പുതു വെളിച്ചം പടരുന്നു
അട്ടപ്പാടി മാറുകയാണ്. മുന്നേറ്റത്തിന്റെ, വികസനത്തിന്റെ പാതയില്‍. സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ കാഴ്‌ചപ്പാടും പദ്ധതി ആസൂത്രണവും നിര്‍വഹണവും കൊണ്ട് അട്ടപ്പാടിയിലെ ഗോത്ര ജനതയുടെ ജീവിതത്തില്‍ പുതിയ വെളിച്ചം പടരുന്നു.
പോഷകാഹാര സുരക്ഷാ പദ്ധതികള്‍, വിദ്യാഭ്യാസ മേഖലയിലെ പദ്ധതികള്‍, വനിതാ ശാക്തീകരണ പദ്ധതികള്‍, തൊഴില്‍ ലഭ്യത ഉറപ്പാക്കാനും, പുതിയ തൊഴില്‍ മേഖലകളിലേക്ക് പട്ടികവര്‍ഗ വിഭാഗത്തെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍, സാമൂഹിക പഠന മുറികള്‍, കൃഷിയിലൂടെയുള്ള ഉപജീവന പദ്ധതികള്‍, നൈപുണ്യ വികസന പദ്ധതികള്‍ എന്നിവ ആദിവാസി സമൂഹത്തിന്റെ വികസനം സാധ്യമാക്കി.
പട്ടിക വിഭാഗക്കാര്‍ കൂടുതലുള്ള പ്രദേശമാണെങ്കിലും അട്ടപ്പാടിയിലെ ജനതയുടെ ഭൂരിപക്ഷവും ഇപ്പോള്‍ കുടിയേറ്റ കര്‍ഷകരാണ്. ഉള്‍പ്രദേശങ്ങളും വനാന്തര്‍ ഭാഗങ്ങളും സര്‍ക്കാര്‍-സര്‍ക്കാരിതര കോളനികളിലും മാത്രമായി ഇപ്പോള്‍ ആദിവാസികള്‍ കുറഞ്ഞിരിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നു കുടിയേറിപ്പാര്‍ത്ത ഒരു ചെറിയ വിഭാഗം ജനങ്ങളും അട്ടപ്പാടിയിലുണ്ട്. ആദിവാസി വിഭാഗത്തിനായുള്ള പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിച്ച് ഒരേ കുടക്കീഴില്‍ കൊണ്ടുവരികയാണ് ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്പ്മെന്റ് പ്രൊജക്‌ട് (ഐ.ടി.ഡി.പി) പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാത്സല്യ സ്‌പർശം, വാത്സല്യ നിധി, അപ്പാരല്‍ പാര്‍ക്ക് തൊഴില്‍ പരിശീലന പദ്ധതി, ഗോത്ര ജീവിക എന്നിവ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ ഐ.ടി.ഡി.പി യിലൂടെ നടപ്പിലാക്കി വരുന്നു.
വാത്സല്യ സ്‌പർശം
ശിശു മരണങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച വാത്സല്യ സ്‌പർശം പദ്ധതി പ്രകാരം മുലയൂട്ടുന്ന അമ്മമാര്‍ക്ക് നേരിട്ട് വീടുകളിലെത്തി ബോധവല്‍ക്കരണം നല്‍കുന്നു. ഓരോ പഞ്ചായത്തിലും നഴ്‌സിങ്ങ് കഴിഞ്ഞ ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളെ തിരഞ്ഞെടുത്ത് ഓരോ വീടുകളും സന്ദര്‍ശിച്ച് കൃത്യമായി എങ്ങിനെ മുലയൂട്ടണം എന്നതില്‍ ബോധവല്‍ക്കരണം നടത്തുന്നു. സംസ്ഥാനത്ത് ആദ്യമായി അട്ടപ്പാടി മേഖലയിലാണ് ഇത്തരമൊരു പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്നത്.
പഠനത്തിന് കൂടുതല്‍ മികവ്
അട്ടപ്പാടിയില്‍ ജനിക്കുന്ന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് 2017-ല്‍ ആരംഭിച്ച പദ്ധതിയാണ് വാത്സല്യനിധി. ഓരോ കുട്ടിയുടെയും വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും വിദ്യാഭ്യാസത്തിനായി ഒരു നിശ്ചിത തുക സംസ്ഥാന സര്‍ക്കാര്‍ മാറ്റിവെക്കുന്നു. അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് കൂടുതല്‍ മികവ് നല്‍കുകയും മുതല്‍ക്കൂട്ടാവുകയുമാണ് അട്ടപ്പാടിയിലെ സാമൂഹിക പഠന മുറികള്‍. 43 സാമൂഹിക പഠന മുറികളാണ് അട്ടപ്പാടിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലായി ഉള്ളത്.
സ്‌കൂളുകളിലെ പഠനത്തിന് ശേഷം വൈകീട്ട് 5.30 മുതല്‍ രാത്രി 8.30 വരെ ട്യൂഷനും പി.എസ്.സി ക്ലാസുകളും പഠന മുറികളിലൂടെ നല്‍കുന്നു. ഉള്‍പ്രദേശങ്ങളിലെ പത്താം ക്ലാസ് വരെയുള്ള ആദിവാസി വിഭാഗം കുട്ടികള്‍ക്ക് യാത്രാ സൗകര്യം ഇല്ലാത്തതിനാല്‍ വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കുക, സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുകയും ലക്ഷ്യമിട്ട് വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ നിന്ന് സ്‌ക്കൂളിലേക്കും തിരിച്ചും സൗജന്യ യാത്ര ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് വിദ്യാ വാഹിനി. അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലായി 114 വാഹനങ്ങള്‍ ഓടുന്നുണ്ട്. 1904 വിദ്യാര്‍ഥികള്‍ക്ക് ഇത് പ്രയോജനമാവുന്നുണ്ട്. കൂടാതെ ഗോത്ര ബന്ധു പദ്ധതിയിലൂടെ 26 എയ്‌ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലായി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള 26 അധ്യാപകരെ അട്ടപ്പാടിയില്‍ നിയമിച്ചിട്ടുണ്ട്. ഗോത്ര ഭാഷ പഠിപ്പിക്കുന്നതിലൂടെ അട്ടപ്പാടി മേഖലയില്‍ പത്താം ക്ലാസ് പാസാകുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ഗോത്ര ബന്ധു പദ്ധതിയുടെ ലക്ഷ്യം.
വനിതാശക്തീകരണം
അട്ടപ്പാടിയിലെ വനിതകളുടെ ശക്തീകരണം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച തൊഴില്‍ പരിശീലന പദ്ധതിയാണ് അപ്പാരല്‍ പാര്‍ക്ക്. തൃശ്ശൂരിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ടെക്സ്റ്റൈല്‍സ് ഡിസൈനിങ്ങ് മുഖേനയാണ് പരിശീലനം നല്‍കുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ അപ്പാരല്‍ പാര്‍ക്ക് ഒരു സൊസൈറ്റി ആയി രൂപീകരിക്കുകയും അട്ടപ്പാടിയിലെ 16 ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ യൂണിഫോമുകള്‍ നിര്‍വഹിച്ചു നല്‍കുന്നു. കൂടാതെ അട്ടപ്പാടിയിലെ പട്ടികവര്‍ഗ വിഭാഗക്കാരായ യുവതീ യുവാക്കള്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ വിദഗ്‌ധ പരിശീലനം നല്‍കി തൊഴില്‍ ലഭ്യത ഉറപ്പു വരുത്താനുള്ള ഗോത്ര ജീവിക പദ്ധതി നടപ്പിലാക്കി വരുന്നു. പദ്ധതിയിലൂടെ 310 പേര്‍ പരിശീലനം നേടി.
കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍, ടൈലിങ്ങ്, ഫ്‌ളോറിങ്ങ്, ഹോളോ ബ്രിക്‌സ്, മൊബൈല്‍ റിപ്പയറിങ്ങ്, എന്നീ ജോലികളില്‍ പരിശീലനം പൂര്‍ത്തിയാക്കി ഒന്‍പത് സംഘങ്ങള്‍ രൂപീകരിച്ചു. വനിതകള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കി ജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വട്ട്ലക്കി ഫാമിങ്ങ് സൊസൈറ്റിയിലൂടെ മുള ഉല്‍പന്നങ്ങള്‍ നിർമ്മിച്ച് വിപണിയിലെത്തിക്കുകയാണ്. അലങ്കാര വസ്‌തുക്കൾ, ഗൃഹോപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്.
കോട്ടത്തറ ആശുപത്രി
കോട്ടത്തറ ഗവണ്‍മെന്റ് ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് നിരവധി പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. 120 കിടക്കകളുള്ള ആശുപത്രിയില്‍ പ്രതിദിനം ശരാശരി 400 ഒ.പി യും 100 ഐ.പിയുമാണ് വരുന്നത്. ഞായറാഴ്‌ച ഒഴികെയുള്ള ദിവസങ്ങളില്‍ ജനറല്‍ മെഡിസിന്‍, ഗൈനക്, ഒഫ്‌താൽമോളജി, സൈക്യാട്രി, പീഡിയാട്രിക്, സര്‍ജറി ആന്‍ഡ് അനസ്തേഷ്യ വിഭാഗം എന്നിവയുടെ സ്പെഷ്യാലിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഓര്‍ത്തോ ഒ.പി, ഇ.എന്‍. ടി ഒ.പി എന്നിവയും സെക്കന്‍ഡറി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ഒ.പി, മോര്‍ഫിന്‍ ക്ലിനിക് എന്നിവയുമുണ്ട്.
സിക്കിള്‍സെല്‍ അനീമിയ ക്ലിനിക്, ജനിതക കൗണ്‍സിലിങ്ങ്, കൗമാര കൗണ്‍സിലിങ്ങ്, കുടുംബ ക്ഷേമ കൗണ്‍സിലിങ്ങ്, വന്ധ്യതാ ക്ലിനിക്, ക്യാന്‍സര്‍ നിര്‍ണയ ക്ലിനിക് എന്നിവ കൂടാതെ ഫിസിയോതെറാപ്പി സൗകര്യം, ഡയറ്റീഷ്യന്‍ സേവനം, തിമിര രോഗം കണ്ടെത്തുന്നതിനുള്ള ഒ.പി, അത്യാഹിത വിഭാഗം, ലാബ്, എക്സ്റേ, ഫാര്‍മസി സൗകര്യം, നാല് കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ് എന്നിവയും പ്രവര്‍ത്തിക്കുന്നു. 11 കിടക്കകളുള്ള പുതിയ ഡയാലിസിസ് യൂണിറ്റ് സജ്ജമായിക്കൊണ്ടിരിക്കുന്നു. നിലവില്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി- അഡിക്ഷന്‍ സെന്ററിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന പണിയും പുരോഗമിക്കുകയാണ്. ആധുനിക സൗകര്യങ്ങളോടെയുള്ള മോഡല്‍ ലേബര്‍ റൂമിന്റെ പണിയും പുരോഗമിക്കുകയാണ്.
സഞ്ചരിക്കുന്ന റേഷന്‍ കടയും സജീവം
റേഷന്‍ കടകളിലേക്ക് എത്താന്‍ കഴിയാത്ത ഉള്‍ക്കാടുകളില്‍ താമസിക്കുന്നവര്‍ക്കായി വനം വകുപ്പിന്റെ സഹായത്തോടെ സഞ്ചരിക്കുന്ന റേഷന്‍ കടയും പ്രവര്‍ത്തിക്കുന്നുണ്ട്. ആനവായ്, മേലെ തൊഡുക്കി, താഴെ തൊഡുക്കി, ഗലസി, പാലപ്പട, തുടങ്ങിയ സ്ഥലങ്ങളിലേക്ക് വ്യാഴാഴ്‌ചകളിൽ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സഞ്ചരിക്കുന്ന റേഷന്‍ കട മുഖാന്തരം റേഷന്‍ വിതരണം നടത്തി വരുന്നുണ്ട്.