മല്‍പ്രം ഭാഷ

ഡോ. പ്രമോദ് ഇരുമ്പുഴി

മലപ്പുറം ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളായ പരപ്പനങ്ങാടി, തിരൂര്‍, പൊന്നാനി ഭാഗങ്ങളും കിഴക്കന്‍ മേഖലകളായ നിലമ്പൂര്‍, വണ്ടൂര്‍ തുടങ്ങിയ ഭാഗങ്ങളും തമ്മിലെല്ലാം നിരവധി വ്യതിയാനങ്ങള്‍ ഭാഷാ പ്രയോഗ രീതികള്‍ക്കുണ്ട്. മലപ്പുറത്ത് പൊതുവെ പറയുന്ന ഭാഷാ രീതിയെ ‘മല്‍പ്രം ഭാഷ’ എന്ന് വിളിക്കാം.

മലപ്പുറത്തുകാരനും കണ്ണൂര്‍ക്കാരനും സുഹൃത്തുക്കളാണ്. അവര്‍ രണ്ടുപേരും ബസ്സില്‍ കയറി. കണ്ണൂര്‍ക്കാരന്‍ പറഞ്ഞു, ”അന്റെ പൈശ ഞാന്‍ കൊടുക്കാം” കണ്ടക്‌ടർ വന്ന് മലപ്പുറംകാരനോട് ടിക്കറ്റ് ചോദിച്ചപ്പോള്‍ കണ്ണൂര്‍ക്കാരനെ ചൂണ്ടി അയാള്‍ തന്നിട്ടുണ്ടെന്നു പറഞ്ഞു. അയാള്‍ അയാളുടെ പൈസ മാത്രമേ തന്നിട്ടുള്ളൂ എന്ന് കണ്ടക്‌ടർ പറഞ്ഞു. കണ്ണൂര്‍ക്കാരനോടു ചോദിച്ചപ്പോള്‍ അത് ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്‌തു. കണ്ണൂര്‍ വാമൊഴിയില്‍ ‘അന്റെ’ എന്നാൽ ‘എന്റെ’ എന്നാണ്. മല്‍പ്രം ഭാഷയില്‍ ‘അന്റെ’ എന്നതിന് ‘നിന്റെ’ എന്നുമാണ് അര്‍ത്ഥം. രണ്ടു ദേശങ്ങളിലെ ഭാഷാഭേദമാണ് ഇവിടത്തെ ആശയക്കുഴപ്പത്തിന് കാരണം. രണ്ടു ദേശക്കാര്‍ ഒരുമിച്ച് താമസിക്കുമ്പോഴും സഞ്ചരിക്കുമ്പോഴും അടുത്തിടപഴകുമ്പോഴും ഇങ്ങനെയുള്ള നിരവധി സംഭവങ്ങള്‍ അരങ്ങേറാറുണ്ട്.

തെക്കന്‍ കേരളത്തിലുള്ളവര്‍ മല്‍പ്രം ഭാഷയെപ്പറ്റി വളരെ വേഗത കൂടുതലാണ്/ചുരുക്കി പറയുന്നവരാണ് എന്ന് പറയാറുണ്ട്. അവര്‍ക്ക് മനസ്സിലാക്കാന്‍ വളരെ പ്രയാസമുള്ളൊരു ശൈലിയാണ് ക്രിയാ ശബ്‌ദത്തോടൊപ്പം ‘ഐക്കാരം’ ചേര്‍ത്ത് പറയുത്. ഉദാഃ-വരൈ്വക്കാരം, പൊകൈ്വക്കാരം. സംഭവ്യതാ പദങ്ങളില്‍ ചേർക്കുന്നവരുമായിരിക്കാം, പോകുമായിരിക്കാം എന്നതിലെ ആയിരിക്കാം എന്ന വാക്കാണ് ഐക്കാരം ആയി മാറുന്നത്. വന്ന്ക്കണു (വന്നിരിക്കുന്നു), വന്ന്ക്ക്‌ണ്, വന്ന്‌ക്ക്‌ണി, വന്ന്‌ണ്ടല്ലോ എന്നെല്ലാം ഇവിടെ പ്രയോഗിക്കാറുണ്ട്. പെരിന്തല്‍മണ്ണയുടെ സമീപ പ്രദേശങ്ങളില്‍ വന്ന്‌ട്ട്‌ലേ, പോയ്‌ട്ട്ലേ എന്നും പ്രയോഗമുണ്ട്. മല്‍പ്രം ഭാഷയെ പൊതുവില്‍ മാപ്പിള മലയാളം എന്നു വിളിക്കാറുണ്ട്. ചില ഉച്ചാരണ ഭേദങ്ങളും ചില വാക്കുകളും മാറ്റി നിര്‍ത്തിയാല്‍ എല്ലാവരും ഒരേ ഭാഷാ രീതിയാണ് പ്രയോഗിക്കുന്നത്. അവര്‍ണ വിഭാഗക്കാര്‍ ഉപയോഗിക്കുന്ന ഭാഷാ രീതിക്ക് മാപ്പിള മലയാളവുമായി അടുപ്പമുണ്ട്.

ചുരുക്ക പ്രയോഗങ്ങള്‍
എന്തിനാ, എന്നാത്തിനാ, എന്നാ, എയ്‌നാ തുടങ്ങിയവ കേരളത്തിലെ മറ്റു പ്രദേശങ്ങളില്‍ പ്രയോഗിക്കുമ്പോള്‍ (എ)ത്താ എന്ന് ആദ്യപദമായ ‘എ’യെ നിശ്ശബ്‌ദമായോ അല്ലാതെയോ പ്രയോഗിക്കുന്നു. ഇങ്ങനെ ചുരുക്കി പറയുന്നതിന് ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.

    1. ക്ലാസില്‍ ചോദ്യത്തിന് ഒരു വിദ്യാര്‍ഥി ശരിയുത്തരം പറഞ്ഞപ്പോള്‍ ടീച്ചര്‍ സമ്മാനമായി മിഠായി നല്‍കി. അപ്പോള്‍ മറ്റു കുട്ടികൾ ”ച്ചും ച്ചും” (എനിക്കും എനിക്കും) എന്നുറക്കെ പറഞ്ഞു.
    2. കവലയില്‍ തര്‍ക്കം മൂത്തപ്പോള്‍ ”എനിക്ക് നീ പുല്ലാണ്” എന്നൊരാൾ വെല്ലുവിളിച്ചപ്പോള്‍, മറ്റേയാളുടെ മറുപടി ”ച്ച് ജും” (എനിക്ക് നീയും) എന്നായിരുന്നു.

സര്‍വനാമ രൂപങ്ങളുടെ പ്രയോഗഭേദം മല്‍പ്രം ഭാഷയുടെ പ്രത്യേകതകളിലൊന്നാണ്. ഉത്തമ പുരുഷ സര്‍വ നാമങ്ങളായി (ഇ)ച്ച് (എനിക്ക്), (ഇ)ക്ക് (എനിക്ക്), (ഇ)ന്നെ (എന്നെ), മ്മക്ക് (നമുക്ക്) എന്നും മധ്യമ പുരുഷ സര്‍വ്വ നാമങ്ങളായി അന്നെ (നിന്നെ), അണക്ക് (നിനക്ക്), ജ്ജ് (നീ), ങ്ങള് (നിങ്ങള്‍) എന്നും പ്രഥമ പുരുഷ സര്‍വ നാമങ്ങളായി ഓന്‍ (അവന്‍), ഓള്‍ (അവള്‍), ഓന്ക്ക് (അവന്), ഓല് (അവര്‍) എന്നാണ് ഇവിടത്തെ പ്രയോഗം. വഴി-വയി, വജ്ജ്, കുഴി-കുയി, കുജ്ജ്, പശു-പയ്യ്, പജ്ജ്, കൈ-കയ്യ്, കജ്ജ് എന്നിങ്ങനെ ഴ യെ യ ആയും ജ്ജ ആയും ഉച്ചരിക്കാറുണ്ട്. ”പജ്ജിന്റെ നെജ്ജ് കജ്ജ്മ്മലായിട്ട് കെഗ്ഗീട്ടും കെഗ്ഗീട്ടും പോണില്ല” (പശുവിന്റെ നെയ്യ് കയ്യിലായിട്ട് കഴുകിയിട്ടും കഴുകിയിട്ടും പോകുന്നില്ല). ഉദ്ദേശികാ വിഭക്തി പ്രത്യയങ്ങളായ ക്ക്, ന് (സീതക്ക്, രാമന്) എന്നിവയെ രണ്ടും ഒരുമിച്ച് ചേര്‍ത്ത് ഉപയോഗിക്കുന്നത് ഇവിടെ കാണാം. ഉദാഃ-രാമന്ക്ക്, ഓന്ക്ക്. ഉമ്മയുടെ എന്ന് ഉടെ ചേര്‍ത്താണ് സംബന്ധികാ വിഭക്തിയില്‍ മാനക മലയാളം പ്രയോഗിക്കുന്നതെങ്കിൽ മല്‍പ്രം ഭാഷയില്‍ ഉമ്മാന്റെ, ഉമ്മേന്റെ, ഉമ്മന്റെ എന്നിങ്ങനെ ന്റെ ചേര്‍ത്ത് മൂന്നു രീതിയിൽ പ്രയോഗിക്കുന്നുണ്ട്. എന്റെ എന്നതിന് ഇന്റെ എന്നും ഇഞ്ച എന്നും പീടികയിലേക്ക് പോകുക എന്നതിന് പീടീ പോക്വ എന്ന് ചുരുക്കിപ്പറയുന്നു. ഷയെ സ ആയാണ് ഉച്ചാരണം. ഉദാഃ-കസായം (കഷായം), മസി (മഷി).

ചില ശരീരഭാഗങ്ങള്‍ക്ക് മല്‍പ്രം ഭാഷയ്ക്ക് സ്വന്തമായ വാക്കുകളുണ്ട്. ഊര-ഇടുപ്പ്, കഴുത്ത്-കൊല്ലി, ചങ്ക്, പെരടി-കഴുത്തിന്റെ പിന്‍ഭാഗം, ചണ്ണ-തുട, ഞെരിയാണി-ഉപ്പൂറ്റി, കൊച്ച്ളി- കാൽമുട്ടിന് കീഴ്‌ഭാഗം. ചില ക്രിയാ പദങ്ങള്‍ക്ക് ശേഷം ക്കം ചേര്‍ത്ത് ഉച്ചരിക്കുന്നു. (നീന്തക്കം, ഓട്ടക്കം, ചാട്ടക്കം) ബാന്ധവ പദങ്ങളിലും ചില പ്രത്യേകതകളുണ്ട്. അമ്മായികാക്ക (അമ്മായിയുടെ ഭര്‍ത്താവ്), എളേച്ചി (ഭര്‍ത്താവിന്റെ അനുജന്റെ ഭാര്യ), താട്ടൻ (ജ്യേഷ്ഠന്‍), കുട്ടച്ഛൻ (ചെറിയച്ഛന്‍), മാമ (വൃദ്ധന്‍).

ജോലികള്‍
മാടാര് (ആശാരി), മേശിരി (പണിക്കാരെ  നിയന്ത്രിക്കുന്ന ആള്‍), പണ്ടാരി (പാചകക്കാരന്‍), ഒത്താന്‍ (മുസ്ളിങ്ങളായ മുടിവെട്ടുകാർ), കല്‍പ്പണി (നിര്‍മ്മാണതൊഴില്‍), വൈച്യേര് (വൈദ്യര്‍).

സ്വഭാവം
അരക്കന്‍ (പിശുക്കന്‍), അറക്കത്തരം (വിട്ടുവീഴ്‌ചയില്ലായ്‌മ), വല്യട്ടി(മേനി നടിക്കുന്ന ആള്‍), പെണ്ണുങ്ങളെ മാപ്പള (പെൺകോന്തൻ), കോട്ടി (ദേഷ്യക്കാരന്‍), കുഞ്ഞാപ്പുത്തരം (പരിഹാസ്യം), തിന്നാവു (ഭക്ഷണപ്രിയന്‍), മൂരി (യാഥാസ്ഥിതികന്‍)

മത്സ്യപ്പേരുകള്‍
മുജ്ജ് (മുഴു), ബിലാല് (വരാല്‍), പുതിയാപ്ലക്കോര (കിളിമീന്‍), ബെത്തല്‍ (നത്തോലി), ഞൗഞ്ഞി (നത്തക്ക)

മല്‍പ്രം ഭാഷയിലെ അറബി പദങ്ങള്‍
കല്‍ബ് (മനസ്സ്), മയ്യത്ത് (ശവശരീരം), ജാഹില് (വിഡ്ഢി), ഹലാക്ക് (അപകടം), ഈമാന്‍ (വിശ്വാസം), അസര്‍ (വൈകീട്ട്), നിഹ്‌മത്ത് (അനുഗ്രഹം)

ഏതൊരു പ്രാദേശിക ഭാഷയുടെയും വിധി മാനക ഭാഷയിലെ പദങ്ങളും പ്രയോഗ രീതികളും ഉച്ചാരണങ്ങളും സ്വീകരിച്ച് മുന്നോട്ടു പോകുക എന്നതാണ്. മല്‍പ്രം ഭാഷയും മലയാളത്തിലെ അച്ചടി ഭാഷയോട് അടുത്തുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസവും പത്രമാധ്യമങ്ങളും സിനിമയും മാനക മലയാളത്തിലാകുമ്പോള്‍ മല്‍പ്രം ഭാഷക്ക് മാത്രമായി അതിന്റെ തനിമയോടുകൂടി നിലനില്‍ക്കാന്‍ സാധ്യമല്ല.