ജാഗ്രത എല്ലായ്‌പ്പോഴും

എല്ലാ ദുരന്ത സാഹചര്യങ്ങളിലും പാലിക്കേണ്ട ചില പൊതു നിര്‍ദേശങ്ങള്‍

  • കിംവദന്തികളെ അവഗണിക്കുക, പരിഭ്രാന്തരാവാതിരിക്കുക

  • റേഡിയോ, ടെലിവിഷന്‍, പത്രമാധ്യമങ്ങള്‍ തുടങ്ങിയവയില്‍ വരുന്ന ഓദ്യോഗിക കാലാവസ്ഥ വാര്‍ത്തകള്‍ ശ്രദ്ധിക്കുക. കാലാവസ്ഥാ വിവരങ്ങള്‍ ഉൾക്കൊള്ളുന്ന മൊബൈല്‍ ആപ്പുകളും ഡൗൺലോഡ് ചെയ്യാം.

  • ഓദ്യോഗിക നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക. അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളെ പറ്റി അറിഞ്ഞിരിക്കുകയും ദുരന്ത നിവാരണ പദ്ധതികളെ കുറിച്ചുള്ള അവബോധം ഉണ്ടായിരിക്കുകയും ചെയ്യുക.

  • അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട പ്രഥമ ശുശ്രൂഷ രീതികള്‍ അറിഞ്ഞിരിക്കുക

  • അവശ്യ സര്‍വീസുകളുടെ ഫോൺ നമ്പര്‍ (പോലീസ്, അഗ്നിശമന സേന, വനം വകുപ്പിന്റെയും മറ്റും) അറിഞ്ഞു വയ്ക്കുക. പ്രധാനപ്പെട്ട ഫോൺ നമ്പറുകള്‍ എഴുതി സൂക്ഷിക്കുക.

  • അത്യാവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുത്തി ഒരു എമര്‍ജന്‍സി കിറ്റ് ഒരുക്കി വയ്ക്കുക. കൂട്ടത്തിൽ പ്രധാനപ്പെട്ട രേഖകള്‍ വെള്ളം കയറാത്ത കവറുകളില്‍ ആക്കി സൂക്ഷിക്കുക.

  • ദുരന്ത സാധ്യത മനസ്സിലാക്കി കഴിഞ്ഞാല്‍ അത്യാവശ്യം രണ്ട് ആഴ്‌ചകളിലേക്കു വേണ്ടുന്ന അവശ്യ ഭക്ഷ്യ വസ്‌തുക്കളും (ready to eat) ശുദ്ധ ജലവും സംഭരിച്ചു വയ്ക്കുക.

  • അടിയന്തര ഘട്ടങ്ങളൽ ഉപയോഗിക്കുന്നതിനായി മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്‌തിടാൻ ശ്രദ്ധിക്കുക, ഒരു റേഡിയോ സെറ്റും ബാറ്റെറികളും കരുതുക

  • പ്രത്യേക പരിഗണന അർഹിക്കുന്നവരെ (കുട്ടികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, കിടപ്പ് രോഗികള്‍) എന്നിവരെ പ്രത്യേകം സഹായിക്കുക.

  • ദുരന്തങ്ങളെപ്പറ്റിയും ദൂരന്ത സാധ്യതകളെപ്പറ്റിയും കൂടുതൽ വിവരങ്ങള്‍ക്ക് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റ് (www.sdma.kerala.gov.in) സന്ദര്‍ശിക്കുക.

ഉരുൾപൊട്ടൽ ദുരന്തത്തിന് മുന്‍പ്

  • കൂടുതല്‍ വൃക്ഷങ്ങളും, മറ്റു സസ്യജാലങ്ങളും നട്ടുപിടിപ്പിക്കുന്നത് മണ്ണ് ഉറപ്പിച്ചു നിര്‍ത്താന്‍ സഹായിക്കുകയും അത് മൂലം ഉരുൾ പൊട്ടൽ സാധ്യത ലഘൂകരിക്കുകയും ചെയ്യുന്നു.

  • അഴുക്കുചാലുകള്‍ വൃത്തിയാക്കി വയ്ക്കുകയും മലിനജലം ഒഴുക്കുന്നതിനുള്ള ദ്വാരങ്ങള്‍ അടയാതെ ശ്രദ്ധിക്കുകയും ചെയ്യുന്നതോടൊപ്പം സ്വാഭാവിക ജലനിര്‍ഗമന സംവിധാനത്തിനു തടസ്സം വരാതിരിക്കുവാനും ശ്രദ്ധിക്കുക.
  • അവശിഷ്‌ടങ്ങൾ, മാലിന്യങ്ങള്‍, തുടങ്ങിയവ കുത്തനെയുള്ള ചെരിവുകളില്‍ കൊണ്ടിടരുത്.

  • പ്രകൃതിയില്‍ കാണപ്പെടുന്ന മുന്നറിയിപ്പുകൾ ശ്രദ്ധയോടെ വീക്ഷിക്കുക. പ്രത്യേകിച്ച് പാറയില്‍ ഉണ്ടാവുന്ന വിള്ളലുകള്‍, ചെളിവെള്ളം കലർന്ന പുഴ തുടങ്ങിയവ.

  • കുത്തനെയുള്ള ചെരിവുകളിലും, സ്വാഭാവിക ജലനിര്‍ഗമന പാതയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുത്.

  • എന്തെങ്കിലും അപായ സൂചനകള്‍, പ്രത്യേകിച്ച് മരങ്ങൾ പിളരുന്നതോ പാറകൾ കൂട്ടിയിടിക്കുന്നതോ ആയ ശബ്‌ദങ്ങൾ തുടങ്ങിയവ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ എത്രയും പെട്ടെന്ന് മണ്ണിടിച്ചിലിന്റെ പാതയില്‍ നിന്നും, താഴ്വാരങ്ങളില്‍ നിന്നും അകലേക്ക് ഓടി രക്ഷപ്പെടുക.

  • ദുരന്ത സാഹചര്യത്തില്‍, കഴിയുമെങ്കില്‍ എത്രയും പെട്ടെന്ന് അടുത്തുള്ള വില്ലേജ്, പഞ്ചായത്ത് അധികാരികളെ അറിയിക്കുക. കൂടാതെ ജില്ല ദുരന്ത നിവാരണ കട്രോള്‍ റും (1077) തുടങ്ങിയവയില്‍ വിവരം അറിയിക്കുക.

ഉരുൾപൊട്ടലിനു ശേഷം

  • ഇളകി നിൽക്കുന്ന പ്രതലങ്ങള്‍/വസ്‌തുക്കൾ, വൈദ്യുത തൂണുകളോ/കമ്പികളോ തുടങ്ങിയവയില്‍ തൊടാനോ അവയുടെ മുകളിലൂടെ നടക്കാനോ പാടില്ല.

  • മണ്ണിടിച്ചിലിന്റെ പാതയില്‍ നിന്നും താഴ്വരയില്‍ നിന്നും എത്രയും പെട്ടെന്ന് ഓടി മാറുക.

  • മുറിവു പറ്റിയവരെയും അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവരെയും രക്ഷപ്പെടുത്തുകയും ആവശ്യമായ പ്രഥമ ശുശ്രുഷ നല്‍കുകയും ചെയ്യുക

  • പുഴ, അരുവികള്‍, കിണറുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള മലിനമായ ജലം കുടിക്കാന്‍ പാടില്ല.

  • ഒദ്യോഗിക നിര്‍ദേശം അനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിക്കുക.

  • ഉരുള്‍ പൊട്ടൽ കാരണം തെന്നിമാറിയിട്ടുള്ള സ്ഥലങ്ങളിൽ നിന്നും മാറി നില്‍ക്കുക. തുടര്‍ച്ചയായ ഉരുൾപൊട്ടലുകളും മണ്ണൊലിപ്പും ഉണ്ടാവാം.

  • അപകടം ഉണ്ടായ പ്രദേശങ്ങളില്‍ നിന്നും അകന്നു നിൽക്കുക. ഫോട്ടോ എടുക്കുന്നതിനോ കാഴ്‌ച കാണുന്നതിനോ മുതിരരുത്.

വെള്ളപ്പൊക്കം ദുരന്തത്തിന് മുന്‍പ്

  • ദുരന്തസാധ്യത മനസ്സിലായാല്‍ കുകാലികളെയും മറ്റു വളര്‍ത്തു മൃഗങ്ങളെയും അഴിച്ചു വിട്ട് അവയുടെ സുരക്ഷ ഉറപ്പു വരുത്തുക

  • അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളും/ദുരിതാശ്വാസ ക്യാമ്പും/ഉറപ്പുള്ള ഉയർന്ന കെട്ടിടങ്ങളും എത്തിച്ചേരാനുള്ള എളുപ്പവും സുരക്ഷിതവുമായ മാര്‍ഗങ്ങളും നേരത്തെ തന്നെ അറിഞ്ഞു വയ്‌ക്കുക.

  • ഒദ്യോഗിക മുന്നറിയിപ്പുകൾ കിട്ടിയാലുടൻ തന്നെ അപകട സാധ്യതാമേഖലയിലുള്ള പാര്‍പ്പിടങ്ങളില്‍ നിന്നും ഒഴിഞ്ഞു പോകുക.

  • ദ്രുതഗതിയിൽ വെള്ളപ്പൊക്കം ഉണ്ടാവാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ പറ്റി അറിവുണ്ടായിരിക്കുക. ഉദാഹരണത്തിന് നദികള്‍, കനാലുകള്‍, അരുവികള്‍, ഓടകള്‍ തുടങ്ങിയവയോടു ചേർന്ന സമതലങ്ങള്‍.

  • ദുരന്ത സമയത്ത് പ്രളയ ജലത്തിലേക്ക് ഇറങ്ങാതിരിക്കുക. എന്തെങ്കിലും അത്യവശ്യങ്ങള്‍ക്കായി ഇറങ്ങേണ്ടി വരുമ്പോള്‍ അനുയോജ്യമായ പാദരക്ഷകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

  • മലിനജല പൈപ്പുകള്‍, ആഴത്തിലുള്ള കുഴികള്‍, അഴുക്കു ചാലുകള്‍, കലുങ്കുകള്‍ തുടങ്ങിയവയില്‍ നിന്നും അകലം പാലിക്കുക.

  • വൈദ്യുത പോസ്റ്റുകള്‍, വീണു കിടക്കുന്ന വൈദ്യുത ലൈനുകൾ തുടങ്ങിയവ ശ്രദ്ധിക്കുക, ഷോക്കേല്‍ക്കാന്‍ സാധ്യത ഉണ്ട്.

  • തുറന്നു കിടക്കുന്ന മാലിന്യക്കുഴികള്‍, (മാന്‍ഹോള്‍), കിണറുകള്‍ എന്നിവ ചുവന്ന കൊടിയോ ബാരിക്കേഡുകളോ ഉപയോഗിച്ച് അടയാളപ്പെടുത്തുക.

  • പ്രളയ ജലത്തിലൂടെ വാഹനങ്ങള്‍ ഓടിക്കുവാന്‍ പാടുള്ളതല്ല, ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ട് അടി വെള്ളം പോലും ഒരു കാറിനെ വരെ ഒഴുക്കിക്കളയാന്‍ സാധ്യത ഉണ്ട്.

  • അപ്പപ്പോള്‍ പാകം ചെയ്‌തതും ചൂടുള്ളതുമായ ആഹാരം മാത്രം കഴിക്കുക. എപ്പോഴും ഭക്ഷണ സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക.

  • ക്ലോറിനേറ്റ് ചെയ്‌തതും ചെയ്തതും തിളപ്പിച്ചാറിയതുമായ വെള്ളം മാത്രം കുടിക്കുക.
    അണുനാശിനികളുപയോഗിച്ചു പരിസരം വൃത്തിയായി സൂക്ഷിക്കുക.

ദുരന്തത്തിന് ശേഷം

  • കുട്ടികളെ പ്രളയ ജലത്തില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക.

  • കേടുപാടുകള്‍ സംഭവിച്ച വൈദ്യുത ഉപകരണങ്ങള്‍ പരിശോധിച്ചതിനു ശേഷം മാത്രം ഉപയോഗിക്കുക.

  • മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുകയും ഉപകരണങ്ങള്‍ പ്ലഗ്ഗില്‍ നിന്നും മാറ്റിയിടുകയും ചെയ്യുക. നനഞ്ഞ കൈകള്‍ കൊണ്ട് ഉപകരണങ്ങൾ തൊടരുത്.

  • പൊട്ടിവീണ വൈദ്യുത തൂണുകളും കമ്പികളും മൂര്‍ച്ചയുള്ള മറ്റു വസ്‌തുക്കളും ശ്രദ്ധിക്കുക.

  • മലേറിയ / ഡെങ്കിപ്പനി പ്രതിരോധത്തിനായി കൊതുകുവല ഉപയോഗിക്കുക.

  • ഇഴജന്തുക്കളെ കൊണ്ടുള്ള ശല്യം പ്രളയ സമയത്ത് സര്‍വസാധാരണമായതിനാല്‍ വിഷപ്പാമ്പുകളുടെ കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

  • മലിനജല പൈപ്പുകളും ശുദ്ധജല പൈപ്പുകളും കേടുപാടുകള്‍ പറ്റിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെടുന്ന പക്ഷം ശൗചാലയങ്ങളും പൈപ്പുവെള്ളവും ഉപയോഗിക്കരുത്.

  • പൈപ്പുവെള്ളം ഉപയോഗ യോഗ്യമാണെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലഭിക്കും വരെ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കരുത്.

  • നിങ്ങള്‍ വീട് ഒഴിഞ്ഞു പോകേണ്ട ആവശ്യം വരുമ്പോള്‍ ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും കട്ടിലിന്റെയോ മേശയുടെയോ മുകളില്‍ കയറ്റിവയ്ക്കുക.

  • ശൗചാലയത്തിന്റെയും മറ്റു മലിനജല പൈപ്പുകളുടെയും വായ്ഭാഗം മണല്‍ച്ചാക്കുകള്‍ വച്ച് അടച്ചു വയ്‌ക്കുന്നത് മലിന ജലം തിരിച്ചു കയറുന്നതു തടയാന്‍ സഹായിക്കും.

  • അപരിചിതമായ പ്രളയ ജലത്തില്‍ നേരിട്ട് ഇറങ്ങരുത്; ഒരു വടി ഉപയോഗിച്ച് ആഴം മനസ്സിലാക്കിയതിനു ശേഷം മാത്രം ഇറങ്ങുക.

  • ഓദ്യോഗിക അറിയിപ്പുകള്‍ കിട്ടിയതിനു ശേഷം മാത്രം ഒഴിഞ്ഞു കിടക്കുന്ന വീടുകളിലേക്ക് തിരിച്ചു വരിക.

  • നനഞ്ഞു പോയ എല്ലാ വസ്‌തുക്കളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക.

ചുഴലിക്കാറ്റ് ദുരന്തത്തിന് മുമ്പ്

  • ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുകൾ നൽകുന്നത് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആണ്.

  • വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുക, പ്രത്യേകിച്ചു കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍; ഇളകി നിൽക്കുന്ന മൂര്‍ച്ചയേറിയ വസ്‌തുക്കൾ എന്നിവ മാറ്റുക.

  • ദുരന്ത സാധ്യത മനസ്സിലാക്കിയാല്‍ കന്നുകാലികളെയും മറ്റ് വളര്‍ത്തു മൃഗങ്ങളെയും അഴിച്ചു വിട്ട് അവയുടെ സുരക്ഷ ഉറപ്പു വരുത്തുക

  • കൊടുങ്കാറ്റ്, വേലിയേറ്റം, വെള്ളപ്പൊക്കം തുടങ്ങിയ അപകട മുന്നറിയിപ്പുകൾ കിട്ടുകയാണെങ്കിൽ ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളും അങ്ങോട്ടുള്ള വഴികളും നേരത്തെ അറിഞ്ഞിരിക്കുക.

  • ദുരന്ത സാധ്യത മനസ്സിലാക്കി കഴിഞ്ഞാല്‍ അത്യാവശ്യം രണ്ട് ആഴ്‌ചകളിലേക്കു വേണ്ടുന്ന അവശ്യ, ഭക്ഷ്യ വസ്‌തുക്കളും (ready to eat) ശുദ്ധ ജലവും സംഭരിച്ചു വയ്ക്കുക
  • വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും ഭീഷണി ഉയർത്തുന്ന വൃക്ഷത്തലപ്പുകളും ശാഖകളും അതത് അധികാരികളുടെ അനുമതിയോടു കൂടി വെട്ടിമാറ്റുകയോ കോതി ഒതുക്കുകയോ ചെയ്യുക.

  • വാതിലുകളും ജനാലകളും സുരക്ഷിതമായി അടച്ചിടുക

  • ഒദ്യോഗിക മുന്നറിയിപ്പുകൾ ലഭിച്ചു കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക.

ദുരന്ത സമയത്ത്, വീടിന് അകത്ത്

  • വാതിലുകളും ജനാലകളും അടച്ചിടുക.

  • മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക, വൈദ്യുതി ഉപകരണങ്ങളുടെ പ്ലഗ്ഗ് ഊരിയിടുക, പാചകവാതകം ഓഫ് ചെയ്യുക

  • നിങ്ങളുടെ വീടിനു സുരക്ഷിതത്വം കുറവ് ആണെന്ന് തോന്നുന്നപക്ഷം എത്രയും പെട്ടെന്ന് ചുഴലിക്കാറ്റിന്റെ ആരംഭത്തിനു മുന്‍പ് തന്നെ സുരക്ഷിത താവളങ്ങളില്‍/ക്യാമ്പുകളില്‍ എത്തിച്ചേരുക

  • ക്ലോറിനേറ്റ് ചെയ്‌തതും തിളപ്പിച്ചാറിയതുമായ വെള്ളം മാത്രം ഉപയോഗിക്കുക.

  • കെട്ടിടങ്ങൾ തകരാന്‍ തുടങ്ങുകയാണെങ്കില്‍ സ്വയ രക്ഷയ്ക്ക് വേണ്ടി കിടക്ക, കട്ടിയുള്ള പുതപ്പ് അതുമല്ലെങ്കില്‍ തലയണകള്‍ തുടങ്ങിയവ കൊണ്ട് മൂടുകയോ ബലമുള്ള മേശ/ ബെഞ്ച് തുടങ്ങിയവയുടെ അടിയില്‍ ഇരിക്കുകയോ ഉറപ്പുള്ള എവിടെയെങ്കിലും (ഉദാ: വാട്ടർ പൈപ്പ്) മുറുകെ പിടിച്ചു നില്‍ക്കുകയോ ചെയ്യുക.

പുറത്തു നില്‍ക്കുമ്പോള്‍

  • കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങളിലേക്ക്  കിടക്കരുത്.

  • എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങുക.

  • മരത്തിന്റെയോ ഇലക്‌ട്രിക് ലൈനിന്റെയോ ചുവട്ടിൽ നില്‍ക്കരുത്.

  • പൊടുന്നനെ കാറ്റിന്റെ വേഗത കുറയുന്നതോ ശാന്തമാകുന്നതോ കണ്ട് ചുഴലിക്കാറ്റ് കഴിഞ്ഞു എന്ന് അനുമാനിക്കുന്നത് അപകടം വിളിച്ചു വരുത്തും; അതു കൊണ്ട് എപ്പോഴും ഓദ്യോഗിക അറിയിപ്പുകള്‍ക്കു മാത്രം പ്രാധാന്യം കൊടുക്കുക.

ദുരന്തത്തിന് ശേഷം

  • ക്ലോറിനേറ്റ് ചെയ്‌തതും തിളപ്പിച്ചാറ്റിയതും ആയ വെള്ളം മാത്രം കുടിക്കുക. ഒദ്യോഗിക അറിയിപ്പ് വരുന്നത് വരെ സുരക്ഷിത സ്ഥാനത്ത് തന്നെ തുടരുക. കേടുപാടുകള്‍ സംഭവിച്ച ഇലക്‌ട്രിക് ലൈനുകള്‍, അയഞ്ഞു പോയ ഇലക്‌ട്രിക് വയര്‍, മൂര്‍ച്ച കൂടിയ മറ്റ് വസ്‌തുക്കൾ തുടങ്ങിയവ ശ്രദ്ധിക്കുക

  • കേടുപാടുകള്‍ പറ്റിയ കെട്ടിടങ്ങളിലേക്ക് പ്രവേശിക്കരുത്.

  • കേടുപാടുകള്‍ സംഭവിച്ച വൈദ്യുത ഉപകരണങ്ങള്‍ ഇലക്ട്രീഷ്യന്‍ പരിശോധിച്ചതിനു ശേഷം മാത്രം പ്രവര്‍ത്തിപ്പിക്കുക.

മത്സൃത്തൊഴിലാളികള്‍ക്കുള്ള നിര്‍ദേശങ്ങള്‍

  • വള്ളം, വല, മറ്റ് സാമഗ്രികള്‍ എന്നിവ സുരക്ഷിത സ്ഥാനങ്ങളില്‍ കെട്ടിയിടുക. ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ള സമയങ്ങളില്‍ കടലില്‍ പോകാതിരിക്കുക.

തീരശോഷണം ദുരന്തത്തിന് മുന്‍പ്

  • തീരശോഷണം മൂലം മുന്‍പ് നാശനഷ്‌ടങ്ങൾ ഉണ്ടായ വീടുകളോ മറ്റു കെട്ടിടങ്ങളോ പുനര്‍ നിർമ്മിക്കുന്നത് പരിഹാര മാര്‍ഗമല്ല. അങ്ങനെ ഉള്ള കെട്ടിടങ്ങൾ/വീടുകള്‍ ഉപയോഗിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം.

  • തീരശോഷണം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് പരമാവധി മാറിത്താമസിക്കാന്‍ ശ്രദ്ധിക്കണം

  • തീരപ്രദേശത്തുള്ള മണല്‍ക്കൂനകള്‍, കണ്ടല്‍ക്കാടുകള്‍, മറ്റു ജൈവ വൈവിധ്യങ്ങള്‍ സംരക്ഷിക്കണം.

  • അതതു പ്രദേശങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന സസ്യങ്ങള്‍ തീരങ്ങളില്‍ വച്ച് പിടിപ്പിക്കുകയും സംരക്ഷിക്കുകയും വേണം.

  • തീരപ്രദേശത്തെ പ്ലാസ്റ്റിക് പോലുള്ള ഖര മാലിന്യങ്ങള്‍ ശാസ്ത്രീയമായി നിര്‍മ്മാര്‍ജനം ചെയ്യണം.

  • കടല്‍/കായല്‍ തീരം കയ്യേറുന്നത് കര്‍ശനമായും ഒഴിവാക്കണം.

  • കടല്‍ത്തീരത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ CRZ നിബന്ധനകള്‍ പ്രകാരം ആണ് എന്ന്  ഉറപ്പു വരുത്തണം.

ദുരന്ത സമയത്ത്

  • മൺസൂൺ സമയങ്ങളില്‍ തീരശോഷണം നേരിടുന്ന പ്രദേശങ്ങളില്‍ കഴിയുന്നവർ ജാഗ്രത പാലിക്കണം.

  • ഉയർന്ന തിരമാല മുന്നറിയിപ്പുള്ള സമയങ്ങളില്‍ മാറിത്താമസിക്കാന്‍ ഉള്ള മുന്നൊരുക്കങ്ങൾ നടത്തണം. ഓദ്യോഗിക അറിയിപ്പ് വരുന്നത് വരെ സുരക്ഷിത സ്ഥലങ്ങളില്‍ തന്നെ താമസിക്കുക

  • തീരശോഷണം നേരിടുന്ന പ്രദേശങ്ങളില്‍ നിന്ന് ചുഴലിക്കാറ്റ് പോലുള്ള അതിതീവ്ര കാറ്റ് /മഴ സമയങ്ങളില്‍ ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥലങ്ങളിലേക്കോ കര്‍ശനമായും മാറിത്താമസിക്കണം

  • ക്ലോറിനേറ്റ് ചെയ്‌തതും തിളപ്പിച്ചാറിയതുമായ വെള്ളം മാത്രം കുടിക്കുക

  • മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും മറ്റു അനുബന്ധ സാമഗ്രികളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക

വിനോദ സഞ്ചാരികള്‍ക്കുള്ള നിര്‍ദേശങ്ങള്‍

  • കടല്‍ത്തീരത്തുള്ള എല്ലാ മുന്നറിയിപ്പ് അടയാളങ്ങളും അനുസരിക്കുക

  • അസ്ഥിരമായ മൺതിട്ടകൾ ഉള്ള സ്ഥലങ്ങളില്‍ നിൽക്കുന്നതോ ഇരിക്കുന്നതോ ഒഴിവാക്കുക, കാരണം അവ തകരാന്‍ സാധ്യത ഉണ്ട്.

  • വേലിയിറക്ക സമയത്ത് നിങ്ങളുടെ ബീച്ച് സന്ദര്‍ശനങ്ങള്‍ ആസൂത്രണം ചെയ്യുക. ഉയർന്ന വേലിയേറ്റവും വലിയ തിരമാല ജാഗ്രതാ നിര്‍ദേശങ്ങളും ഉള്ള സമയങ്ങളില്‍ കടല്‍ത്തീരത്ത് പോവുന്നത് ഒഴിവാക്കുക

  • തീരശോഷണം നേരിടുന്ന പ്രദേശങ്ങളില്‍ കടലിലേക്ക് ഇറങ്ങാതെ നോക്കുക

  • നിങ്ങള്‍ പരിചയ സമ്പനായ നീന്തല്‍ക്കാരനാണെങ്കില്‍ പോലും ഒരിക്കലും ഒറ്റയ്ക്ക് കടലില്‍ ഇറങ്ങരുത്

  • എപ്പോഴും ലൈഫ് ഗാര്‍ഡുകള്‍ ഉള്ള സംരക്ഷിത ബീച്ചുകളില്‍ മാത്രം വെള്ളത്തില്‍ ഇറങ്ങാന്‍ ശ്രദ്ധിക്കുക

കടപ്പാട്: ദേശീയ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികൾ