ഒരു രാജ്യം, ഒരു ഭാഷാവാദം വൈവിധ്യത്തിനു ഭീഷണി
മലയാളം ഉള്‍പ്പെടെയുള്ള മാതൃ ഭാഷകളെ അരികുവത്കരിച്ചുകൊണ്ട് ഒരു രാജ്യം ഒരു ഭാഷ എന്ന തരത്തിലുള്ള മുദ്രാവാക്യം ഉയർത്തുന്നതു രാജ്യത്തിന്റെ സംസ്‌കാരത്തിനും ചരിത്രത്തിനും വിരുദ്ധമാണ്. വിവിധ ഭാഷകളില്‍ എഴുതപ്പെട്ടതെങ്കിലും ഒരേ ആശയം മുന്നോട്ടു വയ്‌ക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ഗാനങ്ങള്‍ ആ ചരിത്രത്തെയും സംസ്‌കാരത്തെയും വ്യക്തമാക്കുന്നതാണ്.
ഒരു കാര്യം പലയിടങ്ങളിലേക്കു പല ഭാഷകളില്‍ എത്തി. ഇത്തരത്തില്‍ പല ഭാഷകളില്‍ നിന്ന് ഉയർന്ന മുദ്രാവാക്യങ്ങള്‍ സമന്വയിപ്പിച്ചാണു രാജ്യത്തിന്റെ അധിനിവേശ വിരുദ്ധ ദേശീയത രൂപപ്പെട്ടത്. വിവിധ ഭാഷകള്‍ നാടിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും മുന്നോട്ടു കൊണ്ടു പോകുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
ഒറ്റ ഭാഷയെന്ന വാദം വൈവിധ്യ സമൃദ്ധമായ രാജ്യത്തിന്റെ നില നില്‍പ്പിനുതന്നെ ഭീഷണിയാണ്. ഭാഷയുടെ വളര്‍ച്ചയ്ക്കു ജനാധിപത്യപരമായ പദ സ്വീകാര്യതാ നയം പിന്തുടരണം. ദൈനംദിന ജീവിതത്തില്‍ മലയാളികള്‍ ഉപയോഗിക്കുന്ന അന്യ ഭാഷാപദങ്ങളെയടക്കം നമ്മുടെ ഭാഷാപദങ്ങളായിക്കണ്ടു സ്വീകരിക്കാനും ഉപയോഗത്തില്‍ കൊണ്ടുവരാനുമാകണം. ആഗോള തലത്തില്‍ വളര്‍ന്ന ഭാഷകളെല്ലാം ഇത്തരം രീതികള്‍ അവലംബിച്ചിട്ടുണ്ട്. ദൈനംദിന വ്യവഹാരത്തില്‍ ഉപയോഗിക്കപ്പെടുമ്പോഴാണു ഭാഷയ്ക്കു വളര്‍ച്ചയും നിലനില്‍പ്പും ഉണ്ടാകുന്നത്.
അക്കാദമികതലത്തില്‍ മാത്രമായി ഇതു ചുരുങ്ങിപ്പോയാല്‍ ഭാഷ കേവലം പ്രദര്‍ശന വസ്‌തുവായി പരിണമിക്കും. മാറുന്ന കാലത്തിന്റെ നൂതന സാധ്യതകള്‍ ഉപയോഗിച്ചു ഭാഷയെ പരിപോഷിപ്പിക്കണം. സാങ്കേതിക വിദ്യാ സൗഹൃദമായ മലയാള ഭാഷാ സോഫ്‌റ്റ്‌വെയറുകൾ വികസിപ്പിക്കണം. ശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട് ദിവസവുമെന്നോണം പുതിയ വാക്കുകള്‍ ഉണ്ടാകുന്നുണ്ട്. അവയെല്ലാം ഇംഗ്ലിഷിലാണ്. അവയ്ക്കു സമാന പദങ്ങള്‍ മലയാളത്തില്‍ ഉണ്ടാക്കാനാകുമോയെന്നു നോക്കണം. മലയാളം ഒരു വൈജ്ഞാനിക ഭാഷ കൂടിയാകണം.