദ്യ പടിയായി കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡുകള്‍, വോട്ടേഴ്‌സ് ലിസ്റ്റ്, വിവിധ പാസ്സ് ബുക്കുകള്‍, വിദ്യാഭ്യാസ രേഖകള്‍ തുടങ്ങിയവയെല്ലാം അടിസ്ഥാനമാക്കിയാണ് പ്രദേശത്ത് നിന്നും ദുരന്തത്തെ തുടർന്ന് കാണാതായവരുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ദുരന്തം നടന്ന് ആറ് ദിവസത്തിനുള്ളിലാണ് 131 പേരുടെ കരട് ലിസ്റ്റ് പുറത്തിറക്കിയത്. ഈ ലിസ്റ്റില്‍ നിന്നും വിവരങ്ങള്‍ സ്വാംശീകരിച്ച് കണ്ടെത്തിയവരുടെയും മറ്റും വിവരങ്ങള്‍ നീക്കം ചെയ്‌ത് രണ്ടാമത് ലിസ്റ്റ് പുറത്തിറക്കി. ഇതില്‍ 118 പേരാണ് ഇടം പിടിച്ചത്. ഇതില്‍ നിന്നും ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിയുന്നവരുടെ ലിസ്റ്റ് കൂടി നീക്കം ചെയ്‌താണ് കാണാതായവരുടെ അന്തിമപട്ടിക പുറത്തിറക്കുക.
അന്തിമ പുനരധിവാസം
ദുരിതബാധിതരുടെ അന്തിമ പുനരധിവാസം സര്‍വതല സ്‌പർശിയായ രീതിയിലാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ജനങ്ങള്‍ പങ്കുവച്ച നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാവും പുനരധിവാസ പാക്കേജിന് രൂപം നല്‍കുക. സ്‌പെഷ്യല്‍ പാക്കേജാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. വയനാട് ഉരുള്‍ പൊട്ടലിൽ എല്ലാം നഷ്‌ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം കൈക്കൊണ്ടിരുന്നു. സര്‍വകക്ഷി യോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ നന്ദി പറയുന്നു. പുനരധിവാസത്തിന്റെ ഭാഗമായി 1000 സ്‌ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീടാണ് നിര്‍മ്മിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഭാവിയില്‍ രണ്ടാമത്തെ നിലകൂടി കെട്ടാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മ്മിക്കുക.
കോഴിക്കോട് വിലങ്ങാടിലെ ദുരന്തബാധിതര്‍ക്കും പുനരധിവാസം ഉറപ്പാക്കും. വിലങ്ങാട് മനുഷ്യ ജീവന്‍ നഷ്‌ടപ്പെടാതിരുന്നത് സാമൂഹിക ഇടപെടല്‍ കൊണ്ട് കൂടിയാണ്. അത്തരത്തില്‍ ദുരന്ത മേഖലയില്‍ ഇടപെടാന്‍ ആവശ്യമായ ബോധവല്‍ക്കരണ സംവിധാനം ഒരുക്കും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതുവായ ക്രമീകരണങ്ങള്‍ ഉണ്ടാകും. വീട് നഷ്‌ടപ്പെട്ടവർക്കാണ് പുനരധിവാസത്തില്‍ മുന്‍ഗണന നല്‍കുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. പുനരധിവാസ പാക്കേജില്‍ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേര്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തും. എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്ക് താല്‍പര്യമുള്ള തൊഴിലില്‍ ഏർപ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നല്‍കും. വാടകക്കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിന്റെ ഭാഗമായി സംരക്ഷിക്കും.
ബാങ്കുകളില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും കടമെടുത്തവരുണ്ട്. അവ എഴുതിതള്ളുകയെന്ന പൊതു നിലപാടിലാണ് ബാങ്കിങ്ങ് മേഖല ഇപ്പോള്‍ ഉള്ളത്. ഇക്കാര്യത്തില്‍ അവസാന തീരുമാനം ബാങ്ക് ഭരണ സമിതികളിലാണ് ഉണ്ടാകേണ്ടത്. റിസര്‍വ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ഇക്കാര്യത്തില്‍ ബന്ധപ്പെടും. സ്വകാര്യ വ്യക്തികള്‍ കടം ഈടാക്കുന്നത് പൊതുധാരണയ്‌ക്കെതിരാണ് എന്നതിനാൽ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടും.
സമ്പൂര്‍ണ്ണ അതിജീവനം
ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നുള്ള കുടുംബങ്ങളുടെ അതി വേഗത്തിലുളള അതിജീവനമാണ് സര്‍ക്കാരിന്റെയും ലക്ഷ്യം. ദുരന്തം നേരിട്ട കുട്ടികളുടേയും കുടുംബങ്ങളുടെയും അതിജീവനത്തിനായുളള സമ്പൂര്‍ണ്ണ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും കുടുംബങ്ങളെ മോചിപ്പിക്കാന്‍ 350 ഓളം സാമൂഹിക മാനസികാരോഗ്യ കൗൺസിലർമാരുടേയും സൈക്യാട്രിസ്റ്റുമാരുേടയും സേവനം ഉറപ്പാക്കി. 2000 വ്യക്തിഗത സൈക്കോ സോഷ്യല്‍ കൗൺസിലിങ്ങും 21 സൈക്യാട്രിക് ഫാര്‍മക്കോ തെറാപ്പിയും 401 പേര്‍ക്ക് ഗ്രൂപ്പ് കൗൺസിലിങ്ങ് സെക്ഷനുകളും നല്‍കി.
സെപ്‌തംബർ രണ്ടിന് സ്‌കൂള്‍ പ്രവേശനോത്സവത്തോടെ എല്‍.പി സ്‌കൂളും, വെളളാര്‍മല ഹൈസ്‌കൂളും തുറന്നു. എല്ലാം മറന്ന് അതി ജീവനത്തിന്റെ പുതിയ ക്ലാസ് മുറികള്‍ അതി വേഗമാണ് ഒരുങ്ങിയത്.
ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളിനോടുള്ള വികാരം കണക്കിലെടുത്ത് അവിടെയുള്ള സ്‌കൂള്‍ പുനര്‍ നിര്‍മ്മിച്ച് നില നിര്‍ത്താനാവുമോ എന്ന് വിദഗ്‌ധർ പരിശോധിക്കും. ഒപ്പം പുനരധിവാസ സ്ഥലത്ത് ആവശ്യമായ വിദ്യാലയങ്ങള്‍ ഒരുക്കുക കൂടി ചെയ്യും.
സൈക്ലോൺ മുന്നറിയിപ്പുകൾ നല്ല രീതിയില്‍ ലഭ്യമാകുന്നുണ്ടെങ്കിലും ഉരുൾപൊട്ടൽ പോലെ ഇപ്പോള്‍ സംഭവിച്ച കാര്യത്തില്‍ വേണ്ടത്ര മുന്നറിയിപ്പുകൾ ലഭ്യമാകേണ്ടതുണ്ട്. അക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കാലാവസ്ഥ വ്യതിയാന പഠന സ്ഥാപനം കൂടുതല്‍ ശക്തിപ്പെടുത്തും. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ സഹായവും ഇക്കാര്യത്തില്‍ തേടും.
കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള സൗകര്യം പാക്കേജിന്റെ ഭാഗമായി പരിഗണിക്കും. നല്ല മനസ്സോടെയാണ് മിക്കവരും സ്‌പോൺസർഷിപ്പുമായി വരുന്നത് എന്നത് സ്വാഗതാര്‍ഹമാണ്. സ്‌പോൺസർമാരെ ഏകോപിപ്പിക്കാനുള്ള ശ്രമം നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ നല്‍കുവാന്‍ ജനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു വരുന്നുണ്ട്. എന്നാൽ പുനര്‍ നിര്‍മ്മാണത്തിനായി നമുക്ക് ഇനിയും കൂടുതല്‍ വിഭവ ശേഷി ആവശ്യമുണ്ട്. അതിലേക്കായി ഓരോരുത്തരുടേയും സഹകരണം അഭ്യർത്ഥിക്കുന്നു.