സമഗ്ര പ്ലസ് പോർട്ടൽ

പാഠ്യ പദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ‘സമഗ്ര’ പോർട്ടലിന്റെ പരിഷ്‌കരിച്ച രൂപമായ കൈറ്റ് തയ്യാറാക്കിയ ‘സമഗ്ര പ്ലസ് പോർട്ടൽ സജ്ജമായി. പുതിയ പാഠപുസ്‌തകങ്ങൾക്കനുസരിച്ച് 5, 7, 9 ക്ലാസുകളിലേക്കുള്ള ഡിജിറ്റല്‍ വിഭവങ്ങളാണ് സമഗ്ര പ്ലസില്‍ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ളത്. മറ്റു ക്‌ളാസ്സുകളില്‍ നിലവിലുള്ള സമഗ്ര ഉള്ളടക്കം ഉപയോഗിക്കാം.

ക്ലാസ് റൂമിലെ പഠന പ്രക്രിയയില്‍ അധ്യാപകരെ സഹായിക്കുന്ന പോലെതന്നെ കുട്ടിയുടെ സ്വയം പഠനത്തിനും സ്വയം വിലയിരുത്തലിനും സഹായിക്കുന്ന തരത്തില്‍ കുട്ടികൾക്കുള്ള പ്രത്യേക ‘പഠനമുറി’ (Learning room) സംവിധാനമാണ് സമഗ്ര പ്ലസിലെ സവിശേഷത. കുട്ടിക്ക് കൈത്താങ്ങ് നല്‍കാന്‍ രക്ഷിതാക്കളെക്കൂടെ സഹായിക്കുന്ന വിധത്തിലാണ് സമഗ്ര പ്ലസിലെ പ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍ വിഭവങ്ങളും തയ്യാറാക്കിയിട്ടുള്ളത്.

ഭാഷാ വിഷയങ്ങള്‍ക്കായി പാഠ ഭാഗങ്ങളുടെ ശബ്‌ദലേഖനങ്ങൾ (Podcast) സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. പഠന ലക്ഷ്യം കൈവരിക്കാന്‍ കുട്ടിയെ സഹായിക്കുന്ന വൈവിധ്യമാർന്ന പ്രവര്‍ത്തനങ്ങള്‍, ഇതിന് ഓരോന്നിനും ആവശ്യമായ ചിത്രങ്ങള്‍, ഓഡിയോ, വീഡിയോ, പ്രസന്റേഷനുകള്‍, ഇന്ററാക്‌ടീവ് വിഭവങ്ങള്‍, വർക്ക് ഷീറ്റുകൾ എന്നിവ അധ്യാപകരുടെ ലോഗിനില്‍ ലഭ്യമാണ്. ഇതിനു പുറമേ കുട്ടിയെ വിലയിരുത്തി നിരന്തര പിന്തുണ നൽകുന്നതിനുള്ള സൂചകങ്ങളും, തുടര്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഭവങ്ങളും, ചോദ്യ ബാങ്കുകളും സമഗ്ര പ്ലസില്‍ അധ്യാപകര്‍ക്ക് ലഭിക്കും.

2017 മുതലുള്ള എസ്.എസ്.എല്‍.സി ചോദ്യങ്ങളും അവയുടെ ഉത്തര സൂചകങ്ങളും ചോദ്യ ബാങ്കില്‍ ഉള്‍പ്പെടുത്തി കുട്ടികൾക്കും പൊതു ജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. പഠന ലക്ഷ്യങ്ങള്‍ പഠനാശയങ്ങളായി തിരിച്ച്, ഇവ പ്രക്രിയാബന്ധിതമായി കുട്ടികളിലേക്ക് എത്തിക്കുന്ന ചെറു വീഡിയോകളും കുട്ടികളുടെ പഠന മുറിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലേക്കുള്ള മുഴുവന്‍ പാഠപുസ്‌തകങ്ങളും സമഗ്ര പ്ലസ് പോർട്ടലിൽ ലഭ്യമാണ്. www.samagra.kite.kerala.gov.in ആണ് പോർട്ടലിന്റെ വിലാസം.