മലയാളത്തിനുണ്ട് ശോഭനമായ ഭാവി
പ്രൊഫ.ഡോ.നടുവട്ടം ഗോപാലകൃഷ്‌ണൻ
മാതൃഭാഷകളുടെ തിരോധാനം മാനവരാശി നേരിടുന്ന വിപത്തുകളില്‍ ഒന്നാണ്. അവസാനത്തെ ഭാഷകനോടൊപ്പം ഭാഷ മരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഏഴായിരത്തിനടുത്ത് ഭാഷകള്‍ ലോകത്തുണ്ടായിരുന്നു. ഇത് 5500 – 6000 ലേക്ക് ഒതുങ്ങിയിരിക്കുന്നു. ഇക്കണോമിക്സ് ജേര്‍ണല്‍ റിപ്പോർട്ടനുസരിച്ച് ലോകഭാഷകളില്‍ 40 ശതമാനം ഈ നൂറ്റാണ്ടില്‍ തന്നെ അപ്രത്യക്ഷമാകും. പഠനപ്രകാരം 35000-ത്തില്‍ കുറവ് ഭാഷകരുള്ള ഭാഷകള്‍ക്ക് നൂറു വര്‍ഷത്തെ ആയുസ്സേ കാണുന്നുള്ളൂ. ഭാഷകളുടെ ബഹുമുഖത്വം കാലത്തിനൊപ്പം മുങ്ങിപ്പോകുന്നു. ലോകജന സംഖ്യയില്‍ അമ്പതു ശതമാനത്തിന്റെ സംസാര ഭാഷകളെ പത്തു പ്രമുഖ ഭാഷകളുടെ പൂളില്‍പ്പെടുത്താം (സംഘടിത വ്യവസ്ഥാപനം). ഈ ഭാഷണ ഗ്രൂപ്പിന്റെ ഭാഷാ ശാസ്ത്ര ബഹുമുഖത്വം മറ്റു ഭാഷണ വിഭാഗങ്ങള്‍ക്കു ഭീഷണിയായി വർത്തിക്കുന്നു. ദേശാന്തരവും രാജ്യാന്തരവുമായ കുടിയേറ്റങ്ങള്‍, പുതിയ സ്ഥലത്തെ ഭാഷാ സമ്മര്‍ദം, സാമൂഹിക സാമ്പത്തിക വ്യവസ്ഥിതികളുടെ അധീശത്വം എന്നിവയ്‌ക്ക് വിധേയമായ ഭാഷണ സമൂഹത്തിലെ ആദ്യ തലമുറ സ്വാഭാവികമായും ദ്വിഭാഷികളായി മാറുന്നു. തുടർന്ന് രണ്ടാം തലമുറ മാതാപിതാക്കളുടെ മാതൃഭാഷയില്‍ നിന്നകന്നു തുടങ്ങും. മൂന്നാം തലമുറ മാതാപിതാക്കളുടെ ഭാഷയെ പൂര്‍ണ്ണമായും കൈവിടുന്നു. ഇന്ത്യയിൽ നിന്ന് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്കുള്ള കുടിയേറ്റങ്ങള്‍ ഇപ്പറഞ്ഞ ഭാഷണ ഭ്രംശത്തിന് ഉത്തമ ദൃഷ്‌ടാന്തമാണ്. കൊളോണിയല്‍ വാഴ്‌ചയിലൂടെയാണ് ഇംഗ്ലീഷ് ലോക ഭാഷയും സമ്പര്‍ക്ക ഭാഷയുമായത്. 340 ദശലക്ഷം ഭാഷകരാണ് ഇംഗ്ലീഷ് ഭാഷയ്ക്കുള്ളത്. രണ്ടാം ഭാഷയായി ഇംഗ്ലീഷ് ഉപയോഗിക്കുന്നവരുടെ എണ്ണം 1.2 ബില്യന്‍ എന്നാണ് ഏകദേശ കണക്ക്. ജോലി, കച്ചവടം, രാഷ്ട്രീയാഭയം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായി വികസിതാവികസിത രാഷ്ട്രങ്ങളിലേക്കു നടക്കുന്ന ജനപ്രവാഹം മൂലം ഭാഷാ ബഹുമുഖത്വം 1970 – 2005 കാലയളവില്‍ ഇരുപതു ശതമാനം കുറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയില്‍ ഇത് 60 ശതമാനവും ആസ്ത്രേലിയയില്‍ 30 ശതമാനവും ആഫ്രിക്കയില്‍ 20 ശതമാനവുമാണ്.2018-ലെ യുനസ്‌കോ റിപ്പോർട്ടു പ്രകാരം 42 ഇന്ത്യന്‍ ഭാഷകള്‍ തിരോധാനത്തിന്റെ വക്കിലാണ്.
പതിനായിരത്തില്‍ കുറവ് ഭാഷകരുള്ള ഭാഷകള്‍ മരിക്കുകയോ മരിച്ചു കൊണ്ടിരിക്കുകയോ ചെയ്യുന്നു. 2011-ലെ കാനേഷുമാരിയില്‍ പതിനായിരത്തില്‍ കുറവ് ഭാഷകരുള്ള ഭാഷകളെ ഉൾപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് ഇന്ത്യയിലെ ഭാഷാ മരണങ്ങളെ സംബന്ധിച്ച വ്യക്തമായ ചിത്രം ലഭ്യമല്ല. ആദിവാസി ഭാഷകളാണ് നാശം നേരിടുന്നവയിൽ ഭൂരിപക്ഷവും. ആദിവാസി ഭാഷകളോടൊപ്പം വര്‍ഗ നാശവും സംഭവിക്കുന്നു. ഭാഷാപരവും വര്‍ഗപരവുമായ നാശം ജൈവ ബഹുമുഖത്വത്തിനും (bio-diversity) ഭീഷണിയാണ്. ഭാഷ മരിക്കുന്നതിലൂടെ ആ ഭാഷ സൃഷ്‌ടിച്ച സംസ്‌കാരവും മരിക്കുന്നു. ഒരു വര്‍ഗത്തിന്റെ അനന്യതയും (identity) സംസ്‌കാരവും അപ്രത്യക്ഷമാവും. ആശയ സംവേദനത്തോടൊപ്പം തനതറിവുകളുടെ സംരക്ഷകന്‍ കൂടിയാണ് ഓരോ ഭാഷയും. തനതു വൈദ്യം, നാട്ടറിവുകൾ, സാംസ്‌കാരികമൂല്യങ്ങള്‍ എന്നിവ മാനവരാശിക്കു നഷ്‌ടപ്പെടുത്തുന്നുണ്ട്. ഓരോ ഭാഷാ മരണവും.
കേരളം ഭാഷാസഹവര്‍ത്തിത്വമേഖല
കേരളം വ്യത്യസ്‌ത ഭാഷകളുടെ ഒരു സംഗമ ഭൂമിയാണ്. കാസർഗോട് പതിനെട്ടോളം ഭാഷകള്‍ വ്യവഹാര തലത്തില്‍ ഉപയോഗത്തിലുണ്ട്. തൊഴില്‍, കച്ചവടം, ഉദ്യോഗം, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വന്ന അന്യദേശീയരുടെ ഭാഷാ സമ്മിശ്രണ മേഖലകള്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമുണ്ട്. കേരളം മലയാളികളുടെ ജന്‍മഭൂമിയാണെങ്കിലും ആരോഗ്യകരമായ ഒരു ഭാഷാ സഹവര്‍ത്തിത്വം ഇവിടെ പുലരുന്നു. ഇന്ത്യയിലെ പ്രമുഖ ഭാഷകളെല്ലാം ഇവിടെ പ്രചാരത്തിലുണ്ട്. ദ്രാവിഡ ഭാഷകളില്‍ മലയാളമാണ് മാതൃഭാഷയെന്ന നിലയ്ക്ക് കൂടുതല്‍ പേര്‍ സംസാരിക്കുന്നത്. മലയാളം മാതൃഭാഷയായി 97 ശതമാനം മലയാളികള്‍ ഉപയോഗിക്കുമ്പോള്‍ 84, 67, 64 ശതമാനം പേരാണ് തമിഴ്, തെലുങ്ക്, കന്നട ഭാഷ യഥാക്രം മാതൃ ഭാഷയായി ഉപയോഗിക്കുന്നത്. വ്യവഹാര തലത്തില്‍ കേരളത്തില്‍ പ്രചരിച്ചിട്ടുള്ള ഭാഷകള്‍ പല ഗ്രൂപ്പുകളിൽപ്പെടുന്നു. ആദിവാസി വിഭാഗങ്ങളില്‍ 17 എണ്ണം മലയാളം മാതൃഭാഷയായിട്ടുള്ളവരാണ്.
മലയാളത്തിനു പുറമേ 36 ഭാഷകള്‍ കേരളത്തിലുണ്ട്. ഭാഷാ ന്യൂനപക്ഷ പദവി രണ്ടു ഭാഷകള്‍ക്കേയുള്ളൂ – തമിഴ്, കന്നഡ, തുളു ഭാഷക്കാരെങ്കിലും തുളു ന്യൂനപക്ഷ ഭാഷയല്ല. കാരണം തുളു 8-ാം ഷെഡ്യൂളില്‍ സ്ഥാനം പിടിച്ചിട്ടില്ലെന്നതു തന്നെ. സ്വന്തം ലിപിയും സംസ്‌കാരവും സാഹിത്യവുമുള്ള ഭാഷയാണ് മലയാളം. ക്ലാസിക് പദവിയുള്ള ഇന്ത്യന്‍ ഭാഷകളിലൊന്നാണിത്. എടയ്ക്കല്‍ ഗുഹാ ലിഖിതങ്ങളോളം പഴക്കം ഈ ഭാഷയ്ക്കുണ്ട്. 1965-ലെ ഭാഷാഭേദ സര്‍വേ പ്രകാരം കേരളത്തില്‍ 12 ഭാഷാഭേദ മേഖലകളുണ്ട്. സ്വാതന്ത്ര്യാനന്തര കാലത്താണ് മൂന്നു ഭരണ മേഖലകളില്‍ പുലർന്നിരുന്ന മലയാളികള്‍ ഒരൊറ്റ സംസ്ഥാനക്കാരായി മാറിയത്.
സ്‌കൂള്‍ തലത്തിലും ഉന്നത വിദ്യാഭ്യാസ തലത്തിലും പഠന സൗകര്യങ്ങള്‍ വര്‍ധിച്ചതും അച്ചടി മാധ്യമങ്ങളുടെ പ്രചാരണവും കൊണ്ട് മലയാള ഭാഷയ്ക്ക് ദേശ്യ ഭേദങ്ങള്‍ കുറഞ്ഞു വരുന്ന പ്രവണത ദൃശ്യമാണ്. സംസാര ഭാഷയുടെ സവിശേഷമായ ഈണങ്ങളും പദങ്ങളും പുതു തലമുറയ്ക്ക് കൈമോശം വന്നിരിക്കുന്നു. അഭ്യസ്‌ത വിദ്യാരയ മലയാളിയുടെ വായ്മൊഴി വരമൊഴിയായെന്നു പറയാം. സാങ്കേതികമായി പറഞ്ഞാല്‍ സംസാര ഭാഷ അച്ചടി ഭാഷയുടെ നീരാളിപ്പിടുത്തത്തിലാണ്. കേരളത്തിനു പുറത്ത് മാഹി, ദക്ഷിണ കര്‍ണ്ണാടകം, കൊടക്, കന്യാകുമാരി ജില്ല എന്നിവിടങ്ങളിൽ മലയാളമുണ്ടെങ്കിലും ന്യൂനപക്ഷ ഭാഷാ പദവിയേയുള്ളൂ. ലക്ഷദ്വീപ് മലയാളം മലയാളത്തിന്റെ ഉപഭാഷയാണ്. ആന്‍ഡമാന്‍ – നിക്കോബാര്‍ ദീപുകളിലും സംസാര ഭാഷയെന്ന നിലയ്ക്ക് മലയാളത്തിനു പ്രചാരമുണ്ട്. ജനസംഖ്യാബലം കൊണ്ട് ലോകഭാഷകളില്‍ 26-ാം സ്ഥാനമാണ് മലയാളത്തിനുള്ളത്.
മലയാളം ഭരണഭാഷയായ വകുപ്പുകളുടെ എണ്ണം ക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും വിദ്യാഭ്യാസമാധ്യമമെന്ന നിലയ്ക്ക് ആശാവഹമല്ല മലയാളത്തിന്റെ അവസ്ഥ. കേന്ദ്ര ഗവൺമെന്റിന്റെ നിയന്ത്രണത്തിലുളള കേന്ദ്രീയ വിദ്യാലയങ്ങളിലും വിവിധ ഏജന്‍സികള്‍ നടത്തുന്ന സ്വകാര്യ സ്‌കൂളുകളിലും മലയാളം പടിക്കു പുറത്താണ്.
ഉന്നത വിദ്യാഭ്യാസത്തിന്റെ മാധ്യമമെന്ന നിലയ്ക്ക് മലയാളത്തെ സജ്ജമാക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ ഔദ്യോഗികമായും അനൗദ്യോഗികമായും നടക്കുന്നുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് , ഐ.സി ഫോസ്, സര്‍വകലാശാലകളിലെ ഭാഷാ വിഭാഗങ്ങള്‍, എസ്.സി.ആര്‍.ടി.സി തുടങ്ങിയ സ്ഥാപനങ്ങളും ശാസ്ത്രസാഹിത്യപരിഷത്ത് പോലുള്ള സന്നദ്ധ പ്രസ്ഥാനങ്ങളും മലയാളത്തെ ശാസ്ത്ര ഭാഷയാക്കാനുള്ള സംരംഭങ്ങളില്‍ ബദ്ധശ്രദ്ധരാണ്. ശാസ്ത്രത്തിന്റെ ഏതു ശാഖയും കൈകാര്യം ചെയ്യാന്‍ മലയാളത്തിനു കഴിയുമെന്ന നില ഇന്നുണ്ട്. കേരള സര്‍ക്കാരിന്റെ വിവരസാങ്കേതികവിദ്യാ നയപ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ കേന്ദ്രങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യാരംഗത്തും ഔദ്യോഗികരംഗത്തും വിവരസാങ്കേതിക വിദ്യാമേഖലയിലും മാതൃഭാഷയുടെ ഉപയോഗം സുഗമമാക്കാനുള്ള ശ്രമങ്ങള്‍ പ്രതീക്ഷ നിറയുന്ന കാലത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്.