വിദ്യാഭ്യാസത്തിലൂടെ പൊതുധാരയിലേക്ക്
മിഷണറി പ്രവര്‍ത്തനങ്ങളും ബ്രിട്ടീഷ്-നാടുവാഴി ദ്വയങ്ങളും കേരള പൊതു സമൂഹത്തെ ആധുനിക വിദ്യാഭ്യാസം പഠിപ്പിച്ചു തുടങ്ങിയ കൊളോണിയല്‍ കാലഘട്ടത്തില്‍ ഗോത്ര സമൂഹങ്ങള്‍ ആ ചിത്രങ്ങളുടെ ഏഴയലത്ത് പോലുമില്ലായിരുന്നു. അക്കാലത്ത് അവിടേക്ക് എത്തി നോക്കിയ ഏക ഗോത്ര സമൂഹം മധ്യ തിരുവിതാംകൂറിലെ മലയരയരായിരുന്നു. 19-ാം നൂറ്റാണ്ടവസാനം തന്നെ സ്‌കൂളുകളിലെത്താന്‍ കഴിഞ്ഞതിന്റെ സാമൂഹിക പുരോഗതി അവരിലെമ്പാടും കാണാവുന്നതുമാണ്. അക്കാലത്ത് തങ്ങള്‍ക്കും സ്‌കൂള്‍ വേണമെന്നാവശ്യപ്പെട്ട് ഹെൻറി ബേക്കര്‍ സായിപ്പിനെ സമീപിച്ച മലയരയ മൂപ്പന്‍മാരുടെ അപേക്ഷ മാനിച്ച് കോട്ടയം മേലുകാവില്‍ തുടങ്ങിയ വെര്‍ണാക്കുലര്‍ സ്‌കൂള്‍ അങ്ങനെ ഗോത്ര വിദ്യാഭ്യാസ ചരിത്രത്തിന്റെ ആദ്യ ഏടായി. ഒരു നൂറ്റാണ്ടിനു ശേഷം 1978-ലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥിതി വിവരക്കണക്ക് പ്രകാരം അന്ന് പത്താം തരമോ അതിന് മുകളിലോ പഠിച്ച ആകെ 1946 ഗോത്ര വിഭാഗക്കാരില്‍ 1372 പേരും ആ മലയരയ ഗോത്ര സമൂഹത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു. വനാന്തരങ്ങളിലും മലയോരങ്ങളിലും അധിവസിച്ചിരുന്ന പല ഗോത്രസമൂഹങ്ങളും അപ്പോഴും പൊതു വിദ്യാഭ്യാസത്തിന്റെ ഹരിശ്രീ കുറിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
എം എസ് സര്‍ക്കാരിട്ട അടിസ്ഥാനം
ചരിത്രപരമായ കാരണങ്ങളാല്‍ പൊതു സമൂഹത്തില്‍ നിന്നും അരികിലായി പോയ പട്ടികവര്‍ഗ സമൂഹങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉയര്‍ത്തെഴുന്നേല്‍പിന് നൂതനവും ഫല പ്രാപ്‌തിയുള്ളതുമായ വിദ്യാഭ്യാസ പരിപാടികളാണ് ആവശ്യമെന്ന് ആദ്യ ഇ എം എസ് സര്‍ക്കാരിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം, കേരളത്തിന്റെ വനാന്തരങ്ങളില്‍ താമസിക്കുന്നവര്‍ക്കായി ഗവ. റസിഡന്‍ഷ്യല്‍ ബേസിക് സ്‌കൂളുകള്‍ എന്ന ജി ആര്‍ ബി സ്‌കൂളുകള്‍ പ്രാഥമിക വിദ്യാഭ്യാസം നൽകാനായി പല വനാന്തരങ്ങളിലും പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നെങ്കിലും അതൊന്നും ലക്ഷ്യത്തിലേക്കെത്തുന്നില്ലെന്ന് ആദ്യ സര്‍ക്കാരിന് ബോധ്യപ്പെട്ടിരുന്നു. വനവിഭവ ശേഖരണത്തിനും പുനം കൃഷികള്‍ക്കുമായി കാട് കേറുന്നവരുടെ മക്കളെ സംരക്ഷിക്കാനും പ്രാഥമിക വിദ്യാഭ്യാസം നൽകാനും തുടങ്ങിയ ഈ സ്ഥാപനങ്ങളെ സംശയത്തോടെയാണ് അന്ന് ഗോത്ര സമൂഹവും കണ്ടിരുന്നത്. പല കാലഘട്ടങ്ങളിലായി നിലവില്‍ വന്ന വിവിധ വന നിയമങ്ങള്‍ മൂലം കാടിന്റെ അധികാരങ്ങള്‍ നഷ്‌ടപ്പെട്ടു തുടങ്ങിയ അവര്‍ക്ക്, അവരുടെ ഭൂമിയും അവകാശങ്ങളും കവര്‍ന്ന പുറം നാട്ടുകാരുടെ പ്രതിനിധികള്‍ തന്നെ കാട്ടിലേക്ക് പുതിയ ഭാഷയും (മലയാളം) വിദ്യാഭ്യാസ പദ്ധതികളുമായി വരുന്നതിനെ സംശയത്തോടെ വീക്ഷിക്കാനേ അന്നത്തെ സാഹചര്യങ്ങള്‍ അനുവദിച്ചിരുന്നുള്ളൂ.
ആദ്യത്തെ സര്‍ക്കാരിന്റെ സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വനാന്തരങ്ങളില്‍ പൈല്‍ സ്‌കൂളുകള്‍ എന്ന പേരില്‍ ഏകാധ്യാപക പ്രാഥമിക വിദ്യാലയങ്ങളും തുടര്‍ന്ന് ട്രൈബല്‍ ഹോസ്റ്റലുകളും സംസ്ഥാനത്ത് വ്യാപകമായി ആരംഭിച്ചു തുടങ്ങി. 1978-79 ലാണ് സംസ്ഥാനത്ത് വ്യാപകമായി ഗവ. ട്രൈബല്‍ ലോവര്‍ പ്രൈമറി സ്‌കൂളുകള്‍ ആരംഭിക്കുന്നത്. ആ വര്‍ഷം മാത്രം 100 സര്‍ക്കാര്‍ ട്രൈബല്‍ ലോവര്‍ പ്രൈമറി സ്‌കൂളുകള്‍ തുടങ്ങി. ഇതേ കാലത്ത് തന്നെ ഹൈസ്‌കൂള്‍ പഠിതാക്കള്‍ക്കായി പുറത്തുള്ള അത്തരം സ്‌കൂളുകള്‍ക്ക് സമീപം ട്രൈബല്‍ ഹോസ്റ്റലുകളും പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നീടവ ട്രൈബല്‍ പ്രീ മെട്രിക് ഹോസ്റ്റലുകളായി ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നു. സംസ്ഥാന വ്യാപകമായി ഇത്തരം 106 പ്രീമെട്രിക് ഹോസ്റ്റലുകളിലായി താമസിച്ചു കൊണ്ട് വീട്ടില്‍ നിന്നു പോയി പഠിക്കാന്‍ സാഹചര്യമില്ലാത്ത ഏഴായിരം കുട്ടികള്‍ ഇന്ന് പൊതു വിദ്യാലയങ്ങളില്‍ പഠിച്ചു വരുന്നു.
1980-കള്‍ വരെയും സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ ലോകത്തിലേക്ക് കാര്യമായി ഗോത്ര സമൂഹങ്ങള്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്ന് കാണാം. എന്നാല്‍ കാടിന് പുറത്ത് അധിവസിച്ചവരുള്‍പ്പടെ അപൂര്‍വം സമുദായങ്ങളിലെ കുറച്ച് ആള്‍ക്കാര്‍ അന്നത്തെ പരിമിതമായ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് പത്താം ക്ലാസ് പാസാവുകയും മുഖ്യധാരയിലൂടെ മുന്നോട്ട് നടക്കുകയും ചെയ്‌തിരുന്നു.
90-കളില്‍ അംബേദ്‌കർ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പബ്ലിക് സ്‌കൂള്‍ മാതൃകയില്‍ ഗോത്ര വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിച്ചു. എല്ലാവിധ ഹൈടെക് സംവിധാനങ്ങളുമുള്ള അത്തരം ഇരുപത്തി രണ്ട് റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലായി ഇപ്പോള്‍ ആറായിരം കുട്ടികള്‍ താമസിച്ച് പഠിക്കുന്നുണ്ട്. ഊരുകളില്‍ തന്നെ താമസിക്കുന്ന മറ്റു കുട്ടികള്‍ ഇതര പൊതു വിദ്യാഭ്യാസ സ്‌കൂളുകളിലുമായി മുഖ്യധാരയ്ക്കൊപ്പം ഇന്ന് പഠിക്കുന്നു. മുന്‍പ് സ്ഥാപിച്ച ട്രൈബല്‍ പ്രൈമറി സ്‌കൂളുകള്‍ പലതും ഇതിനകം ഹൈസ്‌കൂളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായും മാറിയിരുന്നു. ദുര്‍ഘട പ്രദേശങ്ങളില്‍ നിന്നും കുട്ടികളെ സൗജന്യമായി സ്‌കൂളിലെത്തിക്കാന്‍ 2013-ല്‍ സര്‍ക്കാര്‍ തുടങ്ങിയ ഗോത്ര സാരഥി പദ്ധതിയും (വിദ്യാ വാഹിനി) ഗോത്ര പൊതു വിദ്യാഭ്യാസ രംഗത്ത് നാഴികക്കല്ലായിരുന്നു. ഈ നൂറ്റാണ്ടാരംഭത്തോടെ മെഡിക്കല്‍ എഞ്ചിനിയറിങ്ങ് ഉള്‍പ്പടെയുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തും ഗോത്ര സമൂഹങ്ങളുടെ കാര്യമായ പ്രാതിനിധ്യമുണ്ടായി തുടങ്ങി. കഴിഞ്ഞ മൂന്ന് ദശകങ്ങള്‍ ഇക്കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു.
പുതിയ കാലം പുതിയ പദ്ധതികള്‍
സാമൂഹ്യ പഠന മുറികള്‍ പോലുള്ള വിപ്ലവകരമായ വിദ്യാഭ്യാസ പദ്ധതികളുമായി ഒന്നാം പിണറായി സര്‍ക്കാര്‍ ഗോത്ര വിദ്യാഭ്യാസ മേഖലയില്‍ സൃഷ്‌ടിപരമായ മാറ്റം കൊണ്ടു വന്നു. കംപ്യൂട്ടറും ഇന്റര്‍നെറ്റും ലൈബ്രറിയും ഉള്‍പ്പടെയുള്ള ആധുനിക പഠന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള സാമൂഹ്യ പഠന മുറികളില്‍ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഊരുകളില്‍ തന്നെയുള്ള അഭ്യസ്‌ത വിദ്യരായവരെ ഫെസിലിറ്റേറ്റര്‍മാരായി നിയമിച്ചിട്ടുണ്ട്. അത്തരം 362 സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ പട്ടികവര്‍ഗ മേഖലകളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നു. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ക്രിയാത്മക പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്.
പുതിയ തലമുറയില്‍ ഇതിന്റെയൊക്കെ ഫലമായി പ്രകടമായ മാറ്റം ഉണ്ടായിരിക്കുന്നു. 2021-ലെ കണക്ക് പ്രകാരം മെഡിക്കല്‍ ബിരുദവും ഗവേഷണ ബിരുദവുമുള്ള 152 പേരും എഞ്ചിനിയറിങ്ങ് ബിരുദവും ഡിപ്ലോമയുമുള്ള 1231 പേരും ബിരുദാനന്തര ബിരുദമുള്ള 2620 പേരും ബിരുദധാരികളായ 6636 പേരും പട്ടികവര്‍ഗ വിഭാഗങ്ങളിലുണ്ട് എന്നത് വിദ്യാഭ്യാസ മേഖലയില്‍ സമീപ കാലത്തുണ്ടായ പുരോഗതിയെ അടയാളപ്പെടുത്തുന്നു. പട്ടികവര്‍ഗ വിഭാഗങ്ങളുടെ അവകാശങ്ങളും പാരമ്പര്യ അറിവുകളും സംസ്‌കാരങ്ങളും സംരക്ഷിച്ചു കൊണ്ട് അവര്‍ക്ക് സാമൂഹിക സമത്വവും സുരക്ഷയും സാമ്പത്തിക വികസനവും വിദ്യാഭ്യാസ ഉന്നമനവും ഉറപ്പ് വരുത്തുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.