കേള്‍ക്കാം ഈ മാന്ത്രിക സ്വരമാധുരി
ഭിന്നശേഷിക്കാര്‍ക്കായി ഈണം പകര്‍ന്ന് ഒരു പഞ്ചായത്ത്
‘കുറി വരച്ചാലും കുരിശു വരച്ചാലും…’ ഈണത്തില്‍ ഇങ്ങനെ പാടുമ്പോള്‍ സുനീഷിന്റെ കണ്ണുകളില്‍ സന്തോഷത്തിന്റെ തിളക്കമുണ്ട്. സ്വപ്‌നം കാണാന്‍ പോലും കഴിയാതെ മനസ്സില്‍ അടക്കിപിടിച്ചത് യാഥാര്‍ഥ്യമായതിന്റെ തിളക്കം. കോട്ടയത്തെ എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഭിന്നശേഷി വിഭാഗക്കാരുടെ ഗാനമേള ട്രൂപ്പായ ‘മാജിക് വോയിസി’ലെ മുഖ്യഗായകനാണ് സുനീഷ് ജോസഫ്. പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി നഷ്‌ടപ്പെട്ട സുനീഷ് ശാരീരിക അവശതകള്‍ മൂലം വേദിയിലൊരുക്കുന്ന ചെറിയ മേശയില്‍ കിടന്നു കൊണ്ടാണ് പാടുന്നത്.
അമ്പലപ്പറമ്പിലും പള്ളിപ്പറമ്പിലുമെല്ലാം ഗാനമേള ട്രൂപ്പുകളില്‍ സജീവമായിരുന്ന സുരേന്ദ്രന്‍ മണി വീണ്ടും വേദിയിലെത്താന്‍ സാധിക്കുമെന്ന് കരുതിയിരുന്നതല്ല. ട്രൂപ്പില്‍ തമിഴ് പാട്ടുകളുടെ മന്നനാണ് സുരേന്ദ്രന്‍. അവിചാരിതമായി കാലുകളുടെ ചലന ശേഷി നഷ്‌ടപ്പെട്ടപ്പോൾ വീടിനുള്ളില്‍ ഒതുങ്ങേണ്ടി വരുമെന്നാണ് കരുതിയത്. ട്രൂപ്പിലെ ഓരോ അംഗത്തിനും പറയാന്‍ ഇത്തരത്തിലൊരു കഥയുണ്ട്. ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് എന്ന പേര് അന്വര്‍ഥമാക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ സജീവമായ പിന്തുണയും സജീവമായ ഇടപെടലുമാണ് മാജിക് വോയ്‌സസ് ഗാനമേള ട്രൂപ്പിന്റെ വിജയത്തിന് കാരണം. കൂട്ടായ്‌മകൾ, ഭവന സന്ദര്‍ശനം എന്നു തുടങ്ങി വിനോദ യാത്രകള്‍ വരെ എലിക്കുളം ഗ്രാമ പഞ്ചായത്ത് ഭിന്ന ശേഷിക്കാര്‍ക്കുവേണ്ടി നടപ്പിലാക്കി വരുന്നു.
കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്ന് സാഗര റാണി ക്രൂയിസിലെ അറബിക്കടല്‍യാത്രയായിരുന്നു അവസാനം നടത്തിയ യാത്ര. ഈ യാത്രകള്‍ക്കിടയില്‍ അവരില്‍ ചിലര്‍ അവതരിപ്പിച്ച കലാപരിപാടികളില്‍ നിന്നാണ് മാജിക് വോയിസ് എന്ന ഗാനമേള ട്രൂപ്പിന്റെ ആശയം ഉടലെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജിയുടെയും പഞ്ചായത്തംഗങ്ങളുടെയും അക്ഷീണ പ്രവര്‍ത്തനവും താങ്ങായി. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു ലക്ഷം രൂപ ചെലവഴിച്ച് ഗാനമേള ട്രൂപ്പിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി. മേയ് മാസത്തില്‍ പരിശീലനം ആരംഭിച്ചു. സതീഷ് ചന്ദ്രന്‍, ബിജു മാധവന്‍, സിന്‍സി സെബാസ്റ്റ്യന്‍ എന്നിവരാണ് മറ്റ് ഗായകര്‍. അഞ്ചു ഭിന്നശേഷിക്കാരാണ് ട്രൂപ്പിലുള്ളത്. ഓര്‍ക്കസ്ട്ര കൈകാര്യം ചെയ്യുന്നവരെല്ലാം വയോജനങ്ങളും ഗ്രാമപഞ്ചായത്തിലെ വയോജന ക്ലബ്ബിലെ അംഗങ്ങളുമാണ്. ജൂണ്‍ 30നാണ് ഉന്നത വിദ്യാഭ്യാസ-സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ട്രൂപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വീടിനുള്ളില്‍ തളച്ചിടപ്പെടേണ്ടവരല്ല തങ്ങള്‍ എന്ന ബോധ്യത്തോടെയുള്ള മാജിക് വോയിസിന്റെ ജൈത്രയാത്ര അവിടെ തുടങ്ങി.
– ലിബി ഇ.പി.