കണ്ണിന്റെ കുഞ്ഞി
പി.വി. ഷാജികുമാര്‍
നടപ്പട്ട വെയിൽ ദാഹം തീരാതെ നാട്ടിലെ സകലമാന വെള്ളവും കുടിച്ച് തീർക്കുന്ന മാര്‍ച്ച് മാസത്തിലാണ് ഞങ്ങളുടെ നാട്ടിൽ പൂരക്കാലം തുടങ്ങുക. അഴകുളം അമ്പലത്തില്‍ മറത്തു കളിക്കുന്ന പണിക്കര്‍മാര്‍ ശ്ലോകം ചൊല്ലി, ‘ആ..’ എന്ന് ശോകാത്മകമായി ചൊല്ലിത്തീർക്കുന്നത് പതിഞ്ഞ ഒച്ചയില്‍ നെല്ലൊഴിഞ്ഞ വയലുകളും തെങ്ങിൻ തോട്ടങ്ങളും തോടുകളും കടന്ന് വീട്ടിലേക്ക് വരും. ഈ നേരം പുളി ഉണക്കുകയോ/കളത്തിലിരുന്ന് മാച്ചി(ചൂല്‍)യുണ്ടാക്കാന്‍ ഉണങ്ങിയ കമുകിൻ പട്ട ഈരുകയോ/കാലിയെ അഴിച്ചു കെട്ടുകയോ/പൂങ്ങിയ നെല്ല് ത്രാകുകയോ/കോങ്കോട് പാറക്ക് നിന്ന് മുളിയരിഞ്ഞ് കൊണ്ടു വിടുകയോ അങ്ങനെയായിട്ടുള്ള നൂറ്നൂറ് നാടിന്റേതായ പണികള്‍ക്കിടയില്‍ നിന്ന് തലയുയര്‍ത്തി സ്വയം (എന്നാലെല്ലാവരും കേട്ടിരിക്കും) അമ്മ പറയും: പൊഞ്ഞേറാവ്ന്ന്…. കഴിഞ്ഞു പോയ കാലങ്ങള്‍ അമ്മയില്‍ ഓര്‍മകളായി കത്തി വരുമ്പോള്‍ അറിയാതെ പറഞ്ഞു പോവുന്നതാണ്. പൊഞ്ഞേര്‍: മനസ്സിലേക്ക് പുകഞ്ഞ് കയറുന്നത് എന്ന് പിരിച്ചെഴുതാം. ഗൃഹാതുരത്വത്തിനും നൊസ്റ്റാള്‍ജിയയ്ക്കും സാമാനമായ പദം. പൊഞ്ഞേര്‍ എന്ന് പറയുമ്പോള്‍ കിട്ടുന്ന വൈകാരികാനുഭവം ഒരിക്കലും കിട്ടില്ല മറ്റ് വാക്കുകള്‍ക്ക്. നീലക്കടലിലെ വെളുത്ത മല്‍സ്യത്തിന്റെ മഞ്ഞക്കണ്ണുകളിലെ തിളക്കമുണ്ട് അതിന്. പിന്നപ്പിന്നെ ഇന്നലെകളിൽ തീർന്നു പോയ നല്ല കാര്യങ്ങള്‍ മനസ്സില്‍ വിഷാദമായി അലച്ചെത്തുമ്പോള്‍ ഞാനും പറയാന്‍ തുടങ്ങി: പൊഞ്ഞേറാവ്ന്ന്….
ഞങ്ങള്‍ കാസര്‍ഗോഡുകാരുടെ പറച്ചിലിന് അടുപ്പം കവിതയോടാണ്. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ആശയം ആഴത്തില്‍ വ്യക്തമാക്കും. ചിലപ്പോള്‍ ഉപമകള്‍ ചേര്‍ത്ത് പ്രയോഗം വാറ്റുചാരായം (റാക്ക്) പോലെ കടുപ്പിക്കും. ഉദാഹരണത്തിന് ‘ഞങ്ങള്‍ പോയി വരാം..’ എന്ന് തെക്കുള്ളവര്‍ പറഞ്ഞു പോകുമ്പോള്‍ ‘ഞാങ്ങൊ പോലായി’ എന്ന് എത്രയും വേഗം വാക്കുകള്‍ക്ക് ഫുള്‍ സ്റ്റോപ്പിടും. ‘ഓടി രക്ഷപ്പെട്ടു എന്ന് കൃത്രിമമായി പറഞ്ഞ് സ്ഥലം കാലിയാക്കില്ല, ‘കീഞ്ഞിന്.. പാഞ്ഞിന് എന്ന് കേൾക്കുന്നവന് രക്ഷപ്പെടല്‍ ഒരു ദൃശ്യാനുഭവമാക്കിത്തരും. ‘അസൂയക്കും കഷണ്ടിക്കുമല്ല’, പീനിനും ചാണക്കുമാണ് മരുന്നില്ലാത്തത്. അധികം സംസാരിക്കാതിരിക്കുന്നതാണ് നിനക്ക് നല്ലതെന്ന് ദേഷ്യപ്പെടാന്‍ ഏറെ കിതയ്ക്കേണ്ട, ‘ബേണ്ട് നൊട്യണ്ട നീ..’ എന്ന് മതി, അതുമതി. ‘ബേങ്കി.. ബേങ്കി.. ബേം.. ബേം…’ എന്ന് ബസ്സില്‍ നിന്ന് ക്ലീനര്‍ ഒച്ചയിട്ടാൽ പാട്ടാണെന്ന് തെറ്റിദ്ധരിക്കേണ്ട, ‘വേഗമിറങ്ങ് വേഗമിറങ്ങ്.. വേഗം വേഗം..’ എന്ന് ദേഷ്യപ്പെടുന്നതാണ്. ‘അവന് വലിയ അഹങ്കാരം..’ എന്ന് അഹങ്കാരത്തെ വലുതാക്കില്ല, ‘ഓന് ബല്ല്യ പൗറ്…’ എന്ന് പറഞ്ഞ് അവനെ കുഴിയാനയെപ്പോലെ ചെറുതാക്കിക്കളയും. ഒരിടത്ത് തന്നെ ഇടയ്ക്കിടെ പോയിക്കൊണ്ടിരിക്കുന്ന ഒരുത്തനോട് ഞങ്ങള്‍ പറയും: എന്താടാ നിന്റെ പൊക്കിള്‍ ആട കുയിച്ചിട്ടിനാ… പണ്ടു കാലത്ത് പേറെടുക്കുന്നവർ പൊക്കിള്‍ മുറിച്ചാൽ പൊക്കിള്‍ക്കൊടി മണ്ണില്‍ കുഴിച്ചിടും. കുഴിച്ചിട്ട സ്ഥലവുമായി ജനിച്ച ആളിന് ഒരു ആത്മബന്ധമുണ്ടാവുമത്രെ.
ബഹുമാനം ഞങ്ങള്‍ക്ക് കുറച്ച് കൂടുതലാണ്. ‘നിങ്ങൊ..’ ‘ഞാങ്ങൊ..’ എന്ന് വിധേയത്വത്തിന്റെ കൈ വായയ്ക്ക് വെയ്ക്കും നീ, നിങ്ങള്‍/ ഞാന്‍/ ഞങ്ങള്‍ ഇത്യാദികള്‍ക്കെല്ലാം. വയറ് കായുമ്പം വിശക്കുന്നു എന്ന അഹങ്കാരമല്ല, പയ്‌ക്കുന്നൂ എന്ന വിധേയത്വം വരും വാക്കുകള്‍ക്ക്. അറിയാത്ത കാര്യങ്ങള്‍ക്കെല്ലാം നിഷ്‌കളങ്കതയും വിധേയത്വവും കലർന്ന ഒരു ‘അപ്പാ.. കൂട്ടി വിളിയുണ്ട്. ‘ഉമ്മപ്പാ’, ‘ഇല്ലപ്പാ’ എന്നിങ്ങനെ. കാസ്രോട്ടുകാർ നിഷ്‌കളങ്കരും എളുപ്പം പറ്റിക്കപ്പെടുന്നവരുമാണെന്ന് മറ്റുള്ളവര്‍ പിടിച്ചെടുത്തതും പ്രയോഗിച്ചതും സംസാരത്തിലെ കാപട്യ രഹിതമായ വിധേയത്വത്തില്‍ നിന്നാണ്.
ഞങ്ങള്‍ക്ക് ഞങ്ങളുടേതായ പക്ഷികളും മത്സ്യങ്ങളും ജീവികളും പഴങ്ങളും ചെടികളും മരങ്ങളുമുണ്ട്. നിങ്ങളുടെ സൈലന്റ് വാലിയിലില്ലാത്ത ചീവീടുകള്‍ ഞങ്ങള്‍ക്ക് പീരാംകുടുക്കകള്‍ ആണ്. ‘വെര്യം കൊടുക്കുന്ന കുടുക്ക (കരയുന്ന കുടുക്ക) എന്നർഥം. തട്ടിൻ പുറത്ത് ഇരുട്ടിൽ തൂങ്ങിക്കിടക്കുന്ന വവ്വാല്‍ വാതിലാണ്. വലിയ വവ്വാല്‍ കടവാതിലും. രുചിയനുസരിച്ച് ഞങ്ങള്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പേര് വിളിച്ചു. ചുവന്ന് നീളത്തില്‍ കിടക്കുന്ന മുളകിന് ഞങ്ങള്‍ ആകെ മൊത്തം പറങ്കി എന്ന് വിളിച്ചു. പറങ്കികളെ തൊട്ടാലരിയും എന്ന് ഞങ്ങൾക്ക് അന്നേ അറിയാമായിരുന്നു. എരിവ് കൂടുതലുള്ള കാന്താരിക്ക് കുറച്ച് ബഹുമാനം കൊടുത്ത് കപ്പപ്പറങ്കിയാക്കി. കശുവണ്ടി ഞങ്ങളുടെ നാട്ടിൽ ചരിത്രം പറഞ്ഞ് പറങ്കി മാങ്ങയാണ്. പറങ്കികള്‍ കൊണ്ടുവന്ന മാങ്ങ. മധുരവും എരിവും മിക്‌സ് ചെയ്‌ത സ്വാദാണല്ലോ പറങ്കി മാങ്ങയ്ക്ക്. പറങ്കി മാങ്ങ വാറ്റിയെടുക്കുന്ന റാക്ക് ഞങ്ങളുടെ സ്വന്തം മദ്യമായിരുന്നു. നാട്ടിലെ റാക്കിന് വേണ്ടി, ദൂര സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ വന്നു. കമ്മ്യൂണിസത്തിനും തെയ്യത്തിനും പൂരക്കളിക്കുമെന്ന പോലെ പറങ്ക്യാങ്ങ വാറ്റിയ റാക്കിനും പേരുകേട്ട നാടായിരുന്നു എന്റേത്. കൈ കൂപ്പുന്നത് പോലെ ഇലകളില്‍ പൊതിഞ്ഞ് നിൽക്കുന്ന ഒരു ചെറു പഴമാണ് മൊട്ടാമ്പുളിങ്ങ. തെക്കോട്ട് എന്ത് വിളിക്കുമെന്നറിയില്ല. മൊട്ട്, ആമ്പല്‍, പുളി, മാങ്ങ ഇതെല്ലാം മിക്‌സ് ചെയ്‌ത പരുവപ്പെടുത്തിയ പേരാണ് മൊട്ടമ്പുളിങ്ങ എന്നറിയാം. പേര് സൂചിത സ്വാദുമുണ്ടതിന്. വിദേശങ്ങളില്‍ ഇപ്പോള്‍ വലിയ വിലയാണ് മൊട്ടമ്പുളിങ്ങയ്‌ക്ക്. നാട്ടിൽ ഇപ്പോഴും വഴിവക്കിലും കുറ്റിക്കാട്ടിലും കൈകൂപ്പി നിൽക്കുന്ന പഴം പുറം രാജ്യങ്ങളില്‍ മൂല്യവത്താകുമ്പോള്‍ ‘Local is international’ എന്ന പ്രയോഗത്തിന്റെ അര്‍ഥം കൂടുതല്‍ വ്യക്തമാവുന്നു. കയ്‌ക്കുന്ന പാവക്ക ഞങ്ങള്‍ക്ക് കയ്പ്പക്കയായി. എന്നാൽ പേരക്കയിലെ ഇക്ക ഞങ്ങള്‍ മാറ്റി, വേരാപ്പഴം എന്ന് വിളിക്കും.
കുട്ടികൾക്ക് പിടിക്കാന്‍ വേണ്ടി മാത്രമായി പുഴവക്കത്ത് വെള്ളം കുറവായ സ്ഥലത്ത് അനങ്ങാതെ കിടക്കുന്ന കുരുടന്‍ ഞങ്ങളുടെ സ്വന്തം മീനായിരുന്നു. കുരുടന് കണ്ണ് കാണില്ലെന്നായിരുന്നു ഞങ്ങള്‍ വിശ്വസിച്ചിരുന്നത്. ഞങ്ങളുടെ ബറകളിലെ (ബറ-ചൂണ്ട) കൊക്കകളില്‍ കെണിയാനായി മഞ്ഞ കൺമഷിയെഴുതി കുളിച്ച് കുട്ടപ്പനായി, ചൂട്ടച്ചിയും, മഞ്ഞളാട്ടയും മല്‍സരിച്ച് നിൽക്കാറുണ്ടായിരുന്നു. മാമുക്കോയയുടെ പല്ല് പോലെ മുള്ള് പുറത്തേക്കുയര്‍ത്തി മുല്ലാക്കൊട്‌ലയുണ്ടായിരുന്നു. നടു വളച്ച് നടും ചൂരിയുമുണ്ടായിരുന്നു. വലിയവരുടെ ബറകളില്‍ ബ്രാല്‍, കയ്ച്ചല്‍, മടമുശു, കടു തുടങ്ങിയ വലിയ മീനുകള്‍ കുടുങ്ങിയപ്പോള്‍ ഞങ്ങള്‍ കുട്ടികളെ വിഷമിപ്പിക്കാതിരിക്കാനാവണം ചൂട്ടച്ചിയും നെടുംചൂരിയും മുല്ലാക്കൊട്‌ലയും കുരുഡനും എന്നും ഞങ്ങളുടെ കൊക്കയില്‍ കുരുങ്ങി ജീവിതത്തെ വെള്ളത്തിലേക്കൊഴുക്കി. പച്ചയീര്‍ക്കില്‍ കൊണ്ടുണ്ടാക്കിയ കോവയില്‍ അവയെ ചെങ്കിളയിലൂടെ കോര്‍ത്ത് വീട്ടിലേക്ക് നടക്കുമ്പോള്‍ ഞങ്ങള്‍ ഉശിരന്മാരായി. ഇപ്പോള്‍ കുരുഡനും നടുംചൂരിയും മുല്ലാക്കൊട്‌ലയും മഞ്ഞളാട്ടയും പൂട്ടച്ചിയുമില്ല.
താനത്ത് തെയ്യത്തിന് പോകുമ്പം കുറേ വാക്കുകള്‍ ഗുണം വരുത്തും. മഞ്ഞക്കുറിയുടെ മണം പടരും. മുണ്ട് കൊണ്ട് കെട്ടിയ ചെണ്ടകളും തെയ്യക്കോപ്പുകളും കൊണ്ട് തെയ്യം കെട്ടുന്നവർ വയലിലൂടെ നിലാവ് പടർന്ന ഇരുട്ടിൽ നടന്നു വരുന്ന കാഴ്‌ച ഒരു കുറസോവ ഫ്രെയിമാണ്. തെയ്യം തുടങ്ങിയാല്‍ വീട്ടിൽ കാലുറക്കില്ല. സ്‌കൂളില്‍ ഇരിപ്പുറക്കില്ല. രാത്രി രാത്രിയേയല്ല. തെയ്യം മണ്ണിലുറഞ്ഞ് പോയത് കൊണ്ട് തെയ്യവുമായി ബന്ധപ്പെടുന്ന പ്രയോഗങ്ങളും വാക്കുകളും രസകരമായ കഥകളും ഏറെയുണ്ട്. ‘ചെമ്പ് കണ്ട് കൂടാത്ത തെയ്യത്തെപ്പോലെ ഓന്‍ കളിക്കുന്നത് നോക്കറോ…’ എന്ന് പറയുന്നത് ദേഷ്യം കൊണ്ട് തുള്ളുന്ന മനുഷ്യനെ കാണുമ്പോഴാണ്. ചെമ്പ് കണ്ട് കൂടാത്ത തെയ്യം മൂവാളംകുഴി ചാമുണ്ഡിയാണ്. ഒന്നിലും ഉറച്ച് നില്‍ക്കാത്ത ഒരാളെ കാണുമ്പോള്‍ നിശ്വാസത്തിന്റെ വിരല്‍ മൂക്കിന് വെക്കും: ‘കല്ല് പോയ കുളിയനെപ്പോലെ നടക്കുന്ന നീയിങ്ങനെ നടക്കാതെടാ….’ കുളിയന്‍ തെയ്യത്തിന് ഇരിപ്പിടവും കിടപ്പാടവുമായി ഒറ്റക്കല്ലുണ്ടാകും. ആ കല്ല് പോയാല്‍ പിന്നെ ഇരിക്കാനും കിടക്കാനുമാവാതെ രാവന്തിയെന്നില്ലാതെ നടപ്പ് തുടരും കുളിയന്‍. കല്ല് പോയ കുളിയന്‍ കുന്നുമ്പുറത്തു കൂടെ നടക്കുന്നത് നടക്കുത് കാണാറുണ്ട് ഇടയ്ക്കിടെ. അഹങ്കാരത്തിലും ആത്മ വിശ്വാസത്തിലും സ്വന്തം കാര്യം തീരുമാനിക്കുന്നവരോട് ‘നിങ്ങളെ തെയ്യം നിങ്ങളെ മഞ്ഞക്കുറി.. ഞങ്ങക്കെന്താക്കണ്ടേ..’ എന്ന് ആത്മഗതിക്കും.
തെയ്യം വിറ്റുകള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല. തെയ്യത്തിന്റെ മിത്തിനേക്കാളും ഇഷ്‌ടം തെയ്യം തമാശകള്‍ക്കാണ്. തെയ്യത്തിന്റെ ഭ്രാന്ത് പിടിച്ച ആളുകളും നാട്ടിലുണ്ട്. ചെറൂള്ളി കോമേട്ടൻ (ചെറൂള്ളി- ചെറുനാരാങ്ങ) അങ്ങനെയൊരാളായിരുന്നു. കുളിയാനായിരുന്നു കോമേട്ടനെ കയറിപ്പിടിച്ചത്. ഉന്മാദം പടരുന്ന നട്ടുച്ചകളിൽ തെയ്യം ഭാഷയില്‍ ഉച്ചത്തിലുരുവിട്ട് കോമേട്ടൻ നടക്കുന്ന വഴികളെല്ലാം തെയ്യപ്പറമ്പുകളാക്കി നടന്നു പോകുന്നത് ഭയക്കാഴ്‌ചയായുണ്ട്. ഇരുട്ട് ഞങ്ങള്‍ക്ക് മോന്തിയാണ്. മോന്തിക്ക് ചൂട്ടും കത്തിച്ച് ഒരു ഗോപാലേട്ടൻ പോകുന്ന കാഴ്‌ചയുണ്ട്. വെളിച്ചം വഴിയിലേക്ക് ചിതറും. പ്രാണികള്‍ വെളിച്ചത്തിനൊപ്പം ജാഥയാവും. തീപ്പൊരികള്‍ കറുപ്പില്‍ റെഡ്സ്റ്റാറുകള്‍ ആകും. ചൂട്ടുകളും ബീഡികളുമായിരുന്നു നാടിന്റെ വെളിച്ചം. ബീഡി കത്തിച്ച് ഒരാള്‍ ഇരുട്ടിലൂടെ പോകുന്നത് കണ്ട് അതാ,കമ്മ്യൂണിസ്റ്റാര്‍ടെ ചൂട്ട് പോവുന്നു എന്ന് ഒരു കഥാപാത്രത്തെക്കൊണ്ട് കഥയില്‍ കഥിപ്പിച്ചിട്ടുണ്ട് ഒരിക്കല്‍.
മണ്ണുമായി ബന്ധപ്പെട്ട് കനം കൂടിയ ഒട്ടേറെ വാക്കുകളുണ്ട്. മരണത്തിലേക്കെത്തിപ്പെട്ടതിനെ ‘വായ്ക്ക് മണ്ണാവട്ടി…’ എന്ന ഒറ്റവാക്കില്‍ വെട്ടിയിടും. ‘കൂവല്‍’ ഞങ്ങള്‍ക്ക് കൂകലല്ല, വാഴക്കണ്ടത്തിലും നട്ടിക്കണ്ടത്തിലും വെള്ളമൊഴിക്കാന്‍ ഉണ്ടാക്കുന്ന കുളത്തെക്കാള്‍ ചെറിയ കുഴികളാണ്. കൂവലില്‍ നിന്ന് മൺപാനയിൽ വെള്ളമെടുത്ത് വാഴക്കൊഴിക്കുന്നത് മഴയൊഴിഞ്ഞ പുലര്‍ക്കാലങ്ങളിലെ സ്ഥിരം കാഴ്‌ചയാണ്. കൂവല്‍ പോലെ ‘പള്ള’-ങ്ങളുമുണ്ട്. കുറച്ച് വലിയ കൂവലുകളാണ് പള്ളങ്ങള്‍ എന്ന് പറയാം. നിങ്ങള്‍ കിളയ്‌ക്കാനുപയോഗിക്കുന്ന തൂമ്പ ഞങ്ങള്‍ക്ക് കൈക്കോട്ടാണ്. മറ്റുള്ളവരെ സ്വന്തം കാര്യത്തിന് ഉപയോഗിക്കുകയും തിരിച്ചൊരുപകാരം ചെയ്യാത്തവനെ ‘ഓന്‍ നല്ലൊരു കൈക്കോട്ടാണെന്ന്’ വിളിക്കും ഞങ്ങള്‍. ‘കാനപ്പാടാണ്, വെയിലെത്തില്ല..’ എന്ന് ഇരുള്‍മൂടിയ, വിളവ് കുറവായ സ്ഥലങ്ങളെക്കുറിച്ച് പറയും. കാനപ്പാട്- കാനനം ഉണ്ടാക്കിയ പാടാണ്. എല്ലായ്‌പ്പോഴും മാറാതെ നിൽക്കുന്ന തണല്‍. ഒരു കാട് തന്നെ തണലുയര്‍ത്തി മനസ്സില്‍ നില്‍ക്കും കാനപ്പാട് എന്ന് കേള്‍ക്കുമ്പോള്‍, പ്രത്യേകിച്ച് ഈ ഫോറസ്റ്റ് മുഴുവന്‍ നാടായി മാറിക്കൊണ്ടിരിക്കുന്ന നടപ്പു കാലത്ത്.
ഗര്‍ഭിണികളെ ഞങ്ങള്‍ ‘കരിപ്പക്കാരത്തി’ എന്ന് വിളിക്കും. ‘വിശേഷം ഉണ്ടെന്നല്ല, ‘ഓളെ കുളി തെറ്റ്യോലും’ എന്നാണ് പറയുക. ‘പ്രസവിച്ചു’ എന്നല്ല ‘പെറ്റു’ ലഘൂകരിക്കും. പരിഷ്‌കാരമില്ലാത്തതോണ്ട് ‘കരിപ്പക്കാരത്തി’ പോയി, ‘ഗര്‍ഭിണി’ ആയി. അതിനും പരിഷ്‌കാരം പോരെന്ന് തോന്ന്യത് കൊണ്ടാവാം ‘പ്രഗ്‌നന്റ്’ ആണ് പുതിയ പദം. അധാനം ശീലമാക്കിയ പഴയ കാലത്ത് പെണ്ണുങ്ങള്‍ക്ക് ‘പെറല്’ എന്നത് ഒരു സാധാരണ സംഭവമായിരുന്നു. പേറ്റു വേദന വരുമ്പോള്‍ അങ്ങ് പെറും. നാട്ടിലെ എല്ലാവരും അങ്ങനെയായിരുന്നു. ‘നെന്റെ അമ്മ ഈ തങ്കംല്ലേ, നെന്റെ ഏട്ടനെ പെറ്റത് കരക്ക (തൊഴുത്ത്) കവ്വുമ്പോളാടാ (കവ്വുക-വൃത്തിയാക്കുക).. രണ്ടാമത്തോനെ പെറ്റത് തോല് കൊത്താന്‍ കുന്നുമ്മ പോയപ്പേളും. നെന്നെ പെറ്റത് അടുക്കളേന്നാ, അതാ നെനക്കിത്ര ‘കളറ്..’ എന്ന് നാട്ടിലെ തല നരച്ച, യൗവനം പോവാന്‍ സമ്മതിക്കാത്ത പെണ്ണുങ്ങള്‍ എന്നോട് പറയുമ്പോള്‍ അമ്മ നിസ്സംഗമായി ഒരു ചിരി ചിരിക്കും.
കഥകളിലും നോവലുകളിലും കാസര്‍ഗോഡന്‍ ഭാഷയും ശൈലിയും മുന്‍പ് തന്നെ വന്നിട്ടുണ്ടെങ്കിലും മലയാള സിനിമയില്‍ അടുത്ത കാലത്താണ് തുടരെത്തുടരെ വന്നുകൊണ്ടിരിക്കുന്നത്. കാസർഗോഡിന്റെ കഥ പറയുന്ന സിനിമകള്‍, കാസര്‍ഗോഡിന്റെ പ്രാദേശിക ഭാഷയില്‍ ലജ്ജയും മടിയുമില്ലാതെ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന സിനിമകള്‍. ബാവൂട്ടിയുടെ നാമത്തില്‍, പുത്തന്‍പണം തുടങ്ങിയ സിനിമകളില്‍ ആരംഭിച്ച് തിങ്കളാഴ്ച നിശ്ചയം, ന്നാ താന്‍ കേസ് കൊട്, മദനോല്‍സവം, നദികളില്‍ സുന്ദരി യമുന എന്നിങ്ങനെയുള്ള ഒട്ടേറെ സിനിമകളില്‍ കാസര്‍ഗോഡന്‍ കഥാപാത്രങ്ങളും ഭാഷയും ആചാരങ്ങളും രീതികളും ദൃശ്യവൽക്കരിക്കപ്പെട്ട് കഴിഞ്ഞു.
കാസര്‍ഗോഡുകാര്‍ അഭിനയിക്കുന്ന, സംവിധാനം ചെയ്യുന്ന, കഥയെഴുതുന്ന സിനിമകള്‍. തീയേറ്ററുകളില്‍ അവ കൈയ്യടി നേടുന്നു. അഭിനയിച്ചവര്‍ പ്രേക്ഷകരുടെ ഉള്ളിലേക്ക് താരങ്ങളായി നിഷ്‌കളങ്കതയോടെ തിളങ്ങുന്നു. മറു ദേശങ്ങളില്‍ നിന്നുള്ള അഭിനേതാക്കള്‍ വടക്കന്‍ ഭാഷ കഷ്‌ടപ്പെട്ട് പഠിച്ചെടുത്ത് ഈ സിനിമകളുടെ ഭാഗമാവുന്നു. ഇനിയും എത്രയോ സിനിമകളും കഥകളും നോവലുകളും കവിതകളും കാസര്‍ഗോഡിന്റെ അനുഭവങ്ങള്‍ സര്‍ഗാത്മകമായി അടയാളപ്പെടുത്തുമെന്ന് ഒരു സംശയവുമില്ല. നമ്മുടെ ഭാഷയും ജീവിതവും ഇനിയും കൂടുതല്‍ ആഴത്തില്‍ മുഖ്യധാരയില്‍ അറിയട്ടെ, പയമ്മ പറയട്ടെ .
*കണ്ണിന്റെ കുഞ്ഞി- കണ്ണിലെ കൃഷ്‌ണമണിക്ക് പറയുന്ന നാട്ടു വാക്ക്