നിറഞ്ഞു പൂക്കുന്ന ചന്ദന മരം

കാടറിഞ്ഞ് കാടിന്റെ താളമറിഞ്ഞ് പ്രകൃതിയോട് ഒട്ടിച്ചേര്‍ന്നു വളര്‍ന്നുവന്ന ഗായിക…. അട്ടപ്പാടിയുടെ നഞ്ചിയമ്മ….. വനപ്പച്ചയും പച്ചയായ ജീവിതവും ഇഴചേര്‍ന്ന് രൂപപ്പെട്ട മണ്ണ് മണക്കുന്ന നഞ്ചിയമ്മയുടെ ഗാനങ്ങള്‍ ജനം പ്രായഭേദമെന്യേ എറ്റെടുത്തു എന്ന് മാത്രമല്ല ലോകത്തിന്റെ കൂടി ഓളമായി മാറിയിരിക്കുന്നു. 2020 ലിറങ്ങിയ ‘അയ്യപ്പനും കോശിയും’ എന്ന മലയാള സിനിമയിലെ കലക്കാത്ത സന്ദനമരം.. നിറഞ്ഞ് പൂത്ത ചന്ദന മരത്തെക്കുറിച്ച് പാടി സംസ്ഥാന, ദേശീയ പുരസ്‌കാരവും നേടി… ലോക രാഷ്ട്രങ്ങള്‍ സഞ്ചരിച്ചു… പാലക്കാടിന്റെ വടക്ക് ഭാഗത്ത് കിടക്കുന്ന 827 ച.കീ.മി വിസ്‌തൃതിയിലുള്ള  അട്ടപ്പാടിയെ ലോകത്തെ അറിയിച്ച ആദിവാസി ഗായിക നഞ്ചിയമ്മ നിനച്ചിരിക്കാതെ കയറി വന്ന പ്രശസ്‌തിയിലും ജനശ്രദ്ധയിലും ലാളിത്യം കൈവിടാതെ തന്റെ 64-ാം വയസ്സിലും നിഷ്‌കളങ്കമായ ചിരിയോടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു. വേദികളില്‍ നിന്ന് വേദികളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന….നഞ്ചിയമ്മ ലവലേശം സംശയമില്ലാതെ നക്കുപതി ഊരിലെ പുതിയ വീട്ടിലിരുന്ന് പാട്ടിനൊപ്പം പറയുന്നു…..അട്ടപ്പാടി ഇപ്പ.. അടിപൊളി അല്ലെ….

സര്‍ക്കാര് വെച്ച മരാ
സര്‍ക്കാര് വെച്ച മരാ
പൊങ്കി വളര്‍ന്ത മരാ
തങ്കോ രത്തിനമേ
എങ്കളുത്ത തൂക്കുമര
പൊന്നോ രത്തിനമേ

പാട്ടുപാടി കഴിഞ്ഞ് ചോദ്യങ്ങള്‍ ചോദിക്കാതെ തന്നെ വാചാലയായി തുടങ്ങിയ നഞ്ചിയമ്മ സര്‍ക്കാരിനെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ…. ഗവര്‍മെണ്ട് ഇല്ലാതെ നമ്മളില്ല… നമ്മളില്ലാതെ ഗവര്‍മെണ്ടുമില്ല… ഏത് കാര്യയാലും നമ്മള് എല്ലാവരും ഒന്ന് സേര്‍ന്താല്‍ മാത്രാണ് കാര്യവുളളു…. ഇപ്പോ നമ്മളൊരു പ്രശ്‌നമുണ്ടായാൽ ഗവര്‍മെണ്ടില്ലാതെ നമ്മളാരിന്റടുത്ത് പോയി പറയും.. കുട്ടികളെ അതാത് സമയത്ത് അവര്‍ ചെക്കപ്പ് ചെയ്യണ്…. നല്ലപോലെ നോക്കണ്… ഗര്‍ഭിണികളെ അതാതാ സമയത്ത് വന്നു നോക്കണു…. ആരോഗ്യമില്ലാത്ത കുട്ടികള്‍ക്ക് അതാത് സമയത്ത് ഭക്ഷണം കൊടുക്കണു… മരുന്നു കൊടുക്കണു…. അംഗന്‍വാടികളില്‍ വന്ന് ചെക്ക് അപ്പ് ചെയ്യണു… നോക്കണു… വയ്യാത്ത കുട്ടികളെ ആസ്‌പത്രിയിൽ കൊണ്ടുപോയി അഡ്‌മിറ്റാക്കണ്… നമ്മള് അവര് വന്ന് നോക്കണതിന് നിക്കാറില്ല… എന്തെങ്കിലുമുണ്ടെങ്കില്‍ അപ്പ തന്നെ ഗവര്‍മെണ്ടാശുപത്രിയില്‍ പോകും… അവിടെ അടിപൊളി ആയിട്ടാണ് നോക്കണത്…. പോയി രണ്ടു ദിവസം ഒരു ദിവസം ആകുമ്പോഴേക്കും ആളുകളൊക്കെ സുഖാവണു… പരിശോധിച്ചു മരുന്നു കൊടുക്കുന്നു. സമയത്തെല്ലാം നോക്കുന്നുണ്ട്. അട്ടപ്പാടി ഇപ്പോ ആണ് അടിപൊളിയായിട്ട് പോണത്… ആണായാലും പെണ്ണായാലും ഷൂട്ടിങ്ങിനു പോകുന്നു, അഭിനയിക്കാന്‍ പോകുന്നു പാട്ടിനു പോകുന്നു, അങ്ങനെ എല്ലാവരും പുറത്തേക്ക് പോകുന്നു.

താരാട്ടിന്റെ ഇനിപ്പ്

കെഎസ്ആര്‍ടിസിയുടെ പ്രമോഷനായി നഞ്ചിയമ്മ ആലപിച്ചിരിക്കുന്ന ഗാനം ഒരു താരാട്ട് പാട്ടാണെന്ന് മിക്കവര്‍ക്കും അറിയില്ല…

തിന്തി…തിന്തി……
തിന്തിന്തി ലാലി ലാലി തിനാ തിന്തിനാ
തിന്തിത്തി ലാലി ലാലി തിനാ തിന്തിനാ
വെള്ളേക്കാരന്‍ തോട്ടത്തിലെ തിനാ തിന്തിനാ
വെള്ളേച്ചോല വെട്ടയിലേ തിനാ തിന്തിനാ
മഞ്ചാക്കാട് തോട്ടക്കുള്ളെ തിനാ തിന്തിനാ
മഞ്ചാത്തോട് വെട്ടയിലെ തിനാ തിന്തിനാ

ഈ പാട്ടിന്റെ അര്‍ത്ഥമെന്താണ്?

അന്ത് കാലത്തില് കാട്ടിലാണ് കൃഷി…. മുളകൂടയൊക്കെ ഉണ്ടാക്കി… ഞങ്ങള് കാട്ടില് വിത്തെടുക്കാന്‍ പോകും. ഞങ്ങള് റാഗി വിത്തിനെ പൊളിച്ചെടുത്ത് കല്ലില് പൊടിയാക്കി മാവ് ഉണ്ടാക്കും…. പിന്നെ കുറെ ചീരകളെടുത്ത് കൂട്ടാന്‍ വെക്കും… പിന്നെ റാഗി മാവില് പുട്ടുണ്ടാക്കി ചീര കൂട്ടാന്‍ കൂട്ടി കഴിച്ചുവന്നാ ശരീരത്തക്കു നല്ലതാണ്… അപ്പോ അതെണ്ടാക്കണ… വിത്തെടുക്കാന്‍ പോണ ടൈമിലാണ് ആ പാട്ട്….. കുട്ടികളെ മരത്തിന്റെ തണലില് മുണ്ട് വിരിച്ച് ഉറക്കി കിടത്തിക്കൊണ്ടാണ് ആ പാട്ട്….. കുട്ടികള്‍ അമ്മമാരെ വിടില്ലല്ലോ അതു കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്…..

ആത്ത്ക്ക് അന്ത പക്കാ
ദേന ആരാണ്ട് വരേണ്
വെള്ളെപൂവുകയിലേ കാണികാണാനെട്ടയിലെ

ആത്ത് മണ കല്ലെടുത്ത് ദുമ്മ പോട്ട്
ആത്ത് മണ കല്ലെടുത്ത് ദുമ്മ പോട്ട്
ആരാരി രാരേ കണ്ണേ ആരാരീ രാരോ
ആരാരി രാരേ കണ്ണേ നീയുറങ്കേ
(മറ്റൊരു താരാട്ട് പാട്ട് പാടുന്നു)

അത് അന്ത കാലത്തില് സാമ്പ്രാണിക്ക് പകരം അന്ന് മരത്തില്‍ നിന്നുണ്ടാക്കുന്ന ദുമ്മ എന്ന പൊടി പുകയ്ക്കും.. എന്നിട്ട് കുട്ടികളെ ഉറക്കാന്‍ പാടുന്ന പാട്ടാണിത്… ഒരു സിനിമ ഷൂട്ടിങ്ങിനിടെ ഒന്‍പതുമാസക്കുട്ടിയെ ഞാന്‍ തോളിലിട്ട് ഈ പാട്ട് പാടി… കുട്ടി എന്റെ നെഞ്ചില്‍ കിടന്നുറങ്ങി പോയി…. എന്താ ചെയ്യാ….. പിന്നെ ചെക്കനുണര്‍ന്ന് കഴിഞ്ഞിട്ടാണ് ഷൂട്ടിങ്ങ് ചെയ്‌തത്… (ചിരി)

ഉള്ളത്തിലുണ്ട് പാട്ടുകള്‍

ഒരുപാട് പാട്ടുകള്‍ അറിയാമല്ലോ ജീവിതത്തിലെ ഏത് സാഹചര്യം പറഞ്ഞാലും അതിനനുസരിച്ചിട്ടുള്ള പാട്ടുകള്‍ പാടാന്‍ പറ്റുന്നു. ഇത്രയും പാട്ടുകള്‍ എങ്ങനെ മനസ്സില്‍ വന്നു?
(ചിരിക്കുന്നു)

‘അതിപ്പോ ഞങ്ങള്‍ ജീവിച്ചവരല്ലേ കാടിനെപ്പറ്റി.. മനുഷ്യരെപ്പറ്റി… പക്ഷികളെപ്പറ്റി… ഭക്ഷണങ്ങളൊക്കെപ്പറ്റി ഒക്കെ പാട്ടും ഉണ്ടാവും ഞങ്ങള്‍ കൂട്ടുകൂടുന്ന സമയത്തൊക്കെ എങ്ങനെ ഇരുന്നാലും ഞങ്ങളുടെ ഉള്ളത്തില്‍ നിന്ന് പാട്ടു വരും..അന്തക്കാലത്തില് എന്റെ ചെറുപ്പത്തില്‍.. കുട്ടികളെ കാണിച്ചു കൊടുക്കാന്‍ സിനിമാവില്ല.. റേഡിയോവില്ല ഒന്നുമില്ല.. എന്റെ ഏട്ടനൊക്കെ തെരുവ് കൂത്ത് ആടുമായിരുന്നു. അവര് 20 പേര് 10 പേര് ചേര്‍ന്നാണ് കളിക്കുക. ഞങ്ങള്‍ക്ക് ബുദ്ധി വരുന്ന ടൈമില്‍ ഞങ്ങള്‍ തെരുവ് കൂത്താണ് കണ്ണു നിറഞ്ഞ് കണ്ടിരുന്നത്. വൈകിട്ട് ആറുമണിക്ക് കഴിഞ്ഞ് തെരുവ് കൂത്താടാന്‍ പോകും…. കുമ്മിയടി… ആടും പാടും… എല്ലാം ഉണ്ടാവും. ആറ് മണി കഴിഞ്ഞാ അത് മാത്രമാണ് നമ്മുടെ രാജ്യത്തിലുണ്ടാകുക.അത് കണ്ടാണ് ഞാന്‍ ഈ പാട്ടൊക്കെ പാടാന്‍ തുടങ്ങിയത്. അതിന് വീട്ടിലെ പണിയെടുക്കില്ല… അവിടിവിടെ പോണൂ എന്നൊക്കെ പറഞ്ഞ് അച്ഛന്റെടുത്ത് നിന്ന് അടി കൊണ്ടിട്ടുണ്ട്. എത്ര അടിച്ചാലും കൊന്നാലും ശരി ഞാന്‍ കളിക്കാന്‍ പോകുമെന്ന് പറഞ്ഞ് ആറുമണി കഴിഞ്ഞാല്‍ ഞാന്‍ പോയി കളിക്കും. കുട്ടികളുടെ കൂടെയിരുന്ന് കളിച്ചും പാടി… ആടിയിരുന്ന പാട്ടാണ് ഇന്ന് ലോകം ഏറ്റെടുത്തിരിക്കുന്നത്. ഒന്‍പത് വയസ്സിലെ കാര്യമാണ് ഞാന്‍ പറയുന്നത്

അന്നത്തെ തെരുവ്കൂത്തും കുമ്മിയടിയുമൊക്കെയാണ് ഇപ്പോവും ഞങ്ങള്‍ ചെയ്യുന്നത്. അത് ഞങ്ങള് മറന്നിട്ടില്ല… അത് ഞങ്ങളെ വിട്ട് എങ്ങോട്ടും പോകില്ല, ഞങ്ങളുടെ ഉളളത്തിലാണ് അതിരിക്കണത്…. ഞങ്ങള് മരിച്ചാലും ഞങ്ങളുടെ കുട്ടികള് അത് വിടില്ല…. ഇപ്പോഴും എന്റെ കുടുംബത്തില്‍ എല്ലാവരും ആട്ടക്കാരാണ്… പേരക്കുട്ടികളടക്കം കളിക്കും.

അന്ന് താളം, ഹുറെ, തകില്, ചിലങ്കെ, കുഴലെ, പുക, മണ്‍കലം അങ്ങനെ കുറെ സാധനങ്ങള്‍ വെച്ചിട്ടാണ് ഞങ്ങള്‍ പാട്ട് പാടുന്നത്. ഈ പുക എന്ന് പറയുന്നത് മരത്തില്‍ നിന്ന് ഉണ്ടാക്കുന്ന സാധനമാണ്. ഹുറെ പശുവിന്റെ തോല് വെച്ചിട്ടുണ്ടാക്കും. പിന്നെ മണ്‍കലം പശുവിന്റെ തോലെടുത്ത് വലിഞ്ഞ് കെട്ടി കൊട്ടുമ്പോള്‍…. എന്താ രസം….

കുട്ടികളെ പഠിക്കാന്‍ വിടണം

സ്ത്രീകള്‍ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങാതെ മുന്നോട്ടു കടന്നു വരണം എന്ന താല്‌പര്യം എല്ലായ്‌പ്പോഴും നഞ്ചിയമ്മ ചോദിക്കാതെ തന്നെ പങ്കുവെക്കുന്നുണ്ട്

ഇപ്പത്തെ കുട്ടികളെ എന്തായാലും പഠിക്കാന്‍ വിടണം. പെണ്‍കുട്ടി ആയാലും ആണ്‍കുട്ടി ആയാലും ഒരു ജോലി ഉണ്ടെങ്കിലെ ജീവിക്കാന്‍ പറ്റൂ. ഇനിയുള്ള കാലം നമ്മുടെ മക്കള്‍ പഠിക്കണം ഏറ്റവും മുന്നില്‍ വരണം. അതാണ് എന്റെ ആഗ്രഹം. എന്റെ കെട്ട്യോന്‍ മരിച്ചിട്ട് കൂടി എന്റെ രണ്ട് മക്കളെയും ഞാന്‍ പഠിപ്പിച്ചു. വീട്ടുപണികളൊക്കെയെടുത്തും ചട്ടി തൂക്കി നടന്നുമൊക്കെ കഷ്‌ടപ്പെട്ടാണ് എന്റെ മക്കളെ പഠിപ്പിച്ചത്. മകൾക്ക് താല്‌പര്യമില്ലാത്തതു കൊണ്ട് പത്താം ക്ലാസ് വരെ പോയുള്ളൂ പിന്നെ കല്യാണം കഴിപ്പിച്ചു. മകന്‍ ഡിഗ്രി പരീക്ഷ എഴുതാന്‍ പോകുമ്പോള്‍ കാലിന് അസുഖം വന്നു നടക്കാന്‍ വയ്യാതായി… പിന്നെ അത് ആശുപത്രിയില്‍ കൊണ്ടു പോയി ശരിയാക്കി വന്നപ്പോഴേക്കും സമയം പോയി. അവന്‍ രണ്ടു മക്കളുടെ അച്ഛനാണെങ്കിലും ഇപ്പോഴും പി.എസ്.സി പഠിക്കുന്നുണ്ട്.. എസ്.ടി പ്രമോട്ടറായി ജോലി നോക്കുന്നുണ്ട്.

അന്ന് ഞങ്ങടെ ആള്‍ക്കാരൊക്കെ പെണ്‍കുട്ടികളെ ദൂരത്തിന് വിടില്ല. അടുത്ത് സ്‌ക്കൂള്‍ ഉണ്ടെങ്കി പഠിക്കാന്‍ പൊയ്ക്കോ പറയും അല്ലെങ്കി ഇല്ല… അന്ന് അടുത്ത സ്‌കൂള്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പഠിച്ചിട്ടുണ്ടാകും… ഞാന്‍ അച്ഛനോട് പഠിക്കുന്ന കാര്യം പറയുമ്പോള്‍ പെണ്‍കുട്ടി പഠിച്ചിട്ടെന്താ കാര്യം എന്ന് ചോദിച്ചിട്ടുണ്ട്. നീ ഇവിടെ ഇരുന്നാല്‍ മതി എന്ന് പറഞ്ഞിട്ടുണ്ട്. അന്ന് അങ്ങനെ പറഞ്ഞു കൊണ്ടാണ് ഞാന്‍ വീട്ടില്‍ ഇരുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ചെറു ചിരിയോടെ പറയുന്നു. പിന്നെയാണ് കെട്ട്യോനും ഞാനും കിലാത്തിലൊക്കെ (കില)പോയാണ് പേരെഴുതി ഒപ്പിടാന്‍ പഠിച്ചത്. അന്ന് ചില ക്ലാസുകളൊക്കെ ഉണ്ടായിരുന്നത് അട്ടപ്പാടിയിലെ പെണ്ണുങ്ങളൊക്കെ ചേരുമായിരുന്നു.

അന്നത്തെ ജീവിതമാണോ ഇന്നത്തെ ജീവിതമാണോ ഇഷ്ടം..?

അന്നത്തതാണ് ഇഷ്ടം… ഞങ്ങള്‍ ജീവിച്ച കാലത്തില് ഒന്നും കടേന്ന് വാങ്ങണ്ട… ഭക്ഷണത്തിന് വാങ്ങണ്ട… എല്ലാം നമ്മള് എണ്ടാക്കി കഴിച്ചവരാണ്… എന്റെ വീടിരിക്കുന്ന സ്ഥലത്ത് ഒരു കൊല്ലത്തില് 20 കിലൊ കടലയ്ക്കയൊക്കെ നമ്മള് കൊടുക്കും… എന്റെ മാമനൊക്കെ…. ഇപ്പോ കാലം മാറി…. നാട് മാറി.. മക്കള് മാറി… അന്നത്തെ ആള്‍ക്കാര് ഇന്നത്തെ ആള്‍ക്കാരും വ്യത്യാസമുണ്ട്… അതനുസരിച്ച് നമ്മള് പോകണം.. അന്നത്തെ ഭക്ഷണം ഇന്ന് കിട്ടൂല… റാഗി മാവ് ഇന്ന് മെഷീനില് പൊടിച്ചാണ് കിട്ടുന്നത്…. അന്ന് നാല് കിലൊ അഞ്ച് കിലൊ റാഗി മാവൊക്കെ കല്ലില്‍ അരച്ച് പൊടിച്ചിട്ടുണ്ട്. എന്നിട്ട് ഞങ്ങള്‍ പുട്ടുണ്ടാക്കും. അതാണ് ആരോഗ്യം.. ദിവസവും മരിക്കണ പണിയാണ്…. അങ്ങനെ അരച്ചരച്ച് എന്റെ കയ്യൊക്കെ കായ് വന്നിട്ടുണ്ട്. അന്ന് അരി ഇല്ല… അരി എതോ സന്തോഷത്തിനൊക്കെ ചോറ് വെക്കണമെന്ന് തോന്നിയാ എവിടെയെങ്കിലും പോയെ വാങ്ങുള്ളു… അല്ലെങ്കില്‍ നമ്മള് കണ്ടത്തില്‍ നെല്ലിട്ട് ഉണ്ടാക്കി ഉണക്കിയെടുത്ത് കെട്ടി വെയ്ക്കും…. തിന്നാന്‍ മൊത്തം ഉണ്ടാകും. പച്ചമുളകുണ്ടാകും… കത്തിരിക്കായുണ്ടാകും… മെലങ്കായ്… തക്കാളിയുണ്ടാകും… കാട്ടില്‍ പോയെടുക്കുന്ന കായ് കനികളൊക്കെയുണ്ടാകും… അന്ന് ഒന്നും വാങ്ങണ്ട….. കൂട്ടാന്‍ വെയ്ക്ക… ആടുമാടുകളെയൊക്കെ നോക്കി വീട്ടില്‍ സുഖായ് ജീവീച്ച മതിയായിരുന്നു…. (ചിരി) അക്കാലം തിരിയെ കിട്ടില്ല… അന്നൊക്കെ പുതുവര്‍ഷം പിറന്നാ ആ ടൈമില് മഴ വരും…. ഇപ്പോ സമയത്തിന് മഴയില്ല… ഇങ്ങനെ ആയാ എന്താ ചെയ്യാ……

നഞ്ചിയമ്മ എത്ര രാജ്യങ്ങള്‍ പോയി….?

കുറെ പോയിമ്മാ…. കുവൈറ്റ് പോയി… ഖത്തര്‍ പോയി, മസ്‌ക്കറ്റ് പോയി, മുംബൈ, ഡല്‍ഹി, മദിരാശി, ലണ്ടന്‍ പോയി….. മൊത്തം പോയി… എവിടെ പോയാലും നമ്മുടെ രാജ്യമാണ് എനിക്കിഷ്ടം. പുറത്തേക്കു പോയാ നമ്മള് എങ്ങനെയോ, എവിടെയോ വന്നെത്തിയ തോന്നലാ… നമ്മുടെ നാട്ടില് എവിടെ ആയാലും നടന്നു പോണു.. വരണു… ഇത് ആശകത്തില് (ആകാശം) പോണ്… ആശകത്തില് ഇറങ്ങി വരണ്… അങ്ങനെയുളള നാടില് പോകുമ്പോള് സന്തോഷത്തില് പോയി…. എവിടെ ഇറങ്ങുമ്പോഴേക്ക് പേടിച്ചു… എങ്ങനെ പോകുമെന്ന് അന്തം വിട്ടു പോയി….(ചിരി) ഏതായാലും അയ്യപ്പനും കോശിയും വഴി സച്ചി സാര്‍ എന്നെ പുറത്തെടുത്തു വെച്ചിട്ട് ലോകം മൊത്തം അറിഞ്ഞു… ലോകത്തെ കുട്ടികളെ കണ്ടു… ലോകത്തെ അറിഞ്ഞു…… ഇനി എന്ത് വേണമ്മാ…… തിളങ്ങുന്ന കണ്ണുകളോടെ നഞ്ചിയമ്മ ചോദിക്കുന്നു… ഇനി എന്ത് വേണമ്മാ…… ജീവിതം ജീവിച്ച് പഠിച്ച നഞ്ചിയമ്മ തന്റെ പുതിയ വീടിന്റെ മുറ്റത്ത് ഇടവിട്ട് പെയ്യുന്ന മഴയെ പേടിക്കുന്നുണ്ട്.. കാരണം ഊണിലും ഉറക്കിലും ഇരിപ്പിലും നടപ്പിലും ജീവിതം പാടുന്ന നഞ്ചിയമ്മയുടെ എണ്ണിയാല്‍ തീരാത്തത്ര പാട്ടുകള്‍ ഇനിയും ലോകമറിയാനുണ്ട്……അതുകൊണ്ട് തൊണ്ടയിടറരുത്….. ശബ്‌ദമടയരുത്… അതിനിടെ തൊഴുത്തിലെ ആടുമാടുകളുടെ വിളി.. നഞ്ചിയമ്മയെ തെല്ല് അസ്വസ്ഥമാക്കുന്നുണ്ടെങ്കിലും നിറചിരിയോടെ ആശംസിക്കുന്നു…’ എല്ലാ രാജ്യമക്കള്‍ക്കും (നഞ്ചിയമ്മയുടെ ഭാഷ) തന്തോഷമാകട്ടെ…….’