അമിതഭാരമില്ലാതെ ആഘോഷം
രാജ്യത്തിനും പുറത്തുമുള്ള സ്ഥിതിവിശേഷങ്ങള്‍ അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യത്തിനും വലിയ തോതിലുള്ള വിലക്കയറ്റത്തിനും ഇടയാക്കിയ ഒരു കാലഘട്ടത്തിലൂടെ നാം കടന്നു പോകുമ്പോഴും അമിതമായ വിലയുടെ ഭാരമില്ലാതെ ഓണത്തിന്റെ ഉത്സവ പ്രതീതിയും ആവേശവും ആസ്വദിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. പൊതു വിതരണ സംവിധാനത്തി ലൂടെയും വിപണി ഇടപെടലിലൂടെയും പ്രായോഗികമായ നിലപാടുകള്‍ സ്വീകരിച്ച് ഓണം ഐശ്വര്യ പൂര്‍ണ്ണമാക്കാന്‍ വേണ്ടതൊക്കെ ചെയ്യാനായി.
ആധുനികമായി ഉത്സവച്ചന്തകള്‍
ഈ ഓണത്തിന് മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അഞ്ച് കിലോഗ്രാം അരി വീതം 10.90 രൂപ നിരക്കില്‍ റേഷന്‍ കടകള്‍ വഴി നല്‍കി. പ്രതിമാസമുള്ള സാധാരണ വിഹിതത്തിന് പുറമെയാണിത്. എല്ലാ വര്‍ഷവും ഓണം, വിഷു, റംസാന്‍, ക്രിസ്‌മസ് മുതലായ വിശേഷാവസരങ്ങളില്‍ സപ്ലൈകോ പ്രത്യേക ഉത്സവച്ചന്തകള്‍ സംഘടിപ്പിക്കാറുണ്ട്. ഈ വര്‍ഷം വിപുലമായ ഓണം ഫെയറുകളാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി ഒരുക്കിയത്. എയര്‍കണ്ടീഷന്‍ സൗകര്യത്തോടെയുള്ള ജര്‍മ്മന്‍ ഹാങ്ങറുകളിലാണ് ഫെയറുകള്‍ നടന്നത്. ആധുനിക സൂപ്പര്‍ മാര്‍ക്കറ്റുകളോട് കിടപിടിക്കുന്ന രീതിയിലുള്ള വില്‍പന രീതികളും ഇന്റീരിയര്‍ സൗകര്യങ്ങളും ഉള്ള ഇവയില്‍ മില്‍മ, കേരഫെഡ്, കുടുംബശ്രീ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകളും പ്രാദേശിക കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പച്ചക്കറികളുടെ വിപണനവും ഉണ്ടായി.
പൊതുമേഖല സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് അവിടുത്തെ ജീവനക്കാര്‍ക്ക് 500, 1000 രൂപ വിലവരുന്ന കൂപ്പണുകള്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്‌തു. ഇവ പ്രയോജനപ്പെടുത്തി ജീവനക്കാര്‍ക്ക് സപ്ലൈകോയുടെ ഇഷ്‌ടമുള്ള വില്‍പന ശാലകളില്‍ നിന്നും ഇഷ്‌ടമുള്ള സാധനങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കി. ഓണത്തോടനുബന്ധിച്ച് അഞ്ച് ഇനം പുതിയ ശബരി ഉല്‍പന്നങ്ങള്‍ കൂടി സപ്ലൈകോ വിപണിയിലിറക്കി. മട്ട അരി, ആന്ധ്ര ജയ അരി, ആട്ട, പുട്ടുപൊടി, അപ്പപ്പൊടി എന്നിവയാണ് പുതിയ ഉല്‍പന്നങ്ങള്‍. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കീഴില്‍ മാവേലി സ്റ്റോറുകളും, സൂപ്പര്‍ മാര്‍ക്കറ്റുകളും, ഹൈപ്പര്‍ മാര്‍ക്കറ്റുകളും, പീപ്പിള്‍സ് ബസാറുകളും, മെഡിക്കല്‍ സ്റ്റോറുകളും അടക്കം 1630-ലധികം വില്‍പന ശാലകള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തെങ്ങും ഇല്ലാത്ത വിധത്തിലുള്ള വിപണി ഇടപെടല്‍ ആണ് ഈ സംവിധാനം വഴി സംസ്ഥാനത്ത് നടക്കുന്നത്.
സംസ്ഥാനത്താകെ 21 ‘സഞ്ചരിക്കുന്ന മാവേലി’ സ്റ്റോറുകള്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്നു. ആവശ്യ സാധന ലഭ്യത കുറവാകുന്ന ഘട്ടത്തില്‍ പ്രത്യേകമായി സഞ്ചരിക്കുന്ന വില്‍പന ശാലകള്‍ താല്‍ക്കാലികമായി ക്രമീകരിക്കാറുമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒന്നാകെ ചേര്‍ന്നാണ് രാജ്യത്തിന് മാതൃകയായ വിധം വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ കേരളത്തിന് കഴിഞ്ഞത്. രാജ്യമെങ്ങും വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ഉപ്പു തൊട്ട് കര്‍പ്പൂരം വരെ പുറത്തു നിന്ന് കൊണ്ടു വരുന്ന ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഈ വിപണി ഇടപെടലുകള്‍ ഏറെ ആശ്വാസകരമായെന്നത് സര്‍ക്കാരിന് ചാരിതാര്‍ഥ്യമേകുന്നു.