തുറക്കുന്ന ജാലകങ്ങള്‍
കേരളത്തില്‍ മുപ്പത്തിയാറോളം ഗോത്രസമൂഹം ഇന്നുണ്ട്. അവര്‍ക്കെല്ലാം അവരവരുടേതായ ഭാഷകള്‍, വേഷങ്ങള്‍, ആചാരങ്ങള്‍, മലകളും പുഴകളും കൊണ്ടുള്ള അതിരുകള്‍ ഉണ്ട്. ഇവരില്‍ ഒരു ഗോത്രവും മറ്റൊരു ഗോത്രത്തിന്റെ അതിര് കടന്നു മണ്ണും മലയും കാടും പിടിച്ചെടുത്തതായി അറിവില്ല. ഒരു ഗോത്രം മറ്റൊരു ഗോത്രത്തില്‍ വിവാഹം കഴിച്ചതായി അറിവില്ല. ഇപ്പോഴും അത് അങ്ങനെ തന്നെ തുടര്‍ന്ന് പോകുന്നുണ്ട്. പക്ഷേ ഇന്നത്തെ ആദിവാസി സമൂഹം പലരാലും ചുറ്റപ്പെട്ട, മെരുക്കപ്പെട്ട ഒരു സമുഹമായി മാറിയിരിക്കുന്നു. ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടുന്ന ഒരു സര്‍ക്കാര്‍ ഉള്ളതുകൊണ്ടും ജാഗരൂകമായ പൊതുസമൂഹം ഉള്ളതുകൊണ്ടും ഇന്ന് കേരളത്തിലെ ആദിവാസി സമൂഹം മുഖ്യധാരയിലേക്ക് വന്നിട്ടുണ്ട്. ആദിവാസി മേഖലയില്‍ അഴിമതിയുടെ വിളയാട്ടം കേരളത്തില്‍ തൊണ്ണൂറു ശതമാനവും ഇല്ലാതായിട്ടുണ്ട്.
പൊതുവേ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ് പ്രാദേശിക ചുറ്റുപാടുകളില്‍ നടന്നുകൊണ്ടിരിക്കുന്നത്, പ്രത്യേകിച്ചും ഇടുക്കി പോലത്തെ ജില്ലകളില്‍. കടമെന്ന പേരില്‍ പറ്റിക്കപ്പെട്ട് കടക്കെണിയിലായവരും ഭൂമി നഷ്ടപ്പെട്ടവരുമായ ഒരു തലമുറ ഇന്നില്ല, ഉള്ളവര്‍ അത് നഷ്ടപ്പെടുത്തുവാന്‍ തയ്യാറല്ല. അതിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതല്‍ ബോധവാന്‍മാരായിരിക്കുന്നു. സ്വന്തമായി വാഹനങ്ങള്‍ ഊരുകളില്‍ വന്നതോടെ കൂടുതല്‍ ചൂഷണങ്ങളില്‍ നിന്നും മോചനം ഉണ്ടായിട്ടുണ്ട്. കൃത്യമായ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നതു കൊണ്ട് ജനാധിപത്യത്തിന്റെ കാഴ്‌ചപ്പാടുകൾ ഉണ്ടാവുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കൂടുതല്‍ അറിവു നേടുന്നതോടെ സ്വന്തമായി ചിന്തിക്കാനും പുതിയ വിവരങ്ങള്‍ അറിയുവാനും കഴിയുന്നുണ്ട്. ഇതില്‍ പ്രധാനം സര്‍ക്കാരിന്റെയും വകുപ്പുകളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞു കൊണ്ട് കാലതാമസമില്ലാതെ പദ്ധതികളില്‍ ഉള്‍പ്പെടാനാവുന്നുവെന്നതാണ്.
ഇന്ന് പൊതു സമൂഹത്തില്‍ എത്തപ്പെട്ടവര്‍ക്ക് പ്രധാനമായും സര്‍ക്കാരിന്റെ പദ്ധതികള്‍ ഉപകാരപ്പെടുന്നുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ കൂടുതലും ശ്രദ്ധതിരിക്കാന്‍ കഴിയുന്നു. ആദിവാസികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുളള വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളിലെ അവസരങ്ങളും പ്രയോജനപ്പെടുത്തുന്നതിനുതകും വിധം കേരളത്തിലെ ഇന്നുള്ള സംവിധാനങ്ങള്‍ മാറിയിട്ടുണ്ട്. ഇതെല്ലാം ഭരണകൂടം ഈ സമൂഹത്തിനു തുറന്നിട്ട ജാലകങ്ങളാണ്.