കേരളീയരെ ഒരുമിപ്പിക്കുന്ന വൈകാരികത

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന്‌ മുതല്‍ ഒരാഴ്‌ചക്കാലം നമ്മുടെ തലസ്ഥാന നഗരിയില്‍ ‘കേരളീയം 2023’ മഹോത്സവം നടക്കുകയാണ്. കേരളം ഒരു സംസ്ഥാനം എന്ന നിലയ്ക്ക് ആര്‍ജിച്ച സമസ്‌ത നേട്ടങ്ങളും സാംസ്‌കാരികത്തനിമയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നതാണ് കേരളീയം കൊണ്ട് ഉദ്ദേശിക്കുന്നത്.

ലോകത്തു തന്നെ അത്യപൂര്‍വം ഭാഗങ്ങളിലുള്ള ദേശങ്ങള്‍ക്കു മാത്രം സ്വായത്തമാക്കാന്‍ കഴിഞ്ഞ നേട്ടങ്ങളുള്ള നാടാണ് നമ്മുടേത്. ചരിത്രപരമായ പ്രത്യേകതകള്‍ കൊണ്ടും സാംസ്‌കാരിക സവിശേഷതകള്‍ കൊണ്ടും ആര്‍ജിച്ച നേട്ടങ്ങൾ കൊണ്ടുമൊക്കെ കേരളം വേറിട്ടു നിൽക്കുന്നു. അങ്ങനെയുള്ള ഒരു നാടിനെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുക എന്നതാണ് ‘കേരളീയം 2023’ മുന്നോട്ടു വയ്‌ക്കുന്ന ആശയം.

‘കേരളീയത’ ഒരു വികാരമാവണം. ആ വികാരത്തില്‍ കേരളീയരാകെ ഒരുമിക്കണം. തീര്‍ച്ചയായും ഭാരതീയതയുടെ ഭാഗമായിത്തന്നെ നിൽക്കുന്ന, ഭാരതത്തിനാകെ അഭിമാനം നൽകുന്ന, കേരളീയത എന്താണെന്ന് ലോകമറിയണം. കേരളീയത്തിലേക്കു ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നൊബേല്‍ ജേതാക്കളടക്കമുള്ള അതി പ്രഗത്ഭർ എത്തുകയാണ്. ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലുമുള്ള പ്രമുഖരുടെ

സാന്നിധ്യം നമുക്ക് പ്രയോജന പ്പെടുത്തണം. അവര്‍ തിരികെപ്പോയി കേരളത്തെക്കുറിച്ച് സ്വന്തം നാടുക ളില്‍ പറയുന്നത്, എഴുതുന്നത് ഒക്കെ കേരളത്തിന്റെ ഭാവിക്കും വളരെ യേറെ പ്രയോജനപ്പെടും.

മാറുന്ന കാലത്തിനനുസരിച്ച് അതിവേഗം മുന്നോട്ടു നീങ്ങുന്ന സമൂഹമാണ് കേരളം. ഒട്ടേറെ കാര്യങ്ങളില്‍ ഇപ്പോള്‍ തന്നെ നമ്മൾ ലോകത്തിനു മാതൃകയാണ്. സാക്ഷരത, പൊതുജനാരോഗ്യം, ആയുര്‍ ദൈര്‍ഘ്യം, മാതൃ ശിശു മരണ നിരക്കിലെ കുറവ്, ക്ഷേമ പെന്‍ഷനുകള്‍, കലാ സാഹിത്യ സാംസ്‌കാരിക മികവ്, വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലെ ആധുനിക സംവിധാനങ്ങള്‍, സ്ത്രീ പുരുഷ സമഭാവന, ട്രാൻസ്‌ജെൻഡറുകളെ അടക്കം ഉൾച്ചേർക്കുന്ന പുരോഗതി, അധികാര വികേന്ദ്രീകരണം, ജന പങ്കാളിത്തത്തോടെയുള്ള ആസൂത്രണവും നിര്‍വഹണവും, ഉയർന്ന ജീവിത നിലവാരം, ശാസ്ത്ര ബോധം എന്നിങ്ങനെ നിരവധി നേട്ടങ്ങൾ. ഇതിനൊപ്പം, ഭേദ ചിന്തകള്‍ക്കതീതമായ സാമൂഹികാവബോധം, സമഭാവന, മതനിരപേക്ഷത, പാരസ്‌പര്യത്തിലൂന്നിയ സാമൂഹികാന്തരീക്ഷം, സമാധാനാന്തരീക്ഷം എന്നിവയും നമ്മുടെ പ്രത്യേകതകളാണ്. ഇങ്ങനെ ഭൗതികവും മാനസികവുമായ പുരോഗതി ഒരു പോലെ ആര്‍ജിച്ച സമൂഹമാണ് കേരളം. ഈ പ്രത്യേകതകള്‍ ലോകമറിയുന്നതിന് ‘കേരളീയം-2023’ ഉപകരിക്കും.

ഇരുട്ടിലായിപ്പോയ ഒരു ഭൂതകാല മുണ്ടായിരുന്നു നമുക്ക്. അവിടെ നിന്നും നവോത്ഥാന പുരോഗമന രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾ നമ്മളെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തി. മനുഷ്യനെ മനുഷ്യനായി കാണാനും മനുഷ്യാന്തസ്സിന്റെ മഹത്വം മനസ്‌സിലാക്കാനും ആ സാമൂഹിക മുന്നേറ്റങ്ങൾ നമ്മളെ സഹായിച്ചു. ഐക്യ കേരളം രൂപപ്പെടുമ്പോള്‍ തന്നെ സമൃദ്ധമായ ഈ ചരിത്രം ഭാവി കേരളം എങ്ങനെയായിരിക്കണമെന്ന കാഴ്‌ചപ്പാടിന് വലിയ സംഭാവന നൽകിയിരുന്നു. അതിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാകും കേരളീയം.

മലയാളി സമൂഹം എന്നത് കേരളത്തില്‍ മാത്രമായി ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ഭൂഖണ്ഡാന്തരങ്ങളിലേക്ക് ആ സമൂഹം വളർന്നു പന്തലിച്ചു. ലോക മലയാളി എന്നുള്ള സങ്കൽപ്പം തന്നെ ഉയർന്നു വന്നു. എത്തിച്ചേർന്ന ദേശങ്ങളിലെല്ലാം ആ നാടിന്റെ സാമൂഹിക മുന്നേറ്റത്തിൽ മലയാളി സമൂഹവും വലിയ പങ്കു വഹിച്ചു. ആ നാടുകള്‍ക്ക് നമ്മളോട് വലിയ താല്‍പര്യമുണ്ട്.

സഹസ്രാബ്‌ദങ്ങൾക്കു മുമ്പു തന്നെ അന്യ നാടുകളുമായി വാണിജ്യ ബന്ധം നമ്മള്‍ കാത്തു സൂക്ഷിച്ചിരുന്നു. ആ ബന്ധത്തിലൂടെ വന്നിറങ്ങിയത് വാണിജ്യ വസ്‌തുക്കൾ മാത്രമല്ല, ലോകത്തിന്റെ പല കോണുകളിലുണ്ടായ സംസ്‌കാരങ്ങള്‍ കൂടിയാണ്.

അവയിലെ നല്ല അംശങ്ങളെ സ്വാംശീകരിക്കാനും നമ്മുടെ നാടിന്റെ സവിശേഷതകള്‍ മറ്റുള്ളവര്‍ക്ക് പകർന്നു നൽകാനും കഴിഞ്ഞിട്ടുണ്ട്. സമ്പന്നമായ ഈ സാമൂഹിക സാംസ്‌കാരിക പൈതൃകവും സവിശേഷമായ പ്രകൃതി സൗന്ദര്യവും ലോകത്തിനു മുന്നിൽ നന്നായി അവതരിപ്പിക്കേണ്ടതുണ്ട്.

ലോകം ശ്രദ്ധിച്ച കേരള വികസന മാതൃകയുടെ നേട്ടങ്ങളിൽ ഊന്നി നിന്നുകൊണ്ട് പുതിയ കാലത്തിന്റെ വെല്ലുവിളികളെ കേരളം ഏറ്റെടുക്കുകയാണ്. നാലാം വ്യാവസായിക വിപ്‌ളവവും നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിങ്ങുമെല്ലാം ലോകത്തിന്റെ ചിന്താ ഘടനയെ തന്നെ മാറ്റി മറിക്കുന്ന ഈ ഘട്ടത്തിലാണ് കേരളം ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി പരിണമിക്കാന്‍ ഒരുങ്ങുന്നത്. കേരളം മുന്നോട്ടു വയ്‌ക്കുന്ന ബദല്‍ വികസന മാതൃകകള്‍ ലോകത്തിനു മുമ്പാകെ അവതരിപ്പിക്കാനും, ലോക വൈജ്ഞാനിക രംഗത്തു നിന്നും കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും പുത്തന്‍ അറിവിന്റെയും അവസരങ്ങളുടെയും ലോകം എന്തെന്ന് തിരിച്ചറിയാനും കേരളീയം വഴിയൊരുക്കും.

കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരി പൈതൃകവും അതിലടങ്ങിയി രിക്കുന്ന ക്‌ളാസിക്കല്‍ കലാരൂപങ്ങളെയും പ്രാക്തന കലാരൂപങ്ങളെയും ലോകം മനസ്സിലാക്കും. കേരളത്തിന്റെ സമഗ്രമായ വികസന കാഴ്‌ചപ്പാടിനെ കേരളീയം ഉത്തേജിപ്പിക്കുക തന്നെ ചെയ്യും. അങ്ങനെ അടുത്ത 25 വര്‍ഷത്തില്‍ വികസിത മധ്യ വരുമാന രാജ്യങ്ങളുടെ ജീവിത നിലവാരത്തിലേക്ക് എത്തുക എന്ന കേരളത്തിന്റെ ലക്ഷ്യത്തിന് അത് ഊര്‍ജം പകരും.

കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നേട്ടങ്ങളെ ഇകഴ്‌ത്തിക്കാട്ടാനുള്ള പ്രചാരണങ്ങള്‍ ഉണ്ടാകുന്ന കാലമാണിത്. മത നിരപേക്ഷമായി നിലനിൽക്കുന്ന നമ്മുടെ സമൂഹം കൈവരിച്ച നേട്ടങ്ങളെ ഇകഴ്‌ത്തിക്കാട്ടി അവിടേക്ക് വര്‍ഗീയതയുടെ വിഷം കുത്തി വയ്ക്കാനാണ് ചില ശക്തികള്‍ ശ്രമിക്കുന്നത്. ഇതെല്ലാം വെറും കുപ്രചരണങ്ങള്‍ മാത്രമാണെന്നും യഥാര്‍ത്ഥ കേരളം എന്തെന്നും ലോക സമക്ഷം ഉയർത്തിക്കാട്ടാൻ കേരളീയത്തിനു കഴിയും.

കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു മഹോത്സവമാണ് നടക്കാന്‍ പോകുന്നത്. കേരളീയര്‍ എന്ന നിലയിലുള്ള നമ്മുടെ അഭിമാന ബോധം വർധിപ്പിക്കുന്ന ഒന്നാവും കേരളീയം. വരാന്‍ പോകുന്ന കാലത്ത് ലോക രംഗത്ത് കേരളത്തിന്റെ സ്വീകാര്യത ഉയർത്തുന്ന മഹത്തായ സംരംഭം എന്ന നിലയ്ക്കാണ് ജന മനസ്‌സില്‍ കേരളീയം സ്ഥാനം പിടിക്കാന്‍ പോകുന്നത്.