പൈതൃകപ്പെരുമയുടെ അപൂര്‍വ ചാരുതകള്‍

ടൂറിസം എന്നാല്‍ പൊതുവേ സമുദ്ര തീരങ്ങളും ഹില്‍ സ്റ്റേഷനുകളും ഉള്‍നാടന്‍ ജല ഗതാഗതങ്ങളുമാണ്. എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സഞ്ചാരി കാഴ്‌ച കാണാന്‍ മാത്രമല്ല കടലുകള്‍ താണ്ടി ഇവിടേക്ക് വരുന്നത്. ഈ തിരിച്ചറിവാണ് ഉത്തരവാദിത്ത ടൂറിസം പോലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് പ്രേരിപ്പിച്ചതും അതിന്റെ നല്ല ഫലങ്ങള്‍ നാം ഇന്ന് അനുഭവിക്കുന്നതും. നമ്മുടെ കാലാവസ്ഥ, നദികള്‍, ആരാധനാലയങ്ങള്‍, പുരാതന നിര്‍മിതികള്‍, കരകൗശലകലാകാരരുടെ ഗ്രാമങ്ങള്‍, പൈതൃക മന്ദിരങ്ങള്‍, കോട്ടകള്‍, ചരിത്രത്തിന്റെ തിരുശേഷിപ്പുകളായി ഇനിയും അവശേഷിക്കുന്ന ഗൃഹങ്ങള്‍, എണ്ണമറ്റ ചെറു ഗ്രാമങ്ങളിലേക്ക് ഒതുങ്ങിപ്പോയ നമ്മുടെ പാരമ്പര്യ കലകള്‍ അങ്ങനെ വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നിടാന്‍ സാധ്യതയുള്ള നിരവധിയായ ഡെസ്റ്റിനേഷനുകളാണ് നമുക്കുള്ളത്.

പാരമ്പര്യ നിര്‍മ്മിതിയുടെ വാസ്‌തു ശില്‌പ വൈദഗ്ധ്യം

പാലക്കാട്, മലപ്പുറം ജില്ലകളിലെ പുരാതന മനകള്‍ നിരവധിയായ സിനിമകള്‍ക്ക് പശ്ചാത്തലമായിട്ടുണ്ട്. ഒറ്റപ്പാലത്തിനടുത്തുള്ള വരിക്കാശ്ശേരി മന, ചെത്തല്ലൂരിലെ പോഴത്തുമന എന്നിവ നൂറിലേറെ പ്രശസ്‌ത സിനിമകള്‍ക്ക് പശ്ചാത്തലമായി. എന്നാല്‍ ഇനിയും എത്രയോ മനകള്‍ സിനിമയുടെ വെള്ളി വെളിച്ചത്തില്‍ വന്നതും വരാത്തതുമായുണ്ട്. അവിടങ്ങളിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക് നവ്യാനുഭവമായിരിക്കുമെന്നുറപ്പുണ്ട്. അത്തിപ്പറ്റമന സര്‍പ്പാരാധനയ്ക്ക് പേര് കേട്ട നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മനയാണ്. കേരള സംസ്‌കാരത്തില്‍ അദ്വിതീയമായ സ്ഥാനമുള്ളതാണ് ഒളപ്പമണ്ണ മന, പാലക്കാട് വല്ലപ്പുഴയിലെ തറയ്ക്കല്‍വാരിയം, മലപ്പുറം വണ്ടൂരിലെ നടുവത്തുമന, പാണ്ടിക്കാടിനടുത്തുള്ള മരനാട്ടുമന, ഇ.എം.എസിന്റെ ജന്മ ഗൃഹമായ എളംകുളം മന, ഇങ്ങനെ എത്രയോ മനകള്‍, പുരാതന ഗൃഹങ്ങള്‍, പാരമ്പര്യ വാസ്‌തു ശില്‌പ നിര്‍മിതികള്‍ ഇനിയും അവശേഷിക്കുന്നുണ്ട്.

ശില്‌പ ഭംഗിയുള്ള ആരാധനാലയങ്ങള്‍

നമ്മുടെ ആരാധനാലയങ്ങള്‍ എക്കാലവും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമായിരുന്നു. അധികമാരും അറിയാത്ത ശില്‌പ ഭംഗിയുള്ള ക്ഷേത്രങ്ങളും പള്ളികളും ഇസ്ലാമിക ദേവാലയങ്ങളും നമുക്കുണ്ട്. ജൈന, ബൗദ്ധ പാരമ്പര്യങ്ങള്‍ ഉള്ള ഇടങ്ങളും ഇനിയും അവശേഷിക്കുന്നുണ്ട് പത്തനംതിട്ട ജില്ലയിലെ വള്ളംകുളത്തിനടുത്തുള്ള പൂവപ്പുഴ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം, ആലപ്പുഴയിലെ കുട്ടമ്പേരൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം പരുമലക്കടുത്തുള്ള വലിയ പനയന്നാര്‍ കാവ് എന്നീ ക്ഷേത്രങ്ങള്‍ ദാരു ശില്‌പ സഞ്ചയങ്ങളുടെയും ചുമര്‍ ചിത്രങ്ങളുടെയും സങ്കേതങ്ങളാണ്. കല്ലൂപ്പാറ പള്ളി കേരളീയ പാരമ്പര്യ നിര്‍മിതിയുടെ മകുടോദാഹരണമാണ്. കോട്ടയം താഴത്തങ്ങാടിയിലെ ഇസ്ലാമിക ദേവാലയവും അതി മനോഹരമായ നിര്‍മിതിയാണ്. മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിനടുത്തുള്ള നെടുങ്കൈതകോട്ടയിലെ അയ്യപ്പന്‍ ക്ഷേത്രം സാമൂതിരിമാരുടെ പാരമ്പര്യ വാസ്‌തു ശില്‌പ നിര്‍മിതിയുടെ ഉദാഹരണമാണ്.

കരകൗശല ഗ്രാമങ്ങള്‍

നമ്മുടെ പൈതൃകപ്പെരുമയുടെ നേര്‍ സാക്ഷ്യങ്ങളാണ് നമ്മുടെ കരകൗശല ഉല്‍പന്നങ്ങള്‍. എന്നാല്‍ അവയില്‍ ഏറെയും ഇന്ന് മണ്‍മറഞ്ഞു പോയിരിക്കുന്നു.

ഇവയുടെ സ്രഷ്‌ടാക്കൾ താമസിക്കുന്ന ഗ്രാമങ്ങള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന പൈതൃക ഗ്രാമങ്ങളാണ്. അത്തരം ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരം തീര്‍ച്ചയായും നവ്യാനുഭവമായിരിക്കും. പാലക്കാട് ജില്ലയിലെ വെള്ളിനേഴി കഥകളിക്ക് പേരുകേട്ടിടമാണ്. ഇവിടത്തെ കഥകളി മിനിയേച്ചര്‍ വേഷങ്ങള്‍ പ്രസിദ്ധമാണ്. കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലത്ത് വെങ്കല ശിൽപങ്ങൾ മിഴി തുറക്കുന്നു. ആലപ്പുഴ ജില്ലയിലെ മാന്നാര്‍ വലിയ വെങ്കല പാത്രങ്ങള്‍, അമ്പല മണികള്‍, വാര്‍പ്പുകള്‍, ഗൃഹോപയോഗ വസ്‌തുക്കൾ എന്നിവ നിര്‍മ്മിക്കുന്ന ചെറു പട്ടണമാണ്.

പയ്യന്നൂരിലെ പവിത്ര മോതിരവും കരിവെള്ളൂരിലെ ചൂതുമാച്ചി എന്ന ചൂലും കൗതുകമുള്ള ഉല്‍പന്നങ്ങളാണ്. പാലക്കാട് ജില്ലയിലെ പെരുവെമ്പയിലാണ് വാദ്യോപകരണങ്ങള്‍ ഏറെയും നിര്‍മിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ എത്തിയാല്‍ ആനയോളം വലിപ്പമുള്ള ആൻ ശിൽപങ്ങൾ വാങ്ങാം. ഇളവള്ളിയില്‍ പൂരവുമായി ബന്ധപ്പെട്ട നെറ്റിപ്പട്ടം നിര്‍മിക്കുന്നത് കാണാം. വിശ്വ പ്രസിദ്ധമായ ആറന്മുള കണ്ണാടി ഭൗമ സൂചികയില്‍ ഇടം പിടിച്ചതാണ്. അവിടെത്തന്നെ ചുണ്ടന്‍ വള്ളങ്ങളുടെ നിര്‍മാണം നടക്കുന്നതും കാണാം. കൊല്ലത്തെ തഴവയിലെത്തിയാല്‍ ഭൗമ സൂചികയില്‍ ഇടം നേടിയ തഴപ്പായ നെയ്ത്തു കാണാം അങ്ങനെ കേരളത്തില്‍ അങ്ങോളമിങ്ങോളം നമ്മുടെ കരകൗശലപ്പെരുമയുടെ ഇനിയും മണ്‍മറയാതെ നിലനില്‍ക്കുന്ന ഇടങ്ങള്‍ യാത്രികരെ മാടിവിളിക്കുന്നുണ്ട്.