മലയാളത്തിലെത്ര മലയാളങ്ങള്‍
തദ്ദേശീയമായ സാമൂഹിക ബന്ധങ്ങളും അറിവിടങ്ങളുമാണ് എല്ലാ ഭാഷകളുടെയും തദ്ദേശീയ സാന്നിധ്യം ഉറപ്പു വരുത്തുന്നത്. സര്‍ഗാത്മകമായ ഈ പ്രക്രിയ നിലനില്‍ക്കുമ്പോള്‍ തന്നെ ഏകീകൃതമായ ഒരു പൊതു ഭാഷയ്ക്കുള്ള ആസൂത്രിതമായ ഇടപെടലും വിനിമയ ഏകതയ്ക്കായി നടക്കും. കേരള സന്ദര്‍ഭത്തില്‍ വൈവിധ്യവും ഏകതയും ഭാഷാ പരിസ്ഥിതിയില്‍ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അന്വേഷിച്ചറിയാം.
ഭാഷാഭേദം, ഉപഭാഷ എന്നിങ്ങനെയാണ് dialect എന്ന പദത്തിന് മലയാളത്തിലുള്ള പ്രയോഗങ്ങള്‍. ഒരു ഭാഷയില്‍ ആഭ്യന്തരമായി ഉച്ചാരണം, പദാവലി, വ്യാകരണം, അര്‍ഥം എന്നീ തലങ്ങളില്‍ ദൃശ്യമാകുന്ന വ്യതിയാനങ്ങളെ പ്രാദേശികമായി പഠിക്കുന്ന മേഖലയാണ് ഭാഷാഭേദ വിജ്ഞാനം (dialectology). ആദ്യകാലങ്ങളില്‍ ഭാഷാഭേദ ഭൂമി ശാസ്ത്രം എന്നും ഈ പഠന മേഖല അറിയപ്പെട്ടിരുന്നു. പില്‍ക്കാലത്ത് സാമൂഹിക ഭാഷാ ശാസ്ത്രം വികസിച്ചപ്പോള്‍ ഭാഷയിലെ ആഭ്യന്തര വ്യതിയാനങ്ങള്‍ക്ക് ദേശത്തോടൊപ്പം സാമൂഹികചരങ്ങളായ ജാതി, മതം, പ്രായം, ലിംഗ പദവി, വര്‍ഗം, തൊഴില്‍, വിദ്യാഭ്യാസ നിലവാരം തുടങ്ങിയുള്ളവയും കാരണമാകുന്നുണ്ടെന്നു തിരിച്ചറിഞ്ഞതിനെ തുടർന്ന് പ്രാദേശിക ഭാഷാഭേദങ്ങള്‍ക്കൊപ്പം സാമൂഹിക ഭാഷാഭേദങ്ങളും പഠന മേഖലയില്‍ ഉൾച്ചേർന്നു.
മലയാളത്തിലെ ഭാഷാഭേദ ചിന്ത ലീലാതിലകത്തില്‍ ആരംഭിക്കുന്നതായി കാണാം. ഉത്കൃഷ്‌ട ഭാഷ, അപകൃഷ്‌ട ഭാഷ എന്നിങ്ങനെ എിങ്ങനെ രണ്ടു തരം കേരള ഭാഷയെക്കുറിച്ചതില്‍ പരാമർശിക്കുന്നുണ്ട്. ഈ വിഭജനമാകട്ടെ വർഗപരമാണെന്ന് അനുബന്ധ വിവരണത്തില്‍ നിന്നു സ്‌പഷ്‌ടം. ത്രൈവര്‍ണികര്‍ ഉപയോഗിക്കുന്ന സംസ്‌കൃത കലര്‍പ്പേറിയ ഭാഷ ഉത്കൃഷ്‌ടവും ദ്രാവിഡ കലര്‍പ്പു സ്‌പഷ്‌ടമായ കീഴാള വര്‍ഗം ഉപയോഗിക്കുന്ന ഭാഷ അപകൃഷ്‌ടവുമാണ്. ലീലാ തിലകത്തില്‍ ദർശിക്കുന്ന ഭാഷാ വൈവിധ്യ ചിന്ത തുടർന്നുണ്ടായ മിഷനറി സ്വദേശി വ്യാകരണങ്ങളില്‍ വാമൊഴി /അനൗപചാരിക ഭാഷാ പ്രയോഗങ്ങളായാണ് രേഖപ്പെട്ടത്.
ഗുണ്ടർട്ടിന്റെ പഠനങ്ങളിലാണ് ഭാഷയിലെ പ്രാദേശികതയും സാമൂഹികതയും ഭാഷാഭേദ സ്വഭാവത്തോടെ പൊതുവായി അടയാളപ്പെട്ടത്. സ്വദേശി വ്യാകരണങ്ങളില്‍ വാമൊഴി രൂപങ്ങളുടെ പരിമിത സാന്നിധ്യമുണ്ടെങ്കിലും അവ ഭാഷാഭേദ ചിന്തയുടെ അടിസ്ഥാനത്തിലുള്ളവയായിരുന്നു എന്നുറപ്പിക്കാനാവില്ല. പിന്നീട് പാശ്ചാത്യ ഭാഷാ പഠനത്തിന്റെ ഭാഗമായി തന്നെ വികസിച്ചു വന്ന ഭാഷാഭേദ ചിന്താ പദ്ധതിയുടെ ചുവടു പിടിച്ചു കൊണ്ടു ശാസ്ത്രീയമായ ഭാഷാഭേദ സര്‍വേ മലയാള സന്ദര്‍ഭത്തില്‍ ആരംഭിച്ചത് കേരള സര്‍വകലാശാല ഭാഷാ ശാസ്ത്ര വിഭാഗമാണ്. അഖില കേരളാടിസ്ഥാനത്തില്‍ നടത്തിയ ഈഴവ-തിയ്യ ഭാഷാഭേദ സര്‍വേ ആയിരുന്നു ആദ്യത്തേത്. തുടർന്നു പ്രാദേശികവും സാമൂഹികവുമായ ഭാഷാഭേദ പഠനങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട്. എന്നാൽ ഇവ പലതും പ്രദേശാടിസ്ഥാനത്തിലോ (ഏറ നാടന്‍ ഭാഷാഭേദം, കൊച്ചിന്‍ ഭാഷാഭേദം, കണ്ണൂര്‍ ഭാഷാഭേദം, വടക്കന്‍ ഭാഷാഭേദം, മലപ്പുറം ഭാഷാഭേദം) ജാതി/വര്‍ഗ വിഭാഗങ്ങളെയോ (പറയ, പുലയ, മുക്കുവ, മാപ്പിള,നമ്പൂതിരി), സാമൂഹിക ഭാഷാഭേദങ്ങളോ (ആചാര ഭാഷ, തൊഴില്‍ഭാഷാ ഭേദം) സംബന്ധിച്ചുള്ള അക്കാദമിക പ്രബന്ധങ്ങള്‍ ആയിരുന്നു. ഇവയൊന്നും പൊതു മലയാള ചിന്തയില്‍ ഇതുവരേയും വേണ്ട രീതിയില്‍ ഉൾക്കൊണ്ടിട്ടില്ല.
കേരളത്തിലെ ഭാഷാഭേദ മേഖലകള്‍
കേരള സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗം 1968 ല്‍ പൂര്‍ത്തിയാക്കിയ ഈഴവ-തിയ ഭാഷാഭേദ സര്‍വേ ഭാഷാഭേദത്തെ ജാതിയുമായി കണ്ണി ചേര്‍ക്കുകയും പ്രാദേശിക ഭേദങ്ങളെ അടയാളപ്പെടുത്തുകയും ചെയ്‌തു. ഈഴവ-തിയ വിഭാഗങ്ങള്‍ക്കിടയിലുള്ള ഭാഷ-ഭാഷണ വൈവിധ്യം അഖില കേരളാടിസ്ഥാനത്തില്‍ രേഖപ്പെടുത്തി. ഭാഷാഭേദ സര്‍വേ രീതികള്‍ അടിസ്ഥാനമാക്കിയുള്ള ഈ പഠനം മാതൃകാപരമായിരുന്നു. കേരളത്തിലാകെ 12 ഭാഷാഭേദ മേഖലകള്‍ കണ്ടെത്തി. ഈ സമുദായങ്ങളുടെ ഭാഷാഭേദം മേഖലാ തലത്തില്‍ ഭിന്നത നിലനിർത്തുന്നുവെന്നതാണ് പഠന ഫലം.
ഇതോടൊപ്പം മലയാള സന്ദര്‍ഭത്തില്‍ പ്രസക്തമാകുന്ന ഭാഷാഭേദ ചിന്തയുടെ മറ്റൊരു വശമുണ്ട്. ഗോത്രഭാഷാ പഠന മേഖലയാണത്. ആദിവാസി ഭാഷകളുടെ പഠനം സമാന്തരമായി കേരളത്തിലെ അക്കാദമിക രംഗം ഏറ്റെടുത്തു. അക്കാദമിക പഠനങ്ങള്‍ പലതുമുണ്ടായി. ഇവിടെയാണ് ഭാഷാഭേദ ചിന്തയുടെ മറ്റൊരു വശം വെളിപ്പെടുന്നത്. ആദിവാസികളുടെ ഭാഷ മലയാളത്തിന്റെ ആഭ്യന്തര വ്യതിയാനം മാത്രമാണോ? ആദിവാസികള്‍ക്ക് ഭാഷയുണ്ടോ, അവരുടെ ഭാഷ, ഭാഷയാണോ ഭാഷാഭേദമാണോ എന്ന ആലോചന ഏറെ പ്രസക്തമാകുന്നത് . കേരളത്തില്‍ നിലവിലുള്ള 36 ആദിവാസികള്‍ക്കു സ്വതന്ത്രമായ സ്വഭാഷാസ്‌തിത്വം അവകാശപ്പെടാനാവില്ല. ഇതിനു കാരണം 10000 ത്തില്‍ താഴെയാണ് പണിയ ഒഴികെയുള്ള മറ്റു വിഭാഗങ്ങളുടെ ജനസംഖ്യ എന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ 1971 സെന്‍സസ് മുതല്‍ നിശ്ചിത 10000 ത്തില്‍ താഴെ ജനസംഖ്യ ഉള്ളവരുടെ മൊഴികളെ ഭാഷയായി അംഗീകരിച്ചിട്ടില്ല. പണിയരുടെ ജനസംഖ്യ നിശ്ചിത കണക്കില്‍ നിന്നുയർന്നപ്പോൾ 2011 സെന്‍സസില്‍ മലയാളത്തിന്റെ ഉപഭാഷയായി പരിഗണിച്ചു. മറ്റു ഗോത്ര മൊഴികള്‍ മലയാളം, തമിഴ്, കന്നഡ, തുളു തുടങ്ങിയ ഭാഷകളുടെ ഉപ ഭാഷയായോ അവയ്ക്ക് മിശ്ര പൈതൃകമുണ്ടെന്നോ മാത്രം കാണുന്ന പ്രവണതയാണ് പൊതുവിലെ അക്കാദമിക നിരീക്ഷണം. സ്വാതന്ത്ര ഭാഷാസ്‌തിത്വം അംഗീകരിക്കാന്‍ രാഷ്ട്രീയമോ അക്കാദമികമോ ആയ സമീപനങ്ങളില്ല.
ഭാഷാഭേദ പ്രശ്‌നം
കേരളം ഭാഷാ സംസ്ഥാനമായി രൂപം കൊണ്ടപ്പോള്‍ അഭിമുഖീകരിച്ച പ്രധാന പ്രശ്‌നം ഭാഷാ വൈവിധ്യത്തിന്റേതാണ്. ഭാഷാടിസ്ഥാനമായി രൂപം കൊണ്ട സംസ്ഥാനത്തില്‍ ഭാഷാഭേദ വൈവിധ്യം കാരണം വിനിമയ വിടവ് നിലനിൽക്കുന്നുവെന്നതു പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നമായി. ഭാഷാ സമൂഹത്തിനുള്ളില്‍ തദ്ദേശീയതാടിസ്ഥാനത്തിലുള്ള വിഭാഗീയതയോ ആഭ്യന്തര മത്സരമോ സൃഷ്‌ടിക്കപ്പെടുന്നത് ഐക്യതയ്ക്ക് ഉചിതമാകില്ല എന്നറിയാവുന്നതു കൊണ്ടു ഭാഷാ വൈവിധ്യത്തിന്റെ സാന്നിധ്യം വാമൊഴിയില്‍ നിജപ്പെടുത്തിക്കൊണ്ടു വരമൊഴിയെ മാനക മലയാളമായി വികസിപ്പിച്ച് വിനിമയ ഏകത കൈവരിക്കാന്‍ സംസ്ഥാനം ശ്രമിച്ചു. ശ്രമം വിജയമാവുകയും ചെയ്‌തു. പാഠ പുസ്തകങ്ങള്‍ മാനകമായി ഏകീകരിച്ചും മാനകഭാഷ മാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളിലൂടെയും പ്രചരിപ്പിച്ചും ചെറിയ കാലയളവിനുള്ളില്‍ പൊതുഭാഷയിലൂടെയുള്ള വിനിമയ ഏകത സംസ്ഥാനം കൈവരിച്ചു. അഭിമാനകരമായ ഭാഷാസൂത്രണ നേട്ടമാണിത്. ഭൗമഭേദങ്ങളെയും സാംസ്‌കാരിക ഭേദങ്ങളെയും നിലനിറുത്തി കൊണ്ടു തന്നെ കേരളത്തിന്റെ ഭൗമാതിര്‍ത്തിക്കുള്ളില്‍ ഭാഷാ ഏകത നേടിയെടുത്തു. ഈ വിജയത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ഭാഷാഭേദങ്ങള്‍ ആഭ്യന്തരമായി അനുഭവിച്ച ചെറുതല്ലാത്ത സംഘര്‍ഷങ്ങളും.
വിദ്യാഭ്യാസം സര്‍വത്രികമായതോടെ, കേരള സമൂഹം സാക്ഷരതാ കേന്ദ്രിതമായും ന്യുനപക്ഷം വരുന്ന പൂര്‍വ സാക്ഷര സമൂഹവുമായി വിഭജിക്കപ്പെട്ടു. വായനാ സഹമായി മാറിയ അഭ്യസ്‌ത വിദ്യർക്കിടയിലും ജോലിയുമായി ബന്ധപ്പെട്ടു തനതല്ലാത്ത ഇതര ഇടങ്ങളില്‍ വസിക്കേണ്ടി വരുന്ന കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ജീവനക്കാരിലും യാത്രികരിലും ക്രമേണ വരമൊഴിയായ പൊതു മലയാളം വാമൊഴിയെ സ്വാധീനിച്ചു തുടങ്ങി. ജോലി സംബന്ധമായി നാടുവിട്ടുള്ള സ്ഥിരവാസം പുതു തലമുറയെ പൈതൃക ഭാഷാഭേദത്തില്‍ നിന്നകറ്റി. അതതു പ്രദേശങ്ങളില്‍ വസിക്കുന്നവർക്കിടയിൽ പ്രാദേശിക ഭാഷാഭേദ പൈതൃകം ഭാഷണ ശീലങ്ങളില്‍ നിന്നും പൂർണമായി നഷ്‌ടപ്പെടുന്നുമില്ല. പ്രാദേശിക ഭേദങ്ങളിലെ ഉച്ചാരണ ശീലങ്ങളിലെ മാറ്റത്തെക്കാള്‍ തദ്ദേശീയ വാക്കുകളുടെ നാശത്തിലാണ് കൂടുതല്‍ മാറ്റം പ്രകടമായത്. മാറുന്ന സാഹചര്യത്തിനനുസരിച്ച് കുറേ പദങ്ങളുടെ നാശവും സംഭവിക്കുന്നുണ്ട്. ഇതുവഴി പ്രാദേശിക അറിവിടങ്ങള്‍ ഇല്ലാതാകുന്നു. ഭാഷാഭേദ മരണം കേരളത്തില്‍ യാഥാർഥ്യമാണെന്നു അംഗീകരിച്ചേ മതിയാകൂ.
ഭാഷാഭേദങ്ങള്‍ ശേഖരിക്കണം
മാനക മലയാളത്തിന്റെ ഉപയോഗം സാര്‍വത്രികമായതു കൊണ്ടു സാമൂഹികാചാരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഭാഷാഭേദങ്ങള്‍ പണ്ടു വിവേചനപരമായി നിലവിലുണ്ടായിരുന്നെങ്കിലും അവയെ മാനക ഭാഷാ ശീലങ്ങളിലൂടെ ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്നത് വലിയ വിജയം തന്നെയാണ്. ഭാഷാഭേദങ്ങളുടെ സര്‍ഗാത്മക ശക്തിയും വൈവിധ്യവും കൈവിടാതെ കാത്തു പോരുന്നത്. സര്‍ഗാത്മക സാഹിത്യമാണ്. സര്‍ഗാത്മക വൈവിധ്യ പ്രാധാന്യം ഭാഷാഭേദങ്ങള്‍ക്കുണ്ടെങ്കിലും ഭാഷാഭേദങ്ങള്‍ക്കു അര്‍ഹമായ പ്രാതിനിധ്യം നല്‍കാറില്ല. ഭാഷാഭേദ നയം ഇനിയും രൂപപ്പെട്ടിട്ടില്ല. അതിനു തെളിവാണ് കേരളത്തിലെ ഭാഷാഭേദങ്ങള്‍ പൂർണമായി ശേഖരിക്കാനോ അവയെ സംരക്ഷിക്കാനോ ഇതുവരെയും വേണ്ട ശ്രമങ്ങള്‍ ഉണ്ടാകാത്തത്. ഭാഷാഭേദം ശേഖരിക്കാത്തതു വഴി സംഭവിക്കുന്ന വിഭവ നഷ്‌ടം ചെറുതല്ല. പലതും നഷ്‌ടപ്പെട്ടു. തൊഴില്‍പരമായ ഭാഷാഭേദങ്ങള്‍ ശേഖരിക്കാത്ത ഭാഷയായി മലയാളം ഇന്നും തുടരുന്നു.
സാങ്കേതിക പദാവലി നിര്‍മ്മാണത്തില്‍ ഏറ്റവും സഹായകമാകുന്ന സ്രോതസ്സ് ഇതു വഴി നഷ്‌ടപ്പെടുകയാണ്.
സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം ഭാഷാഭേദങ്ങളുടെ പുനര്‍ജ്ജീവനത്തിന് സഹായകമാണ്. ഭാഷാഭേദങ്ങളില്‍ ഉള്ളടങ്ങുന്ന പ്രാദേശിക തനിമ, വൈകാരികത, സുതാര്യത ജനതയെ തദ്ദേശീയ വേരുകളില്‍ എത്തിക്കുന്നതു കൊണ്ടാണ് അവയുടെ ഉപയോഗം വര്‍ധിച്ചത്. മലയാളത്തിലെ ഭാഷാഭേദങ്ങളെ സജീവമാക്കുന്ന സാമൂഹിക മാധ്യമ സാങ്കേതികത മാനക മലയാളത്തെ എങ്ങനെ ബാധിക്കാമെന്നതാകും ഇനിയുള്ള ചര്‍ച്ച. എല്ലാ ദേശത്തിന്റെയും വര്‍ഗത്തിന്റെയും ഭാഷയായി പ്രാദേശിക മലയാളങ്ങള്‍ വിനിമയ സാന്ദ്രത നേടണം. സിനിമയിലെ ഇന്നത്തെ ഭാഷാഭേദ ഉപയോഗം ഇത് സാധ്യമാക്കുമെന്ന പ്രതീക്ഷ നൽകുന്നുണ്ട്. സാമൂഹിക-ദേശാതിര്‍ത്തികള്‍ക്കപ്പുറം ഭാഷാഭേദങ്ങള്‍ മാനക മലയാളത്തിന്റെ ഭാഗമാകാനുള്ള ആസൂത്രണ പ്രക്രിയകളാണ് ഭാഷാഭേദ മരണം ഒഴിവാക്കാനും ഭാഷയുടെ ആധുനികീകരണവും സാങ്കേതിക പദാവലി നിര്‍മ്മാണ പ്രതിസന്ധിയും മറികടക്കാന്‍ ഉതകുന്നത്. ഭാഷാഭേദത്തെ ഭാഷാ സാംസ്‌കാരിക മൂലധനമായി കാണുന്ന ആസൂത്രണമാണ് അഭികാമ്യം.