ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ
ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമൂഹിക ബഹിഷ്‌കരണം, പരിമിതമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി പൊരുതുന്ന കേരളത്തിലെ പട്ടികവര്‍ഗ സമൂഹങ്ങള്‍ വിവിധങ്ങളായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു. എന്നിരുന്നാലും, വര്‍ധിച്ചു വരുന്ന വിദ്യാഭ്യാസ നേട്ടങ്ങള്‍ ഇവരില്‍ വലിയ മാറ്റം കൊണ്ടു വന്നിട്ടുണ്ട്. കേരളത്തിലെ പട്ടികവര്‍ഗ യുവതീ യുവാക്കള്‍ വിദ്യാഭ്യാസപരമായി സമീപ വര്‍ഷങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. സംസ്ഥാന ശരാശരി സാക്ഷരതാ നിരക്കിനേക്കാള്‍ കുറവാണ് പട്ടികവര്‍ഗക്കാരുടെ സാക്ഷരതാ നിരക്ക്. എന്നാലും പട്ടികവര്‍ഗ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷത്തിനും ഇപ്പോള്‍ വായിക്കാനും എഴുതാനും അടിസ്ഥാന ഗണിതവും അറിയാമെന്നത് വളരെ ആവേശകരമായ മാറ്റമാണ്.
നിലവില്‍ പട്ടികവര്‍ഗക്കാരില്‍ 4,475 ബിരുദധാരികളും 822 ബിരുദാനന്തര ബിരുദധാരികളുമുണ്ട്. എന്നാല്‍ വിവിധ പട്ടികവര്‍ഗക്കാരുടെ നില അവരുടേതിന് അനുസൃതമല്ല. ജനസംഖ്യയില്‍ ആനുപാതികമായ വ്യത്യാസം കാണുവാന്‍ സാധിക്കും. ഉദാഹരണത്തിന്, ദുര്‍ബലരായ ആദിവാസി വിഭാഗങ്ങള്‍ (പിവിടിജികള്‍) 5.93 ശതമാനമാണ്. ഇവരുടെ ഇടയില്‍ ബിരുദധാരികള്‍ 0.86 ശതമാനവും വിവിധ തസ്‌തികകളിൽ ഉള്ളവര്‍ 0.73 ശതമാനവുമാണ്. പണിയന്‍ മൊത്തം പട്ടികവര്‍ഗ ജനസംഖ്യയുടെ 21.77 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. എന്നാല്‍ ഇവരുടെ ഇടയില്‍ ബിരുദധാരികള്‍ 1.6 ശതമാനം മാത്രമാണ്. മലവേട്ടുവന്‍, മലയന്‍, മന്നന്‍, മുഡുഗര്‍, മുതുവാന്‍, ഇരുളര്‍ എന്നീ സമുദായങ്ങള്‍ക്കിടയില്‍ വേണ്ടത്ര ബിരുദധാരികളില്ല.
യുവതയെ ശാക്തീകരിക്കുക
നമ്മുടെ നാട്ടില്‍ നിന്നും നിരവധി പേര്‍ ഉപജീവനത്തിനായി ഗള്‍ഫ് രാജ്യങ്ങളിലും മറ്റ് രാജ്യങ്ങളിലും പോകുന്നു. അവരില്‍ പലരും കുടിയേറിയ രാഷ്ട്രത്തില്‍ സ്ഥിര താമസക്കാരായി മാറുന്ന സാഹചര്യവും ഇപ്പോള്‍ നിലവിലുണ്ട്. നിരവധി യുവാക്കള്‍ ഇപ്പോള്‍ വിദേശത്ത് ഉപരി പഠനം നടത്തുന്നുണ്ട്. ഈ വര്‍ധിച്ച അന്തര്‍ ദേശീയമായ മൊബിലിറ്റി ജനങ്ങളുടെ ദൈനംദിന ജീവിതം നയിക്കുന്നതിന് ഒരു പൊതു ഭാഷയിലേക്കും ജീവിത രീതിയിലേക്കും ചിന്തയിലേക്കും മാറ്റം വരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസം പട്ടിക വര്‍ഗക്കാരായ യുവതീ യുവാക്കളില്‍ പലരെയും പിന്നാക്കാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനും സ്വന്തം സമൂഹത്തിലും സംസ്‌കാരത്തിലും സജീവ പങ്കാളികളായി നിലകൊള്ളുമ്പോള്‍ തന്നെ മുകളില്‍ സൂചിപ്പിച്ച ‘ആഗോള സംസ്‌കാര’ത്തിന്റെ ഭാഗമാകാനും പ്രാപ്‌തരാക്കുന്നു. സംസ്ഥാനത്തിനും രാജ്യത്തിനും അകത്തും പുറത്തും മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനുള്ള അറിവും വൈദഗ്ധ്യവും ഇത് അവരെ സജ്ജമാക്കുന്നുണ്ട്.
സംസ്‌കാരത്തിന്റെ സംരക്ഷണം
വിദ്യാഭ്യാസം തനതായ പട്ടികവര്‍ഗ സംസ്‌കാരങ്ങളെ ഇല്ലാതാക്കുമെന്ന ഭയത്തിന് വിരുദ്ധമായി, അവരുടെ സമ്പന്നമായ പാരമ്പര്യങ്ങളും സമ്പ്രദായങ്ങളും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ചരിത്രം, ഭാഷകള്‍, കലാരൂപങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവ രേഖപ്പെടുത്തുന്നതിലൂടെ, വിദ്യാ സമ്പന്നരായ പട്ടികവര്‍ഗക്കാര്‍ സാംസ്‌കാരിക സംരക്ഷണത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. പട്ടികവര്‍ഗക്കാര്‍ക്കിടയിലെ വിദ്യാസമ്പന്നരായ നിരവധി യുവാക്കള്‍ ഇപ്പോള്‍ അവരുടെ പാരമ്പര്യങ്ങളും ഭാഷകളും ആചാരങ്ങളും രേഖപ്പെടുത്തുകയും വരും തലമുറകള്‍ക്ക് കൈമാറുകയും ചെയ്യുന്നു.
ആരോഗ്യ സംരക്ഷണവും ശുചിത്വവും
വിദ്യാസമ്പന്നരായ പട്ടികവര്‍ഗക്കാര്‍ ആരോഗ്യ പരിപാലന രീതികള്‍, ശുചിത്വം, പോഷകാഹാരം എന്നിവയെക്കുറിച്ച് മികച്ച അവബോധം ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇത്, മരണ നിരക്കും രോഗവ്യാപനവും കുറയുന്നതിനും ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ മൊത്തത്തിലുള്ള മെച്ചപ്പെട്ട ആരോഗ്യ സൂചകങ്ങള്‍ക്കും സഹായിക്കുന്നു.
ലിംഗ സമത്വം
പട്ടികവര്‍ഗ സമുദായങ്ങളിലും പൊതു സമൂഹത്തിലും ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക് നിര്‍ണായകമാണ്. വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ അറിയാനും തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ശക്തമായ നിലപാട് സ്വീകരിക്കാനും വിദ്യാഭ്യാസം അവരെ സഹായിക്കുന്നു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച്, ട്രെയിനിങ്ങ് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് (കിർത്താഡ്‌സ്), പട്ടികവര്‍ഗ വികസന വകുപ്പും (എസ് ടി ഡി ഡി) കേരളത്തിലെ പട്ടികവര്‍ഗ സമുദായങ്ങളെ വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്താനുള്ള ശ്രമങ്ങളില്‍ മുന്‍പന്തിയിലാണ്.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍
ഏകദേശം 90 ശതമാനം പട്ടികവര്‍ഗക്കാര്‍ വിദൂര പ്രദേശങ്ങളിലും ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലും ആണ് താമസിക്കുന്നത്. മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെട്ട സാഹചര്യമാണ് നിലവില്‍ ഉളളത്. ഇത് അവരുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് പ്രധാന കാരണമായി കണക്കാക്കാം. ഇത് മറികടക്കാന്‍ 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ (എംആര്‍എസ്)/ആശ്രമം സ്‌കൂളുകള്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനായി പട്ടികവര്‍ഗ വികസന വകുപ്പിന് (എസ് ടി ഡി ഡി) കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ അധിക അക്കാദമിക് സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. വര്‍ഷങ്ങളായി എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ തുടര്‍ച്ചയായി ശ്രദ്ധേയമായ ഫലങ്ങള്‍ കൈവരിക്കുന്ന മികവിന്റെ കേന്ദ്രങ്ങളാണ് എംആര്‍എസ്. 5500 ഓളം വിദ്യാര്‍ഥികള്‍ ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്.
ഗോത്രബന്ധു പദ്ധതി
പട്ടികവര്‍ഗ സമുദായത്തിലെ കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍, പട്ടികവര്‍ഗ ഭാഷയിലും മലയാളത്തിലും പരിജ്ഞാനമുള്ള അതേ പ്രദേശത്തു നിന്നും ടിടിസി/ബിഎഡ് യോഗ്യതയുള്ള അഭ്യസ്‌ത വിദ്യരായ യുവതീ യുവാക്കളെ തിരഞ്ഞെടുത്ത് എല്ലാ പ്രൈമറി സ്‌കൂളുകളിലും അധ്യാപക/വിദ്യാഭ്യാസ സഹായിയായി പ്രവര്‍ത്തിക്കാന്‍ പരിശീലിപ്പിക്കുന്നു. അധ്യാപനത്തോടൊപ്പം കുട്ടികളുടെ ഭാഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കൊഴിഞ്ഞു പോക്ക് കുറയ്ക്കുന്നതിനും സ്‌കൂളുകളില്‍ കുട്ടികളുടെ ശതമാനം, പ്രവേശനം എന്നിവ ഉറപ്പാക്കുന്നതിനും ഈ അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സാമൂഹ്യ പഠനമുറി
വിദ്യാര്‍ഥികള്‍ക്കിടയില്‍ കൊഴിഞ്ഞു പോക്ക് പരിഹരിക്കുന്നതിനും പട്ടികവര്‍ഗ സങ്കേതങ്ങളില്‍ വിദ്യാഭ്യാസത്തിന് മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനുമായി സാമൂഹ്യ പഠനമുറി സ്ഥാപിച്ചിട്ടുണ്ട്. അതേ സമുദായത്തില്‍ നിന്നുള്ള വിദ്യാ സമ്പന്നനായ ഒരു പട്ടികവര്‍ഗ യുവതിയോ യുവാവോ ഒരു കമ്മ്യൂണിറ്റി സ്റ്റഡി സെന്ററില്‍ ഫെസിലിറ്റേറ്ററായും സാമൂഹിക പ്രവര്‍ത്തകനായും പ്രവര്‍ത്തിക്കുന്നു. സാമൂഹ്യ പഠന മുറിയില്‍ ഇര്‍നെറ്റ്, എല്‍ഇഡി ടിവി, ഫര്‍ണിച്ചറുകള്‍, വായന സാമഗ്രികള്‍ എന്നീ സേവനങ്ങള്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും 30 ഓളം വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യമുണ്ട്.
ഗോത്ര സാരഥി, ഉള്‍ക്കാടുകളിലും അപ്രാപ്യമായ പ്രദേശങ്ങളിലും താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗതാഗത സൗകര്യങ്ങള്‍, വിദൂര പ്രദേശങ്ങളിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസം നല്‍കുന്നതിന് പ്രീ-മെട്രിക്&പോസ്റ്റ്-മെട്രിക് ഹോസ്റ്റലുകള്‍, അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്‌കീം മുതലായവ പട്ടികവര്‍ഗ യുവതി യുവാക്കളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വളരെയധികം സഹായകമാകുന്ന ചില പദ്ധതികളാണ്.
കേരളത്തിലെ പട്ടിക വര്‍ഗ സമൂഹങ്ങളുടെ സമഗ്ര വികസനത്തിനുള്ള ശക്തമായ ഉപകരണമാണ് വിദ്യാഭ്യാസം. പ്രൊഫഷണല്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസം സാമൂഹിക മാറ്റത്തിനുള്ള ഉപാധിയായതിനാല്‍, പ്രൊഫഷണല്‍ വിദ്യാഭ്യാസത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഉന്നത വിദ്യാഭ്യാസം നല്‍കുകയാണ് സംസ്ഥാനത്തെ പട്ടികവര്‍ഗ സമുദായങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഏക മാര്‍ഗം.