സംസ്‌കാരത്തെ അതിജീവിപ്പിക്കുന്ന ഭാഷ
ഡോ. സ്‌മിത കെ. നായര്‍
ഭാഷാ നഷ്‌ടത്തിലൂടെയുള്ള സാംസ്‌കാരിക നഷ്‌ടം കഴിയുന്നത്ര ഒഴിവാക്കി തനതു ശൈലി നില നിര്‍ത്തി സംസ്‌കാരത്തെ അതിജീവിപ്പിക്കുന്ന ഒരു രീതിയാണ് കണ്ണൂര്‍ ഭാഷാ ഭേദത്തില്‍ പൊതുവായി കാണാന്‍ കഴിയുന്നത്. മണ്ണിനോടും പ്രകൃതിയോടും അനുഷ്‌ഠാനങ്ങൾ, വിശ്വാസങ്ങള്‍ തുടങ്ങിയവയോടും ചേർന്ന് നിൽക്കുന്ന ഒരു ജനതയെയാണ് കണ്ണൂര്‍ ഭാഷാഭേദം വെളിപ്പെടുത്തുന്നത്. ബണ്ണാബ്‌ല, മാണ്ടുച്ചി, തമ്പാച്ചി, കുപ്പായി, പച്ചപ്പറങ്കി, മൊളീശന്‍, ബിളിമ്പി, പൃക്ക് തുടങ്ങിയ വാക്കുകള്‍ കേട്ടാൽ കണ്ണൂരിന് പുറത്തുള്ളവര്‍ ഇത് മലയാളമാണോ എന്ന് സംശയിക്കും. ഇത്തരത്തില്‍ ”ഉപ്പും പറങ്കിം ഞെലച്ചിറ്റ് കുള്‍ത്ത് കുടിച്ചു” എന്ന് കണ്ണൂരുകാര്‍ പറയുമ്പോള്‍ ”ഉപ്പും മുളകും ഞെരടി പഴങ്കഞ്ഞി കുടിച്ചു” എന്നാണ് പറഞ്ഞെതെന്ന് മനസ്സിലാക്കണം. ബണ്ണാബ്‌ല മാറാലയും, മാണ്ടൂച്ചി പ്രേതവും, മൊളീശന്‍ മുളകിട്ട കറിയും, ബേങ്കീ വേഗം ഇറങ്ങു എന്നും പൃക്ക് കൊതുകുമാണ്.
സംസ്‌കൃത സ്വാധീനം കുറഞ്ഞ വാമൊഴി വഴക്കങ്ങളാണ് കണ്ണൂര്‍ ഭാഷയുടെ പ്രത്യേകത. മുഖം എന്നതിന് മീട്, മൊത്തി, മോറ് എന്നീ രൂപങ്ങള്‍ അവര്‍ ഉപയോഗിക്കുന്നു. ദേഹം എന്നതിന് മെയ് എന്നും ദേഹത്ത് എന്നതിന് മേത്ത് എന്നുമാണ് പ്രയോഗം. തലയ്ക്ക് മണ്ട എന്നും വയറിന് കുമ്പ എന്നും കഴുത്തിന് കൗത്ത് എന്നും ശബ്‌ദത്തിന് കൂറ്റ് എന്നും ചുമയ്ക്ക് കൊര എന്നുമുള്ള പ്രയോഗങ്ങള്‍ ഭാഷയുടെ ഏറ്റവും ലളിതമായ ശൈലിക്ക് ഉദാഹരണങ്ങളാണ്. ഭാഷയിലെ പരിസ്ഥിതി ബോധവും അനന്യമാണ്. ഏറ്റവും ലളിതമായ പദങ്ങളുടെ പ്രയോഗം പരിസ്ഥിതി ബോധവുമായി ചേർന്നു നിൽക്കുന്നു. പണ്ടു കാലത്ത് തവളയ്ക്ക് മാക്രി എന്നുപയോഗിച്ചിരുന്നെങ്കിലും ഇന്ന് അത്തരം പ്രയോഗം കുറവാണ്. എന്നാൽ കണ്ണൂര്‍ ഭാഷാ ഭേദത്തില്‍ ഇത്തരം പദങ്ങള്‍ നില നിർത്തി പോരുന്നു. തവളയ്ക്ക് മാക്രി എന്നും നാല്‍ക്കാലിക്ക് കന്ന് എന്നും കാളയ്ക്ക് മൂരി എന്നും പശുക്കിടാവിന് കടച്ചി എന്നും പശുവിന് അമ്പ എന്നും അണ്ണാന് അണ്ണാക്കൊട്ടൻ എന്നും ഒച്ചിന് അച്ചിള്‍ എന്നും തുമ്പിക്ക് അച്ചിക്കിണിയന്‍ എന്നുമാണ് പേര്. സന്ധ്യാ നേരത്തെ സൂചിപ്പിക്കാന്‍ അന്തി, മോന്തി, മയ്യാല എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നതായി കാണാം. ആച്ച് എന്നാൽ കാലാവസ്ഥയാണ്. തെയ്യത്തിന്റെ നാടായതുകൊണ്ടു തന്നെ വിശ്വാസവുമായി ഏറ്റവും ചേർന്നു നിൽക്കുന്ന ഭാഷയാണ് കണ്ണൂര്‍ ഭാഷ. അമ്പോറ്റി എന്നാൽ ദൈവവും അമ്പാടി എന്നാൽ തെയ്യവും പോതി എന്നാൽ ഭഗവതിയുമാണ്. ഭൂത പ്രേത സങ്കൽപത്തെ സൂചിപ്പിക്കാന്‍ മാത്രം മാണ്ടു, മാടന്‍, മാണ്ടൂച്ചി, പൂതന്‍, കൂളി എന്നിങ്ങനെ ഒട്ടനവധി പദങ്ങള്‍ ഭാഷയിലുണ്ട്.
പ്രത്യയ പ്രയോഗങ്ങളിലെ സവിശേഷതകള്‍ എടുത്തു പറയേണ്ടതാണ്. ‘തന്നിനി’ – തന്നിരുന്നു എന്ന അര്‍ത്ഥത്തില്‍ ‘ഇന്’ ഭൂതകാല പ്രത്യയമായി ഉപയോഗിക്കുന്നു. ‘തന്നറോ’ എന്നാൽ തന്നേക്കൂ എന്നും ‘തന്നിക്ക്’ എന്നാൽ തന്നിരുന്നു എന്നും ‘തെരല്ണ്ട്’ എന്നാൽ തരാറുണ്ട് എന്നും ‘തന്നിറ്റ’ എന്നാൽ തന്നിട്ടില്ല എന്നും അര്‍ഥം. ഇവിടെ ‘ഇറ്റ’ എന്ന പ്രത്യയമാണ് നിഷേധ രൂപമായി വർത്തിക്കുന്നത്. അതു പോലെ ‘തരറ്’ എന്നാൽ തരരുത് എന്നർത്ഥം. ‘തന്നേക്കറാ’ എന്നത് തന്നേക്കരുത് എന്നും ‘തരറോ’ എന്നത് തരരുതോ എന്ന അര്‍ഥത്തില്‍ ചോദ്യ രൂപമായും ഉപയോഗിക്കുന്നു. ‘തന്നിനോ’ എന്നാൽ തന്നിരുന്നോ എന്നർഥം.
ചില്ലക്ഷരം ലോപിച്ച സര്‍വ നാമങ്ങള്‍ (ഞങ്ങ, നിങ്ങ), സംവൃതോകാരത്തിനു പകരം ഇകാരത്തിലവസാനിക്കുന്ന പദങ്ങള്‍ (ഓന്-ഓനി, എന്തിന്-എന്തിനി), ടകാരത്തിനു പകരം റകാരാദേശം (എന്തെടോ-എന്തെറോ), മറിച്ച് റകാരത്തിനു പകരം ടകാരവും (പോയവാറ്-പോയവാട്, കണ്ടവാറ്-കണ്ടവാട്), സംബന്ധികാ വിഭക്തി പ്രത്യയമായ ഉടെ ലോപിച്ച് രെഎ ആയി മാറുന്നതും (കുഞ്ഞുങ്ങളുടെ-കുഞ്ഞുങ്ങളെ, പാട്ടിയുടെ-പാട്ടീരെ) കണ്ണൂരിന്റെ ഭാഷാ പ്രത്യേകതകളായി ടി.കെ.കെ. പൊതുവാള്‍ പൊഞ്ഞാറിന്റെ ആമുഖത്തില്‍ വിലയിരുത്തുന്നു. (അംബികാസുതന്‍ മാങ്ങാട്, 2015)
സാംസ്‌കാരിക സന്ദര്‍ഭങ്ങളെയും സാമൂഹികമായ പ്രത്യേകതകളെയും അടയാളപ്പെടുത്തുന്നതിൽ സര്‍വ നാമങ്ങളുടെ സ്ഥാനം ചെറുതല്ല. ഭാഷയില്‍ പ്രയോഗിക്കപ്പെടുന്ന ശ്രേണികൃതമായ അധികാരം, അസമത്വം, തുല്യത, ഔപചാരികത, ജെന്‍ഡര്‍ ബോധം, തുടങ്ങിയ എല്ലാത്തരം പ്രത്യേകതകളും സര്‍വ നാമങ്ങളുടെ പ്രയോഗത്തിലൂടെ വെളിപ്പെടുന്നു. കണ്ണൂര്‍ ഭാഷാ ഭേദത്തില്‍ ഓള് എന്നാൽ അവളും ഓന് എന്നാൽ അവനുമാണ്. ഞങ്ങള്‍ എന്നത് ഞാള്, ഞമ്മള് എന്നിങ്ങനെ പ്രയോഗിക്കുന്നു. അവര്‍ എന്നതിന് അയ്റ്റിങ്ങ, അവ്യ എന്നീ പ്രയോഗങ്ങള്‍ ആണുള്ളത്. ഓറ് എന്നാൽ ബഹുവചന രൂപമായി അവര്‍ എന്നുപയോഗിക്കുന്നു. ഞാക്ക് എന്നാൽ ഞങ്ങള്‍ക്ക് എന്നർത്ഥം. അന്റത് എന്നാൽ എന്റേതും അനക്ക് എന്നാൽ എനിക്കുമാണ്. നിങ്ങള് എന്നതിന് ഇങ്ങള് എന്നും നീ എന്നതിന് ജ്ജ് എന്നും ഉപയോഗിക്കുന്നു. ഇങ്ങള് എന്നത് ബഹുമാന സൂചി കൂടിയാണ്. അദ്ദേഹം എന്നത് മൂപ്പരാണ്. എന്റെ കൂടെ എന്നതിന് അന്റപ്പരം എന്ന് പ്രയോഗിക്കുന്നു. ഞാള്, ഞങ്ങ, നിങ്ങ, ആട, ഈട, ഏട, ഇങ്ങള്, നുമ്മ തുടങ്ങി വ്യത്യസ്‌തമായ സര്‍വ നാമ രൂപങ്ങള്‍ ഇവിടെ ഉപയോഗിക്കുന്നതായി കാണാം.
ഇത്തരത്തില്‍ വൈവിധ്യമാർന്ന ഭാഷാ പ്രയോഗങ്ങള്‍ കൊണ്ട് സമ്പുഷ്‌ടമാണ് കണ്ണൂര്‍ ഭാഷ. ഇത് പരിസ്ഥിതിയുമായും സംസ്‌കാരവുമായും ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നു എന്നതാണ് ഈ പദങ്ങള്‍ ഇന്നും ഏറ്റവും ലളിതമായി നില നില്‍ക്കാന്‍ കാരണം എന്ന് പറയാം. വരമൊഴി ഭാഷയുടെ വാമൊഴിയിലേക്കുള്ള കടന്നു വരവ് ഭാഷയെ മാനകമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. ഈ മാനകവല്‍ക്കരണം ഭാഷാ പദങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഭാഷയുടെ ആധുനിക വല്‍ക്കരണത്തില്‍ മാനക ഭാഷയും വാമൊഴി ഭാഷയും തമ്മിലുള്ള വ്യത്യാസങ്ങള്‍ കുറഞ്ഞു വന്നു. പ്രാദേശിക ഭേദങ്ങള്‍ ഭാഷയില്‍ നിന്നും നഷ്‌ടമായി തുടങ്ങി. എന്നാൽ ഈ മാറ്റങ്ങളൊന്നും തന്നെ കണ്ണൂര്‍ ഭാഷാഭേദത്തില്‍ കാര്യമായി ബാധിച്ചിട്ടില്ല. ഭാഷയുടെ ദ്രാവിഡ സ്വഭാവം നില നിര്‍ത്താന്‍ കണ്ണൂര്‍ ഭാഷയ്ക്ക് കഴിയുന്നുണ്ട് എന്നു പറയാം. ഇനിയുമേറേ ഭാഷാ സവിശേഷതകള്‍ കൊണ്ട് സമ്പുഷ്‌ടമായ കണ്ണൂര്‍ ഭാഷാഭേദത്തില്‍ കൃത്യമായ ഭാഷാശാസ്ത്ര പഠനത്തിന് ഏറെ പ്രസക്തിയുണ്ട്.