മാനവിക കേരളത്തിന്റെ ശില്‍പി
ഡോ.ചന്തു.എസ്
സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഇന്ത്യയില്‍ ഇടതുപക്ഷ രാഷ്‌ട്രീയത്തെ രൂപപ്പെടുത്തുന്നതില്‍ ചിന്തകന്‍, വിപ്‌ളവ ബുദ്ധിജീവി എന്ന നിലകളില്‍ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഇടയിൽ നിര്‍ണ്ണായക സ്ഥാനം ഇ എം എസിനുണ്ട്. നിരന്തരം, ധാരാളം എഴുതിയിരുന്നു ഇഎംഎസ്. എഴുതുക എന്നത് ഇഎംഎസ്‌സിനെ സംബന്ധിച്ചിടത്തോളം കാലവും ചരിത്രവും അടയാളപ്പെടുത്തുന്ന ഒരു പ്രക്രിയയും കൂടിയായിരുന്നു. തത്ത്വചിന്ത, സൗന്ദര്യ ശാസ്ത്രം, ഭാഷാ ശാസ്ത്രം, ചരിത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്‌ട്രീയം തുടങ്ങി നിരവധി വിഷയങ്ങളിലുള്ള രചനകളുടെ ഒരു ബൃഹദ് ശേഖരം അദ്ദേഹത്തിന്റേതായി അവശേഷിപ്പിച്ചിട്ടുണ്ട്.
1930–നും 1940–നും ഇടയില്‍ മലബാറിലെ കര്‍ഷക പ്രസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് കര്‍ഷക സംഘങ്ങളുടെ സംഘാടകനായിരുന്നു ഇ.എം.എസ്. 1930–കളിലെയും 1940–കളിലെയും കര്‍ഷക പ്രക്ഷോഭങ്ങള്‍ മലബാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിച്ചിരുന്നു. കര്‍ഷക പ്രശ്‌നങ്ങളില്‍, പ്രത്യേകിച്ചു ഭൂബന്ധങ്ങള്‍, കാര്‍ഷിക പരിവര്‍ത്തനം, കര്‍ഷക പ്രസ്ഥാനങ്ങള്‍, ഭൂപരിഷ്‌കരണം എന്നിവയില്‍ തന്റെ രചനകളിലൂടെ ഇഎംഎസ് ഇടപെട്ടു. മലബാറിലെ കര്‍ഷക പ്രസ്ഥാനത്തിനും 1957 നും 1971 നും ഇടയില്‍ ജന്മി വ്യവസ്ഥയെ ഇല്ലാതാക്കിയ ഭൂപരിഷ്‌കരണ നയങ്ങള്‍ക്കു സൈദ്ധാന്തിക അടിത്തറ നല്‍കുന്നതിനും പിന്നീട് അവയ്ക്ക് പ്രായോഗിക രൂപം നൽകുന്നതിലും ഇ എം എസ് നിര്‍ണ്ണായക പങ്കു വഹിച്ചു.
യോഗക്ഷേമ സഭ സ്ഥാപിച്ച് ഒരു വര്‍ഷത്തിനു ശേഷം 1909–ല്‍ ജനിച്ച ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ആദ്യകാല ജീവിതം ഇല്ലം, ക്ഷേത്രങ്ങള്‍, നമ്പൂതിരി പഠന കേന്ദ്രങ്ങള്‍ എന്നിവ ചുറ്റിപ്പറ്റി ആയിരുന്നു. ഇ എം എസിനെ ആധുനികതയിലേക്ക് നയിച്ച നിര്‍ണായക ഘടകം അദ്ദേഹം ജീവിച്ച ചുറ്റുപാടുകളില്‍ നിന്നാണ്. തൃശൂര്‍ പോലെയുള്ള നഗരങ്ങളില്‍ ഇഎംഎസ് കാണുകയും അനുഭവിക്കുകയും ചെയ്‌ത ആധുനിക ജീവിതം അദ്ദേഹത്തിന് മുന്നില്‍ ആധുനികതയുടെ പുതിയ ലോകങ്ങള്‍ തുറന്നു. എല്ലാറ്റിനുമുപരിയായി, നമ്പൂതിരി പരിഷ്‌കരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്ന, ഇംഗ്‌ളീഷ് വിദ്യാഭ്യാസമുള്ള സമപ്രായക്കാരുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും പത്രങ്ങളും മാസികകളും വായിക്കുന്ന ശീലവും പൊതുകാര്യങ്ങളില്‍ അദ്ദേഹത്തിന് താൽപര്യം ജനിപ്പിച്ചു. ഈ അനുഭവങ്ങളിലൂടെ ഇന്ത്യയിലെ പ്രസ്ഥാനങ്ങളെയും സംഭവങ്ങളെയും ആഗോള തലത്തില്‍ ബന്ധിപ്പിക്കുവാനും വിശകലനം ചെയ്യുവാനും ഇ എം എസിനെ സഹായിച്ചു. ഈ അനുഭവങ്ങള്‍ ഇടതുപക്ഷ ബുദ്ധിജീവി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പിന്നീടുള്ള ഇടപെടലുകള്‍ക്ക് മുന്നോടിയായി.
മാവനികത എന്ന ആശയം
1920–കളുടെ അവസാനം മുതല്‍ 1950–കളുടെ ആരംഭം വരെയുള്ള കാലഘട്ടം ഇ.എം.എസിന്റെ പൊതു ജീവിതത്തിലെ നിര്‍ണ്ണായക കാലഘട്ടമാണ്. ഈ കാലയളവില്‍ നടത്തിയ ബൗദ്ധികവും പ്രത്യയ ശാസ്ത്രപരവുമായ അപഗ്രഥനം അദ്ദേഹത്തെ ഒരു ഇടതുപക്ഷ ബുദ്ധിജീവി എന്ന നിലയിലേക്കു ഉയരുവാന്‍ സഹായിച്ചു. പരമ്പരാഗത സമ്പ്രദായങ്ങളെയും, ശ്രേണികളെയും, വിജ്ഞാന സംവിധാനങ്ങളെയും പാടെ തള്ളിക്കൊണ്ട് മറ്റ് ബുദ്ധിജീവികളോടൊപ്പം ഇഎംഎസ് പുതിയ സമ്പ്രദായങ്ങള്‍ക്കും രീതികള്‍ക്കും രൂപം കൊടുത്ത കാലഘട്ടം കൂടി ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സമൂഹത്തിലെ ഇടപെടലുകള്‍ ഇഎംഎസിനെപ്പോലുള്ള ബുദ്ധിജീവികള്‍ക്ക് ആധുനികതയുടെ അനുഭവം പ്രദാനം ചെയ്തു.
ആധുനികത നല്‍കുന്ന സാധ്യതകള്‍ തുറന്നിട്ട നമ്പൂതിരി പൊതുമണ്ഡലത്തില്‍ വിമര്‍ശനത്തിന്റെ യുക്തിസഹമായ ഭാഷയില്‍ വി.ടി., എംആര്‍ബി തുടങ്ങിയവരോടൊപ്പം ഇ.എം.എസ് പ്രവര്‍ത്തിച്ചു. മനുഷ്യന്‍ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇഎംഎസ് ബ്രാഹ്‌മണന്‍ എന്ന സ്വത്വത്തെ പുതുക്കിപ്പണിയുകയായിരുന്നു. യാഥാസ്ഥിതികതയ്‌ക്കെതിരായ പുരോഗമനപരമായ ലക്ഷ്യത്തിനു വേണ്ടിയാണ് ഇഎംഎസ് നിലകൊണ്ടത്. ‘മാനവികത’, ‘ജനാധിപത്യം’, ‘തൊഴില്‍’ തുടങ്ങിയ ആശയങ്ങള്‍ നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനും നവീകരണത്തിനും ഇഎംഎസ് കൂട്ടിച്ചേര്‍ത്തു.
ഭൂപരിഷ്‌കരണത്തിലേക്കുള്ള അടിത്തറ
മാര്‍ക്‌സിസ്റ്റ് നേതാവ്, ബുദ്ധിജീവി എന്ന നിലയിലേക്ക് വാര്‍ത്തെടുക്കുന്നതില്‍ ഇഎംഎസിന്റെ ജീവിതത്തില്‍ കര്‍ഷകര്‍ക്കും കാര്‍ഷിക പ്രശ്‌നങ്ങള്‍ക്കും പ്രമുഖ സ്ഥാനമുണ്ടായിരുന്നു. 1935–ല്‍ ഇഎംഎസ് കര്‍ഷകരെക്കുറിച്ച് എഴുതിയ ആദ്യ ലേഖനങ്ങളിലൊന്നില്‍ രാഷ്‌ട്രീയ പോരാട്ടത്തിലൂടെ അടിസ്ഥാനപരമായ സാമ്പത്തിക പരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്‌തു. കര്‍ഷക പ്രശ്‌നങ്ങളുമായുള്ള ഇഎംഎസിന്റെ ഇടപെടലുകള്‍ മലബാര്‍ കുടിയാന്‍ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള കമ്മിറ്റിയിലെ അംഗത്വത്തോടെ ആണ് തുടങ്ങിയത്. കുട്ടിക്കൃഷ്‌ണമേനോന്‍ കമ്മിറ്റി എന്നും അറിയപ്പെടുന്ന ഈ കമ്മിറ്റി മലബാറില്‍ കുടിയാന്‍ പ്രശ്‌നം പഠിക്കാന്‍ മദ്രാസ് സര്‍ക്കാര്‍ 1938–ല്‍ രൂപവല്‍ക്കരിച്ചതാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിന് മുമ്പ് മലബാറിലെ ഭൂപ്രഭുത്വത്തിന്റെ സ്വഭാവവും പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ കൊളോണിയലിസത്തിന്റെ സ്വാധീനവും ഇഎംഎസ് വിശകലനം ചെയ്യുകയും ഭൂമിയുടെയും കര്‍ഷകരുടെയും മേലുള്ള ഭൂപ്രഭുക്കളുടെ ഏകപക്ഷീയമായ അധികാരം അവസാനിപ്പിക്കുവാന്‍ ചില ശിപാര്‍ശകള്‍ ചെയ്യുകയും ചെയ്‌തു.
കുട്ടിക്കൃഷ്‌ണമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനോടുള്ള വിയോജന കുറിപ്പ് കേരള സമൂഹത്തെയും സമ്പദ് വ്യവസ്ഥയെയും കുറിച്ചുള്ള തന്റെ വിശകലനത്തിന്റെ തുടക്കമായാണ് ഇഎംഎസ് അടയാളപ്പെടുത്തുന്നത്. തുടര്‍ന്നുള്ള ഭൂപരിഷ്‌കരണത്തിനും കേരളത്തിന്റെ വികസന മാതൃകയ്ക്കും അടിത്തറ പാകിയ ഒരു പ്രധാന രേഖയായിരുന്നു വിയോജനക്കുറിപ്പ്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പ്രഭാതത്തിന്റെ പത്രാധിപരെന്ന നിലയില്‍, 1930–കളുടെ അവസാനത്തില്‍ മലബാറിലെ കാര്‍ഷിക പ്രശ്‌നങ്ങളെക്കുറിച്ചും കര്‍ഷക പ്രക്ഷോഭങ്ങളെക്കുറിച്ചും ഇഎംഎസ് ധാരാളം എഴുതി. കര്‍ഷക പ്രശ്‌നങ്ങളെ കുറിച്ച് എഴുതുക മാത്രമല്ല വിവിധ കര്‍ഷക സമരങ്ങള്‍ അവലോകനം ചെയ്യുകയും ഫ്യൂഡലിസത്തിന്റെ സ്വഭാവം വിശകലനം ചെയ്യുകയും മലബാറിലെ കര്‍ഷകരെ സംഘടിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്‌തു.
കര്‍ഷകരെക്കുറിച്ച് കൂടുതല്‍ അറിയുന്നത് 1940–ന് ശേഷമാണെന്ന് ഇ.എം.എസ് പറയുന്നുണ്ട്. 1940–1942 ലും 1952 ലും വടക്കന്‍ മലബാറിലെ കര്‍ഷക–തൊഴിലാളി കുടുംബങ്ങളുമൊത്തുള്ള തന്റെ ജീവിതം (ഒളിവില്‍ പോയ കാലം) ഇ എം എസിനു നിർണ്ണായക അനുഭവമായിരുന്നു. കര്‍ഷക ജീവിതത്തെ കൂടുതല്‍ അറിയാനുതകിയ പരിവര്‍ത്തനകാലമായിരുന്നു ഇത്. രാഷ്‌ട്രീയ സ്വത്വങ്ങളുടെ പുതിയ മൂല്യങ്ങള്‍ ഉയര്‍ന്നു വരുന്ന ഒരു നാടായി കേരളത്തെ പുനര്‍ വിചിന്തനം ചെയ്യാന്‍ തന്റെ ബൗദ്ധിക ഊര്‍ജങ്ങളെ അദ്ദേഹം എങ്ങനെ സംയോജിപ്പിക്കുന്നു എന്നതില്‍, പൊതു സമൂഹത്തിന്റെ മാറുന്ന രൂപ രേഖകളില്‍ ഇഎംഎസ് നടത്തിയ ഇടപെടലുകള്‍ പ്രസക്തമാകുന്നു. ഒരു മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവി എന്ന നിലയില്‍ ഇഎംഎസിന്റെ പൊതു, രാഷ്‌ട്രീയ ഇടപെടലുകളും എഴുത്തുകളും വളരെ പ്രസക്തമാണ്. കര്‍ഷക പ്രശ്‌നത്തെക്കുറിച്ചുള്ള ഇഎംഎസിന്റെ രചനകളും ഇടപെടലുകളും പരിഷ്‌കരണ വാദത്തില്‍ നിന്നുള്ള മാറ്റത്തെ പ്രതിനിധീകരിക്കുന്നു.
നമ്പൂതിരിമാരെ വയലുകളിലും ഫാക്‌ടറികളിലും അധ്വാനിച്ച് മനുഷ്യരാകാന്‍ ഇഎംഎസ് ഉദ്‌ബോധിപ്പിച്ചു. ഭൂപ്രഭുത്വത്തെ പൊളിച്ച് ഭൂരഹിത കര്‍ഷകര്‍ക്ക് ഭൂമി പുനര്‍ വിതരണം ചെയ്യണമെന്ന് ആഹ്വാനം ചെയ്തു. ഈ രണ്ടു ആഹ്വാനങ്ങളിലും അധ്വാനിക്കുന്ന മനുഷ്യന്‍ എന്ന ആശയത്തെ മുന്‍ നിര്‍ത്തി, ജാതിയെയും സമുദായത്തെയും വര്‍ഗത്തിന്റെ പുതിയ സ്വത്വത്തിലേക്ക് മതനിരപേക്ഷമാക്കുന്ന ഒരു സമൂഹത്തിന്റെ കാഴ്‌ചപ്പാട് ദൃശ്യമാണ്.
(ഡോ ചന്തു എസ് 1950കളുടെ അവസാനം വരെ മലയാള പൊതുമണ്ഡലത്തില്‍ ഇഎംഎസ് നടത്തിയ ഇടപെടലുകള്‍ എന്ന വിഷയത്തില്‍ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ചരിത്ര വിഭാഗത്തില്‍ നിന്നും ഗവേഷണ ബിരുദം നേടി. ബാംഗ്‌ളൂര്‍ മൗണ്ട് കാര്‍മല്‍ കോളേജ് അധ്യാപകനാണ്.)