നിലമ്പൂരില്‍ നിന്ന് നോര്‍വേയിലേക്ക്

നിലമ്പൂരിലെ വന മേഖലയിലെ ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്ന് രാജ്യത്തിന് പുറത്തു പോകുന്ന ആദ്യ വ്യക്തിയെന്ന ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ് കുസാറ്റില്‍ ആദിവാസികളുെട സാമൂഹ സാമ്പത്തിക വിഷയത്തില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ വിനോദ് ചെല്ലന്‍. നോര്‍വേയിലേ ട്രോമസോ ആര്‍ട്രിച്ച് സര്‍വകലാശാലയില്‍ 2023 മാര്‍ച്ച് 27 മുതല്‍ 31 വരെ നടന്ന അന്തര്‍ ദേശീയ സെമിനാറില്‍ പങ്കെടുക്കാനായി. സെമിനാറില്‍ പങ്കെടുക്കുന്നതിന് പട്ടികവര്‍ഗ വകുപ്പ് ഒരുലക്ഷം രൂപ അനുവദിച്ചിരുന്നു.

വിനോദ് പറയുന്നു: ഇന്ത്യയിലെ വേട്ടയാടുന്ന ഗോത്രങ്ങള്‍ അഭിമുഖീകരിക്കുന്ന സാമൂഹിക-സാമ്പത്തിക വെല്ലുവിളികളെ കുറിച്ച്, പ്രത്യേകമായി ചോലനായ്ക്കരുടെ ജീവിതത്തെ പരാമര്‍ശിച്ച്, സെമിനാറില്‍ സംസാരിച്ചു. നല്ല രീതിയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ കഴിഞ്ഞു. വിദേശ യാത്രക്ക് പ്രത്യേക അനുമതിയോടെയാണ് എനിക്ക് പട്ടികജാതി/പട്ടികവര്‍ഗ വകുപ്പ് ഫണ്ട് അനുവദിച്ചത്. തീരെ സാമ്പത്തികമില്ലാത്ത കുട്ടികള്‍ക്ക് പോലും വിദേശത്തേക്ക് പോകാന്‍ കഴിയുമെന്ന് എന്റെ ഈ യാത്രയിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു.

ആദിവാസി കുട്ടികളുടെ മാനസികാവസ്ഥ മറ്റു കുട്ടികളെക്കാളും വ്യത്യസ്‌തമാണ്. ഒരു ആദിവാസി കുട്ടിക്ക് എട്ടു വയസ്സായാല്‍ ജീവിക്കാന്‍ പ്രാപ്‌തനായി എന്നാണു കാഴ്‌ചപ്പാട്. അവിടെ നിന്ന് സ്‌കൂളിലേക്കു വരുമ്പോള്‍ മിക്ക കുട്ടികള്‍ക്കും പിടിച്ചു നില്‍ക്കാന്‍ പ്രയാസമാണ്. മലയാളം പഠിക്കണം. ആദിവാസികളെ സംബന്ധിച്ചിടത്തോളം അറിയാത്തൊരു ഭാഷയാണത്. ഇതിനു പുറമെ മറ്റു വിഷയങ്ങളും. ‘പത്താം ക്ലാസ് കഴിഞ്ഞു മറ്റു കോഴ്‌സുകളിലേക്ക് പോകുമ്പോള്‍ ഒരു വിഷയത്തിലും അടിസ്ഥാനം ഉണ്ടായിരിക്കില്ല. ഇതിനു പുറമെ സാമ്പത്തിക പ്രശ്‌നവും. പത്താം ക്ലാസ് കഴിഞ്ഞാല്‍ വിദ്യാഭ്യാസത്തില്‍ ഉറച്ചു നില്‍ക്കാന്‍ അവര്‍ക്കു ബുദ്ധിമുട്ടാണ്. വിദ്യാഭാസം കിട്ടിയാല്‍ ഒരു ജോലി എന്ന് പറഞ്ഞാണ് ഇന്ന് മിക്ക ആദിവാസി കുട്ടികളെയും സ്‌കൂളിലേക്ക് ആകര്‍ഷിക്കുന്നത്. ജോലി എന്നതിലുപരി വിദ്യാഭ്യാസം നേടിയാല്‍ അവരുടെ ജീവിത നിലവാരം ഉയരും എന്ന് ഇവരെ ബോധ്യപ്പെടുത്തണം.