തദ്ദേശീയ ജനതയുടെ ഉന്നമനം

ലോകത്ത് ഡിജിറ്റല്‍ ഡിവൈഡ് ഏറ്റവുമധികം അനുഭവിക്കുന്നത് തദ്ദേശീയ ജനതയാണ്. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ചു 30 ശതമാനത്തോളം കുറവാണ് രാജ്യത്ത് ആദിവാസി ജനവിഭാഗങ്ങള്‍ക്കു ലഭ്യമാകുന്ന ഇന്റര്‍നെറ്റ് സൗകര്യം. ഇത് തുടര്‍ന്നാല്‍ വൈജ്ഞാനിക മുന്നേറ്റത്തില്‍ ആദിവാസി ജനത പിന്തള്ളപ്പെടും. ഒരു ജനവിഭാഗം പോലും ഡിജിറ്റല്‍ ഡിവൈഡ് അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സാര്‍വത്രിക ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ കെ-ഫോണ്‍ പദ്ധതി നടപ്പാക്കുകയാണ്. വിദൂര ആദിവാസി ഗ്രാമങ്ങളില്‍പ്പോലും ഇന്റര്‍നെറ്റ് സൗകര്യം ഇതിന്റെ ഭാഗമായി ലഭ്യമാക്കുന്നു. ഓണ്‍ലൈന്‍ പഠന സൗകര്യം എല്ലാ ആദിവാസി ഊരുകളിലേക്കും വ്യാപിപ്പിക്കാന്‍ നടപടിയെടുത്തു. 35,000ല്‍പ്പരം പട്ടിക വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ നല്‍കി.

ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പ്രീപ്രൈമറി മുതല്‍ പി.എച്ച്.ഡി വരെ പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. പൈലറ്റ് പരിശീലനം, എയര്‍ഹോസ്റ്റസ് പരിശീലനം തുടങ്ങിയ പദ്ധതികള്‍ ആരംഭിച്ചു. പട്ടികവര്‍ഗ വകുപ്പിന്റെ ഐ.ടി.ഐകള്‍ നവീകരിച്ചു നിലവിലുള്ള ട്രേഡുകളില്‍ ആഡ് ഓണ്‍ കോഴ്‌സുകൾ ആരംഭിച്ചു. അട്ടപ്പാടിയിലും കാസര്‍കോഡും രണ്ട് ഏകലവ്യ എം.ആര്‍.എസുകള്‍ തുടങ്ങി. സിവില്‍ എന്‍ജിനീയറിങ്ങില്‍ എംടെക്, ബിടെക്, ഐടിഐ ഡിപ്ലോമ യോഗ്യതകളുള്ള 200 പേരെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ വിവിധ ഓഫിസുകളില്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍മാരായി നിയമിച്ചു. രണ്ടു വര്‍ഷമാണു കാലാവധി. ഈ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തി കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ക്കു കഴിയും. വനാശ്രിതരായ 500 പട്ടികവര്‍ഗക്കാരെ പി.എസ്.സി. മുഖേന പ്രത്യേക തെരഞ്ഞെടുപ്പിലൂടെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായി നിയമിച്ചു.

എക്സൈസിലും ഇതേ രീതിയില്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഊരുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന സേഫ് പദ്ധതി, എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും അടിസ്ഥാന രേഖകള്‍ ലഭ്യമാക്കി ഡിജിറ്റൈസ് ചെയ്‌തു സൂക്ഷിക്കുന്ന എബിസിഡി പദ്ധതി തുടങ്ങിയ നൂതന പദ്ധതികളിലൂടെ പട്ടികവര്‍ഗ സമൂഹങ്ങളെ നവകേരള നിര്‍മ്മിതിയുടെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദൂര ആദിവാസി ഊരുകളിലുള്ളവരുടെ പ്രശ്‌നങ്ങൾ ലഘൂകരിക്കാന്‍ പ്രത്യേക ഇടപെടലുകളും നടത്തുന്നു.

2026 ഓടെ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം ജില്ലയില്‍ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കിയ മാതൃകയില്‍ കേരളത്തിലെ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ലാന്‍ഡ് ബാങ്ക് പദ്ധതിയനുസരിച്ചു വിവിധ ജില്ലകളിലായി 45 ഏക്കറോളം ഭൂമി വാങ്ങിയിട്ടുണ്ട്. അത് ആദിവാസി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യും. 21 ഏക്കര്‍ കൂടി വാങ്ങുന്നതിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്ത് 7,693 ഏക്കര്‍ നിഷിപ്‌ത വനഭൂമി വിതരണം ചെയ്യാന്‍ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്.

ഇതില്‍ രണ്ടായിരത്തോളം ഏക്കര്‍ വിതരണം ചെയ്‌തു കഴിഞ്ഞു. ആദിവാസി വിഭാഗത്തിലെ 3,647 പേര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിച്ചു. ആദിവാസി ഭൂസമരങ്ങളില്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഈ സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കി. ഭൂസമരങ്ങള്‍ നടന്നു വരുന്ന പ്രദേശങ്ങളില്‍ പ്രശ്‌ന പരിഹാരത്തിനു നടപടി സ്വീകരിച്ചു വരുന്നു. ലൈഫ് പദ്ധതിയില്‍ സംസ്ഥാനത്താകെ 3.5 ലക്ഷത്തോളം ഭവനങ്ങള്‍ വിതരണം ചെയ്തതില്‍ 8,394 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കിയിട്ടുണ്ട്. തദ്ദേശീയ ജനത രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. അവരെ നാടിന്റെ ചരിത്രത്തില്‍ നിന്നു മായ്ച്ചു കളയാനുള്ള ശ്രമങ്ങള്‍ ചിലയിടങ്ങളില്‍ നടക്കുന്നുണ്ട്. ദൗര്‍ഭാഗ്യകരമായ അത്തരം നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടത് നമ്മുടെ കടമയാണ്.