ഡിജിറ്റല്‍ വിപ്ലവം
പട്ടികവര്‍ഗ ജനവിഭാഗങ്ങളെ കാലത്തിനൊത്തു സഞ്ചരിക്കത്തക്ക പ്രാപ്തിയുള്ളവരാക്കി മാറ്റുക എന്ന നയത്തിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സൗകര്യം എത്താത്ത ഊരുകളില്‍ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനായി ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ ഏരിയ എന്ന പദ്ധതി ആവിഷ്‌കരിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 1284 പട്ടികവര്‍ഗ ഊരുകളില്‍ 1083 ല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉറപ്പാക്കി.
പട്ടികവര്‍ഗ കോളനികളിലെ സാമൂഹ്യ പഠനമുറികളെ സ്‌മാർട്ടാക്കി ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സഹായത്തോടെ വിദ്യാഭ്യാസം, ആരോഗ്യാവബോധം, രോഗനിര്‍ണ്ണയം എന്നിവയ്ക്ക് സഹായകരമാകുന്ന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്ത്താല്‍മോളജി, CSIR, NIIST എന്നീ ഏജന്‍സികളുടെ സഹകരണത്തോടെ വിദ്യാഭ്യാസം, ആരോഗ്യ അവബോധം, രോഗനിര്‍ണ്ണയം, തൊഴിലവസരം എന്നിവയ്ക്ക് സഹായകമാകുന്ന കേന്ദ്രങ്ങളായി സാമൂഹ്യ പഠനമുറികളെ ഉയര്‍ത്തി, ആദിവാസി സമൂഹത്തിന് ഗുണപ്രദമായി ഉപയോഗിക്കുകയാണ് സുപ്രധാന ലക്ഷ്യം.
ആദ്യഘട്ടത്തില്‍ വയനാട് ജില്ലയില്‍ പദ്ധതി നടപ്പാക്കി വരുന്നു. 2023 ഡിസംബറോടെ കേരളത്തിലെ എല്ലാ ഊരുകളിലും ഇന്റര്‍നെറ്റ് കണക്‌ടിവിറ്റി ലഭ്യമാകും. കേവലം രോഗ നിര്‍ണ്ണയത്തിനപ്പുറം സമൂഹത്തിന്റെ പൊതുവായ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സമൂഹത്തില്‍ ആഴ്ന്നിറങ്ങിയ മദ്യം, മയക്കുമരുന്ന് പോലുള്ള ദുശ്ശീലങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ ശക്തമായ ബോധവല്‍ക്കരണം നൽകുന്നതിനും നൂതന ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പുതിയൊരു തലമുറയെ വാര്‍ത്തെടുക്കുന്നതിനും ഈ പദ്ധതി ഉപകരിക്കും.