ഭാഷാസ്നേഹം തീവ്ര വികാരമാകുന്നിടത്തോളം മലയാളം നിലനില്‍ക്കും
സാഹിത്യ നിരൂപണ ചരിത്രത്തില്‍ നിരൂപകന്മാർക്ക് നല്‍കപ്പെടുന്ന പരിഗണനയെ പറ്റി?
പരിഗണന ആരിൽ നിന്ന് എന്നതിനെ ആസ്‌പദമാക്കുമ്പോൾ അന്യോന്യ വിരുദ്ധമായ രണ്ടു സമീപനമുള്ളതിനാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരത്തിലും അവ പ്രതിഫലിക്കാതെ തരമില്ല. വായനക്കാരില്‍ സര്‍ഗാത്മക സാഹിത്യ വിഭാഗത്തിലെ എഴുത്തുകാര്‍, നിരൂപണ മേഖലയില്‍ വ്യാപരിക്കുന്നവർ, രണ്ടു വിഭാഗത്തിലും പെടാത്ത സാഹിത്യാസ്വാദകര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ടല്ലോ. ഒന്നാമത്തേതിൽ ചിലര്‍ നിരൂപികമാരെ നിരൂപകന്മാരെയെന്ന പോലെ നിഷ്‌പക്ഷമായി കാണുന്നു. മറ്റു ചിലര്‍ സ്വന്തം കൃതികളെ എപ്രകാരം നിരൂപകര്‍ വീക്ഷിക്കുന്നു എന്നതനുസരിച്ച് അവരെ സ്വീകരിക്കുകയും തിരസ്‌കരിക്കുകയോ ചെയ്യുന്നു. രണ്ടാം വിഭാഗത്തില്‍ (നിരൂപകഭാഗത്തില്‍)പെട്ടവർ പ്രായേണ നിരൂപികമാര്‍ക്കു അവരർഹിക്കുന്ന പരിഗണന നൽകുന്നില്ല. മൂന്നാം വിഭാഗത്തിലുള്ളവര്‍ (വായനക്കാര്‍) നിരൂപികമാര്‍ക്ക് നിഷേധാത്മകമായ വിവേചനം കൂടാതെ പരിഗണനയും അംഗീകാരവും നൽകുന്നുണ്ട്.
ഇഷ്‌ടപ്പെട്ട നിരൂപകര്‍, എഴുത്തുകാര്‍?
രണ്ടു വിഭാഗത്തിലും പലരും പല കാരണങ്ങളാല്‍ ഇഷ്‌ടപ്പെട്ടവരായതു കൊണ്ട്, സൂപ്പര്‍ലേറ്റീവ് ഡിഗ്രിയില്‍ ഒന്നോ രണ്ടോ പേരെ പ്രതിഷ്‌ഠിക്കുന്നത് എനിക്ക് സ്വീകാര്യമായ രീതിയല്ല. മുന്‍ തലമുറയിലെ നിരൂപകരെ ഞാന്‍ എപ്രകാരം സ്‌മരിക്കുന്നു എന്നത് ‘സത്യം, ശിവം, സുന്ദരം’ എന്ന പുസ്‌തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ കവികള്‍, നോവല്‍- ചെറുകഥാ രചയിതാക്കള്‍ എന്നീ വിഭാഗങ്ങളിലെ എഴുത്തുകാരെ എപ്രകാരം വീക്ഷിക്കുന്നു എന്നതിന്റെ നിദര്‍ശനങ്ങളാണ് എന്റെ മറ്റു പുസ്തകങ്ങളെല്ലാം. ഒന്നോ രണ്ടോ പേര്‍ എന്ന തിരഞ്ഞെടുപ്പ് ആ വിഭാഗത്തിലും സാധ്യമല്ല.
മലയാളത്തിലെ സാഹിത്യ കൃതികള്‍ക്ക് വേണ്ടത്ര അംഗീകാരം കിട്ടുന്നുണ്ടോ?
ലോകത്താകെ പ്രചാരമുള്ള ഭാഷകളിലെ കൃതികളോട് മത്സരിച്ചു മുന്നിലെത്താൻ തന്നെ ചെറിയ ഒരു പ്രദേശത്തെ ഭാഷയിലെ കൃതികള്‍ക്ക് കഴിയാത്തതിന്റെ കാരണം വിവര്‍ത്തനത്തിന്റെ അപര്യാപ്‌തതയും വിവര്‍ത്തനങ്ങളെ വ്യാപകമായി പ്രചരിപ്പിക്കുന്നതിൽ അവയുടെ പ്രസാധകര്‍ വേണ്ടും വിധം വിജയിക്കാത്തതുമാവാമെന്നു തോന്നുന്നു. അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ച ഗോഡ് ഓഫ് സ്‌മാൾ തിങ്ങ്‌സ്, ഒ.വി വിജയന്‍, എം.ടി വാസുദേവന്‍ നായര്‍, ആനന്ദ്, സി.രാധാകൃഷ്ണന്‍ മുതലായ മലയാളത്തിലെ നോവലിസ്റ്റുകളുടെ പ്രമുഖ കൃതികളില്‍ ചിലതിനേക്കാള്‍ സാഹിത്യ മൂല്യത്തില്‍ ഏറെ മികച്ചതാണെന്നും പറയാവതല്ല. കമലാദാസിന്റെ ഇംഗ്ലീഷ് കവിതകള്‍ക്ക് വിദേശങ്ങളില്‍ വലിയ അംഗീകാരം കിട്ടി. (പുരസ്‌കാര രൂപത്തിലല്ല) എന്നാൽ ബാലാമണിയമ്മയുടെ മികച്ച കവിതകളോട് തുലനം ചെയ്യാവുന്ന മേന്‍മ അവയ്ക്കില്ല. മാധവിക്കുട്ടിയുടെ തന്നെ കഥകൾ കവിതകളേക്കാള്‍ പ്രശസ്‌തിയർഹിക്കുന്നു. ഖസാക്കിന്റെ ഇതിഹാസത്തിനുള്ള സാഹിത്യ സൗന്ദര്യമൂല്യം വിജയന്റെ തന്നെ ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ പ്രതിഫലിച്ചിട്ടില്ല.
മലയാളഭാഷയുടെ നിലനില്‍പ്പിനെക്കുറിച്ച്?
മാതൃഭാഷ ഉപയോഗിക്കുന്നതും എഴുത്തിന് മാധ്യമമാക്കുന്നതും പ്രധാനമാണ്. മലയാളത്തോടുള്ള സ്നേഹം മലയാളിയുടെ തീവ്ര വികാരമായി നിലനിൽക്കുന്നിടത്തോളം കാലം മലയാളം നിലനില്‍ക്കും. വൈകാരികമായ മമത മാഞ്ഞുമാഞ്ഞില്ലാതാവുകയാണെങ്കില്‍ അതോടൊപ്പം ഭാഷയും മാഞ്ഞുപോകും. അത് സംഭവിക്കാതിരിക്കാന്‍ നൂറു ശതമാനം ബാലപ്രായക്കാരെയും മാതൃഭാഷ തല്ലിപ്പഠിപ്പിക്കുതാണ് പോംവഴി എന്ന് ഞാന്‍ കരുതുന്നില്ല. അമ്പതു ശതമാനം പേര്‍ക്കെങ്കിലും ആ തീവ്ര വൈകാരിക മമതയുണ്ടായാല്‍ ഭാഷയും സാഹിത്യവും നിലനില്‍ക്കും. എഴുത്തച്ഛന്റെ കാലത്ത് സാക്ഷരത എത്ര ശതമാനം പേര്‍ക്ക് ഉണ്ടായിരുന്നിരിക്കും. സ്ത്രീകളില്‍ പത്തു ശതമാനത്തോളവും പുരുഷന്‍മാരില്‍ ഇരുപതോ മുപ്പതോ ശതമാനവും ആയിരിക്കാനിടയുണ്ട്. എന്നിട്ടും എഴുത്തച്ഛന്റെ കവിതയുണ്ടായി, വളർന്നു. എഴുത്തച്ഛനെടുത്ത കണക്കില്‍ സംസ്‌കൃത പദങ്ങളും കലർന്ന് അത് നിലനിന്നു. സാഹചര്യവശാല്‍ അന്യഭാഷാ പ്രദേശങ്ങളില്‍ ജനിച്ചു വളർന്നവരെയും അവരുടെ മക്കളെയും മലയാളം പഠിപ്പിക്കാന്‍ ക്ലേശിക്കുന്നത് ഭാഷയുടെ നിലനിൽപ്പിന് അത്യാവശ്യമല്ല. ഭാഷയോടു സ്നേഹമുളവാക്കാന്‍ സഹായിക്കുന്ന നല്ല കവിതകളും ഗദ്യ കൃതികളും പാഠ്യ ഗ്രന്ഥങ്ങളില്‍ ഉൾപ്പെടുത്തുന്നതും ഭാഷാ സ്‌നേഹമുള്ള അധ്യാപകരുണ്ടാകുന്നതും ആണ് പ്രധാനം. രണ്ടിന്റെയും അഭാവമാണ് കുട്ടികൾക്ക് ഭാഷാ സ്നേഹമില്ലാതാവാന്‍ മുഖ്യ കാരണം.
അധ്യാപനത്തിലെ മധുര സ്‌മരണകൾ
അധ്യാപിക എന്ന നിലയില്‍ സംതൃപ്‌തി നൽകുന്ന ഓര്‍മ്മ?
പഴയ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും ഇന്ന് വൃദ്ധരായിക്കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അവര്‍ സന്ദര്‍ശിക്കാനും ആദരിക്കാനും എത്തുന്നുവെന്നത് അവരുടെ സ്നേഹത്തിന് തെളിവാണല്ലോ. ശിഷ്യര്‍ വലിയ നിലയിലെത്തുന്നതും സ്‌നേഹിക്കുന്ന ശിഷ്യരുണ്ടാവുന്നതുമാണ് അധ്യാപകരുടെ ഏറ്റവും വലിയ ചാരിതാര്‍ഥ്യം. പഠിപ്പിക്കാനെന്ന പോലെ സ്നേഹത്തോടെ ശിഷ്യരുടെ ക്ഷേമമന്വേഷിക്കാനും ശ്രദ്ധിച്ചിരുന്നു എന്നതിന്റെ ഫലമായി ചിലര്‍ പരീക്ഷയില്‍ മാത്രമല്ല ജീവിതത്തിലും വിജയിച്ചു എന്നത് സംതൃപ്‌തി തരുന്നു. അമേരിക്കയില്‍ വസിക്കുന്ന ചാക്കോ പഠിക്കുന്ന കാലത്ത് വളരെ കഷ്‌ടപ്പെട്ട ആളാണ്. അതറിഞ്ഞ് സഹായിച്ചതിന്റെ ഫലമായി പരീക്ഷയില്‍ ഉന്നത വിജയം നേടി. അയാളെ കോളേജ് അധ്യാപകനായി നിയമിക്കുന്നതിന് സാഹചര്യവശാല്‍ ഒരു ഉപകരണമായി. പിന്നീട് അമേരിക്കയില്‍ പോയി അയാള്‍ സമ്പത്തുണ്ടാക്കി. സഹോദരങ്ങളെയൊക്കെ വളര്‍ത്തി. ഉയര്‍ത്തി. അയാള്‍ നാട്ടിലെത്തുമ്പോഴൊക്കെ എന്നെ സന്ദർശിക്കാനെത്തുന്നു. കഴിഞ്ഞ ആഴ്‌ചയിൽ ഒരു ദിവസം പെട്ടെന്ന് വന്നു ചേർന്നപ്പോൾ ഉണ്ടായ ആഹ്ലാദം അമേരിക്കയില്‍ നിന്ന് മകന്‍ എത്തിച്ചേരുമ്പോള്‍ എന്ന പോലെ വലുതാണ്.
പി.ഒ പുരുഷോത്തമനാണ് ഇതുപോലെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവനായി ജീവിക്കുന്ന മറ്റൊരാള്‍. ഇന്ന് ഭൂമിയിലില്ല, എന്റെ മനസ്സിലുണ്ട്. ചാക്കോവിനെ പോലെ ചെറിയ സഹായം കൊടുക്കാന്‍ ഭാഗ്യം ഉണ്ടായതുകൊണ്ട് പഠിപ്പ് നിര്‍ത്തി പോയില്ല. അധ്യാപകനായി. സാമ്പത്തികമായി ഉയർന്ന നിലയില്‍ എത്തി. കൂടെക്കൂടെ സന്ദര്‍ശനത്തിന് എത്തുമായിരുന്നു. ഇതുപോലെയുള്ള മധുര സ്‌മരണകൾ ധാരാളമുള്ളതാണ് അധ്യാപികയെന്ന നിലയിലുള്ള കൃതാര്‍ഥത.
പ്രസ്ഥാനങ്ങളെ ബോധപൂര്‍വം പിന്തുടരാന്‍ മെനക്കെടാതെ സാഹിത്യത്തിന്റെ മൗലികമൂല്യത്തില്‍ കണ്ണുനട്ട എഴുത്തുകാരില്‍ ഒരാളെന്ന നിലയിലുള്ള പങ്കുവയ്ക്കലുകള്‍?
അപ്രകാരം ഒരാളല്ല പലരുണ്ട്. സര്‍ഗാത്മക സാഹിത്യത്തില്‍, ഏറ്റവും ശ്രദ്ധിക്കപ്പെട്ട കവികളും നോവല്‍കര്‍ത്താക്കളും ഈ വകുപ്പിൽപ്പെടുന്നവരാണ്. ആധുനികതാ പ്രസ്ഥാനം പടർന്നു പിടിച്ച കാലത്ത് പ്രസ്ഥാനത്തിന്റെ രീതി ശാസ്ത്രമോ വ്യാപ്‌തമോ പരിഗണിക്കാതെ സ്വന്തമായ രീതിശാസ്ത്രം പുലര്‍ത്തിയ അന്നത്തെ ചെറുപ്പക്കാരായിരുന്നു എന്‍.വി, അക്കിത്തം, എം.ടി, ആനന്ദ്, സി.രാധാകൃഷ്‌ണൻ മുതലായവര്‍. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ഉദയ വികാസ ഘട്ടങ്ങളിൽ ചേർന്നു നിന്നവരാണ് മുണ്ടശ്ശേരിയും എം.പി പോളും. നിലനിൽക്കുന്ന മൂല്യവത്തായ കവിതകളും നോവലുകളും രചിച്ചവരാരും തന്നെ കാൽപനികത, ആധുനികത, ഉത്തരാധുനികത മുതലായവയുടെ ചട്ടക്കൂടുകളിലൊതുങ്ങുന്നവരല്ല.
കേരളം, കേരളീയം, മലയാളി
മലയാളി എന്ന നിലയില്‍ അഭിമാനിക്കുന്നതിന് ആധാരം എന്ത്?
കേരളീയം എന്നു തീര്‍ത്തും വിശേഷിപ്പിക്കാവുന്ന സാംസ്‌കാരിക പാരമ്പര്യമുണ്ട്. അത് നടനകല, ചിത്രകല, വാദ്യകല, സാഹിത്യകല, ആചാരങ്ങള്‍, അനുഷ്‌ഠാനങ്ങൾ, മഹാപുരുഷന്‍മാര്‍ മുതല്‍ ആയോധന വിദ്യയും കൃഷി രീതികളും ആഹാര പദാര്‍ഥങ്ങളും വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. നമ്മുടെ പൈതൃകം എന്ന പുസ്‌തകത്തിൽ ഇവയെല്ലാം വിവരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പഞ്ചവാദ്യം പോലെ ഒരു വാദ്യകല, വിഷുക്കണി, എഴുത്തിനിരുത്തല്‍ പോലെയുള്ള ആചാരങ്ങള്‍, കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം പോലുള്ള നടന കലകള്‍, ചുവര്‍ ചിത്രകല, പ്രകൃതിയില്‍ നിന്ന് രൂപപ്പെടുത്തിയെടുത്ത വര്‍ണ്ണപ്പൊടികള്‍ കൊണ്ടു നിലത്ത് രൂപപ്പെടുത്തുന്ന ദേവതാ ചിത്രങ്ങള്‍, സംസ്‌കൃതത്തിലൂടെ അദ്വൈതം പ്രചരിപ്പിച്ച ശങ്കരാചാര്യര്‍, മലയാളത്തിലൂടെ മാനവ വംശത്തിന്റെ ഒരുമ പ്രചരിപ്പിച്ച നാരായണഗുരു.. മലയാളിക്ക് അഭിമാനിക്കാന്‍ ഇങ്ങനെ പലതുണ്ട്.
കേരളം ആര്‍ജിച്ച നേട്ടങ്ങൾ?
സാക്ഷരത, തൊഴിലില്ലാത്തവര്‍ക്കുള്ള ധന സഹായം, ദാരിദ്ര്യ നിവാരണം,സഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ എന്നിവയിലുള്ള നേട്ടം ശ്രദ്ധേയമാണ്. പ്രാഥമിക വിദ്യാഭ്യാസം സർവാഭിഗമ്യമാക്കുന്നതിനുള്ള ഉദ്യമങ്ങള്‍ പ്രശംസനീയമാണ്.
ഭാവികേരളത്തെപ്പറ്റിയുള്ള സ്വപ്‌നം?
എല്ലാവര്‍ക്കും വേണ്ടുന്നത്ര ഭക്ഷണവും രോഗികള്‍ക്കെല്ലാം മരുന്നും ശുശ്രൂഷയും സമസ്‌ത ജനത്തിനും വിദ്യാഭ്യാസവും എല്ലാവര്‍ക്കും പാര്‍പ്പിടവും ഉള്ള ഒരു ക്ഷേമ ദേശമായി കേരളം വളരണം എന്നത് ഏറ്റവും പ്രധാനമായ സ്വപ്‌നം. ലിംഗസമത്വം, മതേതരത, ജാതിയുടെ പേരിലുള്ള ഉച്ചനീച സങ്കൽപ്പങ്ങളുടെ തിരോധാനം, ബാലവേല നിര്‍മ്മാര്‍ജനം ചെയ്‌തുവെന്ന സംതൃപ്‌തി എന്നിവയും തുല്യ പ്രധാനമായ സ്വപ്‌നങ്ങൾ. ‘എന്‍ നാടിന്റെ നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കും കാലം’ വരുന്ന രീതിയിലുള്ള സാംസ്‌കാരിക പുരോഗതി സ്വപ്‌നത്തിൽ ഉള്‍പ്പെടുന്നു.
കേരളീയം പരിപാടിയുടെ ലക്ഷ്യങ്ങളെല്ലാം ആശാസ്യങ്ങള്‍ തന്നെ. കുടില്‍ വ്യവസായങ്ങള്‍ക്ക് സംരക്ഷണവും പ്രോത്സാഹനവും (വിശേഷിച്ചും കൈത്തറി വ്യവസായം) നൽകുന്ന പരിപാടികള്‍ കേരളീയത്തില്‍ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. ഭക്ഷ്യമേള എന്ന പോലെ വസ്ത്രമേളയും ഉണ്ടായിരിക്കും എന്നും. കേരളീയം പരിപാടിക്ക് പൂര്‍ണവിജയം നേരുന്നു.