കേരളം ഇന്നലെ ഇന്ന് നാളെ
ഭൂപരിഷ്‌കരണം കൃഷിഭൂമി കര്‍ഷകര്‍ക്ക്
മനുഷ്യരെ മനുഷ്യരായി കാണാതിരുന്ന ഒരു കാലത്തോട് കലഹിച്ചാണ് ആധുനിക കേരളം രൂപപ്പെട്ടത്. അതിലെ പ്രധാന ചാലക ശക്തിയായായി ഭൂപരിഷ്‌കരണ നിയമം.
കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതിയ ഭൂപരിഷ്‌കരണം ജാതി വാഴ്‌ചയുടെയും ജന്മിത്തത്തിന്റെയും നുകങ്ങളില്‍ നിന്നും അധഃസ്ഥിത ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ചതില്‍ പ്രധാന പങ്കു വഹിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും പത്ത് വര്‍ഷം മുമ്പ് കേരളത്തിലെ കര്‍ഷകത്തൊഴിലാളികളുടെ ദയനീയ ചിത്രം വരച്ചിട്ട കവിതയായിരുന്നു ചങ്ങമ്പുഴയുടെ വാഴക്കുല. ആ കവിതയിലെ വരികളേക്കാള്‍ ദയനീയമായിരുന്നു അന്നത്തെ കേരളത്തിലെ സ്ഥിതി. ജന്മിമാരുടെ അടിച്ചമര്‍ത്തലിന് എതിരെ കേരളത്തില്‍ നടന്ന നിരവധി പോരാട്ടങ്ങളുണ്ട്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടും ഇത്തരം പോരാട്ടങ്ങൾ സജീവമായി ഉയർന്നു വന്നിരുന്നു.
കേരളത്തിലെ ഭൂവുടമ ബന്ധങ്ങള്‍ക്ക് ഏകമാന സ്വഭാവമില്ലായിരുന്നു. ഭൂമിയുടെ ഉടമസ്ഥരും എന്നാൽ ഭൂമിയില്‍ പണിയെടുക്കാത്തവരുമായ ജന്മിമാര്‍, ഭൂമി പാട്ടത്തിന് എടുത്തോ സ്വന്തം ഭൂമിയിലോ കൃഷി ചെയ്യുന്ന കൃഷിക്കാര്‍, ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍. ഇങ്ങനെ മൂന്ന് വിഭാഗക്കാര്‍ കാര്‍ഷിക മേഖലയില്‍ ഉണ്ടായിരുന്നു. മണ്ണില്‍ വിയര്‍പ്പൊഴുക്കുന്ന കര്‍ഷകര്‍ക്ക് ഭൂമിയില്‍ അവകാശമില്ലാതിരുന്ന അവസ്ഥ മാറി സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണമാണ് ഭൂപരിഷ്‌കരണത്തിലൂടെ യാഥാര്‍ഥ്യമായത്. കേരള വികസന മാതൃകയ്ക്ക് അടിത്തറ പാകിയ ആ മുന്നേറ്റം സ്വാതന്ത്യത്തിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തനമായി. ഭൂമിയുടെ ഉടമസ്ഥതയും കൈവശാവകാശവും നിര്‍ണയിക്കുന്ന സമ്പ്രദായത്തില്‍ മാറ്റം വന്നു. കൈവശ ഭൂമിക്ക് പരിധി നിശ്ചയിക്കുക, ഭൂവിതരണം പുനഃക്രമീകരിക്കുക, കൈമാറ്റം നിയന്ത്രിക്കുക എന്നിവയായിരുന്നു ലക്ഷ്യം. യഥാര്‍ഥത്തില്‍ കാര്‍ഷിക പരിഷ്‌കരണമാണ് നടന്നത്.
1957 ല്‍ ആദ്യ ഇഎംഎസ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ കുടിയൊഴിപ്പിക്കല്‍ നിരോധിച്ചു നിയമം പാസാക്കി. തുടർന്ന് കടാശ്വാസം, അക്രമപ്പിരിവുകള്‍ അവസാനിപ്പിക്കല്‍, ചമയങ്ങള്‍ക്കുള്ള നഷ്‌ടപരിഹാരം തുടങ്ങിയ ഉത്തരവുകള്‍ വന്നു. ഇതിനെ തുടർന്നാണ് സമഗ്രമായ കാര്‍ഷിക നിയമം അവതരിപ്പിച്ചത്. മര്യാദപ്പാട്ടം താഴ്ത്തി നിശ്ചയിച്ചു. അതിന്റെ നിശ്ചിത മടങ്ങ് വില നൽകിയാൽ കൃഷിക്കാരന് ഭൂമി ഉടമസ്ഥനാകാം. അതോടൊപ്പം വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറും ഭൂപരിധി നിശ്ചയിച്ചു. 7.5 ലക്ഷം ഹെക്‌ടർ മിച്ച ഭൂമി ഉണ്ടാകുമായിരുന്നു. ഇത് ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷി ഭൂമിയായി നൽകും. അതായിരുന്നു കാര്‍ഷിക നിയമത്തിന്റെ ഉള്ളടക്കം. ആസൂത്രണ കമ്മിഷന്റെ നിര്‍ദേശ പ്രകാരം തോട്ട വിളകളെ ഭൂപരിഷ്‌കരണത്തില്‍ നിന്നും ഒഴിവാക്കേണ്ടി വന്നു. തുടർന്ന് 1967 ലെ ഇ എം എസ് സര്‍ക്കാര്‍ വീണ്ടും സമഗ്രമായ ഭൂപരിഷ്‌കരണ നിയമത്തിനു രൂപം നല്‍കുവാന്‍ നടപടി സ്വീകരിച്ചു. 1968 ലാണ് സമഗ്രമായ ഭൂപരിഷ്‌കരണ നിയമം പാസ്സായത്.
ഭൂപരിഷ്‌കരണത്തിനു മുമ്പ് 1966-67 ല്‍ കേരളത്തില്‍ 12.7 ലക്ഷം കുടിയാന്മാരുണ്ടായിരുന്നു. പിന്നീട് ഈ വന്‍കിട ഭൂവുടമകള്‍ ഇല്ലാതായി. കൃഷി ഭൂമി ജന്മിമാരില്‍ നിന്നും കൃഷിക്കാരുടെ കൈകളിലെത്തി. കേരളത്തിലെ ഭൂവുടമ ബന്ധങ്ങളിലും ജാതി വേര്‍ തിരിവുകളിലും കര്‍ഷകത്തൊഴിലാളികളുടെ ആത്മ വിശ്വാസത്തിലും സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ പുരോഗതിയിലും നിര്‍ണായക മാറ്റങ്ങള്‍ വന്നു. ഇന്ന് സമഗ്ര കാര്‍ഷിക പരിഷ്‌കരണത്തിലൂന്നി കാര്‍ഷിക മേഖലയെ വീണ്ടെടുത്തും മുഴുവന്‍ ഭൂരഹിത, ഭവന രഹിതര്‍ക്കും ഭൂമി ലഭ്യമാക്കുന്നുന്നതിനു ലൈഫ് പോലുള്ള പദ്ധതികള്‍ നടപ്പാക്കിയും പുതിയ വിഹായസ്സിലേക്കുള്ള പ്രയാണത്തിലാണ് കേരളം.
പൊതു വിദ്യാഭ്യാസം നാട് ഏറ്റെടുത്ത പൊതു വിദ്യാലയങ്ങള്‍
കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരത്തിലെത്തുന്ന കാലത്ത് പോലും പരിതാപകരമായിരുന്നു അധ്യാപകരുടെയും കേരളത്തിലെ വിദ്യാലയങ്ങളുടെയും വിദ്യാര്‍ഥികളുടെയും അവസ്ഥ. കാരൂര്‍ നീലകണ്‌ഠപ്പിള്ളയുടെ പൊതിച്ചോര്‍ എന്ന കഥ കേരളത്തിലെ അക്കാലത്തെ അധ്യാപകരുടെ ദയനീയ സ്ഥിതി വ്യക്തമായി വരച്ചിടുന്നതായിരുന്നു. അധ്യാപകരെയും വിദ്യാര്‍ഥികളെയും വിദ്യാഭ്യാസത്തെയും കൈപിടിച്ചുയർത്തുന്നതിൽ വലുതും നിര്‍ണായകവുമായ പങ്ക് വഹിച്ചതായിരുന്നു. കേരളത്തിലെ ആദ്യ മന്ത്രിസഭയുടെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്‍. അന്ന് മുതല്‍ ഇങ്ങോട്ട് കേരളം വിദ്യാഭ്യാസ രംഗത്ത് അഭിമാനകരമായ നേട്ടങ്ങൾ കൊയ്‌തെടുത്തു. സാര്‍വത്രിക വിദ്യാഭ്യാസം നടപ്പാക്കിയ കേരളം, ഉന്നത വിദ്യാഭ്യാസ രംഗത്തും ഗവേഷണ രംഗത്തും മികവ് തെളിയിച്ചു. ലോകത്തെമ്പാടും കേരളത്തിലെ സ്‌കൂളുകളിലും കോളജുകളിലും പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ അവരുടെ കഴിവുകള്‍ തെളിയിച്ച് മുന്നേറി.
ഇടയ്ക്ക് ഇടറിപ്പോയ ആ പൊതു വിദ്യാഭ്യാസത്തിന്റെ കരുത്ത് 2016 മുതല്‍ കേരളം തിരിച്ചു പിടിക്കാന്‍ തുടങ്ങി. പൊതു വിദ്യാഭ്യാസ യജ്ഞവും പിന്നീട് വിദ്യാ കിരണവും അതിലേക്കുള്ള പാതകളായി.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കേരള സ്‌കൂള്‍ മേഖല മികച്ച വിജയമാണ് കൈവരിച്ചത്. സ്‌മാർട്ട് ക്ലാസ് റൂമുകള്‍, കമ്പ്യൂട്ടർ ലാബുകള്‍ തുടങ്ങിയ ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം കൂടുതല്‍ അധ്യാപകരെ നിയമിക്കുന്നതും നൂതനമായ അധ്യാപന രീതികള്‍ അവതരിപ്പിക്കുന്നതും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ മേന്മ കൂട്ടി. പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 2021 മുതല്‍ 2023 വരെ ആകെ 260 കെട്ടിടങ്ങൾ പൂര്‍ത്തിയാക്കി. 450 കെട്ടിടങ്ങളുടെ നിര്‍മ്മാണം നടക്കുന്നു.
വിദ്യാ കിരണം പദ്ധതി വഴി 47613 ലാപ്‌ടോപ്പുകളും ഹൈടെക് പദ്ധതി വഴി 16500 ലാപ്‌ടോപ്പുകളും രണ്ടു വര്‍ഷത്തിനുള്ളില്‍ നല്‍കി. കൂടാതെ 45000 ക്‌ളാസ് മുറികള്‍ ഹൈടെക്കാക്കി. 12037 സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളിലെ പ്രീപ്രൈമറി മുതല്‍ എട്ടാം ക്‌ളാസ്സു വരെയുള്ള 30 ലക്ഷത്തോളം കുട്ടികൾക്ക് ഉച്ച ഭക്ഷണം മുടങ്ങാതെ നല്‍കി വരുന്നു.
സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കായി 45 കോടി രൂപയുടെ പാക്കേജ് അനുവദിച്ചു. വിവിധ കാരണങ്ങളാല്‍ സ്‌കൂളില്‍ എത്താന്‍ കഴിയാത്ത കുട്ടികളെ സ്‌പെഷ്യല്‍ ട്രെയിനിംഗ് വഴി പഠനം ഉറപ്പു വരുത്തുന്ന പദ്ധതി നടപ്പിലാക്കി. ഒന്ന്, രണ്ട് ക്ലാസ്സുകൾക്കായി അടിസ്ഥാന ഗണിത ശേഷി വികസന പരിപാടി ഉല്ലാസ ഗണിതം നടപ്പാക്കി. ഗോത്ര വിഭാഗത്തിലുള്ള കുട്ടികൾക്ക് പഠന പിന്തുണ നല്‍കാന്‍ 60 ഊരു വിദ്യാ കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നു.
ഇംഗ്‌ളീഷ് സംസാരിക്കാനും എഴുതാനും ഇ-ക്യൂബ് ഇംഗ്‌ളീഷ് പദ്ധതി നടപ്പിലാക്കി. ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയായ ഇ-മുറ്റം കൊണ്ടു വന്നു. സ്പോര്‍ട്‌സിന് പ്രാധാന്യം നല്‍കി ഡിപേ്‌ളാമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്‌പോര്‍ട്‌സ് യോഗ കോഴ്‌സ് ആരംഭിച്ചു. പഠനത്തോടൊപ്പം തൊഴില്‍ കര്‍മ്മചാരി പദ്ധതി നടപ്പിലാക്കി. 7077 സ്‌കൂളുകളിലെ 10 ലക്ഷത്തോളം കുട്ടികൾക്കായി 42.08 ലക്ഷം മീറ്റര്‍ സൗജന്യ കൈത്തറി തുണി വിതരണം ചെയ്‌തു.
പൊതുജനാരോഗ്യം വികസിത രാജ്യങ്ങള്‍ക്കൊപ്പം
കേരളത്തിന്റെ ആരോഗ്യ രംഗം ആരോഗ്യ സൂചകങ്ങളിലും പൊതുജനാരോഗ്യ നിലവാരത്തിലും ലോകത്തിലെ മികച്ച വികസിത രാജ്യങ്ങള്‍ക്കൊപ്പം തലയുയര്‍ത്തി നില്‍ക്കുകയാണ്. ചരിത്രപരമായി കേരളം ആരോഗ്യ രംഗത്ത് കാര്യക്ഷമമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഐക്യ കേരളത്തിലെ ആദ്യ സര്‍ക്കാര്‍ മുതല്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ തുക നീക്കി വെച്ചിട്ടുണ്ട്. നാട്ടു രാജ്യങ്ങളിൽ പലയിടത്തും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആധുനിക മുഖം നല്‍കാന്‍ ശ്രമം നടന്നിരുന്നു. അതിനെ ജനകീയമാക്കിയത് കേരളത്തില്‍ തിരഞ്ഞെടുത്ത ജനാധിപത്യ സര്‍ക്കാരുകളുടെ കാലത്താണ്.
വസൂരി, കോളറ, ക്ഷയം, കുഷ്‌ഠം എന്നിങ്ങനെ കേരളത്തില്‍ മരണം വിതച്ച നിരവധി രോഗങ്ങളെ ഉന്മൂലനം ചെയ്യാന്‍ കേരളത്തിലെ സജീവവും അടിസ്ഥാനപരവുമായ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. രോഗം, മരുന്ന്, ചികിത്സ എന്നീ കാഴ്‌ചപ്പാടിനപ്പുറം ശുദ്ധമായ കുടിവെള്ളം, ശക്തമായ പൊതു വിതരണ സമ്പ്രദായം, കുടുംബാസൂത്രണം, മെച്ചപ്പെട്ട വേതന നിലവാരം, തൊഴില്‍പരമായ അവകാശങ്ങള്‍, വിദ്യാഭ്യാസം, പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസം എിങ്ങനെയുള്ള സാമൂഹിക നേട്ടങ്ങൾ കേരളത്തിലെ ആരോഗ്യ രംഗം ലോക നിലവാരത്തിലെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. കേരളത്തിലെ ഏത് പ്രദേശത്തും അടിസ്ഥാന ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ സാധിച്ചത് കേരളത്തിലെ പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്തുതില്‍ നിര്‍ണ്ണായകമായി മാറി.
വികസന സൂചികകളില്‍ കേരളത്തെ ലോകം അടയാളപ്പെടുത്തിയത് ആരോഗ്യ രംഗത്ത് കഴിഞ്ഞ 67 വര്‍ഷത്തിനിടയില്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. ഗ്രാമ-നഗര വ്യത്യാസങ്ങളില്ലാതെ കേരളത്തില്‍ എല്ലായിടത്തും ആരോഗ്യ സംവിധാനങ്ങള്‍ കേരളം ഉറപ്പാക്കിയിട്ടുണ്ട്. 1980-81 കാലഘട്ടത്തിൽ 746 ആശുപത്രികളിലായി 32,447 കിടക്കകളാണ് ഉണ്ടായിരുന്നതെങ്കിൽ 2021-22 ല്‍ 1477 ആശുപത്രികളിലായി 58,828 കിടക്കകളായി വര്‍ധിച്ചു.
ശിശുമരണ നിരക്കിലും മാതൃമരണ നിരക്കിലും സ്ത്രീ പുരുഷ അനുപാതത്തിലും ആയുര്‍ ദൈര്‍ഘ്യത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണ്. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ആരോഗ്യ കേന്ദ്രങ്ങള്‍ ശക്തമാക്കി പൊതുജനാരോഗ്യ ശൃംഖലയെ ആധുനികവല്‍ക്കരിച്ച് രോഗീ സൗഹൃദമാക്കുക എന്ന ദൗത്യമാണ് സംസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്.
ആരോഗ്യ സൂചികകളുടെ കാര്യത്തില്‍ ഇന്ത്യയില്‍ കേരളം എല്ലാക്കാലവും ഒന്നാം സ്ഥാനം നിലനിർത്തുന്നു. വികസിത രാജ്യങ്ങളുടേതിന് സമാനമായ ജനസംഖ്യ വളര്‍ച്ചയും പൊതുജനാരോഗ്യ സംവിധാനവും കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്‌തമാക്കുന്നു.
ഉയര്‍ ആയുര്‍ ദൈര്‍ഘ്യം, ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക്, ജനസംഖ്യയില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും അനുപാതം തുടങ്ങിയ നീതി ആയോഗിന്റെ 2019-20 ലെ സംസ്ഥാന ആരോഗ്യ സൂചിക അനുസരിച്ച് കേരളം 82.2 എന്ന സ്‌കോറോടെ വലിയ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം നില നിര്‍ത്തി. മാതൃ ആരോഗ്യത്തിന്റെ പ്രാഥമിക സൂചകം മാതൃമരണ അനുപാതം (എംഎംആര്‍) ഏറ്റവും കുറവ് (19) കേരളത്തിലാണ്, ദേശീയ തലത്തില്‍ ഇത് 97 ആണ്. ശരിയായ വൈദ്യ സഹായം അമ്മമാര്‍ക്ക് ലഭിക്കാതെയുള്ള ജനനങ്ങളുടെ ശതമാനം കേരളത്തില്‍ 0.1, ദേശീയ തലത്തില്‍ 7.8.ഒറ്റ അക്ക ശിശുമരണ നിരക്ക് (6) ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. അഖിലേന്ത്യ തലത്തില്‍ ഇത് 28 ആണ്. സംസ്ഥാനത്തെ നവജാത ശിശുക്കളുടെ മരണ നിരക്ക് 4 ആണ്. ഇത് ദേശീയ ശരാശരിയുടെ (20) അഞ്ചിലൊന്നാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് 8 ആണ്, ദേശീയ ശരാശരിയുടെ (32) നാലിലൊന്നു മാത്രം.
ജീവിത ശൈലീ രോഗ നിയന്ത്രണത്തിനുള്ള രാജ്യത്തെ ഏക സാംക്രമികേതര രോഗ പദ്ധതിയായ ശൈലി പോർട്ടൽ വികസിപ്പിക്കുകയും വാര്‍ഷിക പരിശോധനാ പദ്ധതിയായ ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ കാമ്പെയിന്‍ ആരംഭിക്കുകയും ചെയ്‌തു. ഈ ജനകീയ കാമ്പെയിന്‍ രാജ്യത്തെ തന്നെ മികച്ച മാതൃകയായി തിരഞ്ഞെടുക്കപ്പെട്ടു.
പല കാരണങ്ങളാല്‍ പൊട്ടിപ്പുറപ്പെട്ട ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി, നിപ എന്നിവയെ പിടിച്ചു കെട്ടാൻ സാധിച്ചത് കേരളത്തിന്റെ ആരോഗ്യ മേഖലയുടെ കരുത്താണ് കാണിക്കുന്നത്. കോവിഡ് കാലത്ത് കേരളത്തിലെ ആരോഗ്യ മേഖലയിലെ ഇടപെടല്‍ ലോക ശ്രദ്ധയില്‍ തിളക്കമേറ്റുന്നതായി.
സ്ത്രീ ശാക്തീകരണം പ്രചോദനമാണ് കേരളം
കേരളത്തിലെ സ്ത്രീ പോരാട്ടങ്ങളുടെ ചരിത്രത്തിന് ഐതിഹ്യങ്ങളോളം പഴക്കമുണ്ട്. കഥകളിലും കെട്ടു കഥകളിലും മാത്രമല്ല, യാഥാര്‍ത്ഥ ചരിത്രത്തിലും സ്ത്രീകള്‍ നേരിട്ടിരുന്ന വിവിധ വിവേചനങ്ങള്‍ക്കെതിരെ പോരാടി മുന്നോട്ട് വന്നവരാണ് കേരളത്തിലെ സ്ത്രീകള്‍. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ അതില്‍ വലിയൊരു പങ്ക് വഹിച്ചു. നങ്ങേലിയുടെ കഥ ഐക്യ കേരളത്തിന് മുന്‍പുള്ള ക്രൂരമായ ജന്മിത്തത്തിനെതിരെയുള്ള പ്രതിഷേധത്തിലെ സ്ത്രീ പോരാട്ടങ്ങളെ രേഖപ്പെടുത്തുന്നതാണ്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന രചന സ്ത്രീ ജീവിതത്തെ അടയാളപ്പെടുത്തുന്നുണ്ട്.
കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളിലൂടെ മുന്‍ നിരയിലേക്ക് വന്ന സ്ത്രീകള്‍, ഭൂപരിഷ്‌ക്കരണ നടപടികള്‍ കൂടി പൂര്‍ത്തിയാക്കുകയും സാര്‍വത്രിക വിദ്യാഭ്യാസം ലഭിക്കുകയും ചെയ്‌തതോടെ സമൂഹത്തിലെ വിവിധ മേഖലകളില്‍ അതിശക്തമായ സാന്നിധ്യമായി മാറി. വിദ്യാഭ്യാസവും തൊഴിലും അവകാശങ്ങളും ലഭിച്ച സ്ത്രീകള്‍ തങ്ങള്‍ക്കെതിരായുള്ള ലിംഗ വിവേചനങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
കേരളത്തിലെ മാതൃമരണ നിരക്കിലെ കുറവ്, സ്ത്രീകളുടെ മെച്ചപ്പെട്ട ആരോഗ്യം, സ്ത്രീ പുരുഷ അനുപാതത്തില്‍ സ്ത്രീകള്‍ക്കുള്ള മുന്‍തൂക്കം എന്നിവയൊക്കെ കേരളത്തിലെ സ്ത്രീകളുടെ മെച്ചപ്പെട്ട സാമൂഹികാവസ്ഥയുടെ അടയാളങ്ങളാണ്. ചരിത്രപരമായി ഇന്ത്യന്‍ അവസ്ഥയില്‍ കേരളത്തിലെ സ്ത്രീ സമൂഹവും പലവിധ പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇവയെ അഭിമുഖീകരിക്കും വിധം ‘സ്ത്രീപക്ഷ നവകേരളമെന്ന നയത്തില്‍ അടിസ്ഥാനമാക്കിയുള്ള സ്ത്രീ ശാക്തീകരണം സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നു.
അധികാര പങ്കാളിത്തത്തില്‍ തുല്യത ഉറപ്പുവരുത്തുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനം സ്ത്രീ സംവരണം ഏര്‍പ്പെടുത്തി രാജ്യത്തിനു മുന്നിൽ നടന്ന സംസ്ഥാനമാണ് കേരളം. ജെൻഡർ ന്യൂട്രല്‍ യൂണിഫോം അവതരിപ്പിച്ചതും ലിംഗാവബോധമുള്ള പൗര സമൂഹമായി നമ്മുടെ കുട്ടികളെ വളര്‍ത്തികൊണ്ടു വരുന്നതിന് സ്‌കൂള്‍ കരിക്കുലം നവീകരിച്ചതും കേരളത്തിന്റെ എടുത്തു പറയേണ്ട സ്ത്രീ മുന്നേറ്റ നേട്ടങ്ങളാണ്. സ്ത്രീകള്‍ക്ക് അവർക്കിഷ്‌ടമുള്ളപ്പോൾ പൊതുവിടങ്ങളില്‍ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തിയും സുരക്ഷയ്ക്കായി പിങ്ക് പോലീസും ക്ഷേമത്തിനായി വനിത-ശിശുവികസന വകുപ്പും നിരവധി പദ്ധതികളുമായി എപ്പോഴും സ്ത്രീകള്‍ക്കൊപ്പമുണ്ട്.
ചരിത്രം സൃഷ്ടിച്ച സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി 43,000 ലധികം വനിതകളാണ് കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചത്. സമൂഹത്തിലെ എല്ലാ മേഖലകളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന കേരളത്തിലെ വനിതകള്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും ആണ് വ്യവസായ വകുപ്പിന്റെ ഈ സംരംഭം. 2022-ല്‍ 175 വനിത സ്റ്റാർട്ടപ്പുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌തതെങ്കിൽ 2023 ആദ്യ പാദത്തിൽത്തന്നെ ഇവയുടെ എണ്ണം 233 കടന്നതായി കേരള സ്റ്റാർട്ട് അപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്‌ത വനിത സ്റ്റാർട്ടപ്പുകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വനിതാ സ്റ്റാർട്ടപ്പുകൾക്കായി വിവിധ സ്‌കീമുകളും വായ്‌പാ സഹായ പദ്ധതികളുമുണ്ട്.
കൃഷി തിരികെയെത്തും ഹരിത സമൃദ്ധി
കേരളത്തിന്റെ ശ്രേഷ്‌ഠമായ കാര്‍ഷിക പാരമ്പര്യത്തെ പുരോഗതിയുടെ പാതയിലെത്തിക്കുന്നതിനും കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കുമായി ഒട്ടനേകം സുസ്ഥിര കാര്‍ഷിക നയങ്ങളാണ് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരുന്നത്. ജനകീയ കാര്‍ഷിക വികസന പദ്ധതികളിലൂടെ കര്‍ഷകരുടെ ക്ഷേമത്തിനും വികസനത്തിനുമായി സമൂഹത്തെ കൃഷിമുറ്റത്തേക്കിറക്കുക, പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കല്‍, സുരക്ഷിത ഭക്ഷണം എന്നിവ ലക്ഷ്യമിട്ട് ജനകീയ പദ്ധതിയാണ് ‘ഞങ്ങളും കൃഷിയിലേക്ക്’. ഒരു സെന്റ് മുതല്‍ ഒരു ഹെക്‌ടർ വരെയുള്ള സ്ഥലത്ത് കൃഷിയിറക്കാം.
കൃഷിയിടത്തെ അടിസ്ഥാന യൂണിറ്റായി കണക്കാക്കി ലഭ്യമായ വിഭവ ശേഷി ശാസ്ത്രീയമായി പരമാവധി ഉപയോഗപ്പെടുത്തുക വഴി സംസ്ഥാനത്തിന്റെ ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടാക്കുന്നതിനും കര്‍ഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഈ വര്‍ഷം കൃഷിയിടാസൂത്രണാധിഷ്‌ഠിത വികസന സമീപനത്തിന്‍ തുടക്കമിട്ടു. ഓരോ പഞ്ചായത്തിലും കുറഞ്ഞത് 25 യൂണിറ്റുകള്‍ വികസിപ്പിക്കും. കാര്‍ഷിക മേഖലയിലെ പദ്ധികളുടെ ജനകീയ വിലയിരുത്തലുകള്‍ക്കായി സോഷ്യല്‍ ഓഡിറ്റ് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ 14 ജില്ലകളില്‍ നിന്നായി 14 കൃഷി ഭവന്‍ പ്രദേശങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുന്നു.
14 കൃഷി ഭവനുകള്‍ കൂടി സ്‌മാർട്ട് ആക്കുന്നതിന് നബാഡിന് 21 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചു. കൃഷിക്കാരുടെ വരുമാനം, കാര്‍ഷികോല്‍പാദനക്ഷമത, ഉൽപ്പന്ന സംസ്‌കരണം, ഉൽപ്പന്നങ്ങളുടെ വില, മൂല്യവര്‍ധിത പ്രവർത്തനങ്ങൾ എന്നിവയിലൂടെ വരുമാനം കൂട്ടുന്നതിനുമായി മൂല്യവര്‍ധിത കൃഷി മിഷന്‍ രൂപവല്‍ക്കൃതമായി.
14 കൃഷി ഭവനുകള്‍ സ്‌മാർട്ട് ആക്കുന്നതിനു 31.50 കോടി രൂപയും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി 28 കൃഷിഭവനുകള്‍ സ്‌മാർട്ട് ആക്കുന്നതിന് 10 കോടി രൂപയും അനുവദിച്ചു. കേര കര്‍ഷകരോടൊപ്പം എന്നും നിലനിന്നിട്ടുള്ള സര്‍ക്കാര്‍ നാളികേരത്തിന്റെ സംഭരണ വില 27 രൂപയില്‍ നിന്നും 32 രൂപയായി വര്‍ധിപ്പിച്ചു.
സാക്ഷര കേരളം സാക്ഷരതയിലൂടെ സാമൂഹിക സമത്വം
അക്ഷര ദീപം കൊളുത്തി ചേലക്കാടന്‍ ആയിഷുമ്മ എന്ന പഠിതാവ് നടത്തിയ പ്രഖ്യാപനം കേരള ചരിത്രത്തിന്റെ ഭാഗമാണ്. 1991 ഏപ്രില്‍ 18ന് ഇന്ത്യയ്ക്ക് മാതൃകയായി കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിച്ചു. ജനകീയ പങ്കാളിത്തത്തിലൂടെ, വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങളായിരുന്നു അതിന് ഊര്‍ജമേകിയത്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റങ്ങളിൽ ഒന്നായിരുന്നു ആദ്യ ഘട്ടത്തിലെ സാക്ഷരതാ പ്രവർത്തനങ്ങൾ. ഇതൊരു സമഗ്ര ജനകീയ വിദ്യാഭ്യാസ പദ്ധതിയായി രാജ്യത്തിന്റെ ചരിത്രത്തില്‍ ഇടം നേടി. അക്ഷരം പഠിച്ചവര്‍ക്ക് അത് മറന്നു പോകാതെ തുടര്‍ പഠനത്തിനുള്ള സാധ്യതകള്‍ ഒരുക്കുന്നത് അനൗപചാരിക വിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യമാണ് എന്ന കാഴ്‌ചപ്പാടോടു കൂടി കേരളം മുന്നോട്ടു പോയി.
1998 ഒകേ്ടാബര്‍ 2ന് സംസ്ഥാന സാക്ഷരതാ മിഷന്‍ രൂപീകരിച്ചു. സാക്ഷരത നേടിയവര്‍ക്ക് തുടര്‍ പഠനം നൽകുന്നതിനായിരുന്നു ഊന്നൽ. 1995-ലാണ് ദേശീയ സാക്ഷരതാ മിഷന്‍ സാക്ഷരതാനന്തര തുടര്‍ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപിച്ചത് വിദ്യാഭ്യാസം നേടാന്‍ അവസരം നഷ്‌ടപ്പെട്ടവർക്കും പല കാരണങ്ങളാല്‍ അവസരം ലഭിക്കാത്തവര്‍ക്കും സാമൂഹിക സാമ്പത്തിക കാരണങ്ങളാല്‍ പഠനം നിര്‍ത്തേണ്ടി വന്നവർക്കും ഒത്തൊരുമിച്ചു മുന്നേറാനുള്ള അവസരം വിവിധ പദ്ധതികളിലൂടെ സാക്ഷരതാ മിഷന്‍ നടപ്പാക്കി വരുന്നുണ്ട്. നാലാം തരം, ഏഴാം തരം, പത്താം തരം, ഹയര്‍ സെക്കന്‍ഡറി വരെയുള്ള തുല്യതാ കോഴ്‌സുകൾ നടത്തുന്നുണ്ട്. ട്രാൻസ്‌ജെൻഡർ, എല്‍ജിബിടിക്യു+ വിഭാഗങ്ങളെ പഠനത്തോടൊപ്പം സാംസ്‌കാരികവും വൈജ്ഞാനികവുമായി മികവുള്ളവരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ആരംഭിച്ച പഠന പദ്ധതിയാണ് സമന്വയ.
വയനാട് അട്ടപ്പാടി ആദിവാസികള്‍ക്കിടയില്‍ ‘നവചേതന’ പദ്ധതി, അഥിതി തൊഴിലാളികളെ മലയാളത്തില്‍ സാക്ഷരരാക്കാന്‍ ‘ചങ്ങാതി’ പദ്ധതി, ഭരണഘടനാപരമായ അവബോധം നല്‍കാന്‍ ‘പൗരധ്വനി’ പദ്ധതി, കാഴ്‌ചപരിമിതി അനുഭവിക്കുന്ന തുടര്‍ പഠിതാക്കള്‍ക്ക് അവസരം ഒരുക്കുന്ന ‘ബ്രെയ്‌ലി’ സാക്ഷരതാ പദ്ധതി തുടങ്ങിയവയും മിഷന്റെ പ്രധാനപ്പെട്ട സാമൂഹ്യസാക്ഷരത പരിപാടികളാണ്.
ലിംഗനീതിയുടെ രാഷ്‌ട്രീയം സമൂഹത്തിന്റെ നാനാതലങ്ങളിലും എത്തിക്കാനായി ‘മുന്നേറ്റം’ എന്ന സ്‌ത്രീ മുന്നേറ്റ പദ്ധതിയും നടന്നു വരുന്നുണ്ട്. ഡിജിറ്റല്‍ വിടവ് നികത്താനുള്ള ‘ഇ-മുറ്റം’, ‘ഗുഡ്ഇംഗ്‌ളീഷ്’, ‘അച്ഛി ഹിന്ദി’, ‘പച്ച മലയാളം’ എന്നീ സർട്ടിഫിക്കറ്റ് കോഴ്‌സുകളുമുണ്ട്. ഇതിനോടകം എന്‍എല്‍എം യുനെസ്‌കോ പുരസ്‌കാരവും കാന്‍ ഫെഡ് പുരസ്‌കാരവും മിഷന്‍ സ്വന്തമാക്കി.
ജനകീയാസൂത്രണം അധികാരം ജനങ്ങളിലേക്ക്
രാഷ്‌ട്ര പിതാവായ ഗാന്ധിജിയുടെ സ്വപ്‌നത്തെ പ്രായോഗിക തലത്തില്‍ നടപ്പാക്കിയ പ്രധാനപ്പെട്ട പ്രവർത്തനമായിരുന്നു കേരളത്തിന്റെ ജനകീയാസൂത്രണം. ലോകം അംഗീകരിച്ച കേരള മാതൃക വികസനത്തിനൊപ്പം മാറ്റം സൃഷ്‌ടിച്ച സമീപനമായിരുന്നു 1996-ല്‍ കേരളം നടപ്പാക്കിയ ജനകീയാസൂത്രണ പദ്ധതി. ജനാധിപത്യ ഭരണ സംവിധാനത്തില്‍ തീരുമാനമെടുക്കാനും നടപ്പാക്കാനുമുള്ള ജനങ്ങളുടെ അധികാരത്തിന് അത് അടിവരയിട്ടു. ജനകീയാസൂത്രണത്തിലൂടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് അധികാര വികേന്ദ്രീകരണത്തിന് പുതിയൊരു മാതൃകയും ദിശാബോധവും പകരുകയായിരുന്നു നാം. താഴെത്തട്ടിൽ ജനപങ്കാളിത്തോടു കൂടിയുള്ള വികസനം എന്ന പുതിയൊരു കാഴ്‌ചപ്പാട് മുന്നോട്ട് വയ്‌ക്കുകയായിരുന്നു. ലോകത്തിന് കേരളം നല്‍കിയൊരു വികസന മാതൃകയായി ഇന്ന് ജനകീയാസൂത്രണം പഠിക്കപ്പെടുന്നു.
1996ല്‍ അധികാരത്തില്‍ വന്ന ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ വികസന മുന്‍ഗണനകളില്‍ പ്രധാനപ്പെട്ടതായിരുന്നു ജനകീയ അധികാര വികേന്ദ്രീകരണം. സംസ്ഥാന ബജറ്റിന്റെ മൂന്നിലൊന്ന് സമ്പൂര്‍ണ ആസൂത്രണാധികാരത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറാനുള്ള തീരുമാനം ജനകീയാസൂത്രണത്തിന് ആരംഭം കുറിച്ചു. സെന്‍ കമ്മിറ്റിയുടെയും, സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശിപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ 1999ലും തുടർന്ന് 2000-ലും പാസാക്കിയ ഭേദഗതി നിയമങ്ങള്‍ ജനങ്ങളുടെ സമ്പൂര്‍ണ്ണ പങ്കാളിത്തമുള്ള പ്രാദേശികാസൂത്രണത്തിന് നിയമപരമായ ചട്ടക്കൂടൊരുക്കി.
അധികാര വികേന്ദ്രീകരണത്തിന്റെ ജനകീയാസൂത്രണ മാതൃക കേരളത്തെ വേറിട്ടു നിർത്തുന്ന സവിശേഷതയാണ്. വികസന, ക്ഷേമ രംഗങ്ങളില്‍ പ്രാദേശിക ജനകീയാധികാരം സ്ഥാപിച്ചുകൊണ്ടാണ് ജനകീയാസൂത്രണം കേരള വികസന ചരിത്രത്തില്‍ വഴിത്തിരിവ് സൃഷ്‌ടിച്ചത്. അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍ ഉണ്ടായിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണാധികാരം പരിമിതപ്പെടുത്തി. തദ്ദേശ സ്വയംഭരണ സംവിധാനങ്ങളെ ഘടനാപരമായി ശക്തിപ്പെടുത്തി. പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ആളും അര്‍ഥവും അധികാരവും കൈമാറി. പൊതു വിദ്യാഭ്യാസം, ദാരിദ്ര്യ ലഘൂകരണം, പാര്‍പ്പിടം തുടങ്ങിയ രംഗങ്ങളില്‍ ജനകീയാസൂത്രണം വലിയ മാറ്റങ്ങള്‍ക്ക് അടിത്തറയിട്ടു.
ഇ ഹെല്‍ത്ത് ആരോഗ്യ സേവനങ്ങള്‍ ആധുനികം
ക്യൂവും ഒപി ടിക്കറ്റും ഇനി പഴങ്കഥ. വീട്ടിലിരുന്നു വിദഗ്‌ധ ചികിത്സ തേടാം. കോവിഡ് ആയാലും പേമാരി ആയാലും. ഇത്തരം സാഹചര്യത്തിലേക്കാണ് ഇ-ഹെല്‍ത്ത് വഴി തെളിച്ചത്. കാര്യക്ഷമമായ രീതിയില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനായി രൂപീകരിച്ച ഏകീകൃത ചട്ടക്കൂടാണ് ഇ-ഹെല്‍ത്ത്. മെഡിക്കല്‍ കോളേജുകളുള്‍പ്പെടെ സംസ്ഥാനത്തെ 594 ആശുപത്രികളില്‍ നിലവില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. അതില്‍ 387 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം ഒരുക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇ-ഹെല്‍ത്ത് ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. ഒരാള്‍ ആശുപത്രിയിലെത്തി മടങ്ങുന്നതു വരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴില്‍ ഓൺലൈൻ വഴി ചെയ്യാന്‍ കഴിയുന്നു.
ഭിന്നശേഷി ക്ഷേമം കേരളത്തിന്റെ സമത്വ ദര്‍ശനം
കേരളത്തിലെ കഴിഞ്ഞ കാലങ്ങളിലെ ഇടപെടല്‍ ഭിന്നശേഷിയുള്ള വ്യക്തിത്വങ്ങളെ അനുതാപത്തോടെയും കരുതലോടെയും സമീപിക്കാനും അവരെ സമൂഹത്തിലെ മുഖ്യധാരയിലേക്ക് എത്തിക്കാനും കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കാനുമുള്ള വഴികള്‍ തുറന്നു. പൊതുവിടങ്ങളിലെ സര്‍ക്കാര്‍ തല ഇടപെടലിന് മികച്ച ഉദാഹരണങ്ങളിലൊന്നാണ് തിരുവനന്തപുരം മ്യൂസിയത്തിലെ ബാരിയര്‍ ഫ്രീ പാര്‍ക്ക്.
ഭിശേഷി പുനരധിവാസത്തിന് വെര്‍ച്വല്‍ റിയാലിറ്റി സംവിധാനം രാജ്യത്ത് ആദ്യമായി ചകജങഞNIPMR- ല്‍ നടപ്പാക്കി. സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ ഭിന്നശേഷിക്കാർക്കും യുഡിഐഡി കാര്‍ഡ് നൽകുന്നതിന്റെ ഭാഗമായി 89,522 യുഡി ഐഡി ജനറേറ്റ് ചെയ്‌തു. ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്.
ഐടി @ കേരളം മുന്‍പേ പറന്ന പക്ഷി
പല കാര്യങ്ങളിലും കേരളം ഇന്ത്യയ്ക്ക് മുന്‍പേ പറന്ന പക്ഷിയാണ്. അത് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ മാത്രമല്ല, ലോകത്തിന്റെ പുരോഗതി മുൻകൂട്ടി കണ്ട് അതിനനുസരിച്ച് സംസ്ഥാനത്തിന്റെ വികസനം ആസൂത്രണം ചെയ്യുന്നതിലും കാണാനാകും. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഐടി മേഖലയുടെ കുതിപ്പിന് അടിസ്ഥാനമിട്ട സംസ്ഥാനമാണ് കേരളം. നാം ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കിനെ കുറിച്ച് ആലോചിക്കുമ്പോഴോ തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക് സ്ഥാപിക്കുമ്പോഴോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളൊന്നും ആ മേഖലയിലേക്ക് പിച്ചവച്ചു പോലും തുടങ്ങിയിരുന്നില്ല. ടെക്‌നോപാര്‍ക്കില്‍ അവസാനിച്ചില്ല ഫ്രണ്ട്‌സ്, അക്ഷയ കേന്ദ്രം തുടങ്ങിയ പല ജനോപകാര പദ്ധതികള്‍ക്കൊപ്പം കെ ഫോണില്‍ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍ കേരളം തുടങ്ങിവച്ച ആ ജൈത്ര യാത്ര.
സംസ്ഥാനത്തെ സാമൂഹിക, സാമ്പത്തിക വികസനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഐ.ടി. മേഖലയില്‍ പ്രത്യക്ഷ, പരോക്ഷ തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ച് കേരളത്തെ മികച്ച മുന്‍ നിര ഐ.ടി. കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ 1995-ല്‍ ഇന്ത്യയില്‍ ആദ്യമായി തിരുവനന്തപുരത്ത് ആദ്യ ഐ.ടി. പാര്‍ക്കിന് തുടക്കം കുറിച്ചു. 1998-ല്‍ഐ.ടി. നയം പ്രഖ്യാപിക്കുകയും ചെയ്‌തു.
2017-ല്‍ ഇന്റര്‍നെറ്റ് അടിസ്ഥാനവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമായി കേരളം മാറി. ഇന്‍ഫര്‍മേഷന്‍ കമ്യുണിക്കേഷന്‍ ടെക്‌നോളജി പ്രോജക്‌ടുകൾ, ഇ ഗവേണന്‍സ് സംരഭങ്ങള്‍, ഇ-സാക്ഷരത പരിപാടികള്‍, ഐ.ടി. അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കേരളത്തെ ഐ.ടി. മേഖലയില്‍ മുന്നിലെത്തിക്കുന്നതിന് സഹായിച്ചു. ഹബ്ബല്‍ ആന്‍ഡ് സ്പോക് മോഡല്‍ പ്രോത്സാഹിപ്പിച്ച് വികേന്ദ്രീകൃത നിക്ഷേപങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ഐ.ടി. അധിഷ്ഠിത അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മുന്നിലാണ്. ഇ-ഡിസ്‌ട്രിക്‌ടിലൂടെ 25 റവന്യൂ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാനും ഡിജിറ്റല്‍ ഒപ്പിട്ട് സർട്ടിഫിക്കറ്റുകൾ ലഭ്യമാവുകയും ചെയ്യുന്നു.
എല്ലാ സ്‌കൂളുകളിലും ഹൈ സ്‌പീഡ് ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കാനും സ്‌കൂളുകള്‍ ഡിജിറ്റല്‍ പാഠ്യ പദ്ധതിയിലേയ്ക്ക് മാറ്റുവാനും 2000-ത്തില്‍ ആരംഭിച്ച ഐ. ടി. @ സ്‌കൂളിലൂടെ കഴിഞ്ഞു. 2023-ല്‍ കേരളത്തെ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിച്ചു.
പ്രവാസി കേരളം മറുനാട്ടിലെ മലയാളി
സുദീര്‍ഘമായ ചരിത്രമുണ്ട് മലയാളി പ്രവാസത്തിന്. കണ്ണീരും ചോരയും പുരണ്ട സഹനങ്ങളുടെ ചരിത്രം കൂടിയാണത്. ഐക്യ കേരളം രൂപപ്പെടുന്നതിന് മുമ്പ് തന്നെ മലയാളിക്ക് പരിചിതമാണ് പ്രവാസം. തൊഴില്‍ തേടിയും പഠിക്കാനും ഉൾപ്പെടെയുള്ള പ്രവാസം അക്കാലം മുതല്‍ മലയാളിയുടെ ചരിത്രത്തിലുണ്ട്. അയല്‍ സംസ്ഥാനങ്ങളും അയല്‍ രാജ്യങ്ങളിലുമൊക്കെ മലയാളികള്‍ കുടിയേറി. 1960-കളോടെ ഗള്‍ഫ് കുടിയേറ്റം ആരംഭിച്ചു. തൊഴില്‍പരമായി കേരളത്തില്‍ നിന്നും കൂട്ടമായ ഒരു കുടിയേറ്റം നടക്കുന്നത് ഒരു പക്ഷേ ഗള്‍ഫിലേക്കായിരിക്കും. ആ കുടിയേറ്റം ഇന്ന് യു കെ, യു എസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങി ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ പ്രവാസത്തെയും അപേക്ഷിച്ച് ഗള്‍ഫ് കുടിയേറ്റം മലയാളിയെ സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും വളരെയേറെ സ്വാധീനിച്ചതാണ്.
നാടുമായി ഒരു ബന്ധവുമില്ലാതെ അന്യ നാട്ടിൽ ദുരിത പര്‍വം താണ്ടിയിരുന്ന കേരളീയ പ്രവാസം ഇന്ന് അവസാനിച്ചിട്ടുണ്ട്. കേരളീയരായ പ്രവാസികള്‍ക്ക് തണലായും പ്രവാസികളാകാന്‍ ആഗ്രഹിക്കുന്നവർക്ക് വഴി കാട്ടിയായും നില കൊള്ളുകയാണ് കേരള പ്രവാസികാര്യ വകുപ്പ്. 1996-ല്‍ നിലവിൽ വന്ന വകുപ്പിന്റെ ഫീല്‍ഡ് ഏജന്‍സിയായി നോര്‍ക്ക റൂട്‌സ് രൂപീകൃതമായതോടെ പ്രവാസത്തിന്റെ സര്‍വ മേഖലകളെയും സ്‌പർശിക്കുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കരുത്തായി.
വിദേശരാജ്യങ്ങളിലെ തൊഴില്‍ അവസരങ്ങളിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്ത് അയക്കുവാനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള റിക്രൂട്‌മെന്റ് ഏജന്‍സി കൂടിയാണ് നോര്‍ക്ക. നിലവില്‍ സൗദി അറേബ്യ, യു എ ഇ, ഒമാന്‍, കുവൈറ്റ് എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്കും യു.കെ, ജര്‍മ്മനി, കാനഡ എന്നിവിടങ്ങളിലേക്കും റിക്രൂട്‌മെന്റ് നടത്തി വരുന്നുണ്ട്. ഡോക്‌ടർമാർ, നഴ്‌സുമാര്‍, മെഡിക്കല്‍ ടെക്‌നീഷ്യന്മാര്‍, ഗാര്‍ഹിക ജോലിക്കാര്‍ ഉള്‍പ്പെടെ 2500 ല്‍അധികം പേരെ ഇതിനോടകം റിക്രൂട് ചെയ്‌തിട്ടുണ്ട്.
തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നൽകുന്ന പുനരധിവാസ പദ്ധതിയാണ് ‘നോര്‍ക്ക് ഡിപ്പാർട്‌മെന്റ് പ്രോജക്‌ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ്’. സ്വയം തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ളവർക്കായി 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച പദ്ധതിയാണ് ‘പ്രവാസി ഭദ്രത’. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന്, 15000 രൂപ വീതം ധന സഹായം നൽകുന്ന പദ്ധതിയാണ് ‘നോര്‍ക്ക റൂട്‌സ് ഡയറകേ്ടഴ്‌സ് സ്‌കോളര്‍ഷിപ്പ്’. 2018-മുതല്‍’ എമര്‍ജന്‍സി റീ പാട്രിയേഷന്‍ സ്‌കീമും’, ‘നോര്‍ക്ക അസിസ്റ്റ്ഡ് ബോഡി റീ പാട്രിയേഷന്‍ സ്‌കീമും’ നടപ്പാക്കുന്നു.
വിദേശത്ത് രണ്ടു വര്‍ഷമെങ്കിലും ജോലി നോക്കുകയോ താമസിക്കുകയോ ചെയ്‌ത ശേഷം സ്ഥിരമായി മടങ്ങിയെത്തിയ വനിതകള്‍ക്ക് 30 ലക്ഷം രൂപ വരെയുള്ള വായ്‌പ പദ്ധതി നോര്‍ക്ക വനിതാ മിത്ര വായ്‌പകളുണ്ട്. 2022-23 വര്‍ഷം 1000 വായ്‌പകൾ ലഭ്യമാക്കാനാണ് ലക്ഷ്യം.
ഒരു ലക്ഷം തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്ന നോര്‍ക്ക അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്‌ഡ് എംപേ്‌ളായ്മെന്റും വിസ, തൊഴിൽ തട്ടിപ്പുകൾക്കെതിരെ ഇടപെടല്‍ നടത്തുന്ന ശുഭയാത്ര പദ്ധതി, ജര്‍മനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള ട്രിപ്പിള്‍ വിന്‍ പദ്ധതി, ഹോസ്‌പിറ്റാലിറ്റി മേഖലയില്‍ തൊഴിലവസരം സൃഷ്‌ടിക്കുന്നതിനുള്ള ട്രിപ്പിള്‍ വിന്‍ ഹോസ്‌പിറ്റാലിറ്റി പദ്ധതി എന്നിവ പുതിയ കാൽ വയ്‌പുകളാണ്. പ്രവാസി ക്ഷേമം മുന്‍ നിര്‍ത്തി രാജ്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങൾക്ക് ദേശീയ തലത്തില്‍ ഏർപ്പെടുത്തിയിട്ടുള്ള സ്‌കോച്ച് അവാര്‍ഡ് നോര്‍ക്ക റൂട്‌സിന് ലഭിച്ചിട്ടുണ്ട്.
പഞ്ചായത്തിരാജ് അധികാര വികേന്ദ്രീകരണം ആസൂത്രിതവികസനം
അധികാര വികേന്ദ്രീകരണത്തിലേക്കുള്ള കേരളത്തിന്റെ സ്വപ്‌നങ്ങള്‍ ആദ്യ സര്‍ക്കാരിന്റെ കാലം മുതല്‍ ആരംഭിച്ചിരുന്നു. പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം നൽകുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് ബല്‍വന്ത് റായ് മേത്ത കമ്മിറ്റിയും ഇ.എം.എസ് നമ്പൂതിരിപ്പാട് അധ്യക്ഷനായുള്ള ഭരണ പരിഷ്‌കാര കമ്മിറ്റിയും ശിപാര്‍ശകള്‍ നൽകിയിരുന്നു. സാമൂഹിക വികസന രംഗത്ത് കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും ആസൂത്രിത വികസനം ഗ്രാമ തലത്തില്‍ രൂപപ്പെടുത്തുന്നതിനും അധികാര വികേന്ദ്രീകരണം പ്രാവർത്തികമാക്കുന്നതിനും ഇത് സഹായിക്കുമെന്ന് സമിതികള്‍ നിരീക്ഷിച്ചു. ഈ അടിസ്ഥാനത്തില്‍ ഐക്യ കേരളത്തിനാകമാനം ബാധകമാകും വിധം 1960-ലെ കേരള പഞ്ചായത്ത് നിയമം 01-01-1962-ല്‍ നിലവില്‍ വന്നു. ഈ നിയമ പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ പ്രദേശങ്ങളെയും ഉൾപ്പെടുത്തി 922 ഗ്രാമ പഞ്ചായത്തുകള്‍ രൂപവല്‍ക്കരിച്ചു. ഈ പഞ്ചായത്തുകളില്‍ 01-01-1964 മുതല്‍ പ്രാബല്യത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികള്‍ അധികാരമേറ്റു. പഞ്ചായത്ത് ഭരണ സമിതികള്‍ക്ക് ഒട്ടേറെ അധികാരാവകാശങ്ങള്‍ നല്‍കുകയും ഗ്രാമ ഭരണത്തിന് ശോഭനമായ ഒരു അടിത്തറ പ്രദാനം ചെയ്യുകയും ചെയ്‌ത നിയമമായിരുന്നു ഇത്.
കാലാന്തരത്തില്‍ ചില പഞ്ചായത്തുകള്‍ മുന്‍സിപ്പാലിറ്റികളായി മാറ്റപ്പെടുകയും കുറെ വലിയ പഞ്ചായത്തുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുകയും ചെയ്തു. 23-4-1994-ല്‍ കേരള പഞ്ചായത്ത് രാജ് നിയമം നിലവില്‍ വരുമ്പോള്‍ സംസ്ഥാനത്താകെ 991 ഗ്രാമ പഞ്ചായത്തുകളാണുണ്ടായിരുന്നത്. ഇപ്പോള്‍ ഇവയുടെ എണ്ണം 941 ആണ്.
ആസൂത്രിത ഗ്രാമ വികസനത്തിനും തദ്ദേശ ഭരണ കാര്യങ്ങളില്‍ വര്‍ദ്ധിച്ച തോതിലുള്ള ജനപങ്കാളിത്തം ഉറപ്പ് വരുത്തുതിനും ഉദ്ദേശിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ 73ാം ഭേദഗതി പ്രകാരം നിർമ്മിക്കപ്പെട്ടതാണ് 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം. ഈ നിയമത്തിന് 1995-ല്‍ ചില ഭേദഗതികള്‍ വരുത്തി. 1999-ല്‍ അധികാര വികേന്ദ്രീകരണ (സെന്‍) കമ്മിറ്റിയുടെയും ഒന്നാം സംസ്ഥാന ധനകാര്യ കമ്മിഷന്റെയും ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ആകെയുള്ള 285 വകുപ്പുകളില്‍ 105ഓളം വകുപ്പുകളില്‍ സമഗ്രമായ ഭേദഗതികളും വരുത്തി. സര്‍ക്കാരിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേലുണ്ടായിരു ഒട്ടു മിക്ക നിയന്ത്രണങ്ങളും ഉപേക്ഷിച്ചുവെന്നതാണ് ഈ ഭേദഗതി നിയമത്തിന്റെ പ്രത്യേകത. 2000-ല്‍ പഞ്ചായത്ത് രാജ് നിയമം വീണ്ടും ഭേദഗതി ചെയ്‌ത് സര്‍ക്കാറില്‍ നിക്ഷിപ്‌തമായിരുന്ന വാര്‍ഡ് വിഭജനം, സംവരണ നിര്‍ണ്ണയം തുടങ്ങിയ അധികാരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി. കൂടാതെ 35 അനുബന്ധ നിയമങ്ങളിലും ഭേദഗതി വരുത്തി അധികാര വികേന്ദ്രീകരണം പൂര്‍ണ്ണമായി നടപ്പിലാക്കി.