ഭരണ സുതാര്യതയും ജനങ്ങളുടെ അവകാശവും
ഇന്ത്യയില്‍ നിലവില്‍ വന്ന ഏറ്റവും ശക്തമായ നിയമങ്ങളിലൊന്നായിരുന്നു 2005-ലെ വിവരാവകാശ നിയമം. പരിഷ്‌കൃത സമൂഹത്തില്‍ പൗരന് ലഭിക്കേണ്ട ന്യായമായ പരിഗണനയും കരുത്തും ലഭ്യമാക്കിയ നിയമം രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് നവോന്മേഷം പകര്‍ന്നു. അതേ മാതൃകയില്‍ സേവനം പൗരന്റെ അവകാശമാക്കിയ നിയമമാണ് സേവനാവകാശ നിയമം (Right to Service Act). വിവരാവകാശ നിയമം പോലെ സേവനാവകാശ നിയമവും ഭരണ സുതാര്യതയും ജനങ്ങളുടെ അവകാശവും ഉറപ്പു വരുത്തുന്നു. ആയതിനാല്‍ സേവനാവകാശ നിയമത്തെ ജനാധിപത്യ വ്യവസ്ഥിതിയിലെ ഏറ്റവും ശക്തമായ നിയമങ്ങളില്‍ ഒന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക സാമൂഹിക രംഗങ്ങളിലെ സുസ്ഥിര വികസനത്തിന് അത്യന്താപേക്ഷിതമായ സദ്ഭരണം എന്ന ലക്ഷ്യത്തോടെയാണ് കേരള സംസ്ഥാന സേവനാവകാശ നിയമം 2012 നവംബര്‍ 1-ന് നിലവില്‍ വന്നത്.
സമയബന്ധിതമായ സേവനങ്ങള്‍
സേവനങ്ങള്‍ക്കായി സാധാരണക്കാര്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയ്ക്ക് ഒരു പരിഹാരം കൂടിയാണ് സേവനാവകാശ നിയമം. സര്‍ക്കാര്‍ ഓഫീസുകളില്‍ തടസ്സരഹിതവും അഴിമതിരഹിതവും സമയബന്ധിതവുമായ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ ജനങ്ങളെ ഈ നിയമം ശാക്തീകരിച്ചു. സമയബന്ധിതമായി സേവനങ്ങള്‍ തടസ്സങ്ങളില്ലാതെ നല്‍കുക വഴി സര്‍ക്കാര്‍ ഓഫീസുകളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു. ഭരണത്തിന്റെ സുതാര്യത, ഉത്തരവാദിത്തം, പ്രതികരണ ശേഷി എന്നീ മൂന്ന് സുപ്രധാന ഘടകങ്ങള്‍ ഈ നിയമം ഉറപ്പാക്കുന്നു. പൊതുജനങ്ങള്‍ക്ക് ഫലപ്രദവും കാര്യക്ഷമവും വേഗത്തിലുള്ളതുമായ സേവനം എത്തിക്കുന്നതിനും അവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ശ്രദ്ധാലുവാണ്.
ഭരണത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായി മൂന്നാമത് കേരള ഭരണപരിഷ്‌കാര സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇതിനകം പൗരാവകാശരേഖ നിലവില്‍ കൊണ്ട് വന്നിട്ടുണ്ട്. ഓരോ ഭരണ സ്ഥാപനങ്ങളിലും നിര്‍ണ്ണയിക്കപ്പെട്ട രീതിയില്‍ പൗരന്മാര്‍ക്ക് വിവിധ ഇനം സേവനങ്ങളും അവയുടെ വ്യവസ്ഥകളും അവ ലഭ്യമാക്കുന്ന സമയപരിധിയും സംബന്ധിച്ച വിവരങ്ങള്‍ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സേവനങ്ങള്‍ സമയബന്ധിതമായി നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്ക് പിഴ അടക്കമുള്ള ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടി വരും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതി കുറയ്ക്കാനും സുതാര്യതയും ഉത്തരവാദിത്തവും വര്‍ദ്ധിപ്പിക്കാനും സേവനാവകാശ നിയമം ലക്ഷ്യമിടുന്നു. ജനങ്ങളുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാനും സേവനം നൽകാൻ വീഴ്ച വരുത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാരെ ഉത്തരവാദികളാക്കാനും സേവനാവകാശ നിയമം അനുശാസിക്കുന്നു. ഈ നിയമം വഴി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരാകും.
അപ്പീല്‍ സംവിധാനം
പരാതികള്‍ പരിഹരിക്കുന്നതിന് രണ്ട് തലത്തിലുള്ള അപ്പീല്‍ സംവിധാനം നിയമത്തില്‍ പറയുന്നു. സേവനത്തിനുള്ള അപേക്ഷ ലഭിച്ചാല്‍, അപേക്ഷ ലഭിച്ച ദിവസം മുതല്‍ കണക്കാക്കിയ സമയ പരിധിക്കുള്ളില്‍ അപേക്ഷ നല്‍കുകയോ നിരസിക്കുകയോ ചെയ്യുന്ന നിയുക്ത ഉദ്യോഗസ്ഥന്റെ ചുമതല ബില്ലിന്റെ സെക്ഷന്‍ 5 അടിവരയിടുന്നു. നിരസിച്ചാല്‍, ഉദ്യോഗസ്ഥന്‍ അത് രേഖാമൂലം ന്യായീകരിക്കണം. ബില്ലിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 500 രൂപയില്‍ കുറയാത്തതും 5000 രൂപയില്‍ കൂടാത്തതുമായ പിഴ അടക്കാന്‍ ഉദ്യോഗസ്ഥന്‍ ബാധ്യതസ്ഥാനാണ്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും വകുപ്പ് മേധാവികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിയമാനുസൃത സ്ഥാപനങ്ങളും നിയമം നിലവില്‍ വന്ന് ആറ് മാസത്തിനകം നിയുക്ത ഉദ്യോഗസ്ഥരും നല്‍കുന്ന സേവനങ്ങള്‍, സമയ പരിധി എന്നിവ അറിയിക്കണമെന്ന് നിയമത്തിന്റെ സെക്ഷന്‍ 3 പറയുന്നു.
അപ്പീലുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ഒന്നും രണ്ടും അപ്പീല്‍ അധികാരികള്‍ അപ്പീലുകള്‍ കൈകാര്യം ചെയ്യുന്ന രീതിയും നിയമത്തില്‍ വിശദമാക്കിയിട്ടുണ്ട്. രണ്ട് അപ്പീല്‍ അധികാരികള്‍ക്കും രേഖകള്‍ പരിശോധിക്കുവാനും നിയുക്ത ഉദ്യോഗസ്ഥനെയും അപ്പീലുകാരനെയും കേള്‍ക്കുന്നതിന് സമന്‍സ് പുറപ്പെടുവിക്കുന്നതിനും മറ്റ് കാര്യങ്ങളിലും സിവില്‍ കോടതിയുടെ അധികാരങ്ങള്‍ ഉണ്ടായിരിക്കും. മിക്കവാറും എല്ലാ വകുപ്പുകളും സ്റ്റാറ്റിയൂട്ടറി ബോഡികളും നിയമം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് .
ഗാന്ധിയന്‍ തത്ത്വചിന്തയും സേവനാവകാശവും
പൊതു സേവനത്തിനുള്ള അവകാശം ഗാന്ധിയന്‍ തത്ത്വ ചിന്തയില്‍ നിന്ന് ഉടലെടുത്തതാണ്. ഇതുമായി ബന്ധപ്പെട്ട് 1890-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പ്രസംഗത്തില്‍ മഹാത്മാഗാന്ധിയുടെ പ്രസിദ്ധമായ പ്രസ്താവന- ”ഞങ്ങളുടെ പരിസരത്തെ ഏറ്റവും പ്രധാനപ്പെട്ട സന്ദര്‍ശകനാണ് ഒരു ഉപഭോക്താവ്. അവന്‍ നമ്മെ ആശ്രയിക്കുന്നില്ല. നാം അവനെ ആശ്രയിക്കുന്നു. അവന്‍ നമ്മുടെ ജോലിക്ക് ഒരു തടസ്സമല്ല. അവനാണ് അതിന്റെ ഉദ്ദേശം. അവന്‍ ഞങ്ങളുടെ ബിസിനസ്സിന് പുറത്തുള്ള ആളല്ല. അവന്‍ അതിന്റെ ഭാഗമാണ്. അവനെ സേവിക്കുന്നതിലൂടെ ഞങ്ങള്‍ ഒരു ഉപകാരവും ചെയ്യുന്നില്ല. അതിനുള്ള അവസരം നല്‍കിക്കൊണ്ട് അവന്‍ നമുക്ക് ഒരു ഉപകാരം ചെയ്യുന്നു.” ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശ പ്രകാരം മിക്ക അംഗരാജ്യങ്ങളും സേവനാവകാശ നിയമം നടപ്പാക്കിയിട്ടുണ്ട്. 2010 ഓഗസ്റ്റ് 18 ന് മധ്യപ്രദേശിലാണ് ഈ നിയമം ആദ്യമായി നിലവില്‍ വന്നത്.