ജനാധിപത്യത്തിന്റെയും സാമൂഹികനീതിയുടെയും കേരളീയമുഖം
കവിയും അയ്യന്‍കാളിയുടെ ജീവചരിത്രകാരനും
കേരളസമൂഹത്തെ ഇന്നുകാണുന്ന വിധത്തില്‍ ജനാധിപത്യവല്‍ക്കരിച്ചതില്‍ അയ്യന്‍കാളിക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും നിര്‍ണ്ണായക പങ്കാണുള്ളത്. സാമൂഹികനീതിക്കും ആത്മാഭിമാനത്തിനും വേണ്ടിയുള്ള അധ:സ്ഥിതവിഭാഗങ്ങളുടെ സമരങ്ങള്‍ക്കും വാദങ്ങള്‍ക്കും ദൃശ്യതയുണ്ടാകുന്നത് കേരളത്തിന്റെ സാമൂഹികചരിത്രത്തില്‍ അയ്യന്‍കാളി രംഗപ്രവേശം ചെയ്യുന്നതോടുകൂടിയാണ്. സമരങ്ങളിലൂടെയും ഇടപെടലുകളിലൂടെയും സ്വാതന്ത്ര്യപൂര്‍വകേരളത്തിലെ അധഃസ്ഥിതജനതയുടെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ നെടുനായകത്വമായി അയ്യന്‍കാളി മാറുന്നതോടെയാണ് സ്വാതന്ത്ര്യം, ജനാധിപത്യം, സാമൂഹികനിതി, മൗലികാവകാശം തുടങ്ങിയവയെക്കുറിച്ചുള്ള പരാമ്പരാഗത/സവര്‍ണ്ണ/ മുഖ്യധാരാ സങ്കല്പങ്ങള്‍ തിരുത്തപ്പെടുന്നത്. നൂറ്റാണ്ടുകളായി നിലനിന്നുപോന്ന അടിമത്തവും ജാതിവ്യവസ്ഥയും, ഊഴിയംവേലയും ആശ്രിതതൊഴില്‍ സമ്പ്രദായവും മൂലം അടിസ്ഥാന മൗലികാവകാശങ്ങള്‍പോലും നിഷേധിക്കപ്പെട്ട അയിത്ത ജാതിസമൂഹങ്ങളുടെ അവകാശങ്ങള്‍ക്കും ആത്മാഭിമാനത്തിനും വേണ്ടി സന്ധിയില്ലാതെ പോരാടിയതുകൊണ്ടാണ് അയ്യന്‍കാളിയെ ജനാധിപത്യത്തിന്റെ അപ്പോസ്തലനായി അദ്ദേഹത്തിന്റെ സമൂഹം വാഴ്ത്തുന്നത്.
ജാതീയ/വംശീയ/ലിംഗമേധാവിത്വ ചിന്തകള്‍ കൈയൊഴിഞ്ഞ പൊതുസമൂഹത്തിലെ മനുഷ്യരും ഈ യാഥാര്‍ഥ്യം കാലാനുസൃതമായി തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. പൊതുവിടങ്ങള്‍ തങ്ങള്‍ക്ക് നിഷേധിക്കുന്ന സവര്‍ണ്ണഭരണകൂടത്തോടുള്ള അയിത്തജാതിക്കാരുടെ പ്രതിഷേധത്തിന്റെ പൊട്ടിപ്പുറപ്പെടലിന്റെ തുടക്കമായിരുന്നു അയ്യന്‍കാളിയുടെ വില്ലുവണ്ടിയാത്ര. 1893 ലാണ് അയ്യന്‍കാളി വില്ലുവണ്ടിയാത്ര നടത്തുന്നത്. സാമൂഹിക വിലക്കുകളെ ലംഘിച്ചുകൊണ്ട് പൊതുവഴിയിലൂടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി അയ്യന്‍കാളി നടത്തിയ ഐതിഹാസിക സമരം കേവലമായ ജയപരാജയങ്ങള്‍ക്കപ്പുറത്ത് സവര്‍ണ്ണമനസ്സുകളില്‍ കഠിനമായ ഒരാഘാതമായി മാറിയപ്പോള്‍, അയിത്തജാതിക്കാര്‍ക്കിടയില്‍ അതുല്യമായ ആത്മാഭിമാനവും ഉള്ളുറപ്പുമാണ് അതുണ്ടാക്കിക്കൊടുത്തത്.
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം
സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരങ്ങള്‍ക്കൊപ്പം തന്നെ അയിത്തജാതിക്കാരുടെ വിദ്യാഭ്യാസാവകാശത്തിനുവേണ്ടിയും അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചു. സമുദായത്തിന്റെ ശേഷിയും വളര്‍ച്ചയും ഭൂവുടമസ്ഥതയോടെന്നപോലെ വിദ്യാഭ്യാസത്തോടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അയ്യന്‍കാളി മനസ്സിലാക്കിയിരുന്നു. വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ട ഒരു ജനാധിപത്യവകാശമാണെന്നും, കേവലം നിവേദനങ്ങള്‍ക്കപ്പുറം സാമൂഹിക പ്രതിരോധങ്ങളും സമരങ്ങളും ഏറ്റുമുട്ടലുകളും അതിനാവശ്യമാ ണെന്നും അദ്ദേഹം അണികളെ ബോധ്യപ്പെടുത്തി യിരുന്നു. അയിത്തമെന്ന സാമൂഹികാനാചാരം മൂലം പൊതുവിടങ്ങള്‍ അന്യമാകുന്ന വിവിധ അയിത്തജാതികളുടെ സ്വാതന്ത്ര്യത്തിനും അവകാശസംരംക്ഷണത്തിനും ഉയിര്‍പ്പിനും വേണ്ടിയുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു അയ്യന്‍കാളി 1907 ല്‍ സാധുജന പരിപാലനസംഘം രൂപീകരിച്ചത്.
പണിമുടക്കുസമരം
അടിമത്തം ഏകപക്ഷീയമായി നിര്‍ണ്ണയിച്ചിരുന്ന അയിത്തജാതിക്കാരുടെ വിധേയത്വപൂര്‍ണ്ണമായ ‘സാമൂഹികശരീരം’ ചരിത്രത്തിലാദ്യമായി സവര്‍ണ്ണരുടെ പിടിയില്‍നിന്ന് കുതറുന്നത് അയ്യന്‍കാളിയുടെ നേതൃത്വത്തിലായിരുന്നു. പണിമുടക്കുസമരമെന്ന പേരില്‍ പരക്കെ അറിയപ്പെടുന്ന, ഒന്നരവര്‍ഷത്തോളം നീണ്ടുനിന്ന ‘ഭൂമി തരിശിടല്‍ സമരം’ അതിന്റെ പ്രകടരൂപമായിരുന്നു. അയിത്തജാതിക്കാര്‍ക്ക് പരമ്പരാഗതമായി സ്വായത്തമായിരുന്ന തൊഴില്‍ വൈദഗ്ധ്യത്തെ നിയന്ത്രണവിധേയമാക്കി അധീശസാമൂഹികഘടനയോടു നടത്തിയ രാഷ്ട്രീയ വിലപേശലായിരുന്നു അത്. വിദ്യാഭ്യാസാവകാശം നിഷേധിച്ചാല്‍ കൃഷിഭുമി തരിശിട്ട് ഉല്‍പാദനമേഖല സ്തംഭിപ്പിക്കുമെന്ന തീര്‍പ്പില്‍ സമരവീര്യത്തോടൊപ്പം അയ്യന്‍കാളിയുടെ പ്രായോഗിക രാഷ്ട്രീയവീക്ഷണവും നിഴലിക്കുന്നുണ്ട്.
മാനുഷികവിരുദ്ധമായ ജാത്യാചാരങ്ങള്‍ക്കെതിരെ അയ്യന്‍കാളി നയിച്ച പൗരാവകാശപ്പോരാട്ടങ്ങളില്‍ സാധുജന പരിപാലന സംഘത്തിന്റെ കൊല്ലം ജില്ലയിലെ പ്രധാനിയായ ഗോപാലദാസന്റെ നേതൃത്വത്തില്‍ നടന്ന ‘കല്ലയും മാലയും’ സമരത്തിന് അഥവാ ‘പെരിനാട് ലഹള'(1915) യ്ക്ക് നിര്‍ണ്ണായക സ്ഥാനമാണുള്ളത്.
ജാത്യാചാരങ്ങള്‍ അടിച്ചേല്‍പ്പിച്ച അടിമത്ത ചിഹ്നങ്ങളെ പരസ്യമായി അറുത്തെറിഞ്ഞ് മാറുമറച്ച പുലയസ്ത്രീകളുടെ സ്വാതന്ത്ര്യവിളംബരവും അതിനെ അടിച്ചമര്‍ത്താന്‍ സവര്‍ണ്ണഗുണ്ടകള്‍ നടത്തിയ ആക്രമണപരമ്പരകളും അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകളുമാണ് പിന്നീട് ചരിത്രത്തില്‍ പെരിനാട് കലാപമായി അറിയപ്പെട്ടത്. പൊതുവഴിയിലൂടുള്ള അധ:സ്ഥിത ജനതയുടെ സഞ്ചാരസ്വാതന്ത്യത്തിനും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങ ളില്‍ പ്രവേശം ലഭിക്കുന്നതിനും അയ്യന്‍കാളി നടത്തിയ സമരങ്ങളിന്ന് കേരളചരിത്രത്തിന്റെ ഭാഗമാണ്. ‘എന്റെ കുഞ്ഞുങ്ങളെ പഠിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഈ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും” എന്ന അയ്യന്‍കാളിയുടെ പ്രഖ്യാപനം ഇന്നൊരു ‘സമരകവിത’യാണ്. ആയിരക്കണക്കിന് അയിത്തജാതിക്കാരായ സ്ത്രീകളെ അണിനിരത്തി അയ്യന്‍കാളിയും ഗോപാലദാസനും സംഘടിപ്പിച്ച ‘കല്ലുമാല സമരം’ കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനപ്പോരാട്ടങ്ങളിലെ ജ്വലിക്കുന്ന അധ്യായമാണ്.
ശ്രീമൂലം പ്രജാസഭാംഗ മായിരുന്ന(191233) കാലത്ത് ഭൂമിയും തൊഴിലും സംവരണവും ഉള്‍പ്പെടെയുള്ള വിഭവാധികാരങ്ങള്‍ക്കായി അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജികളും നടത്തിയ പ്രസംഗങ്ങളും അധികാരത്തിലും ദേശീയ സ്വത്തിലുമുള്ള സ്വജനതയുടെ അഭാവത്തെ പ്രശ്നവല്‍ക്കരിച്ച ആദ്യകാല ഇടപെടലുകളാണ്. 1863 ല്‍ ജനിച്ച് 1941 ല്‍ അന്തരിച്ച അയ്യന്‍ കാളിയുടെ ജീവിതവും ഇടപെടലുകളും കേരളീയ നവോാന കാലഘട്ടത്തിലെ ഏറ്റവും മിഴിവാര്‍ന്നതും ചടുലവുമായ ഏടാണ്. ചില പതിറ്റാണ്ടുകളില്‍ വിസ്മരിക്കപ്പെട്ടുപോയെങ്കിലും സമകാലിക കേരളമിന്ന് ജനാധിപത്യത്തിനും സാമൂഹികനീതിക്കുംവേണ്ടി ഹൃദയത്തിലേറ്റുന്ന പേരുകളില്‍ മുന്‍നിരക്കാരനാണ് അയ്യന്‍കാളി. നവോാനകാലത്തുനിന്ന് മറ്റൊരു രൂപകവും അയ്യന്‍കാളിയെപ്പോലെ ജനഹൃദയങ്ങളെ അറിവും അഗ്നിയുമായി ഇങ്ങനെ പിന്‍തുടരുന്നുണ്ടെന്ന് തോന്നുന്നില്ല.