സൗഹൃദം പൂക്കുന്ന കലാലയം
വിവം, പ്രണയം, പഠനം, കല, സൗഹൃദം …മഴയും വെയിലുമേറ്റ് നിറം മങ്ങിത്തുടങ്ങിയെങ്കിലും ഒരു കലാലയത്തിന്റെ മുഴുവന്‍ ഊര്‍ജവും തുടിക്കുന്ന വരികള്‍ ഇവിടെ നിങ്ങളെ സ്വാഗതം ചെയ്യും. വഴുതക്കാട് ഗവ. വിമന്‍സ് കോളേജിന്റെ ഇക്കണോമിക്‌സ് വിഭാഗത്തിന്റെ പടികെട്ടുകള്‍ കയറുമ്പോള്‍ ഒരു യുവതയുടെ സകല സ്പന്ദനങ്ങളും അടയാളപ്പെടുത്തിയ അക്ഷരങ്ങള്‍ അതിഥികളെ സ്വാഗതം ചെയ്യും.
ക്യാമ്പസിനുള്ളിലേക്ക് കയറിയാല്‍ കാണുന്നത് ആ വാക്കുകള്‍ അന്വര്‍ഥമാക്കിയിട്ടുള്ള കാഴ്ചകള്‍ മാത്രമാണ്. പെണ്‍കൂട്ടങ്ങളുടെ കളിചിരികളും കുസൃതികളും മത്സരങ്ങളുമൊക്ക കണ്ടും ആസ്വദിച്ചും തലസ്ഥാനനഗരിയില്‍ തലയെടുപ്പോടെ നില്‍ക്കുകയാണ് കാലത്തിന്റെ മിടിപ്പുകളേറ്റു വാങ്ങിയ ഈ ക്യാമ്പസ്. ചരിത്രം പേറുന്ന പെണ്‍കലാലയം ഇന്ന് 125 വര്‍ഷത്തിന്റെ പൊന്‍തിളക്കത്തിലാണ്. ആത്മവിശ്വാസത്തിന്റെ തലയെടുപ്പുണ്ട് ഇവിടുത്തെ കുട്ടികളുടെ ഓരോ വാക്കുകളിലും.
ചരിത്രം വഴിമാറി
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്താണ് ഈ അഭിമാനസ്ഥാപനത്തിന്റെ പിറവി. ആദ്യം സ്‌കൂളായും പിന്നീട് കോളേജായും രൂപമാറ്റം സംഭവിച്ചു. 1864ല്‍ ആയില്യം തിരുനാളിന്റെ കാലത്താണ് സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂള്‍ സ്ഥാപിതമായത്. എ സി ഡോണ്‍ലിയാണ് അന്നത്തെ ഹെഡ്മിസ്ട്രസ്. 1897ല്‍ ശ്രീമൂലം തിരുനാളിന്റെ കാലത്ത് ഈ സ്‌കൂളിന് മഹാരാജാസ് ഗേള്‍സ് കോളേജ് എന്ന പേര് നല്‍കുകയും പ്രീഡിഗ്രിക്ക് സമാനമായ എഫ് എ( ഫസ്റ്റ് ആര്‍ട്സ്) ക്ലാസ്സുകള്‍ തുടങ്ങുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം സെക്ക് ഗ്രേഡ് കോളേജായി അഫിലിയേഷനും ലഭിച്ചു.
ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലായിരുന്നു അന്ന് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. 1922ല്‍ റീജന്റ് മഹാറാണി സേതുലക്ഷ്മിഭായിയുടെ കാലത്താണ് ഡിഗ്രി കോഴ്‌സുകളുള്ള വിമന്‍സ് കോളേജാക്കി ഇതിനെ ഉയര്‍ത്തുന്നതും വഴുതക്കാടേക്ക് മാറ്റുന്നതും. ഹിസ് ഹൈനസ് ദി മഹാരാജാസ് കോളേജ് ഫോര്‍ വിമന്‍ എന്നു പേരും നല്‍കി. ഇതേ വര്‍ഷം തന്നെ രവീന്ദ്രനാഥടാഗോറും കുടുംബവും കോളേജ് സന്ദര്‍ശിച്ചതായും ചരിത്രരേഖകളില്‍ പറയുന്നു. 125 വിദ്യാര്‍ഥികളായിരുന്നു ആദ്യകാലത്ത് പഠിക്കാനെത്തിയത്. ഇന്നിവിടെ 3000ത്തോളം വിദ്യാര്‍ഥികളുണ്ട്. അവരുടെ വഴികാട്ടികളായി നൂറ്റിയെഴുപതോളം അധ്യാപകരും. തങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്ന അഭിമാനനേട്ടവും അധ്യാപകര്‍ പങ്കുവയ്ക്കുന്നു.
പ്രഗത്ഭരെ സമ്മാനിച്ച ക്യാമ്പസ്
ചര്‍ച്ചകളും സംവാദങ്ങളുമെല്ലാം ഇവിടെ സജീവമാണ്. പ്രതികരണശേഷിയുള്ള പുതിയ തലമുറയാണു തങ്ങളുടെ കുട്ടികളെന്നു പറയുമ്പോള്‍ അധ്യാപകരുടെ മുഖത്തും അഭിമാനം തെളിയുന്നുണ്ട്. കേരളത്തിന്റെ സാമൂഹിക മുന്നേറ്റവുമായി ചേര്‍ത്ത് വായിക്കാവുന്ന ചരിത്രത്തിന്റെ ഇടം കൂടിയാണിത്. നിരവധി പ്രഗത്ഭരെ സമ്മാനിച്ച ക്യാമ്പസാണ്. കേരളത്തിലെ ആദ്യ വനിതാ ജഡ്‌ജി അന്നാ ചാണ്ടി, കവയത്രി സുഗതകുമാരി, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, മുന്‍ മന്ത്രി സുശീല ഗോപാലന്‍, ഗായിക കെ എസ് ചിത്ര, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിന്നുമണി തുടങ്ങി ആ പട്ടിക നീളുന്നു. ഒ എന്‍ വി കുറുപ്പും ഹൃദയകുമാരി ടീച്ചറുമൊക്കെ ഇവിടത്തെ അധ്യാപകരായിരുന്നു.
പഴമയുടെ തലയെടുപ്പോടെ
ഹെറിറ്റേജ് മാതൃകയിലുള്ള കെട്ടിടങ്ങളാണ് ഇവിടത്തെ പ്രത്യേകത. നൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും ഇന്നും അവ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഈജിപ്ഷ്യന്‍ വാസ്തുശില്പകല അടിസ്ഥാനമാക്കിയാണ് പ്രധാന കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വിശാലമായ പ്രവേശനത്തളവും തടിയില്‍ തീര്‍ത്ത കോണിപ്പടികളും കൂറ്റന്‍ തൂണുകളും തടിയില്‍ പണിത നടപ്പാതകളും അര്‍ധവൃത്താകൃതിയിലുള്ള കെട്ടിടവുമൊക്കെ ഈ ക്യാമ്പസിന്റെ ഭംഗിയിരട്ടിയാക്കുന്നുണ്ട്. സംഗീതവിഭാഗം പ്രവര്‍ത്തിക്കുന്നതാകട്ടെ കേരളീയ ക്ഷേത്രമാതൃകയിലുള്ള കെട്ടിടത്തിലാണ്. മലയാളം, സംസ്‌കൃതം, ഫിലോസഫി, തമിഴ് വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളും പൗരാണികത കാത്തുസൂക്ഷിക്കുന്നവയാണ്. ആദ്യമായി ക്യാമ്പസിലെത്തുന്നവരുടെ മനസ്സ് പോലും ഈ മന്ദിരങ്ങള്‍ കീഴടക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
മികവില്‍ നിന്നും മികവിലേക്ക്
കോളേജിലെ പഠനാന്തരീക്ഷവും എടുത്തുപറയണം. വകുപ്പുകളുടെയും അധ്യാപകരുടെയും മികവ് തന്നെയാണ് കോളേജിന്റെ മഹത്വം വര്‍ധിപ്പിക്കുന്നത്. 25 വകുപ്പുകളിലായി 18 ഡിഗ്രി കോഴ്‌സുകളും 17 പി ജി കോഴ്‌സുകളും 12 റിസര്‍ച്ച് ഡിപ്പാര്‍ട്ടുമെന്റുകളുമാണ് ഇപ്പോഴിവിടെയുള്ളത്. തുടര്‍ച്ചയായി മൂന്നാം തവണയും നാക് അക്രെഡിറ്റേഷനില്‍ എ ഗ്രേഡാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിങ്ങില്‍ 75ാം സ്ഥാനവും. മികവില്‍ നിന്നും കൂടുതല്‍ മികവിലേക്കുള്ള യാത്രയിലാണ് സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല കൈവരിച്ച മികവിന്റെ നേര്‍സാക്ഷ്യം കൂടിയായ ഈ സര്‍ക്കാര്‍ കലാലയം