ഉയരെ സ്വപ്‌ന സാഫല്യം

നിശ്ചയ ദാര്‍ഢ്യവും സ്ഥിരോത്സാഹവും കൊണ്ട് എയർ ഹോസ്റ്റസായ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ഗോപിക ഗോവിന്ദിന്റെ യാത്ര ശ്രദ്ധേയമാണ്

വീടിനു മുകളിലൂടെ പറക്കുന്ന വിമാനത്തില്‍ ഇരിക്കാന്‍ കൊതിച്ചൊരു ബാല്യം ഗോപികയ്ക്കുണ്ടായിരുന്നു. എന്നിരുന്നാലും, കണ്ണൂരിലെ പട്ടികവര്‍ഗ വിഭാഗമായ കരിമ്പാല സമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി എന്ന നിലയില്‍, അത്തരമൊരു സ്വപ്‌നം  പിന്തുടരുന്നത് വെല്ലുവിളികള്‍ കൂടാതെയായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ എയര്‍ ഹോസ്റ്റസ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്ന സംസ്ഥാനത്തെ ആദ്യ ആദിവാസി വനിതയായി അവര്‍ മാറി. സംസ്ഥാന സര്‍ക്കാരിന്റെ പിന്‍ബലത്തോടെ മാത്രമാണ് തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത് എന്ന് ഗോപിക പറയുന്നു. ‘എന്റെ മാതാപിതാക്കള്‍ക്ക് ഉയര്‍ന്ന ഫീസ് നല്‍കി എന്നെ എയര്‍ഹോസ്റ്റസ് കോഴ്‌സിന് പഠിപ്പിക്കാന്‍ കഴിയില്ലായിരുന്നു. ഒരുലക്ഷം രൂപയിലധികം ചെലവാകുന്ന കോഴ്‌സ് ആയിരുന്നു. എല്ലാ സഹായവും സര്‍ക്കാര്‍ ഒരുക്കിത്തന്നു,’ ഗോപിക പറയുന്നു. വയനാട്ടിലെ ഡ്രീം സ്‌കൈ ഏവിയേഷന്‍ ട്രെയിനിങ് അക്കാദമിയിലായിരുന്നു പരിശീലനം.

തുടക്കത്തില്‍ തന്റെ സ്വപ്‌നം ആരോടും പങ്കുവച്ചിരുന്നില്ല ഗോപിക. പ്ലസ് ടുവും ഡിഗ്രിയും കഴിഞ്ഞപ്പോഴാണ് ഏവിയേഷന്‍ കോഴ്‌സിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഗോപിക ശ്രമിച്ചത്. ‘എവിടെയാണ് ഈ കോഴ്‌സ് പഠിപ്പിക്കുന്നതെന്നും എത്ര പണച്ചെലവ് ഉണ്ടാകുമെന്നും അറിയില്ലായിരുന്നു. പിന്നീട് കസിന്‍സിനോടും ചില സുഹൃത്തുക്കളോടും എന്റെ ആഗ്രഹം പങ്കുവച്ചു.. അവര്‍ കൂടി സഹായിച്ചു,’ ഗോപിക പറയുന്നു. മിക്ക രക്ഷിതാക്കളെയും പോലെ മകളെ സര്‍ക്കാര്‍ ജോലിക്കാരിയാക്കണമെന്നായിരുന്നു വീട്ടില്‍ എല്ലാവര്‍ക്കും.

എന്നാല്‍ തന്റെ സ്വപ്‌നങ്ങൾ പറന്നുയരാനുള്ളതാണെന്നു മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ എതിര്‍ത്തില്ല എന്നും ഗോപിക പറയുന്നു. ‘എനിക്ക് ഏവിയേഷനെക്കുറിച്ച് പഠിക്കണമെന്ന ആഗ്രഹം ഉണ്ടായപ്പോള്‍, അതിനെക്കുറിച്ച് പറഞ്ഞു തരാന്‍ എന്റെ നാട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇന്ന് നാട്ടില്‍ പോകുമ്പോള്‍ പലരും അതിനെ കുറിച്ചും ജോലി സാധ്യതയെക്കുറിച്ചും ചോദിക്കാറുണ്ട്,’ ഗോപിക പറയുന്നു. കണിയഞ്ചാല്‍ ഗവ. ഹൈസ്‌കൂളില്‍ ഏഴില്‍ പഠിക്കുമ്പോഴേ ഗോപിക മനസ്സില്‍ താലോലിച്ച സ്വപ്‌നമാണ് ഇന്ന് സഫലമായിരിക്കുന്നത്. കൂടുതല്‍ ഉയരങ്ങളിലേക്കു ചിറക് നീര്‍ക്കാനുള്ള ഗോപികയുടെ ആഗ്രഹം നിശ്ചയ ദാര്‍ഢ്യത്തിന്റെയും ഒരു സമൂഹത്തിന്റെ ഉന്നതിയിലേക്കുമുള്ള യാത്ര കൂടിയാണ്