ആധുനിക കേരളത്തിന്റെ പിറവി
പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍
ചരിത്രകാരന്‍
കൊളോണിയല്‍ ആധിപത്യത്തിനും നാടുവാഴിത്തത്തിനും ജന്മിത്തത്തിനും ജാതീയതയ്ക്കുമെതിരെയുള്ള പോരാട്ടത്തിന്റെ ഒരു ഘട്ടമാണ് 1947 ഓഗസ്റ്റ് 15ന് അധികാര കൈമാറ്റത്തിലൂടെ പൂര്‍ത്തിയായതും അതിനെ സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിക്കുന്നതും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ഈ നാലു തിന്മകളില്‍ നിന്നുള്ള മോചനത്തിനു വേണ്ടിയുള്ളതായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വം വികസനത്തിന്റെ ഒരു ഘട്ടത്തില്‍ പരമാധികാരം ഉണ്ടായിരുന്ന നാട്ടു രാജ്യങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാരുമായി കരാറുകള്‍ ഉണ്ടാക്കി സാമന്ത പദവിയില്‍ കഴിഞ്ഞു കൊള്ളാമെന്ന് സമ്മതിച്ചു. ഓരോ നാട്ടു രാജ്യത്തിലും റസിഡന്റ് എന്ന പേരില്‍ ഒരു ബ്രിട്ടീഷ് ഏജന്റ് പ്രവര്‍ത്തിക്കുകയും ചെയ്‌തിരുന്നു. അധികാര കൈമാറ്റത്തിന് ഇടയാക്കിയ 1947 ജൂലൈയില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമത്തില്‍ നാട്ടു രാജ്യങ്ങളുമായി മുന്‍കാലത്ത് ഏര്‍പ്പെട്ടിട്ടുള്ള കരാറുകള്‍ റദ്ദാക്കുമെന്നും അവ പരമാധികാര രാഷ്‌ട്രങ്ങളായിത്തീരുമെന്നും വ്യവസ്ഥ ചെയ്‌തിരുന്നു. ഈ വ്യവസ്ഥ ഉപയോഗിച്ചാണ് തിരുവിതാംകൂര്‍, ഹൈദരാബാദ്, ജുനഗഢ്, കശ്‌മീർ എന്നീ നാട്ടു രാജ്യങ്ങള്‍ സ്വതന്ത്ര പദവി അവകാശപ്പെട്ടതും അതിനെതിരെ ഉത്തരവാദഭരണ പ്രക്ഷോഭസമരമുണ്ടായതും എന്ന കാര്യം എല്ലാവര്‍ക്കും അറിയാം.
പുതുതായി ജനിച്ച ഇന്ത്യയെന്ന സ്വതന്ത്ര രാജ്യത്തോട് 555 നാട്ടുരാജ്യങ്ങളെ കൂടി യോജിപ്പിക്കുകയും അങ്ങനെ നാടുവാഴിത്തം അവസാനിപ്പിക്കുകയും ചെയ്‌തു. പഴയ രാജാക്കന്മാര്‍ പ്രിവിപ്പഴ്‌സ് എന്ന പെന്‍ഷന്‍ വാങ്ങി അധികാരമൊഴിഞ്ഞു. അത്തരത്തില്‍ നാടുവാഴിത്തവും ഇല്ലാതായതോടുകൂടി രാഷ്‌ട്രീയമായി ഇന്ത്യ സ്വതന്ത്രയായി ജന്മിത്തം അവസാനിക്കുന്നു എന്നു പറയാം. എന്നാല്‍ ജന്മിത്തവും ജാതീയതയും ശക്തമായി തന്നെ ഇപ്പോഴും ഇന്ത്യയില്‍ തുടരുന്നു. അതേ സമയം ജന്മിത്തം അവസാനിപ്പിച്ച ഏക സംസ്ഥാനം കേരളമാണ് എന്ന കീര്‍ത്തിക്ക് നമ്മള്‍ ഉടമകളാണ്. അത്തരമൊരു അവസ്ഥയിലേക്ക് കേരളം എത്തിച്ചേര്‍ന്നത് കോളനി വിരുദ്ധ സമരത്തിനോടൊപ്പം ജന്മിത്ത വിരുദ്ധ സമരവും നടത്തിയതു കൊണ്ടാണ്. ജന്മി വിരുദ്ധ സമരം ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിലും നടന്നിരുന്നുവെങ്കിലും അവിടെയൊന്നും സ്വാതന്ത്ര്യാനന്തരം കേരളത്തെ പോലുള്ള കാര്‍ഷികബന്ധ നിയമങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല.
അതിനു കാരണം ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരത്തോടൊപ്പം ജന്മിത്ത വിരുദ്ധ കര്‍ഷക സമരം വിജയകരമായി മുന്നോട്ടു കൊണ്ടു പോകാന്‍ കഴിഞ്ഞില്ല എന്നതു കൊണ്ടാണ്. ബംഗാളില്‍ പങ്കു കൃഷിക്കാരുടെ നേതൃത്വത്തില്‍ നടന്ന തേഭാഗാ സമരവും തെലങ്കാനയില്‍ നടന്ന കര്‍ഷക സമരവും ജന്മിത്തം അവസാനിപ്പിക്കാന്‍ പര്യാപ്‌തമായിരുന്നില്ല. അതെന്തുകൊണ്ട് കേരളത്തില്‍ സാധ്യമായി എന്ന അന്വേഷണം അവസാനിപ്പിക്കുന്നത് കേരള വികസന മാതൃകയുടെ നിര്‍മ്മിതിയിലാണ്. ഒരിക്കല്‍ നിര്‍മ്മിച്ച മാതൃക അതേപടി നിലനിര്‍ത്തുകയെന്നതല്ല മറിച്ച് മാറുന്ന കാലത്തിനനുസരിച്ച് കേരളവും മാറുന്നതും അമാനവീകമായ സാംസ്‌കാരിക മൂല്യങ്ങളെ ഉച്ചാടനം ചെയ്യുന്നതുമായ ശ്രമകരമായ ജോലി കൂടിയാണ് കേരളീയം കൊണ്ട് ഉദ്ദേശിക്കുന്നത്.
ജന്മിത്തമെന്ന സാമ്പത്തികാടിത്തറമേല്‍ പടുത്തുയര്‍ത്തിയ രാഷ്ര്ടീയ സൗധമായിരുന്നു നാടുവാഴിത്തം. ഈ സാമ്പത്തിക –രാഷ്ര്ടീയ വ്യവസ്ഥയുടെ സാമൂഹിക രൂപമാണ് ജാതിവ്യവസ്ഥ. ഇത്തരത്തിലുള്ള ത്രിതല വ്യവസ്ഥയ്ക്കുള്ളില്‍ 19 –ാം നൂറ്റാണ്ടിന്റെ ആദ്യപാദം മുതല്‍ വളര്‍ന്നു വരാന്‍ തുടങ്ങിയ മധ്യവര്‍ഗത്തിന്റെ പ്രവര്‍ത്തനഫലമായിട്ടാണ് ജന്മിത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരെയുള്ള കലാപങ്ങളാരംഭിക്കുന്നത്. ഊഴിയ വേലയ്‌ക്കെതിരായും വസ്ത്രധാരണാവകാശത്തിനു വേണ്ടിയും തെക്കന്‍ തിരുവിതാംകൂറില്‍ ആരംഭിച്ച കലാപം 19–ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധമാവുമ്പോഴേക്കും അതിശക്തമായ ഒന്നായി തീരുകയും ജന്മിത്തത്തിനും ജാതിവ്യവസ്ഥയ്ക്കും ഉലച്ചില്‍ ഉണ്ടാവുകയും ചെയ്തു. ഇത് ശക്തമായി അനുഭവപ്പെട്ടത് തെക്കന്‍ കേരളത്തിലായിരുന്നു.
ആധുനികതയിലേക്കുള്ള പ്രയാണം
അടിമക്കച്ചവടവും അടിമ വ്യവസ്ഥയും അവസാനിച്ചത്, ഊഴിയവേല നിർത്തലാക്കിയത്, കര്‍ഷകന് ഭൂമിയില്‍ ഉടമസ്ഥാവകാശം കിട്ടിയത് (പണ്ടാരപ്പാട്ട വിളംബരം), വിദ്യാഭ്യാസ വ്യാപനമുണ്ടായത് തുടങ്ങിയ കാര്യങ്ങള്‍ ആധുനികതയിലേക്കുള്ള പ്രയാണത്തിലെ നാഴികക്കല്ലുകളായിരുന്നു. ഇതിന്റെയെല്ലാം പ്രതിഫലനമായിരുന്നു സാമൂഹിക പരിഷ്‌കരണ സംഘടനകള്‍ ഉണ്ടായതും വിമര്‍ശനബുദ്ധി, അന്വേഷണ ചിന്ത, സമത്വബോധം, വിവേചനത്തിനെതിരായ മനോഭാവം എന്നിത്യാദി നവോത്ഥാന മൂല്യങ്ങള്‍ ഉദയം ചെയ്‌തതും. ഇത് രാഷ്‌ട്രീയ സമരങ്ങളില്‍ പ്രതിഫലിക്കുകയും രാഷ്‌ട്രീയ പ്രബുദ്ധതയിലേക്ക് വികസിക്കുകയും ചെയ്‌തു. ഇതിന്റെ ഭാഗമായാണ് ഐക്യകേരള പ്രസ്ഥാനമുണ്ടായതും ഭാഷാടിസ്ഥാനത്തിലുള്ള കേരള സംസ്ഥാനം 1956-ൽ നിലവില്‍ വന്നതും.
ആദ്യ മന്ത്രിസഭ പാകിയ ആധാരശിലകള്‍
സംസ്ഥാന നവീകരണത്തിനു ശേഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുകയും ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിലവില്‍ വരികയും ചെയ്തു. ആ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവരെല്ലാം തന്നെ വ്യത്യസ്‌ത തലങ്ങളില്‍ ആണെങ്കില്‍ പോലും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരായിരുന്നു. അതിനാല്‍ തന്നെ ഒരു ക്ഷേമ രാഷ്‌ട്ര നിര്‍മ്മിതിക്കാവശ്യമായ നിയമ നിര്‍മാണങ്ങളാണ് ആ മന്ത്രിസഭയുടെ കാലത്തുണ്ടായതും. കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം, കാര്‍ഷികബന്ധ നിയമം, വിദ്യാഭ്യാസ നിയമം, സ്ത്രീധന നിരോധന നിയമം എന്നിവ കേരളത്തിന്റെ വികസന ചരിത്രത്തിലെ ആധാര ശിലകള്‍ ആയിരുന്നു. ഇവയ്ക്ക് പുറമേ ആ മന്ത്രിസഭയുടെ കാലത്ത് നിയമിച്ച മൂന്ന് കമ്മീഷനുകളുടെ റിപ്പോര്‍ട്ടും ഭാവി സര്‍ക്കാരുകള്‍ക്ക് അവഗണിക്കാനാവാത്തതായിരുന്നു.
അതില്‍ ആദ്യത്തേതാണ് ഇഎംഎസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. ഇഎംഎസിന്റെ നേതൃത്വത്തില്‍ 1967ല്‍ രണ്ടാമത് രൂപീകരിച്ച മന്ത്രിസഭയുടെ കാലത്തും റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചിരുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പില്‍ക്കാലത്ത് ജനകീയ ആസൂത്രണം, അധികാര വികേന്ദ്രീകരണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാസംവരണം, മുതലായ കാര്യങ്ങളില്‍ നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിതമായത്.
രണ്ടാമത്തേത് ഔദ്യോഗിക ഭാഷാ കമ്മിഷന്‍ ആയിരുന്നു. കോമാട്ടില്‍ അച്യുത മേനോന്റെ നേതൃത്വത്തിലുള്ള ആ കമ്മീഷന്‍ ഔദ്യോഗിക ഭാഷയായി മലയാളത്തെ മാറ്റിയെടുക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ട് പറഞ്ഞു. എന്നാല്‍ കമ്മിഷന്റെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ അന്ന് കഴിഞ്ഞില്ല പിന്നീട് 1969ല്‍ ഇഎംഎസിന്റെ രണ്ടാം മന്ത്രിസഭയുടെ കാലത്ത് ആയിരുന്നു അത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. ഘട്ടം ഘട്ടമായി എല്ലാ ഭരണ വകുപ്പുകളിലും മലയാളം ഔദ്യോഗിക ഭാഷയാക്കണം എന്നായിരുന്നു തീരുമാനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിലും സര്‍വകലാശാലാ വിദ്യാഭ്യാസത്തിലും അധ്യയന മാധ്യമം മാതൃഭാഷയായ മലയാളം തന്നെയായിരിക്കണമെന്ന് സമീപനവും അന്നത്തെ സര്‍ക്കാരില്‍ ഉണ്ടായിരുന്നു. സര്‍വകലാശാല വിദ്യാഭ്യാസത്തിന് ആവശ്യമായ വൈജ്ഞാനിക പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വേണ്ടിയായിരുന്നു 1968ല്‍ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.
മൂന്നാമത്തേത് പോലീസ് കമ്മിഷന്‍ ആയിരുന്നു. ഒരു ക്ഷേമ രാഷ്‌ട്രത്തിൽ പോലീസ് സേന എങ്ങനെ പ്രവര്‍ത്തിക്കണമെന്ന കാഴ്‌ചപ്പാട് നിര്‍ദ്ദേശിക്കാന്‍ ആയിരുന്നു കമ്മിഷനെ നിയമിച്ചത് സുപ്രീം കോടതിയിലെ അഭിഭാഷകനായിരുന്ന എന്‍ സി ചാറ്റര്‍ജിയുടെ നേതൃത്വത്തിലുള്ളതായിരുന്നു കമ്മിഷന്‍.
ബ്രിട്ടീഷ് ഭരണത്തിന് കീഴിലും നാടുവാഴിത്ത ഭരണത്തില്‍ കീഴിലും ജനവിരുദ്ധമായ മര്‍ദ്ദകനയം സ്വീകരിച്ചിരുന്നു പോലീസ് സേനയെ ഒരു സ്വതന്ത്ര രാഷ്‌ട്രത്തിലെ ജനസൗഹൃദ പോലീസ് ആക്കി മാറ്റുക എന്നത് ശ്രമകരമായ ജോലിയായിരുന്നു. പ്രസ്‌തുത റിപ്പോര്‍ട്ട് അപ്പാടെ നടപ്പാക്കാന്‍ ആയില്ലെങ്കിലും ജനവിരുദ്ധ പോലീസിനെ ജനമൈത്രി പോലീസ് ആക്കി മാറ്റുന്നതില്‍ കേരളം വിജയിച്ചിട്ടുണ്ട്.
കാര്‍ഷികബന്ധ നിയമത്തിന്റെ പ്രാധാന്യം
കുടിയൊഴിപ്പിക്കല്‍ നിരോധന നിയമവും സമഗ്രമായ കാര്‍ഷിക ബന്ധ നിയമവുമാണ് കേരളത്തിന്റെ സമഗ്ര വികസനത്തിന്റെ അടിത്തറയായി തീര്‍ന്നത്. മഹാഭൂരിപക്ഷം ജനങ്ങളും കര്‍ഷകരെന്ന നിലയിലും കര്‍ഷക തൊഴിലാളികള്‍ എന്ന നിലയിലും ജീവിച്ചിരുന്ന കേരളത്തില്‍ മേല്‍പ്പറഞ്ഞ നിയമങ്ങള്‍ സാമൂഹിക പുരോഗതിയുടെ ചാലക ശക്തിയായി തീരുകയായിരുന്നു. ഈ നിയമം വഴി 36 ലക്ഷം പാട്ടക്കുടിയാന്‍മാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും അത്തരത്തില്‍ ലഭിച്ച സമ്പത്ത് മക്കളുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കുകയും ചെയ്തു. ഹൈസ്‌കൂള്‍ ക്‌ളാസുകളില്‍ അന്ന് പ്രതിമാസം ആറ് രൂപ ഫീസ് കൊടുക്കണമായിരുന്നു. ഒരു പറ നെല്ലിന് മൂന്നു രൂപയും ഒരു നാളികേരത്തിന് രണ്ടണയും (12 പൈസയും) വിലയുണ്ടായിരുന്ന അക്കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് രക്ഷിതാക്കള്‍ക്ക് താങ്ങാന്‍ ആവുന്നതായിരുന്നില്ല.
എന്നാല്‍ അന്യായപ്പാട്ടം അവസാനിപ്പിച്ച് മര്യാദ പാട്ടം ഏര്‍പ്പെടുത്തിയപ്പോള്‍ രക്ഷിതാക്കള്‍ക്ക് അത് ആശ്വാസമാവുകയും ഹൈസ്‌കൂള്‍ ക്‌ളാസുകളില്‍ ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവുകയും ചെയ്തു. എസ്എസ്എല്‍സി പാസാവുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് കോളേജ് വിദ്യാഭ്യാസ രംഗത്ത് സമ്മര്‍ദ്ദം ഉണ്ടാക്കി. അതിന്റെ ഫലമായി 1964 –1965 അധ്യയന വര്‍ഷത്തില്‍ 43 ജൂനിയര്‍ കോളേജുകള്‍ കേരളത്തില്‍ ആരംഭിച്ചു. അവയില്‍ ഭൂരിപക്ഷവും ഗ്രാമീണ മേഖലയിലായിരുന്നു ഉന്നത വിദ്യാഭ്യാസ സൗകര്യം ഗ്രാമീണ മേഖലയിലെത്തിയത് പെണ്‍കുട്ടികള്‍ക്കും ആ രംഗത്ത് പ്രവേശിക്കാന്‍ അവസരം ഒരുക്കി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമായിരുന്നു വാസ്‌തവത്തിൽ കേരള വികസന മാതൃകയ്ക്ക് അടിത്തറ ഇട്ടത്.
കേരള വികസന മാതൃക എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രതിഭാസത്തിന്റെ പ്രത്യേകതകള്‍ ആയിരുന്നു ജനന നിരക്ക് കുറഞ്ഞത്, ശിശു മരണ നിരക്ക് കുറഞ്ഞത്, ആയുര്‍ ദൈര്‍ഘ്യം വര്‍ധിച്ചത്. പൊതുവിദ്യാഭ്യാസം. പൊതുജനാരോഗ്യം. പൊതുവിതരണം. പൊതു ഗതാഗതം. ഊര്‍ജ വിതരണം. കുടിവെള്ള വിതരണം എന്നിവകളിലെ വ്യാപനം മുതലായവ. ഇതിന്റെ ഏറ്റവും ഒടുവിലത്തെ നേട്ടമായിരുന്നു 1990ല്‍ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം. തീരദേശത്തും മലയോര പ്രദേശങ്ങളിലുമുള്ളവര്‍ക്കും വിദ്യാഭ്യാസത്തിന്റെയും സാക്ഷരതയുടെയും ഗുണഫലങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ സാധിച്ചു അതോടൊപ്പം തന്നെ ആരോഗ്യ പരിരക്ഷ, ഗതാഗത സൗകര്യം എന്നിത്യാദികളിലും നേട്ടം കൈവരിക്കാന്‍ സാധിച്ചു.
സമഗ്രമായ കാര്‍ഷിക ബന്ധ നിയമവും ജന്മിത്തം അവസാനിപ്പിച്ചതും ആണ് കേരളത്തിലെ ജാതി വിവേചനം ഇല്ലാതാക്കാനും ജനസൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ സാധിച്ചത്. ജന്മിത്തം ഇല്ലായതോടുകൂടി അതിന്റെ സാമൂഹിക വ്യവസ്ഥയായ ജാതി ദുര്‍ബലമായി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ തിരുവിതാംകൂറിലും കൊച്ചിയിലും നടപ്പാക്കിയ ചില ഭൂപരിഷ്‌കരണ നിയമങ്ങള്‍ ഒരു സ്വതന്ത്ര കര്‍ഷക വര്‍ഗത്തെ സൃഷ്‌ടിപ്പിക്കുന്നതിന് കാരണമായി. അതോടൊപ്പം തന്നെ സ്വദേശിയും വിദേശിയുമായ മൂലധന നിക്ഷേപം ജാതിക്കതീതമായ തൊഴില്‍ ശക്തിയുടെ വളര്‍ച്ചയ്ക്കും കാരണമായി. മലയ, സിംഗപ്പൂര്‍, ബര്‍മ്മ, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും നാണ്യ വിളത്തോട്ടങ്ങളിലും തുറമുഖങ്ങളിലും യന്ത്രവല്‍കൃത വ്യവസായങ്ങളിലും തൊഴിലവസരങ്ങള്‍ ഉണ്ടായപ്പോള്‍ ജാതി ഉപേക്ഷിച്ച് ആയിരക്കണക്കിന് ആളുകള്‍ അവിടേക്ക് കുടിയേറി. ഇത് ജാതിവ്യവസ്ഥ ദുര്‍ബലമാകാനിടയാക്കി. സ്വതന്ത്ര മനുഷ്യന്റെ പിറവിക്ക് ഇത് കാരണമായി.
വിശ്വ മഹാമതങ്ങളെല്ലാം കേരളത്തില്‍ എത്തിയിട്ടുണ്ട്. യഹൂദ മതം, ക്രിസ്‌തു മതം, ഇസ്‌ളാംമതം, ജൈന, ബുദ്ധ, ബ്രാഹ്‌മണ മതങ്ങളെല്ലാം കേരളത്തില്‍ എത്തുകയും അവയിലേക്ക് കേരളീയ വിശ്വാസികളായി ചേരുകയും ചെയ്‌തു. ഈ മതവിശ്വാസികള്‍ തമ്മില്‍ കലഹമോ, കലാപങ്ങളോ നടന്നിട്ടില്ല. അതുകൊണ്ടാണ് കേരളത്തില്‍ സഹിഷ്‌ണുതയും സാഹോദര്യവും വളര്‍ന്നു വരാനും ഇപ്പോഴും തുടരാനും സംഗതിയായത്. ആസ്‌തികരും നാസ്‌തികരും പരസ്‌പര വൈരമില്ലാതെ ഇവിടെ ജീവിക്കുന്നു.
ആശാരിയും മൂശാരിയും കൊല്ലനും ചേര്‍ന്നുണ്ടാക്കിയ കോവിലുകളിലാണ് ദേവകളെ കുടിയിരുത്തിയത്. അവര്‍ പണിത മാളികകളിലാണ് നാടുവാഴികളും ജന്മിമാരും പാര്‍ത്തിരുന്നത്. വസ്ത്രം നെയ്‌തവരും എണ്ണയാട്ടിയവരും കുട്ടയും വട്ടിയും ഉണ്ടാക്കിയവരും പൊന്നിന്റെ നിറമുള്ള നെല്ല് വിളയിച്ചവരും കൊയ്‌തെടുത്തവരും ചേര്‍ന്നാണ് ഓണവും വിഷുവും ആഘോഷിച്ചത്. രാമനാട്ടവും കൃഷ്‌ണനാട്ടവും കൂത്തും കൂടിയാട്ടവും കഥകളിയും തെയ്യവും തിറയും വെളിച്ചപ്പാടും എല്ലാം ചേര്‍ന്ന് കേരളത്തെ ഉത്സവപ്പറമ്പാക്കി. അവരെല്ലാം തങ്ങളുടെ സ്വത്വം നില നിര്‍ത്തിക്കൊണ്ടുതന്നെ ഇപ്പോഴും സഹിഷ്‌ണുതയോടെ സഹവസിക്കുന്നു.