വിപണി കീഴടക്കാന്‍ അതിരപ്പിള്ളി ബ്രാന്‍ഡ്
അതിരപ്പിള്ളി മേഖലയിലെ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ നിർമ്മിക്കുന്ന വിവിധ കാര്‍ഷിക-വന വിഭവങ്ങളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും പുതിയ ബ്രാന്‍ഡില്‍ വിപണിയില്‍. കാടിന്റെ വിശുദ്ധിയും ഗോത്രവര്‍ഗ പാരമ്പര്യവും ഉള്‍ച്ചേര്‍ന്ന മികവുറ്റ ഉല്‍പന്നങ്ങളാണ് ഇവ. അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ട്രൈബല്‍വാലി കാര്‍ഷിക പദ്ധതിയുടെ ഭാഗമായി അതിരപ്പിള്ളി എന്ന ബ്രാന്‍ഡ് നാമത്തില്‍ ഉപഭോക്താക്കളിലെത്തുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ കൃഷി ചെയ്യുന്ന കുരുമുളക്, കാപ്പി, മഞ്ഞക്കൂവ, തേന്‍, നെല്ല് തുടങ്ങിയവ സംസ്‌കരിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റിയാണ് മനോഹരമായ ലോഗോയോടെ ആകര്‍ഷകമായ പാക്കേജില്‍ വിപണി കീഴടക്കാനെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ബ്രാന്‍ഡുകളെ വെല്ലുന്ന രീതിയിലാണ് രൂപകല്‍പന. മുളയും ഈറ്റയും ഉപയോഗിച്ച് ഗോത്രവര്‍ഗ സ്ത്രീകള്‍ നിര്‍മ്മിക്കുന്ന കണ്ണാടിപ്പായ, കൊട്ടകള്‍, മുറങ്ങള്‍, പൂച്ചട്ടികള്‍, സംഗീതോപകരണമായ മഴമൂളി, തവി ഉള്‍പ്പെടെയുള്ള അടുക്കള ഉല്‍പന്നങ്ങള്‍, വിവിധ കരകൗശല വസ്തുക്കള്‍ എന്നിവയും പുതിയ ബ്രാന്‍ഡില്‍ മിതമായ നിരക്കില്‍ വിപണിയിലെത്തിച്ചിട്ടുണ്ട്.
അതിരപ്പിള്ളി പഞ്ചായത്തിലെ ആദിവാസി ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കാര്‍ഷിക വികസന- കര്‍ഷകക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്നതാണ് അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതി. വനം, പട്ടിക വര്‍ഗ വികസനം, സഹകരണം വകുപ്പുകളുടെയും യു എന്‍ ഡി പി യുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്.
അതിരപ്പിള്ളി ഗോത്രവര്‍ഗ മേഖലയിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും നേരിട്ടുള്ള ഗുണഫലം ലഭിക്കുന്ന രീതിയിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം. കൃഷി മുതല്‍ സംസ്‌കരണവും പാക്കേജിങ്ങും ഉള്‍പ്പെടെയുള്ള വിപണനത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഗോത്രവര്‍ഗ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് നടന്നുവരുന്നത് എന്ന സവിശേഷതയും അതിരപ്പിള്ളി ബ്രാന്‍ഡിന് സ്വന്തം.
ഇതിനായി ഗോത്രവര്‍ഗക്കാരായ മുന്നോറോളം പേര്‍ ഷെയര്‍ഹോള്‍ഡര്‍മാരായ അതിരപ്പിള്ളി വാലി ഫാമേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയും പ്രവര്‍ത്തിക്കുന്നുണ്ട്.
പുറമെ നിന്നുള്ള വിത്തുകള്‍ ഉപയോഗിക്കുന്നതിന് പകരം പരമ്പരാഗത വിത്തിനങ്ങളും നടീല്‍വസ്തുക്കളുമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ഇതിനായി രൂപീകരിച്ച നാല് വനിതാ കാര്‍ഷിക നഴ്‌സറി ഗ്രൂപ്പുകളാണ് കൃഷിക്കാവശ്യമായ നടീല്‍ വസ്‌തുക്കൾ വിതരണം ചെയ്യുന്നത്. പൊതു വിപണിയിലേക്ക് കാര്‍ഷിക ഉല്‍പന്നങ്ങള്‍ നേരിട്ടെത്തിക്കാന്‍ മാര്‍ഗമില്ലാതിരുന്ന പ്രദേശത്തെ കര്‍ഷകരെ മധ്യവര്‍ത്തികളുടെ ചൂഷണത്തില്‍ നിന്ന് ഒഴിവാക്കാനായി എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. യൂണിറ്റിനോട് ചേര്‍ന്ന വിപണന സ്റ്റാളിനു പുറമെ, എറണാകുളം ഇടപ്പള്ളി ടോള്‍ ജംഗ്ഷനിലും ആതിരപ്പിള്ളി ബ്രാന്‍ഡിന്റെ ഒരു റീട്ടെയില്‍ കിയോസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്.
ഉല്‍പന്നങ്ങള്‍ https://athirappillytribalvalley.com ല്‍ ലഭ്യമാണ്. ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ റീട്ടെയില്‍ സംവിധാനങ്ങളിലും താമസിയാതെ ഇവ ലഭ്യമാക്കുമെന്ന് പദ്ധതി നോഡല്‍ ഓഫീസര്‍ എസ് എസ് സാലുമോന്‍ അറിയിച്ചു.