സുരക്ഷിതവാസം സുഗമം

പട്ടിക വിഭാഗക്കാരുടെ ഭവന പൂര്‍ത്തീകരണവും പുനരുദ്ധാരണവും ലക്ഷ്യമിട്ട് 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ സേഫ് പദ്ധതി (SAFE- Secure Accommodation and Facility Enhancement) നടപ്പിലാക്കി വരുന്നു. പദ്ധതി പ്രകാരം ഭവന പൂര്‍ത്തീകരണം/പുനരുദ്ധാരണം എന്നിവയ്ക്കായി ആകെ രണ്ട് ലക്ഷം രൂപ മൂന്ന് ഗഡുക്കളായി വിതരണം ചെയ്യുന്നു. ഒന്നാം ഗഡു 50,000/ രൂപ, രണ്ടാം ഗഡു 1,00,000/ രൂപ മൂന്നാം ഗഡു 50,000/ രൂപ ക്രമത്തിലാണ് തുക അനുവദിക്കുന്നത്.

അര്‍ഹതാ മാനദണ്ഡങ്ങള്‍

  • വരുമാന പരിധി ഒരു ലക്ഷം രൂപ വരെ.

  • 2010 ഏപ്രില്‍ 1 നു ശേഷം ഭവന പൂര്‍ത്തീകരണം നടത്തിയിട്ടുള്ള പട്ടികജാതി കുടുംബങ്ങള്‍. (01.04.2010 മുതല്‍ 26.09.2017 വരെ)

  • വീട് അപേക്ഷകന്റേയോ ഭാര്യ/ഭര്‍ത്താവിന്റെയോ പേരില്‍ ഉള്ളതായിരിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ ഭവന പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം ലഭിച്ചവരെ പരിഗണിക്കില്ല.

  • ഇരുനില വീടുകള്‍ പരിഗണിക്കില്ല.

ആവശ്യമായ രേഖകള്‍

  1. അപേക്ഷകന്റെ ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകള്‍.

  2. കൈവശ / ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍.

  3. ആവശ്യമായ നിര്‍മ്മാണ ഘടകങ്ങള്‍ അടങ്ങിയ അപേക്ഷകന്റെ സ്റ്റേറ്റ്‌മെൻ്റ്.

  4. അവസാന ഗഡു കൈപ്പറ്റിയത് സംബന്ധിച്ച് വകുപ്പ്/എഞ്ചിനീയറില്‍ നിന്നുള്ള സാക്ഷ്യപത്രം മുമ്പ് മെയ്ൻ്റനൻസ് ഗ്രാന്റ് ലഭിച്ചത് സംബന്ധിച്ച സാക്ഷ്യപത്രം.

  5. നിശ്ചിത മാതൃകയിലുള്ള മേല്‍ക്കൂര നിര്‍മ്മിക്കാത്തതിനാല്‍ അവസാന ഗഡു സംഖ്യ നല്‍കിയിട്ടില്ലെന്നത് സംബന്ധിച്ച് വകുപ്പ് / ഏജന്‍സിയുടെ സാക്ഷ്യപത്രം.

  6. സ്വന്തമായി ഭവനം നിര്‍മ്മിച്ചവര്‍ വീടിന്റെ കാലപ്പഴക്കം തെളിയിക്കുന്ന സാക്ഷ്യപത്രം സെക്രട്ടറി / അസി.എഞ്ചിനീയറില്‍ നിന്നും ലഭ്യമാക്കണം.

  7. മുമ്പ് മെയ്ൻ്റനൻസ് ഗ്രാന്റ്, റിപ്പയര്‍ എന്നിവ ലഭിച്ചത് സംബന്ധിച്ച സാക്ഷ്യപത്രം.

  8. ആധാര്‍, റേഷന്‍ കാര്‍ഡ്, പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പ്.

മുന്‍ഗണന മാനദണ്ഡങ്ങള്‍

മേല്‍ക്കൂര, ടോയിലറ്റ് എന്നിവയില്ലാത്ത പൂര്‍ത്തിയാകാത്ത കുടുംബങ്ങള്‍ക്ക് മുന്‍ഗണന.

തുടര്‍ന്നുള്ള മുന്‍ഗണന

  1. ഭര്‍ത്താവ് മരണപ്പെട്ട്/ഉപേക്ഷിച്ച വനിതകള്‍ കുടുംബനാഥയായ കുടുംബം.

  2. ഭിന്നശേഷിക്കാര്‍ /മാരകരോഗങ്ങള്‍ ബാധിച്ചവരുള്ള കുടുംബം.

  3. വിദ്യാര്‍ഥികളുള്ള കുടുംബം.

  4. വനിതകള്‍ മാത്രമുള്ള കുടുംബം.

  5. ഒന്നിലധികം വിദ്യാര്‍ഥിനികളുള്ള കുടുംബം.

  6. മുന്‍പ് മെയ്ൻ്റനൻസ് ഗ്രാന്റ് ലഭിക്കാത്ത കുടുംബം.

  7. 800 ച.അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട്.

  8. പഠനമുറി അനുവദിച്ചിട്ടില്ലാത്ത കുടുംബം.

  9. നിര്‍മ്മാണ ഘടകങ്ങളില്‍ അഞ്ചില്‍ അധികം ഘടകങ്ങള്‍ ആവശ്യമുള്ള കുടുംബം.

  10. 50,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബം.