ഉന്നതി-നവകേരള നിര്‍മ്മിതിയിലേക്കുള്ള ചുവടുവയ്പ്പ്

അഭിമുഖം / കെ. രാധാകൃഷ്ണന്‍
പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ  മന്ത്രി

 

പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ വിവിധ ക്ഷേമ വികസന പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. ‘ഉന്നതി’ എന്ന പേരില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വികസന വകുപ്പുകളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിച്ചാണ് പദ്ധതികളും പരിപാടികളും മുന്നോട്ടു പോകുന്നത്. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസനവും ദേവസ്വവും പാര്‍ലമെന്ററി കാര്യവും വകുപ്പ് മന്ത്രി കെ. രാധാകൃഷ്‌ണൻ സംസാരിക്കുന്നു.

പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളെ സംബന്ധിച്ചു സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് എന്താണ്?

പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, അടിസ്ഥാന സൗകര്യ വികസനം, ദാരിദ്ര്യ നിര്‍മ്മാര്‍ജനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി നവകേരള നിര്‍മ്മിതിയിലേയ്ക്കുള്ള ചുവടുവയ്പ്പാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 2026-നകം ഭൂരഹിതരും ഭവന രഹിതരുമായ എല്ലാ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ഭൂമിയും വീടും ലഭ്യമാക്കുക എന്നുള്ളത് ഈ സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്.

രണ്ട് വര്‍ഷത്തിനുള്ളില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാം? ഈ പദ്ധതികളിലൂടെ ഉണ്ടായ നേട്ടം?

പുതിയ ലോക ക്രമത്തില്‍, സാമൂഹിക-സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനാവശ്യമായ രീതിയില്‍ വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസരങ്ങള്‍ എന്നിവ നല്‍കി പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ അഭ്യസ്‌ത വിദ്യരായ യുവതീ-യുവാക്കളെ ഒരേ സമയം തൊഴില്‍ സംരംഭകരും തൊഴില്‍ ദാതാക്കളുമാക്കുന്നതിന് കേരള എംപവര്‍മെന്റ് സൊസൈറ്റി ആരംഭിച്ചു. സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായവും സമാന മേഖലകളിലെ വിദഗ്‌ധരുടെ മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്നതിനായി ‘സ്റ്റാർട്ട് അപ്പ് സിറ്റി ‘ എന്ന പുതിയ പദ്ധതിയും ആരംഭിച്ചു.

അഭ്യസ്‌ത വിദ്യരായവരെ സര്‍ക്കാര്‍ സംവിധാനത്തില്‍ തൊഴില്‍ പരിശീലനത്തിനും നൈപുണ്യ വികസനത്തിനും പ്രവൃത്തി പരിചയത്തിനുമായി ഓണറേറിയം നല്‍കി വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ രണ്ട് വര്‍ഷക്കാലയളവിലേയ്ക്ക് നിയമിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് ട്രെയിനിംഗ് ഫോർ കരിയര്‍എക്‌സലസ്.

ഇതിന്റെ ഭാഗമായി 500 പേരെ അക്രഡിറ്റഡ് എഞ്ചിനീയര്‍മാരായും എം.എസ്.ഡബ്ലു യോഗ്യതയുള്ള 114 പേരെ സോഷ്യല്‍ വര്‍ക്കര്‍മാരായും 380 പേരെ മാനേജ്‌മെന്റ് ട്രെയിനികളായും പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിന്റെ വിവിധ ഓഫീസുകളിലും തദ്ദേശ സ്ഥാപനങ്ങളിലുമായി നിയമിച്ചു. നിയമ ബിരുദം നേടിയ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ യുവതീ-യുവാക്കൾക്ക് അഡ്വക്കേറ്റ് ജനറല്‍, ഗവ. പ്ലീഡര്‍, സീനിയര്‍ അഭിഭാഷകര്‍ എന്നിവരുടെ ഓഫീസുകളിലും സ്‌പെഷ്യല്‍ കോടതികളിലും ലീഗല്‍ സര്‍വീസ് സൊസൈറ്റിയിലും പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിലും പരിശീലനം നല്‍കി തൊഴില്‍ വൈദഗ്ധ്യം നേടുവാന്‍ പ്രാപ്‌തരാക്കുന്നതിനായും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നിയമ പരിരക്ഷയും പുനരധിവാസവും ഉറപ്പാക്കുന്നതിനായും ജ്വാല പദ്ധതി ആരംഭിച്ചു.

എല്ലാ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ആവശ്യമായ അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്നതിനും അവ സുരക്ഷിതമായും സ്ഥായിയായും ഡിജിറ്റലൈസ് ചെയ്‌ത് സൂക്ഷിക്കുന്നതിനുമായി ആവിഷ്‌കരിച്ച പദ്ധതിയാണ് എബിസിഡി പ്രോജക്റ്റ്. ദുര്‍ബല ജനവിഭാഗത്തിനെ അതി ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുന്നതിനായി ജനപ്രതിനിധികളുടേയും വിവിധ വകുപ്പുകളുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ ‘ഹോം’ എന്ന കുടുംബാധിഷ്‌ഠിത സൂക്ഷ്‌മതല ആസൂത്രണ പദ്ധതി നടപ്പിലാക്കി വരുന്നു. സാങ്കേതികമായി പൂര്‍ത്തീകരിക്കപ്പെട്ടുവെങ്കിലും പൂര്‍ണ്ണതയിലെത്താത്ത 2010-നു ശേഷം നിര്‍മ്മിച്ച വീടുകളുടെ അറ്റകുറ്റപ്പണി, പൂര്‍ത്തീകരണം, നവീകരണം എന്നിവ സേഫ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. 2022-23 വര്‍ഷത്തില്‍ 8000 കുടുംബങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി.

ആദിവാസി ഗ്രാമങ്ങളുടെ ഉന്നമനത്തിനായി നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍?

2012-2013 മുതല്‍ അംബേദ്‌ക്കർ സ്വാശ്രയ ഗ്രാമം പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരുന്ന 439 ഗ്രാമങ്ങളില്‍ 302 എണ്ണവും, അംബേദ്‌ക്കർ ഗ്രാമം/ഊരു വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരുന്ന 92 പട്ടികവര്‍ഗ ഗ്രാമങ്ങളില്‍ 54 എണ്ണത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു.

പിന്നാക്കം നില്‍ക്കുന്ന പട്ടികവര്‍ഗ ഗ്രാമമായ ഇടമലക്കുടിയില്‍ റോഡ് നിർമ്മിക്കുന്നതിനും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്നതിനും നടപടി സ്വീകരിച്ചു. തൃശൂര്‍ ജില്ലയിലെ ഉള്‍പ്രദേശമായ വെട്ടിവിട്ടകാട് പട്ടികവര്‍ഗ ഗ്രാമത്തില്‍ 92.46 ലക്ഷം രൂപ ചെലവില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കി. അരേക്കാപ്പില്‍ കമ്മ്യൂണിറ്റി ഹാള്‍ പൂര്‍ത്തിയാകുന്നു.

വിദ്യാഭ്യാസ മുന്നേറ്റം

എസ്.സി, എസ്.ടി പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ സഹായങ്ങള്‍ പുതിയ മേഖലയിലേയ്ക്ക് വ്യാപിപ്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏതെല്ലാം?

ലോകത്തിന്റെ ഏതു കോണിലുമുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളും അവസരങ്ങളും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കുന്നതിനായി വിദേശ വിദ്യാഭ്യാസ പദ്ധതി വഴി പി.ജി. പഠനത്തിന് പട്ടികജാതി പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 25 ലക്ഷം രൂപവരെയും പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപവരെയും സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. പരിവര്‍ത്തിത-ശുപാര്‍ശിത വിഭാഗക്കാര്‍ക്ക് വിദേശ പഠനത്തിന് പെണ്‍കുട്ടികള്‍ക്ക് 3.5%, ആണ്‍കുട്ടികള്‍ക്ക് 4% പലിശ നിരക്കില്‍ വിദേശ പഠനത്തിനായി വായ്‌പ നല്‍കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2023 മാര്‍ച്ച് 31 വരെ 344 പട്ടികജാതി വിദ്യാർത്ഥികൾക്കും 24 പട്ടികവര്‍ഗ വിദ്യാർത്ഥികൾക്കും 57 പിന്നാക്കവിഭാഗക്കാര്‍ക്കും വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍ അവസരം ലഭ്യമാക്കി. അടുത്ത വര്‍ഷം മുതല്‍ വിദേശ പഠനത്തിന് പോകുന്ന വിദ്യാര്‍ഥികളുടെ സൗകര്യത്തിനായി ഒഡേപെകിന്റെ സേവനവും ഉപയോഗിക്കും.

വിംഗ്‌സ് പദ്ധതി പ്രകാരം കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്‌സിന് ഒരു പട്ടികജാതി വിദ്യാര്‍ഥിക്ക് മാത്രം നല്‍കി വന്നിരുന്ന സ്‌കോളര്‍ഷിപ്പ്, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മൂന്ന് എസ്.സി, രണ്ടു എസ്.ടി, ഒരു ഒ.ഇ.സി. വിദ്യാര്‍ഥികള്‍ക്കു കൂടി നല്‍കുന്നവിധം പരിഷ്‌കരിച്ചു. ക്യാബിന്‍ ക്രൂ, സപ്ലൈ ചെയിന്‍ & ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മോഡ്, മറൈന്‍ സ്‌ട്രക്‌ചറൽ ഫിറ്റര്‍ എന്നീ കോഴ്‌സുകളിലും പരിശീലനം നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു.

ഐ ഐ എം, ഐ ഐ ടി, എൻ ഐ എഫ് ടി ഉള്‍പ്പെടെയുള്ള സ്വയം ഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സി എ, ഐ സി ഡബ്ലു എ, കമ്പനി സെക്രട്ടറി തുടങ്ങിയ കോഴ്‌സുകള്‍ക്കും കല്‍പ്പിത സര്‍വകലാശാലകളിലും സര്‍ക്കാര്‍ അംഗീകരിച്ച സ്വകാര്യ സര്‍വകലാശാലകളിലും വൊക്കേഷണല്‍ ട്രെയിനിങ്ങ് സ്ഥാപനങ്ങളിലും സംസ്ഥാനത്തിന് പുറത്തുള്ള പഠനത്തിനും മെറിറ്റ്-റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവര്‍ക്കുകൂടി സ്‌കോളര്‍ഷിപ്പ് ലഭ്യമാകുന്ന രീതിയില്‍ സ്‌കോളര്‍ഷിപ്പ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു.

മുന്‍കൂട്ടി ഫീസ് അടയ്ക്കാതെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് ഫ്രീഷിപ്പ് കാര്‍ഡുകള്‍, ഏര്‍പ്പെടുത്തി. വിദൂര ഓണ്‍ലൈന്‍/പാര്‍ട്ടൈം/ഈവനിംഗ് കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് ട്യൂഷന്‍-പരീക്ഷാ- സ്‌പെഷ്യല്‍ ഫീസ്, പി.എച്ച്.ഡി, എം.ഫില്‍, എം.ടെക്, എം.ലിറ്റ് കോഴ്‌സുകളിൽ യുജിസി-ഗേറ്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തവര്‍ക്ക് ഫെലോഷിപ്പിന്റെ 75% തുക സ്‌കോളര്‍ഷിപ്പ്, കണ്ടിജന്റ് ഗ്രാന്റ്, ആധാര്‍ അധിഷ്‌ഠിത അറ്റന്‍ഡന്‍സ് സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലുമായി ലിങ്ക് ചെയ്യൽ തുടങ്ങിയ സംവിധാനങ്ങളും ഉന്നത വിദ്യാഭ്യാസ വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കി. രണ്ടര ലക്ഷത്തിന് മേല്‍ വരുമാനമുള്ള പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചപ്പോള്‍ സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി വരുമാന ഭേദമില്ലാതെ എല്ലാ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുവാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചു.

കൂടാതെ ഒന്ന് മുതല്‍ പത്താംക്ലാസ് വരെയുള്ള പിന്നാക്കവിഭാഗ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വന്നിരുന്ന സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ 9-10 ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി ചുരുക്കിയപ്പോള്‍ ഈ സര്‍ക്കാര്‍ ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് പുനസ്ഥാപിച്ച് നല്‍കുന്നതിനു നടപടി സ്വീകരിച്ചു. ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പുതിയ അപേക്ഷകരായ വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ വിഹിതം 40%ത്തോളം വെട്ടിക്കുറച്ചത് കൂടാതെ മുന്‍ വര്‍ഷങ്ങളിലെ കുടിശ്ശികത്തുകയുടെ 50% വിഹിതവും കേന്ദ്ര സര്‍ക്കാര്‍ കുറവ് വരുത്തുകയുണ്ടായി. എന്നാല്‍ കുടിശ്ശികത്തുകയുള്‍പ്പെടെയുള്ള സ്‌കോളര്‍ഷിപ്പ് തുക പൂര്‍ണ്ണമായും നല്‍കുന്നതിനുള്ള തീരുമാനം കൈകൊണ്ടു.

പട്ടികജാതിക്കാരുടെ ഭൂമിപ്രശ്നത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

രണ്ടാം ഭൂപരിഷ്‌കരണമെന്ന് വിശേഷിപ്പിക്കാവുന്ന വിധത്തില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ഭൂരഹിത പുനരധിവാസ പദ്ധതി സമഗ്രമായി പരിഷ്‌കരിച്ചു. പരമാവധി ഗുണഭോക്തൃ സൗഹൃദമാകുന്ന വിധത്തിലാണ് 34 വര്‍ഷങ്ങള്‍ക്ക് ശേഷം പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചത്. ഭവന നിര്‍മ്മാണത്തിന് അനുയോജ്യമല്ലാത്ത ഭൂമി കൈവശമുള്ള, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കു കൂടി വീട് വയ്‌ക്കുവാനായി വാസയോഗ്യമായ ഭൂമി ലഭ്യമാക്കുന്ന വിധത്തിലാണ് ഭേദഗതി. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 2021-22-ല്‍ ഭൂരഹിത പട്ടികജാതിക്കാരായ 4020 പേര്‍ക്കും 2022-23ല്‍ 3303 പേര്‍ക്കും ഉള്‍പ്പെടെ 7323 പേര്‍ക്കാണ് ഭൂമി വാങ്ങി നല്‍കിയത്. ലാന്‍ഡ് ബാങ്ക് പദ്ധതി, നിഷിപ്‌ത വനഭൂമി വിതരണം, വനാവകാശ നിയമം എന്നിവ പ്രകാരം 2680 പട്ടികവർഗക്കാർക്കായി 3221.18 ഏക്കര്‍ ഭൂമി വിതരണം ചെയ്‌തു.

തിരുവനന്തപുരം ചെറ്റച്ചലില്‍ 20 വര്‍ഷത്തിലധികമായി നടന്നു വന്നിരുന്ന ഭൂസമരം അവസാനിപ്പിച്ചു. ചെങ്ങറ, ഇടുക്കിയിലെ ചിന്നക്കനാല്‍, പാലക്കാട് മുതലമട, വയനാട്ടിലെ മരിയനാട്, മല്ലികപ്പാറ എന്നിവിടങ്ങളിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ്, റവന്യൂ- വനം വകുപ്പുകളുമായി ചേര്‍ന്നുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഭവന പദ്ധതിക്കായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2021-22ല്‍ 278 കോടി രൂപയും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 140 കോടിരൂപയും ചേര്‍ത്ത് ആകെ 418 കോടി രൂപയും 2022-23 വര്‍ഷത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 300 കോടി രൂപയും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 140 കോടി രൂപയും ചേര്‍ത്ത് ആകെ 440 കോടിരൂപയും ലൈഫ് മിഷന് കൈമാറി.

പട്ടികജാതി പട്ടികവര്‍ഗക്കാരുടെ ഭവന പൂര്‍ത്തീകരണത്തിനായി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പ്രധാന പദ്ധതിയാണ് സേഫ്.

നമ്മുടെ രാജ്യം സ്വാതന്ത്യം നേടിയിട്ട് മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യന്‍ ജനസംഖ്യയുടെ 30 ശതമാനത്തിലധികം വരുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഇന്നും സമൂഹത്തിന്റെ പിന്‍ നിരയിലാണ്. എന്നാല്‍ രാജ്യത്തെ പൊതു സ്ഥിതിയില്‍ നിന്നും ഏറെ മുന്നിലാണ് കേരളം. ഇനിയും പരിഹരിക്കേണ്ട കുറെ വിഷയങ്ങള്‍ കൂടിയുണ്ട്. അതിനുള്ള കഠിന പരിശ്രമത്തിലാണ് ഈ സര്‍ക്കാര്‍.