നവകേരളവും സുസ്ഥിര വികസന ലക്ഷ്യങ്ങളും
കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാം നിരവധി വികസന മേഖലകളില്‍ ദേശീയ തലത്തില്‍ അനേകം പുരസ്‌കാരങ്ങള്‍ നേടിയ സംസ്ഥാനമാണ് കേരളം. ഏതാണ്ട് എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും മറ്റെല്ലാ സംസ്ഥാനത്തേക്കാളും മുന്‍പന്തിയില്‍ നില്‍ക്കുവാനും മറ്റുള്ളവര്‍ക്ക് മാതൃകയാകാനും സാധിക്കുന്ന രീതിയിലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌ക്കാരങ്ങള്‍. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ മുതല്‍ സംസ്ഥാനത്തിന്റെ വികസനപാത ഏത് ദിശയില്‍ ആയിരിക്കണമെന്ന വ്യക്തമായ ധാരണ ഉറപ്പിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
ജനങ്ങളുടെ ക്ഷേമത്തില്‍ ഊന്നിയ ഭരണ രീതിയും നയ-വികസന സമീപനങ്ങളും ഭരണക്രമവുമാണ് കേരളത്തെ ഈ നിലയില്‍ എത്താന്‍ സഹായിച്ചത്. എന്നാല്‍ മുന്‍കാലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ കൂടിയുള്ള നേട്ടങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും ന്യൂനതകള്‍ പരിഹരിക്കാനും പുതിയ ആവശ്യങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാനും ഉതകുന്ന രീതിയിലാണ് നവകേരളം കര്‍മ്മ പരിപാടി ആരംഭിച്ചത്. അതുവഴി കേരളത്തിലെ വികസന രംഗങ്ങളില്‍ ഉണ്ടായ കുതിച്ചു ചാട്ടത്തിന്റെ പ്രതിഫലനം കൂടിയാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം നാം നേടിയ പുരസ്‌ക്കാരങ്ങള്‍. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ നാം നേടിയ അംഗീകാരം. രാജ്യത്ത് നീതി ആയോഗിന്റെ നേതൃത്വത്തില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയിട്ടുള്ള റാങ്കിങ്ങില്‍ എല്ലാ തവണയും ഒന്നാം സ്ഥാനം നേടുവാനും നില നിര്‍ത്തുവാനും കേരളത്തിന് സാധിച്ചു എന്നത് അഭിമാനകരമാണ്.
എന്താണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍
നേട്ടങ്ങള്‍ കൂടുതല്‍ ശക്തമാക്കി മുന്നോട്ടു പോകുവാന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ രീതി ശാസ്ത്രം സഹായകമായേക്കും. പ്രത്യേകിച്ചും ലക്ഷ്യാധിഷ്ഠിതമായുള്ള ആസൂത്രണ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ക്ക് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ രീതി ശാസ്ത്രം നമുക്ക് പ്രയോജനപെടുത്താം.
ഇതിനുള്ളില്‍ നിന്നുകൊണ്ട് സംസ്ഥാനത്തിന്റെ നയ സമീപനങ്ങളുടെ അടിസ്ഥാനത്തില്‍ വികസന വിടവുകളും ന്യൂനതകളും കണ്ടെത്തി ലക്ഷ്യങ്ങള്‍ വീണ്ടും ഉറപ്പിച്ചു മുന്നോട്ടു പോകാന്‍ അത് സഹായകമാവും. ഈ സാഹചര്യത്തില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്താണ് എന്നും അതില്‍ കേരളം ഏത് നിലയില്‍ നില്‍ക്കുന്നു എന്നതു കൂടി പരിശോധിക്കേണ്ടതാണ്. 2030-തോടെ എല്ലാത്തരം ദാരിദ്ര്യവും അവസാനിപ്പിക്കാനും അസമത്വങ്ങള്‍ക്കെതിരെ പോരാടാനും, കാലാവസ്ഥ വ്യതിയാനങ്ങള്‍ നേരിടാനും വേണ്ടി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ നിശ്ചയിച്ചിട്ടുള്ള 17 ലക്ഷ്യങ്ങളാണ് Sustainable Development Goals അഥവാ സുസ്ഥിര വികസനലക്ഷ്യങ്ങള്‍. ദാരിദ്ര്യമില്ലായ്മ, വിശപ്പുരഹിതം, നല്ല ആരോഗ്യവും ക്ഷേമവും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ വെള്ളവും ശുചിത്വവും, താങ്ങാവുന്നതും ശുദ്ധവുമായ ഊര്‍ജം, മാന്യമായ ജോലിയും സാമ്പത്തിക വളര്‍ച്ചയും, വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങള്‍, അസമത്വം കുറയ്ക്കുക, സുസ്ഥിര നഗരങ്ങളും കമ്മ്യൂണിറ്റികളും, ഉത്തരവാദിത്ത ഉപഭോഗവും ഉല്‍പാദനവും, കാലാവസ്ഥ പ്രവര്‍ത്തനം, വെള്ളത്തിന് താഴെയുള്ള ജീവിതം, കരയിലെ ജീവിതം, സമാധാനം/നീതി/ശക്തമായ സ്ഥാപനങ്ങള്‍, ലക്ഷ്യങ്ങള്‍ക്കുള്ള പങ്കാളിത്തം എന്നിവയാണ് ലക്ഷ്യങ്ങള്‍.
പരിസ്ഥിതിയും വികസനവും സംബന്ധിച്ച ഐക്യരാഷ്ട്ര സഭ 1992 ജൂണ്‍ 3 മുതല്‍ 14 വരെ റിയോ ഡി ജനീറോയില്‍ വച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ അംഗീകരിച്ച തത്വങ്ങളുടെ വെളിച്ചത്തിലാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്ന കാഴ്‌ചപ്പാട് രൂപപ്പെട്ടു വന്നത്. റിയോ പ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കും പ്രകാരം പ്രകൃതിയുമായി ഇണങ്ങിയുള്ള ആരോഗ്യകരവും ഉല്‍പാദനക്ഷമവുമായ ജീവിതം മനുഷ്യന്റെ അവകാശമാണെന്ന കാഴ്‌ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിച്ചിട്ടുള്ളത്. സുസ്ഥിര വികസനമെന്നാല്‍ ഭാവി തലമുറയ്ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സാധ്യതകളെയും ശേഷികളെയും പ്രതികൂലമായി ബാധിക്കാതെ വര്‍ത്തമാന കാലത്തിന്റെ ആവശ്യം നിറവേറ്റപ്പെടുന്ന തരത്തിലുള്ള വികസന സമീപനമാണ്. ഇത് തന്നെയാണ് കേരളത്തിന്റെയും കാഴ്‌ചപ്പാട്. 2015 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന ഉച്ചകോടിയില്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയിലെ 193 അംഗരാജ്യങ്ങള്‍ അംഗീകരിച്ച് 2016 ജനുവരി ഒന്ന് മുതല്‍ ‘സുസ്ഥിര വികസനത്തിനു വേണ്ടിയുള്ള 2030 അജണ്ട’ നിലവില്‍ വന്നു.
ദേശീയ സൂചകങ്ങളിലെ കേരളം
ഐക്യരാഷ്ട്ര സഭയുടെ ആഗോള സൂചകങ്ങളുടെ ((Global Indicators) ൻ്റെ അടിസ്ഥാനത്തില്‍ നീതി ആയോഗിന്റെ നേതൃത്വത്തില്‍ ദേശീയ സൂചകങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം കേരളം ഒന്നാം സ്ഥാനം കൈവരിച്ചത്.
സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതിയെ ആശ്രയിച്ച് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും റാങ്ക് ചെയത് വരുന്നുണ്ട്. 2018 മുതല്‍ 2020 വരെ കേരളത്തിന്റെ വിവിധ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ സംയോജിത സ്‌കോറില്‍ ആദ്യത്തെ രണ്ട് ലക്ഷ്യങ്ങളും ദാരിദ്ര്യമില്ലായ്മയും വിശപ്പ് രഹിതവും-സ്ഥിരവും വാഗ്‌ദാനപ്രദവുമായ വളര്‍ച്ച കാണിച്ചു. വിശപ്പുരഹിത കേരളവും അതീവ ദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയാനുള്ള ഇടപെടലുകളും കുടുംബശ്രീ പ്രവര്‍ത്തനങ്ങളും ഫലപ്രദമാകുന്നു എന്നതാണ് ഇത് തെളിയിക്കുന്നത്. ലിംഗസമത്വം ഉറപ്പാക്കുന്ന കാര്യത്തില്‍ – ലക്ഷ്യം 5 – ഈ കാലയളവില്‍ വളരെ ഗണ്യമായ വര്‍ധനവാണ് കാണിക്കുന്നത്.
ജലക്ഷാമവും മലിനീകരണവും പരിഹരിക്കുന്നതിനും എല്ലാവര്‍ക്കും ജലത്തിന്റെയും ശുചിത്വത്തിന്റെയും ലഭ്യതയും സുസ്ഥിര മാനേജ്മെന്റും ഉറപ്പാക്കുന്നതിനും വലിയ മാറ്റമാണ് (ലക്ഷ്യം 6) സൂചിപ്പിക്കുന്നത്. എല്ലാവര്‍ക്കും താങ്ങാനാവുന്നതും വിശ്വസനീയവും സുസ്ഥിരവും ആധുനികവുമായ ഊര്‍ജത്തിലേക്കുള്ള പ്രവേശനം ഉറപ്പാക്കുകയും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകള്‍ വികസിപ്പിക്കുന്നതിനും വലിയ നിലയിലുള്ള മാറ്റമാണ് കാണാന്‍ കഴിയുന്നത്. അവിടെ 100% സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത് നവകേരള കര്‍മ്മ പരിപാടിയുടെ ഭാഗമായുള്ള ഹരിതകേരളം ദൗത്യം ലക്ഷ്യത്തിലേക്ക് നീങ്ങുന്നു എന്ന സൂചനയാണ് നല്‍കുന്നത്. സംസ്ഥാനത്തിന്റെ കോംപോസിറ്റ് സ്‌കോര്‍ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ 69 ല്‍ നിന്നും 75 ആയി ഉയര്‍ന്നു. ദേശീയ സ്‌കോര്‍ 66 ആയിരിക്കുമ്പോള്‍ ആണ് കേരളം 75 എന്ന സ്‌കോറില്‍ എത്തിനിൽക്കുന്നത് എന്നത് ശ്രദ്ധേയം.
ഈ ഓരോ ലക്ഷ്യങ്ങളിലും ഇനിയുമേറെ മുന്നേറാനുണ്ട് എന്ന തിരിച്ചറിവാണ് നമ്മെ നയിക്കുന്നത്. അതിനാല്‍ തന്നെയാണ് നവകേരള കര്‍മ്മ പരിപാടിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചതും. ഓരോ ലക്ഷ്യങ്ങളിലെയും ഉപലക്ഷ്യങ്ങളെ മനസ്സിലാക്കി അത് നേടാനുള്ള സമയബന്ധിത പരിപാടികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.