പ്രതീക്ഷയുടെ 10 പദ്ധതികള്‍
സ്ട്രീറ്റ് ടൂറിസം പദ്ധതി
തിരക്കേറിയ പ്രദേശങ്ങള്‍ക്കപ്പുറം..
ഐക്യരാഷ്ട്ര സഭയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ പുതിയ ടൂറിസം ആപ്‌ത വാക്യമായ ‘സമഗ്ര വളര്‍ച്ചയ്ക്കായി ടൂറിസം’ തത്വങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലുടനീളം തിരഞ്ഞെടുത്ത 10 സ്ഥലങ്ങളില്‍ പങ്കാളിത്തവും സമഗ്രവുമായ വളര്‍ച്ച പ്രോത്സാഹിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച നൂതന ടൂറിസം വികസന പദ്ധതിയാണ് STREET (സ്ട്രീറ്റ്). സസ്‌റ്റൈനബിള്‍, ടാന്‍ജിബിള്‍, റെസ്‌പോണ്‍സിബിള്‍, എക്‌സ്‌പീരിയൻഷ്യൽ, എത്‌നിക്, ടൂറിസം ഹബ്‌സ് എന്നതിന്റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്.
സുസ്ഥിരവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ വിനോദ സഞ്ചാരത്തിന് പ്രാധാന്യം നല്‍കുന്നതും വ്യക്തമായി കണ്ടറിയാനാവുന്നതും അനുഭവ വേദ്യത ഉറപ്പാക്കുന്നതും പരമ്പരാഗത ജീവിത രീതികള്‍ക്കും പ്രാധാന്യം നല്‍കുന്നതുമായ ടൂറിസം കേന്ദ്രങ്ങളാണ് ഇതുവഴി രൂപം കൊള്ളുക. പ്രാദേശിക ജനങ്ങളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പിന്തുണയോടെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെ ‘തീമാറ്റിക്’ തെരുവുകളായി വികസിപ്പിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. ഇതിലൂടെ തിരക്കേറിയ പ്രദേശങ്ങള്‍ക്കപ്പുറത്തേക്ക് ടൂറിസം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാന്‍ കഴിയുന്നു.
മൂന്ന് വിഭാഗത്തില്‍പ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇതുവഴി രൂപപ്പെടുത്തുക.
1. നാളിതുവരെ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതും എന്നാല്‍ ഭാവിയിലേക്ക്
ഉയര്‍ത്തിക്കൊണ്ടു വരാവുന്നതുമായ ടൂറിസം കേന്ദ്രങ്ങള്‍.
2. അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളുടെ സാമീപ്യമുള്ളതും എന്നാല്‍ ടൂറിസ്റ്റുകള്‍ക്ക് നവ്യാനുഭവങ്ങള്‍ സമ്മാനിക്കാനും താമസ കാലയളവ് ദീര്‍ഘിപ്പിക്കുവാനും ഉതകുന്ന പ്രദേശങ്ങള്‍.
3. നിലവില്‍ ചെറിയ തോതില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറ്റാന്‍ കഴിയുന്നതുമായ പ്രദേശങ്ങള്‍.
ഓരോ പദ്ധതി പ്രദേശത്തും സാധ്യതക്കനുസരിച്ച് ഗ്രീന്‍ സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, എത്നിക് ക്യുസീന്‍/ഫുഡ്‌സ്ട്രീറ്റ്, ഗ്രാമ ജീവിത പരിചയം/എക്‌സ്‌പീരിയൻഷ്യൽ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് എന്നിങ്ങനെ വിവിധ സ്ട്രീറ്റുകള്‍ നിലവില്‍ വരും. കുറഞ്ഞത് മൂന്ന് സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ പദ്ധതി പ്രദേശത്തും നടപ്പാക്കപ്പെടും. പൂര്‍ണ്ണമായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാന്‍ വിഭാവനം ചെയ്യുന്ന ഈ പദ്ധതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും തദ്ദേശവാസികള്‍ക്കും വിനോദ സഞ്ചാര പ്രക്രിയയില്‍ മുഖ്യപങ്ക് വഹിക്കാനാവും വിധമാണ് നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട് ജില്ലയിലെ ത്യത്താല, പട്ടിത്തറ, കണ്ണൂര്‍ ജില്ലയിലെ പിണറായി, അഞ്ചരക്കണ്ടി, കോട്ടയം ജില്ലയിലെ മറവന്‍തുരുത്ത്, മാഞ്ചിറ, കാസര്‍കോഡ് ജില്ലയിലെ വലിയപറമ്പ, ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വയനാട് ജില്ലയിലെ ചേകാടി എന്നിങ്ങനെ 10 പ്രദേശങ്ങളിലാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെടുത്താനുതകുന്ന 1000 തദ്ദേശീയ യൂണിറ്റുകള്‍ രൂപവല്‍ക്കരിക്കാനും ലക്ഷ്യമിടുന്നു.
അഗ്രിടൂറിസം നെറ്റ്‌വർക്ക്
കാര്‍ഷിക സംസ്‌കൃതിയെ അറിയാന്‍
ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സംസ്ഥാനത്തിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രധാന സംരംഭമാണ് കേരള അഗ്രി ടൂറിസം നെറ്റ്‌വര്‍ക്ക്.
കാര്‍ഷിക മേഖലയെ വിനോദ സഞ്ചാരവുമായി ബന്ധിപ്പിച്ച് കാര്‍ഷിക സമൂഹത്തിന് സാമ്പത്തിക നേട്ടം ഉറപ്പാക്കുന്നതിനായി ഫാം ടൂറിസം പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതിനും ഫാം ടൂറിസത്തിലേക്ക് കൂടുതല്‍ ആളുകളെ പങ്കാളികളാക്കുന്നതിനുമായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ കീഴില്‍ ‘കേരള അഗ്രി ടൂറിസം നെറ്റ്‌വർക്ക് 2021 സെപ്റ്റംബറിലാണ് ആരംഭിച്ചത്. പരിസ്ഥിതി സൗഹൃദ നടപടികള്‍ സ്വീകരിച്ച് ടൂറിസവും കാര്‍ഷിക പ്രവര്‍ത്തനങ്ങളും സംയോജിപ്പിക്കുന്നതിനാണ് അഗ്രി ടൂറിസം നെറ്റ്‌വര്‍ക്ക് ലക്ഷ്യമിടുന്നത്. രാജ്യാന്തര വിനോദ സഞ്ചാരികള്‍ക്കും പുതു തലമുറയ്ക്കും കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ പരിചയപ്പെടുത്താനും ഈ സംരംഭം സഹായിക്കും.
അഞ്ച് വിഭാഗങ്ങളിലായാണ് യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
കാറ്റഗറി 1– പുരയിടത്തിലെ കൃഷി – 25 സെന്റ് വരെ (ടെറസ് ഗാര്‍ഡനുകള്‍ ഉള്‍പ്പെടെ) – കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില്‍പന ശൃംഖലയില്‍ ഉള്‍പ്പെടുത്തും)
കാറ്റഗറി 2– ഫാം വിസിറ്റ് യൂണിറ്റുകള്‍- 25 സെന്റ് മുതല്‍ ഒരു ഏക്കര്‍ വരെ
സ്ത്രീ സൗഹൃദ ടൂറിസം
ഓരോ യാത്രയും സുഗമം, സുരക്ഷിതം
എല്ലാ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ വനിതാ വിനോദ സഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനുമായി ആരംഭിച്ച ‘സ്ത്രീ സൗഹൃദ ടൂറിസം’ പദ്ധതിയിലൂടെ കേരളം പൂര്‍ണമായും ഒരു സ്ത്രീ സൗഹൃദ ടൂറിസം കേന്ദ്രമായി മാറുകയാണ്. രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്. വിനോദ സഞ്ചാര മേഖലയില്‍ സ്ത്രീകള്‍ക്ക് പ്രധാന പങ്കാളിത്തം വിഭാവനം ചെയ്യുന്ന യു.എന്‍ വിമന്‍ ‘ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് ടൂറിസം’ എന്ന ആശയത്തിന് അനുസൃതമായാണ് സംസ്ഥാനം സ്ത്രീസൗഹൃദ ടൂറിസം പദ്ധതി ആവിഷ്‌കരിച്ചത്.
റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷനിലൂടെ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം ഭക്ഷണം, താമസം, ഗതാഗതം, കമ്മ്യൂണിറ്റി ഗൈഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന ടൂര്‍ പാക്കേജുകള്‍ പൂര്‍ണ്ണമായും സ്ത്രീകള്‍ നിയന്ത്രിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്ത് ആദ്യമായി സ്ത്രീസൗഹൃദ ടൂറിസം മൊബൈല്‍ ആപ്പും തയ്യാറാവുകയാണ്. ജനപ്രിയ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അവതരിപ്പിക്കുന്നതിനു പുറമേ, സ്ത്രീ സൗഹൃദ ടൂറിസം ഉല്‍പന്നങ്ങളും പാക്കേജുകളും, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സ്ത്രീകള്‍ നയിക്കുന്ന സംരംഭങ്ങള്‍, അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വനിതാ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. കേരളത്തിന്റെ ഉത്സവങ്ങള്‍, അനുഭവപാഠങ്ങള്‍, സാഹസിക പാക്കേജുകള്‍ എന്നിവയും ആപ്പിലൂടെ സഞ്ചാരികള്‍ക്ക് അറിയാം.
കൊച്ചി മുസിരിസ് ബിനാലെ
ലോകം കാണുന്ന കലാമേള
കേരളത്തെ ലോകത്തിനു മുന്നില്‍ അതിന്റെ സാകല്യത്തില്‍ കൊച്ചിയുടെ മാസ്മരിക മനോഹാരിതയുടെ പശ്ചാത്തലത്തില്‍ പ്രതിഫലിപ്പിക്കുന്ന സമകാലീന കലാമേളയായി കൊച്ചി മുസിരിസ് ബിനാലെ മാറിക്കഴിഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും മികച്ചതെന്ന് സമകാലിക കലാവിദഗ്‌ധർ വിലയിരുത്തിയ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുമായി ഒന്‍പത് ലക്ഷത്തിലേറെ ആളുകള്‍ സന്ദര്‍ശിച്ചതായി കണക്കാക്കപ്പെടുന്നു. കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിലും ബിനാലെ ഇടം നേടിക്കഴിഞ്ഞു.
ഏഴുകോടി രൂപയാണ് ബിനാലെയ്ക്കു വേണ്ടി സര്‍ക്കാര്‍ വക കൊള്ളിച്ചത്. ഈ മഹത്തായ സാംസ്‌കാരിക സംരംഭത്തിന് ടൂറിസം വകുപ്പാണ് ധനസഹായം നല്‍കുന്നത്. സംസ്ഥാനത്തിനു മാത്രമല്ല രാജ്യത്തിനു തന്നെ സാമ്പത്തികമായി പ്രയോജനകരമാണ് കൊച്ചി മുസിരിസ് ബിനാലെയെന്ന് കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്‌ണമാചാരി ചൂണ്ടിക്കാണിക്കുന്നു.
ചെറിയ കടകള്‍ തൊട്ട് വന്‍കിട ഹോട്ടലുകള്‍ക്കുവരെ ബിനാലെ നേട്ടമുണ്ടാക്കുന്നുണ്ട്. ഏറ്റവുമധികം സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ ബിനാലെക്കാലത്ത് കൊച്ചിയിലെത്തുന്നു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ തൊട്ട് അതി സമ്പന്നര്‍ക്കു വരെ വിവേചന രഹിതമായ പങ്കാളിത്തമുണ്ട് ബിനാലെ പദ്ധതിയില്‍. ടൂറിസത്തിന് വളരെ പ്രധാനപ്പെട്ട നേട്ടമാണിതിലൂടെ കൈവരുന്നത്. ഒറ്റമുറി പോലും താമസത്തിനായി കിട്ടാനില്ല എന്നതാണ് നില.
‘നമ്മുടെ സിരകളില്‍ ഒഴുകുന്ന മഷിയും തീയും’ എന്ന പ്രമേയത്തിലൂന്നി ഇന്ത്യന്‍ വംശജയായ സിംഗപ്പൂരിയന്‍ ആര്‍ട്ടിസ്റ്റ് ക്യൂറേറ്റ് ചെയ്‌ത ബിനാലെയുടെ അഞ്ചാം പതിപ്പ് 2023 ഏപ്രിലിലാണ് സമാപിച്ചത്.
16 വേദികളിലായി 4.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് 120 ദിവസങ്ങളിലായി ജനകീയാഘോഷം തീര്‍ത്തത്. 40 രാജ്യങ്ങളില്‍ നിന്നുള്ള 88 സമകാലീന ആര്‍ട്ടിസ്റ്റുകളുടെ അവതരണങ്ങള്‍ പുതു സംവേദനവും അവബോധവും സൗന്ദര്യാത്മകതയും പ്രകാശിപ്പിച്ചു.
ഡെസ്റ്റിനേഷന്‍ ചലഞ്ച്
ഓരോ നാട്ടിലും കാഴ്‌ചയിടം
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ട് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ഒന്നിലധികം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച്. പുറംലോകം അധികം അറിഞ്ഞിട്ടില്ലാത്ത പ്രദേശങ്ങളെ അതിന്റെ സവിഷേതകള്‍ക്കനുസരിച്ച് വികസിപ്പിച്ചാല്‍ അവിടെയുള്ള ജനങ്ങള്‍ക്ക് തൊഴിലും ആ നാടിന് തന്നെ വരുമാനവുമാകും എന്ന ലക്ഷ്യം അടിസ്ഥാനമാക്കിയാണ് പദ്ധതി.
ഒരു തദ്ദേശ സ്ഥാപന പരിധിയിലെ വിനോദ സഞ്ചാര കേന്ദ്രം കണ്ടെത്തി അത് വികസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കി ടൂറിസം വകുപ്പിന് സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. ടൂറിസം വകുപ്പ് അത് പരിശോധിച്ച് പദ്ധതിയുടെ 60 ശതമാനം തുക നല്‍കും. ബാക്കി തുക തദ്ദേശ സ്ഥാപനം കണ്ടെത്തണം. അവരുടെ തനത് ഫണ്ടില്‍ നിന്നോ സ്പോണ്‍സര്‍ഷിപ്പ് വഴിയോ പഞ്ചായത്തിന് തുക കണ്ടെത്താവുന്നതാണ്. ഇപ്പോള്‍ ഈ പദ്ധതിയില്‍ എം.എല്‍.എ ഫണ്ട് വിനിയോഗിക്കാനും അനുമതിയായിട്ടുണ്ട്. 2022 ജൂണ്‍ 28 നു ആരംഭിച്ച ഡെസ്റ്റിനേഷന്‍ ചലഞ്ച് മുഖേന ഇതുവരെ 34 പദ്ധതികള്‍ക്ക് അനുമതി നല്‍കി. ഇതുപോലെ നൂറ് പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കാരവന്‍ ടൂറിസം
പുതുപാതകളില്‍ കേരളം
കോവിഡിനു ശേഷം കേരള ടൂറിസത്തിന്റെ അതിജീവനം സാധ്യമാക്കി ഈ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് കാരവന്‍ ടൂറിസം. ഹൗസ് ബോട്ടിനു ശേഷം കേരള ടൂറിസം ആരംഭിച്ച ശ്രദ്ധേയ സംരംഭം. മികച്ച പ്രതികരണമാണ് കാരവന്‍ ടൂറിസത്തിനു ലഭിക്കുന്നത്. കോവിഡനന്തരം ഇന്ത്യയിലെത്തിയ വിദേശ സഞ്ചാരികള്‍ കേരളത്തിലെ കാരവന്‍ നയത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഇവിടേക്കു വരുന്ന സ്ഥിതിയുണ്ടായി. ജര്‍മ്മനി, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും 16 കാരവനുകളിലായി 31 സഞ്ചാരികള്‍ കേരളത്തിലെത്തിയത് ഉദാഹരണം.
സുരക്ഷിത യാത്ര, അണ്‍ എക്‌സ്‌പ്ലോര്‍ഡ് ഡെസ്റ്റിനേഷനുകളിലേക്കുള്ള യാത്ര, അടിസ്ഥാന സൗകര്യം ഒരുക്കാന്‍ കുറഞ്ഞ മൂലധനം തുടങ്ങിയവ കാരവന്‍ ടൂറിസത്തിന്റെ പ്രത്യേകതകളാണ്. പ്രാദേശികമായ തൊഴില്‍ സാധൃതയും കാരവന്‍ ടൂറിസത്തിലൂടെ ഉയര്‍ന്നു. കേരളത്തിലെ ആദ്യത്തെ കാരവന്‍ പാര്‍ക്ക് വാഗമണിലാണ് ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ പൊൻമുടിയിലും എറണാകുളം ബോള്‍ഗാട്ടിയിലും കാരവന്‍ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
50 സെന്റ് ഭൂമിയാണ് കാരവന്‍ പാര്‍ക്കുകള്‍ക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം. ആദ്യ നൂറ് കാരവന്‍ അപേക്ഷകര്‍ക്ക് 7.5 ലക്ഷം രൂപ അല്ലെങ്കില്‍ നിക്ഷേപത്തുകയുടെ 15 ശതമാനം, അടുത്ത നൂറ് പേര്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, 10 ശതമാനം, അടുത്ത നൂറ് പേര്‍ക്ക് 2.5 ലക്ഷം രൂപ അല്ലെങ്കില്‍ അഞ്ച് ശതമാനം എന്നിങ്ങനെ സബ്‌സിഡി വിനോദസഞ്ചാര വകുപ്പ് നൽകുന്നുണ്ട്.
സിനിമാ ടൂറിസം
ഒരു സിനിമാറ്റിക് യാത്ര പോവാം
കാലം എത്ര കഴിഞ്ഞാലും മനസ്സില്‍ നിന്നും മാഞ്ഞു പോവാത്ത ചില സിനിമാ ഫ്രെയിമുകളുണ്ട്. നമ്മളെ ഏറെ സ്വാധീനിച്ച ചില സിനിമാ രംഗങ്ങള്‍. നമ്മുടെ ഇത്തരം സിനിമ ഗൃഹാതുര ഓര്‍മ്മകള്‍ക്ക് നിറം പകരുന്ന പുതിയ പദ്ധതി ആരംഭിക്കാന്‍ ടൂറിസം വകുപ്പ് ഒരുങ്ങുകയാണ്. കിരീടം സിനിമയില്‍ മോഹന്‍ലാലിന്റെ വികാര നിര്‍ഭരമായ രംഗങ്ങള്‍ ചിത്രീകരിച്ച തിരുവനന്തപുരം വെള്ളായണിയിലെ കിരീടം പാലം, ബോംബെ സിനിമയില്‍ ഉയിരെ എന്ന ഗാനം ചിത്രീകരിച്ച ബേക്കല്‍ തുടങ്ങി പ്രശസ്‌തമായ സിനിമകള്‍ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓര്‍മ്മകളില്‍ നിലനിര്‍ത്തി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതിയാണ് സിനിമ ടൂറിസം.
പദ്ധതിയുടെ തുടക്കം കാസര്‍കോട് ബേക്കല്‍ കോട്ടയില്‍ ‘ബോംബെ’ സംവിധായകന്‍ മണിരത്നവും സിനിമയിലെ താരങ്ങളും പങ്കെടുക്കുന്ന പ്രത്യേക പരിപാടിയോടെ ആയിരിക്കും. കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതി അദ്ദേഹത്തിന്റെ നിരവധി സിനിമകളുടെ പശ്ചാത്തലമാണ്, പ്രത്യേകിച്ച് ഗാന രംഗങ്ങള്‍ക്ക്. അരവിന്ദ് സ്വാമിയും മനീഷ കൊയ്‌രാളയും മണിരത്നവും എ. ആര്‍. റഹ്‌മാനും ഉള്‍പ്പെടെയുള്ള ബോംബെ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ഒത്തൊരുമിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വിനോദ സഞ്ചാരവകുപ്പ്.
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍
ആവേശത്തിന്റെ ഓളങ്ങളില്‍ പുഴയുത്സവം
സാഹസിക വിനോദ സഞ്ചാരത്തിന്റെ ഭാഗമായ മലബാര്‍ റിവര്‍ ഫെസ്റ്റ് എന്നും ദേശീയ അന്തര്‍ദേശീയ കയാക്കര്‍മാരുടെ ആകര്‍ഷണമായിരുന്നു. സംഘാടന മികവിനാലും ജനപങ്കാളിത്തം കൊണ്ടും മത്സരാര്‍ഥികളാലും വന്‍വിജയമായി 2023 ആഗസ്റ്റ് 4,5,6 തീയതികളിലായി നടന്ന ഒന്‍പതാമത്തെ ഈ പുഴയുത്സവവും. ചാലിയാര്‍പ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി (കോഴിക്കോട് നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെ) കയാക്ക് സ്ലലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങള്‍. അമേരിക്ക, കാനഡ, ഇസ്രായേല്‍, ദക്ഷിണാഫ്രിക്ക, യു.കെ എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നായി അഞ്ച് അന്തര്‍ദേശീയ കയാക്കര്‍മാരും കേരളമുള്‍പ്പെട ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറില്‍പരം കയാക്കര്‍മാരും മത്സരത്തില്‍ പങ്കെടുത്തു.
കേരള ടൂറിസത്തിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കോഴിക്കോട് ജില്ലാ പഞ്ചായത്തും ചേര്‍ന്ന് ഇന്ത്യന്‍ കയാക്കിങ്ങ് ആന്‍ഡ് കനോയിങ്ങ് അസോസിയേഷന്റെ സാങ്കേതിക സഹകരണത്തോടെ ആണ് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.
ഇത്തവണ ദേശീയ വൈറ്റ് വാട്ടര്‍ കയാക്കിങ്ങ് ചാമ്പ്യന്‍ഷിപ്പ് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചു. കയാക്കിങ്ങ് സ്ലലോം കോമ്പറ്റീഷനില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട കയാക്കര്‍മാര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. 2024 പാരീസ് ഒളിമ്പിക്‌സിനുള്ള സെലക്ഷന്‍ ട്രയല്‍സിന് ആദ്യമായി കേരളം വേദിയായി.
ഈ വര്‍ഷത്തെ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി 10 ദിവസം നീണ്ടു നില്‍ക്കുന്ന പ്രീ ഇവന്റ്‌സായ ക്രോസ് കൗണ്ടി റേസ്, മഡ് ഫുട്‌ബോള്‍, സൈക്ലിങ്ങ് ടൂര്‍, മണ്‍സൂണ്‍ നടത്തം, കയാക്കിങ്ങ് ബ്രഷ് സ്‌ട്രോക്‌സ്, ഓഫ് റോഡ് എക്‌സ്‌പെഡിഷന്‍, പട്ടം പറത്തല്‍ ഉത്സവം എന്നിവ മത്സരങ്ങള്‍ക്ക് മോടി കൂട്ടി.
സാഹസിക ടൂറിസം
ഉയരങ്ങളില്‍ പാറി നടക്കാം കടലലകളില്‍ പൊങ്ങിയുയരാം
സാഹസിക ടൂറിസം ഇന്ന് ലോകത്ത് ഏററവും വളര്‍ച്ചയുളള ടൂറിസം മേഖലയാണ്. കേരളത്തിലും സാഹസിക ടൂറിസം മേഖല ഉയര്‍ച്ചയുടെ പാതയിലാണ്. ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമായ നമ്മുടെ സംസ്ഥാനം സാഹസിക ടൂറിസം മേഖലയ്ക്ക് ഏറെ അനുയോജ്യമാണ്. പര്‍വതങ്ങളും കുന്നുകളും ജലാശയങ്ങളും കൊണ്ട് അനുഗ്രഹിക്കപ്പെട്ട കേരളത്തിന്റെ ഭൂപ്രകൃതി സാഹസിക വിനോദത്തിന് ഏറ്റവും അനുയോജ്യമായതാണ്. 2017-ലെ ടൂറിസം നയത്തില്‍ സാഹസിക ടൂറിസം മേഖലയിലെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയുളള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.
വിനോദസഞ്ചാര വകുപ്പിന്റെ ഇടപെടലുകളും സ്വകാര്യ വ്യകതികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തവും സാഹസിക ടൂറിസത്തെ പുതിയ മാനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സാഹസിക ടൂറിസം ഭൂപടത്തില്‍ കേരളത്തിന് ഗണ്യമായ സ്ഥാനം വഹിക്കാന്‍ കഴിയും.
ഇതോടൊപ്പം വിനോദസഞ്ചാര വകുപ്പ് അഡ്വഞ്ചര്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സിനായി രജിസ്‌ട്രേഷന്‍ സിസ്റ്റവും നടപ്പിലാക്കി. സാഹസിക ടൂറിസം സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റഗുലേഷന്‍സിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും രജിസ്‌ട്രേഷന്‍ നല്‍കുക.
രജിസ്‌ട്രേഷന്‍ നല്‍കുന്ന സാഹസിക വിനോദങ്ങള്‍
കരസാഹസിക ടൂറിസം
ട്രക്കിങ്ങ്, ഹൈക്കിങ്ങ്, നേച്ചർ വാക്ക്, ബേര്‍ഡ്‌വാച്ചിങ്ങ്, സൈക്ലിങ്ങ് ടൂര്‍സ്, സിപ്‌വൈര്‍സ് ആന്‍ഡ് ഹൈറോപ്‌സ് കോഴ്‌സുകള്‍, റോക്ക് ക്ലൈമ്പിങ്ങ് ആര്‍ട്ടിഫിഷ്യല്‍-വാള്‍ ക്ലൈമ്പിങ്ങ്, അബ്‌സിലിങ്ങ്, ആള്‍ ടെറൈന്‍ വെഹിക്കിള്‍(എ.റ്റി.വി) ടൂര്‍സ് ജീപ് സഫാരി, 4ഃ4 ഡ്രൈവിങ്ങ് സഫാരി.
ജലസാഹസിക ടൂറിസം
വാട്ടര്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ജനറല്‍, ബോട്ട്‌സ് ആന്‍ഡ് വാട്ടര്‍ സ്‌പോര്‍ട്‌സ് റൈഡ്‌സ്, പാരാസെയിലിങ്ങ്, വാട്ടര്‍ സ്‌കീയിങ്ങ് ആന്‍ഡ് പവര്‍ബോട്ട് ഫണ്‍ റൈഡ്‌സ്, ജെറ്റ് സ്‌കീ/പെഴ്‌സണല്‍ വാട്ടര്‍ ക്രാഫ്റ്റ്, വിന്‍ഡ് സര്‍ഫിങ്ങ്, ഡിന്‍ഗി സെയിലിങ്ങ്, കയാക്കിങ്ങ് ആന്‍ഡ് കനോയിങ്ങ്, സ്‌കൂബാ ഡൈവിങ്ങ്, വൈററ് വാട്ടര്‍റാഫ്റ്റിങ്ങ് ആന്‍ഡ് കയാക്കിങ്ങ്, ബാംബൂ റാഫ്റ്റിങ്ങ്
വ്യോമസാഹസിക ടൂറിസം
പാരാ ഗ്ലൈഡിങ്ങ് ആന്‍ഡ് ഹാങ്ങ് ഗൈഡിങ്ങ്
മൗണ്ടന്‍ ടെറൈന്‍ ബൈക്കിങ്ങ്
മൗണ്ടന്‍ ബൈക്കിങ്ങ് എന്ന സാഹസിക വിനോദത്തിനു ഉതകുന്ന മേഖലകള്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ട കേരളത്തിലെ സാധ്യതകള്‍ അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാര വകുപ്പിന് വേണ്ടി കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, സൈക്ലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, യു.സി.ഐ എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. വിദേശീയരും സ്വദേശീയരുമായി മുന്നൂറില്‍പ്പരം മത്സരാര്‍ഥികള്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാറുണ്ട്.
ചാലിയാര്‍ റിവര്‍ ചലഞ്ച്
ചാലിയാര്‍ പുഴയില്‍ കോഴിക്കോട് മുതല്‍ നിലമ്പൂര്‍ വരെയുള്ള 68 കി.മീ ദൂരം മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന കയാക്കിങ്ങ് ഫെസ്റ്റിവല്‍ ആണ് ചാലിയാര്‍ റിവര്‍ ചലഞ്ച്.
കയാക്കിങ്ങ് ചാമ്പ്യന്‍ഷിപ്പ്, കണ്ണൂര്‍
ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഡി.റ്റി.പി.സിയും കെ.എ.റ്റിപി.എസും സംയുക്തമായി കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പുഴയില്‍ പറശ്ശിനിക്കടവ് മുതല്‍ അഴീക്കല്‍ വരെ 2022 കയാക്കത്തോണ്‍ സംഘടിപ്പിച്ചു. ആകെ 66 പേരാണ് മത്സര രംഗത്ത് ഉണ്ടായത്. ഇടുക്കി ജില്ലയിലെ വാഗമണ്ണില്‍ ഇക്കോ അഡ്വഞ്ചര്‍ ടൂറിസം പാര്‍ക്ക് സാഹസിക ടൂറിസം പ്രേമികള്‍ക്ക് ഏറെ ആകര്‍ഷകമാണ്. ഭാവിയില്‍ കൂടുതല്‍ അഡ്വഞ്ചര്‍ ആക്റ്റിവിറ്റികള്‍ ഉള്‍പ്പെടുത്തി വാഗമണ്ണിനെ ഒരു സാഹസിക ടൂറിസം ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നു.
വെഡ്ഡിങ്ങ് ഡെസ്റ്റിനേഷന്‍ ടൂറിസം
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ വിവാഹം നടത്താനായി വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കുന്നുണ്ട്. കേരളത്തിലേക്കും ഇങ്ങനെ നിരവധിയാളുകള്‍ എത്താറുണ്ട്. ഏറ്റവും മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനുകള്‍ നല്‍കാന്‍ സാധിക്കുന്ന നാടാണ് നമ്മുടേത്. തെങ്ങിന്‍ തോപ്പുകളും വയലേലകളും പുഴയോരവും കടല്‍ത്തീരവുമെല്ലാം വിവാഹ ഡെസ്റ്റിനേഷനുകളായി ഒരുക്കാം. മലയോര മേഖലയിലെ മനോഹരമായ പ്രദേശങ്ങള്‍ പ്രത്യേകമായി ഡെസ്റ്റിനേഷനുകളാക്കി മാറ്റാം. ഇത് കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ പ്രോത്സാഹനവും വരുമാനവുമായിരിക്കും. വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ പദ്ധതിക്ക് കേരളത്തില്‍ തുടക്കമായിരിക്കുകയാണ്.
കേരളത്തെ മികച്ച വിവാഹ വിനോദ സഞ്ചാര ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് വിനോദ സഞ്ചാരവകുപ്പിന്റെ ലക്ഷ്യം. ഡല്‍ഹി, മുബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ കേരളത്തിന്റെ വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ പദ്ധതിയുടെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗിച്ചും പ്രചാരണം നടത്തുന്നുണ്ട്.